Slider

പെയ്തൊഴിയുന്ന മഴയിൽ

0
Image may contain: Shabna Shabna Felix, smiling, closeup

Shabna Shabna Felix

**************************
വക്കച്ചൻ മുതലാളീടെ വീട്ടിലെ പണിയൊതുക്കി വീട്ടിലേക്കു കുതിക്കുമ്പോൾ സമയം അഞ്ചു കഴിഞ്ഞിരുന്നു.
മുറ്റത്തേക്കിറങ്ങാൻ നേരം , അലറിപാഞ്ഞു വന്ന കാറ്റിനൊപ്പം വീണ്ടും തുള്ളിക്കൊരു കുടം പാകത്തിൽ മഴ പെയ്യാൻ തുടങ്ങി. ഭൂമിയിലേക്കിറങ്ങാൻ മടിച്ച മഴവെള്ളം കാൽവണ്ണകളെ നനയിച്ചപ്പോൾ അതിലൂടെ വേഗം നടക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി.
സാരിത്തുമ്പിനെ ചുറ്റി പിടിച്ചു അരയിൽ തിരുകി കേറ്റി.. സാരി പൊക്കി പിടിച്ചു.
'ഈ സാരിയും ഉടുത്തു മഴയത്ത് പണിക്കു പോക്ക്..മുതലാളീടെ ഭാര്യ ട്രീസമ്മ പല തവണ പറഞ്ഞതാ. മോളുടെ പഴയ ചുരിദാർ ഒന്നു ഇട്ടു നോക്കാൻ..ചുരിദാർ ഇട്ടും കൊണ്ടു വീട്ടിലേക്കു ചെല്ലുമ്പോൾ ഉള്ള പുകിൽ ഓർത്തപ്പോ തന്നെ വേണ്ടാന്നു പറഞ്ഞു പോയി. ഇനി എന്തായാലും അടുത്ത പ്രാവശ്യം അവരുടെ മോളുടെ ചുരിദാർ പഴയതു രണ്ടെണ്ണം വാങ്ങണം..,'
ഈ നശിച്ച മഴ.. ഒരാഴ്ചയായി.
കുട ചൂടി കടന്നു പോയ ആണൊരുത്തന്മാർ എന്തോ വങ്കത്തരം പറഞ്ഞു കടന്നു പോയി..
"ചൊറിച്ചില് തീരാത്ത കൊശവന്മാർ."
സിനി എണ്ണിപെറുക്കി..
വെള്ളം.സർവത്ര വെള്ളം..
തോടും പുഴയും കവിഞ്ഞു കരയിലേക്ക് കാലുകൾ നീട്ടിയിരിക്കുന്നു..സിനിയുടെ ഉള്ളിലെ ആന്തൽ
നെടുവീർപ്പായി പുറത്തേക്കു വന്നു
എന്റെ മക്കൾ..
സ്കൂള് വിട്ടു വന്നു കാണുമോ.ഈ മഴയത്ത് അവർ എന്തു ചെയ്യും?
മക്കളുടെ ചിന്ത മനസ്സിൽ അലയടിക്കാൻ തുടങ്ങിയ നിമിഷം..നീട്ടി വെച്ച കാലുകൾക്കു വേഗതയേറി.മുതലാളീടെ വീട്ടിൽ നിന്നും മക്കൾക്കായി പൊതിഞ്ഞെടുത്ത പഴം പൊരിയുടെ ചൂട് കൈവെള്ളയിൽ അപ്പോഴും തങ്ങിനിന്നു.
പള്ളിപറമ്പ് കടന്നു താഴേക്കുള്ള ചെരിവിൽ ചാഞ്ഞു കിടക്കുന്ന പ്ലാവിന്റെയും വളർന്നു നിൽക്കുന്ന ആഞ്ഞിലിയുടെയും ഇടയിൽ നീല നിറത്തിൽ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് കണ്ണിൽ ഉടക്കി..അടുക്കളക്കപ്പുറം ചാർത്തിനായി വലിച്ചു കെട്ടിയ ഷീറ്റ് കാറ്റിൽ പറന്നു പോകുമോ.?
ചെത്തിയുണ്ടാക്കിയ ചെമ്മണ്ണിന്റെ പടവുകളിലൂടെ വെള്ളം ചാടിയൊഴുകുന്നു.സിമന്റ് പൂശിയ അരഭിത്തിയിൽ കാലുകൾ രണ്ടും പുറത്തേക്കിട്ടു അപ്പുവും മാളുവും കടലാസു തോണികൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.വാതിൽക്കൽ തന്നെ കുന്തം കാലിൽ താടിക്ക് കയ്യും കൊടുത്തു ഒരു മുറി ബീഡിയുമായി ഗോപിയേട്ടൻ.
"എന്താടീ ഇന്ന് വൈകിയേ..?വൈകുന്നേരം വരെ അവളുടെ ഒടുക്കത്തെ പണി."
ചാടിയെഴുന്നേറ്റു മുട്ടു കൈ മടക്കി ഗോപി , അകത്തേക്കു കേറിയ സിനിക്ക്‌ നേരെ കുതിച്ചു . പിന്നെ അവളുടെ താടിക്കിട്ടു തട്ടി.
കയ്യിൽ അടക്കി പിടിച്ച പൊതി തെറിച്ചു , പഴംപൊരി സിമന്റ് തറയിൽ ചിതറി വീണു.
അപ്പുവും മാളുവും ചാടി വീണ് അതും പെറുക്കി അകത്തേക്കു നീങ്ങി നിന്നു.
അങ്കക്കലി പൂണ്ട പുറത്തെ മഴയ്‌ക്കൊപ്പം ഗോപിയും വീടിനകത്ത് തെറിയുടെ പൂരമഴ പെയ്യിച്ചു.പതിവായി കാണുന്ന നാടകത്തിന്റെ തിരശീലക്കു പിന്നിൽ പഴംപൊരി ഒരോ കഷണം കടിച്ചെടുത്തു മാളു, ചേട്ടന്റെ അരികിൽ ചേർന്നു നിന്നുകൊണ്ടു ചേട്ടന്റെ ചെവിയിൽ പറഞ്ഞു
"നമ്മുടെ അച്ഛന് വട്ടാണോ ചേട്ടാ..എന്തിനാ അമ്മേനെ വഴക്കു പറയണേ.?"
അഞ്ചുവയസ്സുകാരി മാളുവിന്റെ ചോദ്യം കേട്ട് പത്തുവയസ്സുകാരന്റെ ചോര തിളച്ചു മറിഞ്ഞു
മാളു രഹസ്യത്തിൽ ചോദിച്ച ചോദ്യം അവൻ ഉച്ചത്തിൽ ചോദിച്ചു.
"അഛന് വട്ടാണോ ? അച്ഛന് പണിക്കു പോവാൻ മനസ്സില്ല..അമ്മ പണിക്കു പോയിട്ടു വന്നതല്ലേ. ?"
കുഞ്ഞുവായിലെ അമ്പഴങ്ങ കണ്ടു ഗോപി ഒരു നിമിഷം ഒന്നു ഞടുങ്ങി. പിന്നെ അടക്കി വെച്ച കലി മൂത്തു അവന്റെ നേർക്ക് കുതിച്ചു. ഷർട്ടിൽ തൂക്കി പൊക്കിയെടുത്തു മുറ്റത്തേക്ക് തൂക്കിയെറിഞ്ഞു..
മുറ്റത്തെ വെള്ളത്തിൽ കുമിളകൾ തീർക്കുന്ന മഴത്തുള്ളിക്കൊപ്പം അവനും തെറിച്ചു വീണു വെള്ളം തെറിപ്പിച്ചു.അവനോടൊപ്പം അവൻ ചേർത്തു പിടിച്ച പഴംപൊരിയും വീണു താണു .
ആർത്തലച്ചു പെയ്യുന്ന മഴയിൽ അവന്റെ കുഞ്ഞു കരച്ചിലും അലർച്ചയും അലിഞ്ഞു പോയി..
മാളുവിന്റെ കരച്ചിൽ കേട്ട് മുറിക്കകത്തേക്കു തുണി മാറാൻ പോയ സിനി പുറത്തേക്കു ഓടിവന്നു.
മുറ്റത്തു വെള്ളത്തിൽ അപ്പു നിലവിളിച്ചു കൊണ്ട് കിടക്കുന്നു.
പുറത്തേക്കു ഓടിവന്നു അപ്പുവിനെ എടുക്കാൻ വന്ന സിനിയുടെ നടുവിനിട്ടു ഗോപി കാലുകളുയർത്തി ചവിട്ടി.
അപ്പുവിനോടൊപ്പം സിനിയും വെള്ളത്തിൽ ..
എല്ലാം കണ്ടു നിന്നു കരഞ്ഞു നിന്ന മാളുവും പുറത്തെ മഴയിൽ അമ്മക്കും ചേട്ടനൊപ്പം മഴയിൽ കുതിർന്നു.
കലി തീരാൻ വീണ്ടും ബീഡി തപ്പിയ ഗോപി , ഒരെണ്ണം പോലും കാണാതെ, വലിച്ചെറിഞ്ഞ മുറിബീഡി മുറിയിൽ നിന്നും തപ്പിയെടുത്തു ആഞ്ഞുവലിക്കാൻ തുടങ്ങി.
തോരാതെ പെയ്യുന്ന മഴയിൽ ആറു കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരും ചേർന്നലിഞ്ഞു മണ്ണിൽ വീണു.
മക്കളുടെ കണ്ണീർ ഏറ്റു വാങ്ങിയ ഭൂമിദേവി അവിടമാകെ പ്രകമ്പനം കൊള്ളിച്ചു ഒന്നു കുലുങ്ങി..ശക്തമായ സ്വരം കേട്ടു മക്കൾ രണ്ടും സിനിയെ അള്ളിപിടിച്ചു. സിനി മക്കളെയും വലിച്ചു അകത്തേക്ക് ഓടിക്കയറി.
എവിടെയൊക്കെയോ ചില്ലയൊടിഞ്ഞു വീഴുന്നു.വീശിയടിക്കുന്ന കാറ്റ് വട്ടം കറങ്ങി കറങ്ങി ചുഴറ്റി അകലുന്നു.
സിനി മക്കളുടെ തല തോർത്തി നനഞ്ഞ ഉടുപ്പ് മാറ്റിച്ചു.. മുറിയിലേക്കു ചെന്നു ശരീരത്തിൽ ഒട്ടി ചേർന്ന സാരിയും ബ്ലൗസും വലിച്ചുമാറ്റി.അവൾ അവളുടെ ശരീരത്തിലേക്കൊന്നു നോക്കി.. ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.
. ശരീരത്തിലെ നിമ്നോന്നതങ്ങൾ .. വികാരവായ്പുകൾ.. ആരു ഓർക്കുന്നു. മാസത്തിൽ നാലഞ്ചു ദിവസം ഇല്ലായിരുന്നുവെങ്കിൽ പലപ്പോഴും ഇങ്ങിനെ ചില ശരീരഭാഗങ്ങളെ കുറിച്ചു പോലും മറന്നു പോയേനെ!
ഒരു ഉടുപ്പ് എടുത്തു അണിഞ്ഞു അടുക്കളയിലേക്കു നടന്നു ചെന്നതും ഓടിന്മേൽ എന്തോ വീണു പതിക്കുന്ന സ്വരംകേട്ടവൾ പിന്നോട്ടു മാറി. അടുക്കളപ്പുറത്തു ചാഞ്ഞു നിന്ന മാവിന്റെ ചില്ലകൾ തലനീട്ടി അടുക്കളയിൽ..പൊട്ടി വീണ ഓടിന്റെയൊപ്പം മഴപ്പെണ്ണും അടുക്കള കാണാൻ എത്തി..അപ്പുറത്ത് ചാർത്തിനായി
വലിച്ചു കെട്ടിയ നീല പ്ലാസ്റ്റിക് കാറ്റിൽപൊട്ടി പറന്ന് പ്ലാവിന്റെ ചില്ലയിൽ കുരുങ്ങി നിന്നു.
ചോറു കലവും കൂട്ടാൻ കലവും നൊടിനേരം കൊണ്ടു പെറുക്കി അകത്തെ മുറിയിൽ വെച്ചു.. തല്ലാൻ ഓങ്ങിയ കൈകൾ എങ്കിലും സിനി ഉച്ചത്തിൽ ഭർത്താവിനെ വിളിച്ചു വരാന്തയിൽ ഓടിച്ചെന്നു
"ഗോപിയേട്ടാ..ഓടിവാ.."
കുലം കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ചുവടുകൾ വെച്ചു അവളുടെ ഗോപിയേട്ടൻ നടന്നലകലുന്നത് കണ്ട്‌ അപ്പു പറഞ്ഞു..
"ഞാൻ അപ്പുറത്തെ രാമേട്ടനോട് പോയി പറയട്ടെ അമ്മേ.."
അമ്മയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ അപ്പു കുടയും കൊണ്ടു പുറത്തേക്കോടി..
മഴയിൽ വെള്ളം തെറിപ്പിച്ചു ഓടുന്ന അപ്പുവിനെ അരണ്ട വെളിച്ചത്തിൽ നോക്കി സിനി ഒരുനിമിഷം നിന്നു..
പാവം..അപ്പു ..സ്നേഹത്തിന്റെ ഒരു കണിക പോലും അച്ഛനിൽ നിന്നും കിട്ടിയിട്ടില്ല. മാസം തികയാതെ പിറന്ന കുഞ്ഞു, ജാരന്റെ എന്നു ആരോപിച്ച് അവനെ ഒരിക്കലും സ്നേഹിച്ചിട്ടില്ല.പ്രായത്തിൽ കൂടുതൽ പക്വത ഉള്ള കുട്ടിയാണ് എന്നു ടീച്ചർമാർ വിധിയെഴുതിയ കുഞ്ഞ്..അപ്പുവിനെ പഠിപ്പിക്കണം . നല്ല ജോലി വാങ്ങി കൊടുക്കണം.
ഒരല്പം അകലെ തങ്ങളുടെ വീടിനു താഴെയായി രാമുവേട്ടനും ശാന്തേച്ചിയും..മക്കളില്ലാത്ത ദമ്പതികൾക്ക്‌ താൻ സ്വന്തം മോള് തന്നെയാണ്. തനിക്കുള്ള ഏക ആശ്വാസം..അപ്പു അവരുടെ കണ്ണിലുണ്ണി തന്നല്ലേ.
മഴവെള്ളം ഉയർന്നു ചവിട്ടിൽ കേറി തുടങ്ങിയിരിക്കുന്നു
ക്ലോക്കിൽ സമയം ആറടിച്ചു.
അകലങ്ങളിൽ എവിടെയൊക്കെയോ കിളികൾ ആർത്തുകരയുന്നു. പകൽ നേരത്തെ വിടവാങ്ങിയിരിക്കുന്നു.ഇരുളിന്റെ കൈകൾക്കു കനം കൂടി നിൽക്കുന്നു. കനത്ത കാറ്റിൽ മരങ്ങൾ ഭ്രാന്തമായി തലതല്ലി ചിരിക്കുന്നു.
വീണ്ടും ചെവികളിൽ അണ പൊട്ടിയൊഴുകുന്ന സ്വരം മുഴങ്ങി കേട്ടു..ഒരു ഹുങ്കാരനാദത്തോടെ അതു അടുത്തടുത്തു വരുന്നു..സിനി മാളുവിനെയും കെട്ടിപിടിച്ചു അരഭിത്തിയിൽ നിന്നു.
അപ്പുവിനെ വിടണ്ടായിരുന്നു ഈ മഴയത്ത്..
ഉള്ളിൽ എവിടെയോ ഒരു പിടച്ചിൽ..
പെട്ടെന്ന് അവളുടെ മനസിൽ ഒരു കൊള്ളിയാൻ മിന്നി..
ഈ സ്വരം താൻ കേട്ടിട്ടുണ്ട്..
വര്ഷങ്ങൾക്കു മുൻപ്.
തന്റെ അച്ചനെയും അമ്മയെയും കവർന്നെടുത്ത അതേ സ്വരം..
സിനി മാളുവിനെയും പിടിച്ചു മുറ്റത്തെക്കിറങ്ങിയോടി..
താഴെ രാമേട്ടന്റെ വീട് നോക്കി ഇറങ്ങാൻ നേരം..
ഇടതു വശത്തു കണ്ടു..
കുത്തിയൊലിച്ചു ഒരു പടപ്പുറപ്പാടോടെ ഒഴുകി , ഉയരത്തിൽ നിന്നും മദിച്ചു വരുന്ന കാട്ടാന പോലെ കലക്ക വെള്ളത്തോടൊപ്പം ചെടിയും മരങ്ങളും.. ആടും പൂച്ചയും..
അത് ഒഴുകുകയാണ്..
രാമേട്ടന്റെ വീട് ലക്ഷ്യം വെച്ച്.....

By:- 

Shabna Shabna Felix

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo