Slider

ഇത്തിരി പണ്ട്.

0


ഇത്തിരി പണ്ട്... 
ഞാൻ ഭൂമിയിലേക്ക് വരുന്നതിന് മുമ്പ്...
അന്ന് ഒരു വ്യഴാഴ്ച്ച ആയിരുന്നു. സ്വർഗ്ഗത്തിലെ വിശാലമായ ഗ്രൗണ്ടിൽ വൈകിട്ട് പതിവുള്ള കളികളിൽ ഏർപ്പെട്ടു കൊണ്ടിരുന്ന ഒരുപാട് ആത്മാക്കളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.
ഇവിടെ നിന്നും പോകുന്ന ആത്മാക്കൾ റെസ്റ്റ് ഒക്കെ കഴിഞ്ഞു ഭൂമിയിൽ ചെയ്ത കുരുത്തക്കേടിന്റെ ശിക്ഷയൊക്കെ കഴിഞ്ഞു മെമ്മറിയിൽ നിന്നും പഴയ ഓർമ്മകൾ കംപ്ലീറ്റ് ആയി തുടച്ചു നീക്കി ഫ്രഷ് ആക്കിയിട്ടാണ് വീണ്ടും ഭൂമിയിലേക്ക് അയക്കുന്നത് എന്ന കാര്യമൊക്കെ നിങ്ങൾക്ക് അറിയാമല്ലോ അല്ലേ... ആ ഇനി അറിയില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോ...
അങ്ങിനെ അടുത്ത പോക്കിനായി റെഡിയായിരിക്കുന്ന ആത്മാക്കൾ താമസിക്കുന്ന സ്ഥലത്താണ് ദേ നേരത്തെ പറഞ്ഞ ആ ഗ്രൗണ്ട്. വൈകുന്നേരം നേരത്ത് ദൈവം നടക്കാനായി അത് വഴി വരും. കൈ പുറകിൽ കെട്ടി നീളൻ ഉടുപ്പൊക്കെയിട്ടു സ്റ്റൈലിൽ ഇങ്ങിനെ നടന്നു വരുന്ന പുള്ളിയുടെ കയ്യിൽ ഒരു ലിസ്റ്റുണ്ടാകും.
നേരെ ഗ്രൗണ്ടിലേക്ക് വന്നു ആത്മാക്കളെയൊക്കെ നിരത്തി നിറുത്തി ആ ലിസ്റ്റിലുള്ള പേരുകൾ ഉറക്കെ വിളിക്കും. നാളെ ഭൂമിയിലേക്ക് പോകാനുള്ള ആളുകളുടെ പേരുകളാണ് അത്. അവർ പോകേണ്ട സമയം , എങ്ങോട്ടാണ് പോകേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഒക്കെ വൈകിട്ട് ഓഫീസിൽ വന്നു വാങ്ങി ഒപ്പിട്ടു കൊടുക്കണം എന്നതും കൂട്ടിച്ചേർത്തു പറയും.
അപ്പൊ അന്നത്തെ ആ വ്യാഴാഴ്ച വൈകിട്ട് പൊരിഞ്ഞ കളി നടക്കുന്ന സമയത്ത് പുള്ളിക്കാരൻ വരുന്നത് ഏതോ ഒരു ആത്മാവ് കണ്ടു.
" ആണ്ടെടാ ദൈവം വരുന്നു. ഒക്കെ അടങ്ങിയൊതുങ്ങി നിന്നോ "
ആ ആത്മാവിന്റെ വിളിച്ചു പറയൽ കേട്ട ഞാനടക്കമുള്ള ആത്മാക്കൾ ഒക്കെ കളിയൊക്കെ നിർത്തി അടങ്ങിയൊതുങ്ങി ഡീസന്റായി വരിയിൽ നിന്നു.
പുള്ളി വന്നു. എല്ലാവരെയും നോക്കി നാളെ പോകേണ്ട ആളുകളുടെ പേരുകൾ വിളിച്ചു തുടങ്ങി... നാലാമത്തെയോ അഞ്ചാമത്തെയോ കൃത്യമായ ഓർമ്മയില്ല പേര് എന്റേതായിരുന്നു. പേരു വിളിയൊക്കെ കഴിഞ്ഞു വൈകിട്ട് ഓഫീസിലേക്ക് വരാൻ പറഞ്ഞു പുള്ളി പോയി.
ഇത്രനാളും ഒരുമിച്ചു കളിച്ച മറ്റു ആത്മാക്കളോട് ഇത്തിരി കരച്ചിലും പിഴിച്ചിലും കെട്ടിപ്പിടിത്തവും മൂക്ക് ചീറ്റലും ഒക്കെ കഴിഞ്ഞു വൈകിട്ട് കുളിച്ചു റെഡിയായി നേരെ ഓഫീസിലേക്ക്.
പോകേണ്ട ആത്മാക്കൾ ഒക്കെ വന്നിട്ടുണ്ട്. അങ്ങിനെ ഓരോരുത്തരെയായി അകത്തേക്ക് വിളിച്ചു ഡീറ്റൈൽസ് അടങ്ങിയ പേപ്പർ കൊടുത്തു പുറത്തേക്ക് വിട്ടു തുടങ്ങി. എങ്ങോട്ടാ എങ്ങനെയുണ്ട് എന്നൊന്നും വരുന്നവരോട് ആരും ചോദിക്കില്ല. കാരണം ചോദിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. സ്വർഗ്ഗത്തിൽ നിന്നും പുറത്തേക്കിറങ്ങിയാൽ അപ്പൊ തന്നെ കഴിഞ്ഞതൊക്കെ മറന്നു പോകും പിന്നെ അവരുടെയൊക്കെ അഡ്ഡ്രസ്സ് കിട്ടിയിട്ട് എന്ത് കാണിക്കാനാണ്.
അങ്ങിനെ എന്റെ ഊഴം വന്നു.
" മെ ഐ കമിൻ ദൈവം...? "
" യെസ് യെസ് കം ഇൻ "
അനുമതി കിട്ടിയ ഇമ്മള് ഓഫീസിലേക്ക് കയറി.
" ഇന്നാ നിന്റെ ഡീറ്റൈൽസ്. വായിച്ചു നോക്കിയിട്ട് ഒപ്പിട്ട് പൊക്കോ "
ഞാൻ വാങ്ങി വായിച്ചു നോക്കി.
വായിച്ചു തീർന്നതും ചുരുട്ടിക്കൂട്ടി ഒറ്റ ഏറായിരുന്നു.
അല്ല പിന്നെ എങ്ങിനെ കലി വരാതിരിക്കും.
അതിൽ മൊത്തം കഷ്ടപ്പാടും നഷ്ടവും വേദനയും. ബീഫ് കൂട്ടാനിലെ സബോള പോലെ അവിടവിടെയായി ഇത്തിരി സന്തോഷവും...
ഞാനെന്ന ഇത്തിരിക്കുഞ്ഞൻ ആത്മാവ് കോപം കൊണ്ട് വിറച്ചു.
" എന്നാലും ദൈവമേ ഇതൊരുമാതിരി കോപ്പിലെ പരിപാടിയായിപ്പോയി.. ഇതിലും ഭേദം എന്നെ ഇവിടുത്തെ നരകത്തിൽ ഇട്ടു പുഴുങ്ങുന്നതായിരുന്നു... "
" കുറേ കൊല്ലം കിടന്നതല്ലേ നീ അതിൽ എന്നിട്ടും കൊതി തീർന്നില്ലേ..." പുള്ളി ചിരിച്ചു കൊണ്ടാണ് ചോദിക്കുന്നത്.
പുള്ളിക്ക് തമാശ... ബാക്കിയുള്ളവന് വട്ടു മേശ
" ദേ ഇമ്മാതിരി കളിക്ക് ഞാനില്ല പറഞ്ഞേക്കാം... ഇടയിൽ വെച്ചു കളി നിർത്തി ഞാനിങ്ങ് പോന്നേക്കുമേ... "
അതേറ്റു... മൂപ്പര് സൈലെന്റായി...
കാരണം ഞാൻ അവിടുണ്ടെങ്കിൽ എന്നും രണ്ടു ലോഡ് അമൃതാഞ്ജൻ പുള്ളി ഇറക്കേണ്ടി വരും. അത്രയ്ക്കുണ്ട് ഞാൻ അവിടെ ഉണ്ടാക്കുന്ന കുരുത്തക്കേട്. അതുകൊണ്ട് തന്നെ ശിക്ഷ കഴിഞ്ഞു വന്നാൽ എന്നെ അവിടെ ഇരുത്താറില്ല പെട്ടെന്ന് വേറെ ലൊക്കേഷൻ റെഡിയാക്കി കേറ്റി വിടും.
" ഡാ കൊശവാ... നീയാ പേപ്പറിന്റെ മറുവശം ഒന്നെടുത്തു നോക്കിക്കേ... "
" ഓ തീർന്നില്ലേ... ഇനിയുമുണ്ടോ പണ്ടാരക്കെട്ടു... എനിക്കെങ്ങും കാണണ്ട കോപ്പ് "
" പിണങ്ങല്ലേടാ മോനേ നീ... നോക്കെടാ "
" ഓ നോക്കിയിട്ട് ഇപ്പൊ ഏതാണ്ട് ഒലത്തും " എന്നു പിറു പിറുത്തു കൊണ്ടാണ് ഞാൻ എറിഞ്ഞ പേപ്പർ തപ്പിയെടുത്തത്.
മറുവശം നോക്കി. അതിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു.
" എത്ര വലിയ വേദനയെയും കഷ്ടപ്പാടിനെയും ഇനി എത്ര വലിയ നഷ്ടമായാലും അതിനെ മറി കടക്കാൻ പ്രാപ്‌തമായ ഒരു മനസ്സ് നിനക്കുണ്ടാകും. ഉള്ളിൽ എത്ര വേദനയുണ്ടായാലും ചുണ്ടിൽ പുഞ്ചിരി കാത്ത് സൂക്ഷിക്കാനുള്ള കഴിവ് നിനക്കുണ്ടാകും. "
നോക്കിയപ്പോ വലിയ കുഴപ്പമില്ല. കാരണം മനസ്സാണല്ലോ പ്രധാനം. പിന്നൊന്നും നോക്കിയില്ല കൂടുതൽ കെഞ്ചാനും നിന്നില്ല. നേരെ ഒപ്പിട്ട് കൊടുത്ത് പോയി കിടന്നുറങ്ങി വെളുപ്പിന് അഞ്ചു മണിക്ക് റ്റാറ്റ പറഞ്ഞു ഇങ്ങു പോന്നു.
പുള്ളി തന്ന ഡീറ്റൈൽസിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ അതുപോലൊക്കെ തന്നെ...
നാളിതു കുറേ കഴിഞ്ഞു.
എന്നാലും എന്റെ ദൈവമേ ഇടയ്ക്കൊക്കെ എനിക്ക് പറ്റാതെ വരുന്നുണ്ട് ട്ടോ... ഇനി പറഞ്ഞില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്. പിന്നെ ആ മനസ്സ്... അതിന്റെ ഒറ്റ ബലത്തിൽ അങ്ങ് ഓടിക്കുവാ...
ദേ 👆👆👆 ദിത് പോലെ ഓരോരുത്തർക്കും ഓരോരോ പ്ലസ് പോയിന്റ് ഉണ്ടാവും അതെന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ വിജയിച്ചു എന്നു പറയാം. എന്റെ എന്താണെന്ന് ഞാൻ കണ്ടെത്തി...
ഇനി നിങ്ങളുടെ ആ പ്ലസ് പോയിന്റ് എന്താണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്ക്...
ആ പിന്നെ ഒരു കാര്യം നിങ്ങൾക്ക് വേണേൽ കണ്ടു പിടിച്ചാൽ മതി ട്ടാ.
ജയ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo