Slider

മയില്‍

0

,,,,,,,,,,,,oo,,,,,,,,,,,,,
നന്ദ പിറകുവശത്തെച്ചുമരിൽ
കരിക്കട്ടകൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു.
"കുട്ടീ ഒന്നിങ്ങട്ട് നോക്കൂ .... ഏയ് നന്ദൂട്ടീ"
അമ്മയുടെ വിളി കേട്ട് ഞെട്ടി അവൾ കരിക്കട്ട താഴെയിട്ടു .കൈരണ്ടും പെറ്റിക്കോട്ടിൽ തുടച്ച്
തലതാഴ്ത്തിനിന്നു. എന്തോ ഇപ്പഴായേപ്പിന്നെ അമ്മ വിളിക്കുമ്പം അങ്ങിനെ നിക്കാനാ തോന്നണേ!
രാവിലെ കണ്ടപോലെയല്ല അമ്മയുടെ മുഖത്തിപ്പം ഒരു ചിരിയുണ്ട്...... എന്തായിരിക്കും കാരണം?
ഇളയച്ഛന്റെ
കത്ത് കിട്ടിയപ്പോൾ മുതൽ കരച്ചിലായിരുന്നൂല്ലോ? കൂടെ ചെല്ലില്ലെങ്കിൽ ഇളയച്ഛൻ ഇനി വരില്ലാന്ന് എഴുതിയിരുന്നൂത്രെ! അച്ഛമ്മയാകുട്ടിയോടത് പറഞ്ഞത്.
അമ്മ അപ്പോൾ മുതൽ ഒന്നും മിണ്ടീരുന്നില്ല,കുട്ടിയെ എല്ലാരുമിപ്പോൾ കൂടുതൽ ശ്രദ്ധിക്കണുണ്ട് ..എന്താ വോ? !
"എന്തേ നിയ്യ് ഇങ്ങനെ നിക്ക്ണേ?
കണ്ണടച്ച് കൈ നീട്ടിക്കേ ഒരൂട്ടം കാണിച്ചരാ."
നന്ദൂട്ടി കണ്ണടച്ച് കൈ നീട്ടി, പാതി തുറന്ന മിഴിയോടെ ഒളിഞ്ഞുനോക്കി.
"ഇനിയിതുപോലെ ചുമരിൽ കരിക്കട്ട കൊണ്ട് വരയണ്ട ഇഷ്ടം പോലെ ഇതില് വരച്ചോളൂ ഇളയച്ചൻ തന്നതാ,"
നീലച്ചട്ടയുള്ള ഒരു പുസ്തകവും ഒരു പെട്ടി ചായപെൻസിലുകളും തന്നിട്ട് അമ്മ ചിരിച്ചു കൊണ്ട് തിരികേ പോയി! കുട്ടിക്കൊന്നും മനസ്സിലായില്ല. പക്ഷേ ഇളയച്ഛൻ വരുമ്പോഴേ അമ്മയെ ഇങ്ങനെചിരിച്ചു കണ്ടിട്ടുള്ളു.
ആ ചിരി കണ്ടപ്പോൾ, പുസ്തകോം ചായപെൻസിലുകളും താഴെവെച്ച്, ചുമരിൽ മുഖം ചേർത്തങ്ങനെ നിന്നപ്പം
കണ്ണുകുടുകുടാ നിറഞ്ഞൊഴുകണൂന്ന് മനസ്സിലാവണുണ്ട്, എവിടാ എന്താ വേദനിക്കണേന്ന്
നന്ദൂനെന്തേ മനസ്സിലാവത്തേ?
പുറത്ത് തണുത്ത കൈ തട്ടിയപ്പോൾ കുട്ടി തിരിഞ്ഞു നോക്കി അച്ഛമ്മയാണ്
"സന്ധ്യയാവുമ്പോൾ മേല്കഴ്കാതെ നീയെന്താ കുട്ട്യെ ഇവ്ടെ കാണിക്ക്ണെ?ഇളയച്ഛൻ വന്നിട്ടുണ്ട്. "
വെറുതെയല്ല അമ്മ ചിരിച്ചു കണ്ടതെന്ന് നന്ദൂട്ടി ഓർത്തു ,ഇനി ഇളയച്ഛൻ പോണവരെ അമ്മ ഇങ്ങനെയാവും. അമ്മസങ്കടപ്പെട്ടിരിക്കണ കാണുമ്പഴും കുട്ടീടെ സന്തോഷമെല്ലാം പോവ്വാ ചെയ്യാറ്, എന്നിട്ടും എന്തേ ഇപ്പഴും ഇങ്ങനെ കണ്ണുനിറയണൂ?
കുട്ടീടെ അച്ഛൻ പട്ടാളക്കാരനായിരുന്നേ.യുദ്ധത്തിൽ മരിച്ചുപോയി , അന്നൊക്കെ അമ്മ ഭയങ്കര കരച്ചിലാരുന്നു . ഇളയച്ഛൻ വന്നശേഷാ ഒന്നു ചിരിച്ചു കണ്ടതേ.
അച്ഛനെന്തെങ്കിലും പറ്റിയാൽ അമ്മയെ തനിച്ചാക്കരുതെന്ന് അച്ഛമ്മയെ പറഞ്ഞേല്പിച്ചിരുന്നൂത്രെ അച്ഛൻ.അച്ഛമ്മ ആ വാക്ക് പാലിച്ചു. പക്ഷേ തളത്തിൽ വിരിച്ച മെത്തപ്പായിൽ, ഇരുട്ടിനെ പേടിച്ച് ഒറ്റക്കുകിടക്കുമ്പം, നന്ദൂട്ടി എപ്പഴും പേടിച്ചു കരഞ്ഞുപോവും !
ഇളയച്ഛന് ആദ്യം നന്ദൂട്ടിയെ നല്ല ഇഷ്ടായിരുന്നു ,കുട്ടിയെവിട്ട് അമ്മ പോവാൻ കൂട്ടാക്കാതായപ്പോൾ ജന്തൂന്നായി വിളി.
"കുട്ട്യേ.... "
അച്ഛമ്മ വീണ്ടും വിളിക്ക്ണുണ്ട് ,നന്ദൂട്ടി ചുമരിലെ പകുതി വരച്ച മയിൽ ചിത്രത്തിലേക്ക് നോക്കി ,പിന്നെ പതിയെ കോലായിലേക്ക് കയറി .
"കേട്ടോ രാധേ ഇത്തവണ നീ വരിക തന്നെ വേണ്ടി വരും". വീട് ശരിയാക്കിയാണ് ഞാൻ വന്നിരിക്കുന്നത്!"
അതാ നന്ദൂട്ടി ചെന്നപ്പം ഇളയച്ചൻ പറഞ്ഞോണ്ടിരുന്നതേ
അമ്മ ഉത്തരം പറയാതെ എന്നെ ഒന്ന് നോക്കി. നന്ദൂട്ടി തല കുനിച്ച് വീണ്ടും തളത്തിലേക്ക് നടന്നു. തളത്തിലെ നിലവിളക്കിന്റെ തിരിയൊന്നു നീട്ടി,
അമ്മ തന്ന പുസ്തകവും
ചായപെൻസിലുകളും എടുത്ത് വീണ്ടും മയിലുകളെ വരയാൻ തുടങ്ങി.
"ഇന്നെന്താ മേല്കഴ്ക്ണില്ലേ കുട്ട്യേനീയ്യ് "?
ഞാൻ സങ്കടപ്പെട്ടിരിക്കാന്ന് ഈ അച്ചമ്മ ഇതെങ്ങിനെ അറിയണു ആവോ ....
കരയാൻ കൊതീണ്ടെങ്കിലും കണ്ണീരു വന്നിട്ടില്ലല്ലോ?
"ഇവിടെ വാ
അച്ഛമ്മ ഒരൂട്ടം പറയട്ടെ "
അച്ചമ്മ നന്ദൂട്ടീടെ താടിയിൽ പിടിച്ചു ഒരുമ്മതന്നു ... നല്ല ചൂടാരുന്നു അതിന്.
"നിന്റമ്മ ഇളയച്ഛന്റെ കൂടെ പൊയ്ക്കോട്ടെല്ലേ ?
ന്റെ കുട്ടിക്ക് അച്ഛമ്മല്ലേ?"
നന്ദൂട്ടി മുഖമുയർത്തിയില്ല ... പടം വരച്ചു കൊണ്ട് അച്ഛമ്മയോട് പറഞ്ഞു .
"ഈ മയിലിനെ അച്ഛമ്മയ്ക്ക് തരാനാട്ടോ നന്ദൂട്ടി വരയ്ക്ക്ണേ"!

DevanganaDevutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo