Slider

കുത്തിപ്പൊക്കലുകൾ

0
Image may contain: 1 person, smiling

•••••••••••••••••••••••••••••••••••••••
“എടീ കുഞ്ഞാമിനാ …
എവിടെ പോയി കിടക്ക്വാ ഇവറ്റകളൊക്കെ ഈ കിണ്ടീലിത്തിരി വെള്ളം നിറച്ച്‌ വെക്കാനാരൂല്ലേ ഇവിടെ”
അസ്സു മുസ്ല്യാർ ഇറയം കല്ലിൽ ചെരുപ്പും അഴിച്ച്‌ വച്ച്‌ മുണ്ട്‌ ഇടത്‌ കൈ കൊണ്ട്‌ തെറുത്ത്‌ പിടിച്ച്‌ മറുകൈയ്യിൽ അലൂമിനിയത്തിന്റെ നിറം മാഞ്ഞ്‌ അവിടവിടെ ചളുങ്ങിയ കിണ്ടിയുമായി നിന്ന് തുള്ളുകയാണു.
ഒരു പാത്രത്തിൽ വെള്ളവുമായി ഓടി വന്ന കുഞ്ഞാമിന മുഖത്ത്‌ നോക്കാതെ വെള്ളം കിണ്ടിയിലേക്ക്‌ പകർന്നു. ഇല്ലേൽ ആ കിണ്ടിയിൽ ഇനിയും ചളുക്ക്‌ വീഴും ന്ന് അവർക്കറിയാം.
മുഖത്ത്‌ നോക്കാതെയുള്ള ആമിനയുടെ വെള്ളമൊഴിപ്പ്‌ കണ്ടപ്പൊ മൂപ്പർക്ക്‌ ദേഷ്യം ഇരട്ടിച്ചു.
“ന്താ ശെയ്ത്താനേ ഒരു കിണ്ടി വെള്ളം നിറച്ച്‌ ഉമ്മറത്ത്‌ വെച്ചിട്ട്‌ മല മറിച്ചാ പോരെ ഇനിക്ക്‌ , ആരേലും കേരി വന്നാലോ….
കുഞ്ഞാമിനയുടെ മുഖത്തെ നിസ്സംഗത മുസ്ല്യാരുടെ പിന്നീടുള്ള വാക്കുകളെ തടഞ്ഞു.
വെള്ളവുമൊഴിച്ച്‌ അകത്തേക്ക്‌ പോകുമ്പൊ തട്ടം കൊണ്ട് അവൾ‌ കണ്ണു തുടച്ചോ എന്നൊരു സംശയം കൂടി ആയപ്പോ മുസ്ല്യാർക്ക്‌ ആകെ വിഷമമായി.
അയലിൽ നിന്ന് തോർത്തെടുത്ത്‌ മുഖത്തെ വെള്ളവും കഴുത്തിലെ വിയർപ്പും ഒപ്പി നീളൻ ജുബ്ബ അഴിച്ച്‌ അയലിലിട്ട്‌ അയാൾ ഉമ്മറത്തെ ചാരുകസേരയിലമർന്നു.
ഒരാഴ്ചയായി പണിക്കാരുടെ ബഹളമാണു വീട്ടിൽ. ഇന്നൊരു ദിവസമാണു ആരും ഇല്ലാത്തത്‌. ഇന്നലെ വരെ പണിയെടുത്ത പെയിന്റുകാർ ഇന്ന് വന്നില്ല. അവരെ അന്വേഷിച്ച്‌ കവല വരെ പോയതാണു. അത്യാവശ്യമായി മറ്റൊരു പണി തീർക്കാനുള്ളത് കൊണ്ട്‌ മാറി നിന്നതാണെന്ന്മേസ്ത്രിപറഞ്ഞു. “എന്റെ മക്കളെ കല്ല്യാണത്തിനേക്കാൾ വലിയ ആവശ്യം അവർക്ക്”‌.
ആ ദേഷ്യത്തിൽ കേറി വന്നതാ. ദേഷ്യപ്പെടണ്ടായിരുന്നു. പാവം കുറച്ചീസായി ആകെ കഷ്ടപ്പെട്ട്‌ വല്ലാണ്ടായിട്ടുണ്ട്‌.
“ മൈമൂ ഉപ്പാക്കിത്തിരി കഞ്ഞീന്റവെള്ളം”
പറഞ്ഞ്‌ തീരുന്നതിനു മുന്നെ മോന്തയിൽ വെള്ളവുമായി മൈമൂന മുന്നിലെത്തി. അതൊരു ശീലാ വന്ന് കേറിയാൽ ഒരു മോന്ത കഞ്ഞി വെള്ളം. “കുടിക്കണം” ന്ന് അവർക്കും “വേണം” ന്ന് കുഞ്ഞാമിനക്കും അറിയാം. വെള്ളവുമായി വന്ന മൈമൂന്റെ മുഖത്തും പെയ്യാനൊരു കാർമേഘം.
വെളളം മോന്തിക്കുടിക്കുന്നതിനിടയിൽ വാതിൽ പടിയിൽ ചാരി നിൽക്കുന്ന മൈമൂനയെ നോക്കി മുസ്ല്യാർ ഒരു കവിൾ വെള്ളവും വായിലാക്കി ‌ കണ്ണുകൾ കൊണ്ട്‌ എന്താണെന്ന് ചോദിച്ചു. അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മൈമൂന കണ്ടില്ലെന്നറിഞ്ഞ മുസ്ല്യാർ ഒന്ന് മുരടനക്കി.
“എന്ത്‌ പറ്റി മൈമൂ?മുഖമൊക്കെ വല്ലാതിരിക്കുന്നേ?”
“ഒന്നൂല്ലുപ്പാ ഇക്കാക്ക ഇന്നലെ വിളിച്ചപ്പൊ ആകെ വിഷമത്തിലായിരുന്നു. ഇക്കാക്കക്ക്‌ ഈ കല്ല്യാണം വേണ്ടാന്ന്”
“ഹള്ളാ…”
വായിലെ വെള്ളം മൂർത്തിയിൽ കയറി ഒന്ന് ചുമച്ചു മുസ്ല്യാർ.
പിന്നിൽ കുഞ്ഞാമിനയുടെ നിഴലും തലയിൽ പതിഞ്ഞ കൈകളും കണ്ടപ്പൊ മുസ്ല്യാർ മെല്ലെ ചോദിച്ചു.
“എന്താ അവൻ പറഞ്ഞെ”
“അവനു കുട്ടിയെ ഇഷ്ടായില്ലാന്ന്”
കുഞ്ഞാമിനയും കണ്ഠമിടറി.
“എന്താ അവൻ പറയണേ? കല്ല്യാണത്തിനു രണ്ടാഴ്ച മാത്രമുള്ളപ്പൊ? നീയെന്താ ഇന്നലെ ന്നോട്‌ പറയാഞ്ഞെ? ഞാൻ ചോദിക്കാരുന്നല്ലൊ അവനോട്‌?
എത്ര അലഞ്ഞു അവൻ, എത്ര ലീവെടുത്ത്‌ പെണ്ണുകാണാൻ. ഗൾഫിലാ ജോലി, തരക്കേടില്ലാത്ത വരുമാനം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ നാലാംക്ലാസ്സ്‌ പാസ്സായില്ലാന്ന് നാട്ടിൽ എല്ലാർക്കും അറിയുന്നത്‌ കാരണം ഒന്നും ശരിയായില്ല. എന്നിട്ടൊടുവിൽ ഇങ്ങനെയൊരു ബന്ധം ശരിയായപ്പൊ അവൻ എന്താ പറയണേ? ഒന്നൂല്ലേലും ഒരു ട്യൂട്ടോറിയൽ കോളേജിലെ ടീച്ചറല്ലെ ഓൾ”
മുസ്ല്യാരുടെ ശബ്ദത്തിലും വിറയൽ.
“കുട്ടിക്ക്‌ മൊഞ്ച്‌ തീരെ ഇല്ല എല്ലാരും കൂടി എന്റെ തലയിൽ കെട്ടി വെക്കാനാണോ ഉമ്മാന്ന്”
ചോദിച്ച്‌ ഫോൺ കട്ടാക്കിയതാ ഇന്നലെ ഉച്ചക്ക്‌. അതിനു ശേഷം ന്റെ കുട്ടി ഈ സമയം വരെ ഒന്ന് വിളിച്ചിട്ടില്ല.” കുഞ്ഞാമിനയുടെ ശബ്ദം നേർത്തു.
“നീ അഷ്റഫിനെ വിളിച്ചില്ലേ? അവന്റെ കൂടെ മുറിയിലുള്ള ആ മലപ്പുറംകാരനെ”?
“വിളിച്ചു അവൻ വേറെ സ്ഥലത്താ പോലും ജോലി, രണ്ട്‌ മൂന്ന് ദിവസായി വേറെ മുറിയിലാ മോൻ താമസമെന്ന്”
“മൈമൂ നീ ഉപ്പാന്റെ ഫോണെടുത്ത്‌ ഇക്കാന്റെ നമ്പർ ഞെക്കി ഇങ്ങെടുത്തേ”
“ഫോൺ സ്വിച്ച്‌ ഓഫാ ഉപ്പാ”
അവളുടെ ശബ്ദം വല്ലാതെ ഇടറിയത്‌ അറിഞ്ഞ മുസ്ല്യാർ മെല്ലെ അവൾ കേൾക്കെ പറഞ്ഞു.
“അവന്റെ ഫോൺ ഓണായാൽ അവനോട്‌ എന്നെ വിളിച്ച്‌ പറയാൻ പറ എന്താ കാര്യം ന്ന് കേട്ടാ”
"ആ” അവൾ മൂളി.
“ആ നീ ചെല്ല്”
“കുഞ്ഞാമിനാ...എന്താ ഓൻ പറേന്നെ? അവൻ നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഞാൻ തയ്യാറാന്ന് പറഞ്ഞിട്ടല്ലേ ഞാൻ ഈ വാക്ക്‌ കൊടുത്തേ? അവന്റെ കാര്യം മാത്രാണൊ? നമ്മുടെ മോളെ കാര്യം ആലോചിച്ചാ അവൻ? ഇതിൽ നിന്ന് ഇവൻ മാറീന്നറിഞ്ഞാൽ ഈ മാറ്റക്കല്ല്യാണത്തിനു അവർ നിൽക്കുമൊ? ഞാൻ ഇനി എന്താ ചെയ്യാ?”
അത്‌ വരെ തളർന്ന് തൂണിൽ ചാരി നിന്ന കുഞ്ഞാമിന ആ വാക്കുകളിലെ ആർദ്രതയിൽ അപകടം മണത്തു.
“നിങ്ങൾ ബേജാറാക്കി വീണ്ടും ഓരോന്ന് വരുത്തി വെക്കണ്ട.ന്തായാലും ഓൻ വിളിക്കട്ടെ ഞാൻ സംസാരിക്കാം.”
വൈകീട്ട്‌ വന്ന ഫോണിൽ കുഞ്ഞാമിന മകനോട്‌ കുറേ നേരം സംസാരിച്ചു.
രാത്രി കിടക്കാൻ നേരത്ത്‌ കുഞ്ഞാമിന മുസ്ല്യാരോട്‌ പറഞ്ഞു.
“ഓനൊന്ന് ഓളെ കാണണം ന്നാ പറേണെ, ഗൾഫിലുള്ള ആൾക്കാർ ഫോണിൽ കണ്ട്‌ സംസാരിക്കുന്നുണ്ടല്ല അയിലൂടെ നിങ്ങളതെങ്ങനാന്ന് വച്ചാ ഒന്ന് ഏർപ്പാടാക്കി കൊടുക്ക്‌”
****** ******* ****** ****** ******* ****
ആളും ആരവങ്ങളും ഒഴിഞ്ഞു. ദൂരെ ബിരിയാണി ഇലകൾ ഇട്ട കുഴിക്ക്‌ ചുറ്റും നിന്ന് കുറുക്കനെ ആട്ടിയോടിക്കുന്ന പട്ടികളുടെ ശബ്ദത്തിന്റെ അകമ്പടിയോടെ നവവധു മന്ദം മന്ദം മണിയറയിലേക്ക്‌ കടന്ന് വരുന്നതും പ്രതീക്ഷിച്ച്‌ ശുക്കൂർ ഒരു കൈയ്യ്‌ ജനിലിന്റെ അഴിയിൽ പിടിച്ച്‌ നിൽക്കുകയാണു. അവൾ വന്നു വാതിലടഞ്ഞു.
നാണം കുണുങ്ങിയിരിക്കുന്ന അവളെ പലതും പറഞ്ഞ്‌ ഒന്ന് ചിരിപ്പിക്കാനും സംസാരിപ്പിക്കാനും ശുക്കൂർ കിണഞ്ഞ്‌ കഷ്ടപെടുന്നതിനിടയിലാണു വാതിലിൽ മുട്ട്‌ കേട്ടത്‌. തുറന്ന് നോക്കുമ്പൊ മുന്നിൽ ബാപ്പയും പിന്നിൽ കുറച്ച്‌ അകലെയായി ഉമ്മയും.
“ന്താ ബാപ്പ”
ഉമ്മയുടെ മുഖത്ത്‌ നോക്കി ശുക്കൂർ ചോദിച്ചു.
“ഒന്നൂല്ല ഞാൻ മോളോട്‌ ഒരു കാര്യം ചോദിക്കാൻ വന്നതാ. ഇന്നലെ നീ ഫ്ലൈറ്റ്‌ ഇറങ്ങി ഇന്നീ കല്ല്യാണം നടക്കുന്നത്‌ വരെ ബാപ്പക്ക്‌ ഒരു സമാധാനോമില്ലാരുന്നു. എന്നാലും അതിനു മാത്രം ന്തായിരുന്നൂന്ന് അറിയാണ്ടൊരു വല്ലായ്മ. എന്റെ മോളു പറ എന്താ കാരണം"?
“അത്‌ പിന്നെ ബാപ്പ ഇന്റെ കൂടെ കോളേജിൽ പഠിച്ച ഒരു ചെക്കൻ ഇക്കാന്റെ കൂടെ അവിടെ ജോലി ചെയ്യുന്നുണ്ടാരുന്നു. പണ്ടെപ്പോഴോ ഫേസ്‌ബുക്കിൽ ഇട്ടൊരു ഫോട്ടൊ ഇക്കാ കണ്ടിട്ടാ ഈ പുകിലൊക്കെ ഉണ്ടായെ”
അവളുടെ മണി മണി പോലെ മുഖത്ത്‌ നോക്കിയുള്ള സംസാരം കേട്ട്‌ ശുക്കൂർ ‌ അന്തം വിട്ട്‌ നിന്നു. ഇവളെയാണൊ ഒന്ന് മിണ്ടിക്കാൻ ഞാനീ കഷ്ടപ്പെട്ടെ എന്ന ഭാവത്തിൽ വാ പൊളിച്ച്‌ ‌ നിൽക്കുന്ന ശുക്കൂറിന്റെ കൈയ്യിൽ മുണ്ടിന്റെ കോന്തലയിൽ നിന്നും ഒരമ്പതിന്റെ നോട്ടെടുത്ത്‌ കൊടുത്തിട്ട്‌ മുസ്ല്യാർ പറഞ്ഞു.
“എന്റെ ചുരുട്ട്‌ തീർന്നു പോയി. ഒരു കെട്ട്‌‌ ചുരുട്ട്‌ വാങ്ങി വാ വേഗം”
“ഫസ്റ്റ്‌ നൈറ്റിൽ മകനെ ചുരുട്ടിയ ബാപ്പാ ഇങ്ങളാണു ബാപ്പാന്ന്” മനസ്സിൽ കരുതി
കൈ പൊത്തി ചിരിക്കുന്ന പുതിയപെണ്ണിന്റെ ഇടയിലൂടെ പുറത്തേക്കിറങ്ങാൻ നോക്കുമ്പൊഴുണ്ട്‌ അടുത്ത കോടാലി.
“മുക്കിലെ അന്ത്രു ഇന്ന് പീട്യ തൊറന്നിട്ടില്ല. കവലേ വരെ പോകേണ്ടി വരും ടോർച്ച്‌ കൂടി കരുതിക്കോട്ടാ”
ന്ന ബാപ്പാന്റ മുന്നറിയിപ്പിലെ പരിഹാസം കേട്ട്‌ ഉമ്മ പറഞ്ഞു.
“ഇങ്ങളീ ചെയ്യുന്നത്‌ ശരിയല്ലാ പുതിയപെണ്ണെന്താ വിചാരിക്ക്യാ”
പാവം ഉമ്മ
“എനിക്കൊന്നൂല്ലുമ്മാ വരുമ്പൊ എനിക്ക്‌ ഒരു പേക്ക്‌ തേനുണ്ട കൊണ്ടത്തരാൻ പറഞ്ഞാ മതീന്നും” പറഞ്ഞ്‌ അവൾ തട്ടമെടുത്ത്‌ വാ പൊത്തി.
അതും കൂടി കേട്ടപ്പോ ശുക്കൂറിനു തൃപ്തിയായി..
ഇങ്ങനത്തെ ഇതിനെ എത്ര കാലം മേയ്ക്കണമെന്നാലോചിച്ച്‌ മെല്ലെ ഒതുക്ക്കല്ലുകളിറങ്ങുമ്പോ കേട്ട പട്ടിയുടെ കുരയിലും ശുക്കൂറിനൊരു സംശയം “പട്ടിയും ഒന്ന് ആക്കി കുരച്ചതല്ലേന്ന്".
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo