
അപ്പോളാണാ കാഴ്ച കണ്ടത്...
ഒരു കുട്ടി....
എണ്ണ കാണാതെ പാറി നടക്കുന്ന മുടിയിഴകൾ.. മുഷിഞ്ഞ വസ്ത്രങ്ങൾ..
കൈയ്യിലെ സഞ്ചിയിൽ കുമ്പിൾ കുത്തിയ കപ്പലണ്ടി പൊതികൾ..
പ്രതീക്ഷയോടെ അവൻ കപ്പലണ്ടി പൊതികൾ നീട്ടുന്നു..
ആഹ്ളാദ ത്തിരമാലകളിൽ സ്വയം മറന്നു പോയ അവർ അവനെ കണ്ടതേയില്ല.. കൈ വെള്ളയിൽ മുറുകെ പിടിച്ചിരുന്ന വെള്ളിത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ക്ഷീണിച്ച കാലുകളാൽ അവൻ നടന്നു നീങ്ങുന്നതു നോക്കിയിരുന്നു ഞാൻ...
എത്ര കൂട്ടിയാലും ശരിയാവാത്ത കണക്കുകൾ... അക്കങ്ങളുടെ പെരുപ്പിക്കലുകളിൽ തോറ്റു പോവുന്ന ജീവിതങ്ങൾ...
മരച്ചുവട്ടിൽ ഒരു പെൺകുട്ടിയുടെ ചിരി കേട്ടു.. ആയിരം കൈകളുമായി തീരത്തെ പുണരുന്ന തിരകളുടെ മിഥ്യയായ പ്രണയം.. നാളെയുടെ നരച്ച പകലുകളിൽ ഓർത്തുവയ്ക്കുവാനായി ചില നല്ല നിമിഷങ്ങൾ....
ഞാൻ കടലിലേക്കു നോക്കി.. കൂട്ടമായി പറന്നകന്നു പോകുന്ന പക്ഷിക്കൂട്ടങ്ങൾ. ഓളങ്ങളിൽ ചാഞ്ചാടിയാടുന്ന തോണി.
ഓർമ്മകളുടെ നരച്ച കോശങ്ങളിൽ ഇന്നലെകൾ തെളിയുന്നു...
അവന്റെ കണ്ണുകളിൽ അസ്തമനത്തിന്റെ ചുവപ്പുകൾ..
നീ എന്നെ മറക്കുമോ?
ആർത്തു ചിരിച്ചു വന്ന തിരകൾ വീണ്ടും കഥ പറയുന്നു.. ഞാൻ വാക്കുകൾ പരതി...
ഈ അസ്തമനവും ഈ തിരകളും ഇന്നിന്റെ മാത്രം സ്വന്തം അല്ലേ? നാളെയുടെ വെറും ഓർമ്മകൾ മാത്രം.
ഞാനാ കൈകൾ ചേർത്തു പിടിച്ചു...
ഇതാ വീണ്ടുമൊരസ്തമനം... മറ്റൊരു പകലിന്റെ അന്ത്യം..
ചുവന്ന ചക്രവാളങ്ങൾ ഓർമ്മകളുടെ കനലുകൾ കത്തിക്കുന്നു വീണ്ടും..
ഇവിടെ ഞാനൊറ്റയ്ക്ക് ഇതാ നിന്റെ ഓർമ്മകളുമായി..
നഷ്ടപ്പെട്ടു പോയ നല്ല ദിനങ്ങളേ ഇതാ എന്റെ യാത്രാമൊഴി....
നടപ്പാത വിജനമായിരുന്നു...
എനിക്കു തിരക്കുണ്ടായിരുന്നില്ല.. കടലിൽ പടർന്ന ചുവന്ന രശ്മികളെ നോക്കി ഞാൻ സാവധാനം നടന്നു..
By Renjini EP
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക