
അച്ഛാ ഇതാണു സ്റ്റാർ ഫിഷ്..
സ്വീകരണമുറിയിലെ അക്വേറിയത്തിൽ പുതിയതായി വാങ്ങിയിട്ട മീനിനെ ചൂണ്ടി മകൻ പറഞ്ഞു.
വെള്ളയിൽ കറുത്ത കുത്തുകൾ ഉള്ള ഭംഗിയുള്ള ഒരു മീൻ വിടർത്തിയ ചിറകുകളുമായി നീന്തി നടക്കുന്നു..
ഈ കറുത്ത ഉരുണ്ട കണ്ണുള്ള മീനേതാ മോനേ?
അവൻ ഒന്നു ചിരിച്ചു .പിന്നെ പറഞ്ഞു ഇത് ബ്ലാക്ക് മൂർ..
ഗപ്പി , ഗോൾഡ് ഫിഷ് , സീബ്രാ ഫിഷ് ,ബ്ലൂ ഗോൾഡ് മുതലായ മീനുകളെ പറ്റി പറയവേ അക്വേറിയത്തിന്റെ അടിയിൽ അനങ്ങാതെ കിടന്ന മീനിനെ ചൂണ്ടി ഞാൻ ചോദിച്ചു.
ഇതേതാ ഈ മടിയൻ മീൻ... എന്താ ഇങ്ങനെ ഇതനങ്ങാതെ കിടക്കുന്നത്?
അവൻ ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു
ചിലരില്ലേ ഇങ്ങനെ? അച്ഛനു പ്രിയപ്പെട്ട സാഹിത്യത്തിലും ഉണ്ട്..
ഞാൻ വെറുതെ ചിരിച്ചു.
അച്ഛാ..അതാണ് സക്കർ ഫിഷ്.. വെറുതെ കിടക്കും.. അഴുക്കുകൾ തിന്നും.. ടാങ്ക് ക്ലീൻ ചെയ്യുവാൻ വേണ്ടിയാണതിനെ....
ഞാൻ പുറത്തേക്കു നടന്നു. പുറത്തെ കസേരയിൽ ഇരിക്കുമ്പോൾ പല നിറത്തിലുള്ള മീനുകൾ മനസ്സിലോടിയെത്തി..
സ്വർണ്ണ നിറമുള്ള മീനുകൾ, വെള്ളയിൽ കറുത്ത കുത്തുള്ള മീനുകൾ , വെറുതെ വായനക്കി ഓടി നടക്കുന്ന മീനുകൾ.
ചിലതു കൂട്ടത്തിലുള്ളവരെ ഉപദ്രവിക്കുന്നു. ചിലതു ചുണ്ടു കൊണ്ടു മറ്റു മീനുകളെ പൊക്കി വിടുന്നു. ചിലർ ചുംബിക്കുന്നു. ചിലർ അക്വേറിയത്തിന്റെ മുകളിൽ നീന്തി നടക്കുന്നു.. ചിലർ അടിത്തട്ടിലെ കൃത്രിമ ചെടിയ്ക്കിടയിൽ പതുങ്ങിയിരിക്കുന്നു..
എത്രയെത്ര തരം മീനുകൾ...
അക്ഷീണരായവർ ..പ്രതിമ പോലെ അനങ്ങാതിരിക്കുന്നവർ. താടിയുള്ളവർ. മുഖം വെട്ടി തിളങ്ങുന്നവർ .
എല്ലാം കണ്ടു നിശ്ചലരായി നിൽക്കുന്നവർ...
എത്രയെത്രതരം മീനുകൾ.
എന്റെ വീട്ടിലെ ഫിഷ് അക്വേറിയത്തിന്റെ സ്ഥിതി ഇതാണെങ്കിൽ നിഗൂഡതകൾ ഒളിഞ്ഞു കിടക്കുന്ന കടലിൽ എന്താവും.?
ഞാൻ വീണ്ടും അക്വേറിയത്തിനടുത്തേയ്ക്കു ചെന്നു . നിലത്തിരുന്നു ആ മീനുകളെ സൂക്ഷിച്ചു നോക്കി പതുക്കെ പറഞ്ഞു.
നിങ്ങൾ എന്റെ ഈ ചെറിയ അക്വേറിയത്തിലാണ് കേട്ടോ?
തല വെട്ടിച്ചു ഒരു മീൻ പുച്ഛത്തോടെ തല തിരിച്ചു..
ഇതിലും വലുതാണു സമുദ്രം. അവിടെ വലിയ വലിയ മീനുകൾ.. മറ്റു പല ജീവികൾ.
എന്തുകൊണ്ടാണന്നറിയില്ല എന്റെ ശബ്ദം ഇടറിയിരുന്നു. കാരണമറിയാത്ത ഏതോ സങ്കടങ്ങൾ നെഞ്ചിൽ നിറഞ്ഞു നിന്നു.
ഒന്നുകൂടി നോക്കി.. താഴെ അനങ്ങാതെ അഴുക്കുകൾക്കിടയിൽ ആ മീൻ..
മനസ്സിൽ മകൻ പറഞ്ഞു തന്ന പേരു ഓർമ്മിച്ചു പയ്യെ വിളിച്ചു...
" സക്കർ ഫിഷ് "..
അനങ്ങാതെ നിന്ന മീൻ തിളങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കി. പിന്നെ വളരെ പയ്യെ നിരങ്ങി നീങ്ങി.
അതെ ആ മീൻ ചിരിക്കുകയാണ്.. അല്ല അതു മന്ദഹസിക്കുകയാണ്..
എന്നെ... എന്നെ മാത്രം നോക്കി...
... പ്രേം...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക