Slider

പിൻവിളി.

0
Image may contain: 1 person, beard
-----------
ഏടുന്ന് എടുത്ത് കൊടുക്കാനാ ഇനിയും ആസ്പത്രീല്..?
നെല്ലളന്നു കൊടുത്തോ...
ശാന്തയുടെ ശബ്ദം മനസ്സിൽ കിടന്ന് പ്രതിധ്വനിക്കുന്നു..
മുറിവിൻചാലിലൂടെ തന്നെ വീണ്ടും വീണ്ടും കത്തിയിട്ട് കോറുന്ന വേദന..
ഒറ്റപ്പെട്ടപോലെ..
പെട്ടെന്ന് ആരുമില്ലാണ്ടായ പോലെ..
കെടന്നിട്ട് സ്വസ്ഥത കിട്ടുന്നില്ല..
ഒച്ചയുണ്ടാക്കാതെ മുറ്റത്തേക്കിറങ്ങി.
കേൻസർ വന്ന് തൊണ്ടയിലൂടെ വെള്ളമിറക്കാൻ പറ്റാണ്ടായപ്പോഴും, കീമോതെറാപ്പിയുടെ തീയ് രോമകൂപങ്ങളെപ്പോലും ചുട്ടുപൊള്ളിക്കുമ്പോഴും തളർന്നിട്ടില്ല.
സൂര്യനുദിക്കും മുൻപേ എഴുന്നേറ്റ് മൂരികളെയും കൊണ്ട് കണ്ടം പൂട്ടാനും തെങ്ങിൽ കയറാനും, ഒരു വെഷമോം തോന്നിയിട്ടില്ല.
അതിവേഗമുള്ള രോഗശമനം കണ്ട് മണിപ്പാലിലെ ഡോക്ടർമാർ വരെ അത്ഭുതപ്പെട്ടുപോയതാണ്.
ഇനി ഒരു കോഴ്സും കൂടെ കഴിഞ്ഞാൽ ചികിത്സ കഴിഞ്ഞത്രേ. പിന്നെ കുറച്ചു വിശ്രമം മതിയെന്നാണ് പറഞ്ഞത്.
അങ്ങനെ വാടിക്കൊഴിയാൻ മാത്രം ദുർബലനല്ല താഴെക്കണ്ടത്തിൽ കോരന്റെ മോൻ കുഞ്ഞപ്പ.
പെറ്റുവീണത് തന്നെ നെല്ല് മൂർന്ന കണ്ടത്തിലാണെന്ന് അമ്മ ചിരുതെയ് നാഴികക്ക്നാൽപ്പത് വട്ടം പറഞ്ഞു കേട്ടിട്ടുണ്ട്.
കാലൊറപ്പിച്ച് നടക്കാൻ തുടങ്ങിയത് മുതൽ അച്ഛന്റെ കയ്യിന്ന് മൂരികളെ വാങ്ങി കണ്ടം പൂട്ടാൻ തൊടങ്ങിയതാണ്. കണ്ടത്തിൽ പണിക്ക് പോയും, തെങ്ങിൽ കയറിയും, പാതിരാക്ക് കൈപ്പാട്ടിൽപ്പോയി ഞണ്ട് പിടിച്ചും പൈസയുണ്ടാക്കി,തെക്കേക്കണ്ടം കണ്ണൻ മേസ്ത്രിയുടെ കയ്യിന്ന് വാങ്ങുമ്പം തനിക്ക് പത്തൊമ്പത് വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല.
അന്ന് രാത്രി അത്താഴത്തിനിടെ തന്റെ കാര്യം സംസാരിച്ച അച്ഛൻ, "ഓൻ ഉശാറാകും" ന്ന് അമ്മയോട് അഭിമാനത്തോടെ പറയുന്നത് കോലായിൽ കിടന്ന് കേട്ടപ്പോ ഉണ്ടായ ആ സന്തോഷം...
പിന്നീടങ്ങോട്ട് ചോരനീരാക്കി ഓരോന്നായി സ്വന്തമാക്കി.അച്ഛന് കുടികെടപ്പ് കിട്ടിയ കൂരയിൽ നിന്ന് കണ്ണെത്താദൂരത്തിൽ കണ്ടവും കൃഷിയും പത്തായവും ഓടിട്ട വീടും സ്വന്തമാക്കി.മുപ്പതാമത്തെ വയസ്സിൽ അച്ഛൻ തന്നെ പോയി പെണ്ണ് കണ്ട് കല്യാണവും കഴിപ്പിച്ചു തന്നു.
സരോജിനി..
ഓളായിരുന്നെങ്കിൽ തന്നോടിങ്ങനെ പറയുമായിരുന്നോ?
പറയുമായിരിക്കും... മക്കൾക്കനുഭവിക്കാനുള്ളത് ഓരോന്നായിങ്ങനെ വിറ്റുതീർക്കുമ്പോൾ ദെണ്ണമുണ്ടായിരിക്കും.
അല്ലെങ്കിലും ആണുങ്ങൾ കാലികളെപ്പോലെ തന്നെ.
തടിയോണ്ടാവുന്ന കാലം വരെ മാത്രമേ ഉള്ളൂ..
അത് കഴിഞ്ഞാൽ അറവുകത്തി..
ശാന്തയെ പറഞ്ഞിട്ടും കാര്യമില്ല. ഈ രോഗം വന്നിട്ട് ആരാ രക്ഷപ്പെട്ടിട്ടുള്ളത് ?
അയലക്കത്തെ ഗോവിന്ദേട്ടന്റെ മോള് ഇരുപത്തിരണ്ടാം വയസ്സിലല്ലേ പോയത്.
ഉള്ളത് മുഴുവൻ വിറ്റ് മണിപ്പാലില് കൊണ്ട് പോയ് കൊടുത്തിട്ട് എന്ത് കാര്യം? പെണ്ണ് പോയില്ലേ..
രണ്ടാമത് വന്നോളായത് കൊണ്ടാകും ശാന്തക്ക് ആധി കൂടുതല്.
ഓളെ മക്കള് വലുതാകുമ്പോ ഒന്നും കിട്ടാണ്ടായി പോകുമോ എന്ന ആധി.
ഓള പറഞ്ഞിറ്റും കാര്യുല്ല അമ്മമാരെ വെഷമം അവരിക്കല്ലേ അറിയൂലും. രണ്ട് പെൺകുഞ്ഞളല്ലേ ..
സരോജിനി പോയപ്പോ ഇനിയൊര്ത്തി വേണ്ടാന്ന് തീരുമാനിച്ചതാണ്.
"നീയീ കാലികളെ ബയ്യ പോമ്പം" മക്കളെയാരാ നോക്കുകാന്നും പറഞ്‌
അമ്മ തന്നെയാണ് ശാന്തയെ കൂട്ടിക്കൊണ്ട് വന്നത്.
കുഞ്ഞളെ രണ്ടാളേം സ്വന്തം അമ്മ നോക്കുംപോലെ തന്നെ ഓള് നോക്കി.
രണ്ടാളേം കല്യാണോം കഴിപ്പിച്ചയച്ചു. ഇനി ഇവളുടെ മക്കൾക്കും വേണ്ടേ..
മക്കൾ നാല് ഉണ്ടായെങ്കിലും ആണൊരുത്തനെ കിട്ടീല..
ഉം.. ഓരോ യോഗം അനുഭവിക്കാതെ തരമില്ലല്ലോ..
തൊഴുത്തിലേക്ക് നടന്നു. കാലികളുറങ്ങിയിട്ടില്ല..
കണ്ടപ്പോഴേ രണ്ടും എഴുന്നേറ്റ് നിന്നു.
അവറ്റകൾ കരയുന്നുണ്ടോ..
വർഷങ്ങൾ കുറേയായി കൊണ്ടുവന്നിട്ട്.
ശാന്തയോടും മക്കളോടും കൂടെ കഴിഞ്ഞതിൽ കൂടുതൽ ഇവറ്റകളുടെ കൂടെയല്ലേ !
മിണ്ടലും പറയലും കുളിയും തീറ്റയും എല്ലാം ഒപ്പം തന്നെ.
മനസ്സ് വായിക്കാൻ മാത്രം അടുപ്പമായിരിക്കുന്നു
പാവങ്ങൾ.
രണ്ടിന്റെയും തലയിൽ മൃദുവായി തലോടി.. നാക്കുകൊണ്ടവ തിരിച്ചും ..
എന്തെന്നറിയില്ല അച്ഛനെ ഓർമവരുന്നു.. കുട്ടിക്കാലം ഓർമ വരുന്നു.
അമ്മയുടെ മടിയിൽ കിടക്കാൻ തോന്നുന്നു.
വയലിലെ ചെളിയിൽ കുത്തിമറിഞ്ഞ ഓർമ്മകൾ...
ആദ്യമായി അച്ഛന്റെ കയ്യിന്ന് കയർ വാങ്ങി കണ്ടം പൂട്ടിയപ്പോൾ ഉണ്ടായ നിർവൃതി..
അച്ഛന്റെ സന്തോഷം .. അമ്മയുടെ പുഞ്ചിരി ..
അച്ഛനടുത്തു വന്ന പോലെ ..
കുഞ്ഞപ്പേന്ന് വിളിക്കും പോലെ...
കാലികളുടെ കഴുത്തിൽ നിന്നും കയറഴിച്ചു.. പാവങ്ങൾ..
ജനിച്ചപ്പോഴേ കഴുത്തിൽ കയർ വീണ ജന്മങ്ങൾ
ഇനി അവ നടക്കട്ടെ.. ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ ..
സ്വതന്ത്രരാകട്ടെ...
അച്ഛൻ കയ്യിലേൽപ്പിച്ച കയറാണ്. കൈമോശം വരുത്തരുത്...
തെക്കേ മൂലക്ക്. പുളിയൻമാവിന്റടുത്ത്.. അവിടെയാണ്.
അവിടെയാണ് അച്ഛനുറങ്ങുന്നത്.
ഞാനും പോകട്ടെ. അച്ഛൻ വിളിക്കുന്നു...കുഞ്ഞപ്പേന്ന് വിളിക്കുന്നു..
ഞാൻ പോട്ടെ ...
-----------
...വിജു കണ്ണപുരം ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo