
.................
കോളേജ് അടപ്പ് കഴിഞ്ഞ് പ്രത്യേകിച്ചൊരു പരിപാടിയില്ലാതെ അങ്ങനേ നടക്കുമ്പോഴാണ് നല്ലൊരു എമണ്ടൻ ഓഫർ കിട്ടിയത്.. സംഭവം പതിനഞ്ച് ദിവസത്തെ ജോലിയാണ്.. ഓരോ ദിവസവും ആയിരം വെച്ച് കൂലി.. അട്ടപ്പാടിയിൽ ആദിവാസി ഊരുകളിൽ ഫീൽഡ് സർവ്വെയും ഡാറ്റ എൻട്രിയുമൊക്കാണ് പരിപാടി.. പിന്നെ വേറൊന്നും നോക്കാൻ നിന്നില്ല.. നേരെ ഇറങ്ങിപ്പുറപ്പെട്ടു..
അഗളി പഞ്ചായത്തിലെ അട്ടപ്പാടി വികസന സമിതിയുടെ കെട്ടിടങ്ങളിലായിരുന്നു താമസം..ലാറി ബേക്കറുടെ കര വിരുതിൽ നിർമ്മിച്ച മനോഹര കോട്ടേജുകളും പ്രധാന ഓഫീസും.. ചുറ്റും ഫല വൃക്ഷങ്ങൾ.. എന്തോ സ്ഥലം എനിക്ക് നന്നായിട്ടങ്ങ് ബോധിച്ചു..
പല സ്ഥലത്ത് നിന്നായെത്തിയ ഞങ്ങളൊരു പതിമൂന്ന് പേരുണ്ടായിരുന്നു.. എല്ലാരും പെട്ടെന്ന് തന്നെ നല്ല കൂട്ടായി.. ടീം ലീഡറായ ചേട്ടനാണ് എന്താണ് ജോലി എന്ന് വിശദീകരിച്ച് തന്നത്.
തൊട്ടപ്പുറം മഴക്കാടുകളാൽ സമ്പന്നമായ സൈലന്റ് വാലി പോലുള്ള പ്രദേശങ്ങളാണെങ്കിലും തമിഴ്നാടിനോടടുത്ത അട്ടപ്പാടിയുടെ ഒരു ഭാഗം മുഴുവൻ മഴ നിഴൽ ബാധിത സ്ഥലങ്ങളാണ്.. കേരളത്തിലെ ആഫ്രിക്ക എന്ന് പറയാം.. പുറത്ത് നിന്നുള്ള കുടിയേറ്റം വ്യാപകമാണെങ്കിലും ഈ മേഖലയിൽ പരമ്പരാഗതമായി താമസിക്കുന്ന കുറേ ആദിവാസി സമൂഹങ്ങൾ ഉണ്ട്. നാമൊക്കെ അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വപ്നം പോലും കാണാൻ കഴിയാത്തവർ.. വിശപ്പിനോട് പൊരുതി ജീവിക്കുന്നവർ.
പല തരത്തിലുള്ള പദ്ധതികളിലൂടെ വരണ്ട് കിടക്കുന്ന അട്ടപ്പാടിയെ കൃഷി യോഗ്യമാക്കുക.. ഇവിടുത്തെ ആദിവാസി സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു അട്ടപ്പാടി വികസന സമിതിയുടെ ധൗത്യം.. കുറേയൊക്കെ അവർ വിജയിയെങ്കിലും താഴേ തട്ടിലേക്ക് പലതും എത്താതായി പോയി.. ഒടുവിൽ സർക്കാരിന് ഈ സമിതി എങ്ങനെയെങ്കിലും പിരിച്ചു വിട്ടാലായി എന്നായി...
പ്രൊജക്ടുകൾക്ക് ധനം നൽകുന്ന ജപ്പാൻ സംഘത്തിനും ഈ ഫലമില്ലായ്മ അസ്വസ്ഥത ഉണ്ടാക്കി.. ചെക്ക് ഡാമുകളും റിസർവോയറുകളും ഉണ്ടാക്കി ജലം അട്ടപ്പാടിയുടെ വരൾചയിലെത്തിച്ചിട്ടും കൂടാതെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പാർപ്പിട പദ്ധതികളുമുണ്ടാക്കിയിട്ടും അതിന്റെ പ്രതിഫലനം അവിടുത്തെ സമൂഹത്തിൽ ഉണ്ടാകാത്തത് അവരെ അത്ഭുതപ്പെടുത്തി.. അങ്ങനെയാണ് കാര്യങ്ങൾ പഠിക്കാൻ ഒരു ഉദ്യോഗസ്ഥനെ അയക്കുന്നതും അയാളെ അസിസ്റ്റ് ചെയ്യാൻ ഞങ്ങളെത്തുന്നതും.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികളുമായി ആദിവാസി ഊരുകളിൽ സർവ്വെ നടത്തുകയും അത് എക്സൽ ഷീറ്റിൽ എന്റർ ആക്കി ജപ്പാനീസ് പ്രതിനിധിയായ മികാസിനി ഹോണ്ടക്ക് നൽകുക എന്നതായിരുന്നു ജോലി..
കുറിച്ച്യ, കുറുമ്പ തുടങ്ങിയ വിഭാഗങ്ങളായിട്ടുള്ള വിഭാഗങ്ങളായിട്ടുള്ള ആദിവാസി സമൂഹങ്ങളാണ് അവിടെ ജീവിച്ചിരുന്നത്.. ജാതി വ്യവസ്ഥ ശക്തമായി നില നിന്നിരുന്നു..കൂട്ടത്തിൽ അൽപം പരിഷ്കൃതരും ഉയർന്ന ജാതിയും കുറിച്യരാണ്... കാടിന്റെ ഉള്ളിലോട്ടായാണ് കുറുമ്പരുടെ വാസം.. ഇതല്ലാതെ വേറെയും ഉപ വിഭാഗങ്ങളുണ്ട്...
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ എനിക്കൊരു കാര്യം മനസ്സിലായി.. ആദിവാസികളുടെ ഉന്നമനത്തിനായി മുടക്കിയ വൻ തുകകളൊന്നും അവരിലേക്കെത്തിയിട്ടേ ഇല്ല.. വികസന സമിതി അവരെ ദ്രോഹിക്കുക ആണെന്നൊക്കെയുള്ള തെറ്റായ ധാരണയാണ് പലർക്കും.. ആരൊക്കെയോ നന്നായി മുതലെടുപ്പ് നടത്തി ആ പാവങ്ങളെ പറ്റിച്ചിരിക്കുന്നു.. ഒരു പക്ഷേ ഒരു വൻ അഴിമതി ഉണ്ടാവാം പിറകിൽ.
ഊരുകളിലെ ആണുങ്ങളിൽ ഭൂരിഭാഗവും മദ്യത്തിന് അടിമകളാണ്.. ഒരിക്കൽ ആദിവാസി സ്ത്രീകൾ സംഘടിച്ച് മദ്യത്തിനെതിരെ സമരം ചെയ്യുകയുണ്ടായി.. അതിന്റെ ഫലമായി അഗളി പഞ്ചായത്ത് മധ്യ നിരോദിത മേഖലയായി പ്രഖ്യാപിച്ചു.. പക്ഷേ സമീപ തമിഴ്‌നാടൻ പട്ടണമായ ആനക്കട്ടിയിൽ നിന്നും ഇങ്ങ് മണ്ണാർക്കാടും നിന്നൊക്കെ മദ്യം അട്ടപ്പാടിയിലേക്കൊഴുകി.. കൂടാതെ സുലഭമായ വ്യാജ മദ്യവും.. പ്രതികരണമില്ലാത്ത ലഹരിയിൽ മുങ്ങിയ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ പലർക്കും താൽപര്യം ഉണ്ടായിരുന്നിരിക്കാം...
ഞങ്ങൾ ശേഖരിച്ച ഡാറ്റ പരിശോധിച്ച മികാസിനി വളരെ അസ്വസ്ഥനായിരുന്നു.. ഇതല്ലാതെ സ്വന്തം നിലക്ക് പല പ്രധാനപ്പെട്ട രേഖകളും അദ്ദേഹം വിശകലനം ചെയ്തിരുന്നു..വെളുത്ത് വിളറിയ അയാളുടെ മംഗോളിയൻ മുഖത്ത് പലപ്പോഴും ചുളിവുകൾ വീഴുകയും ജപ്പാനീസ് ഭാഷയിൽ എന്തൊക്കോ പുലമ്പുകയും ചെയ്തു..
ജോലി കൃത്യമായി ചെയ്യുന്നതിനാൽ എന്നോട് മികാസിനിക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു.. മുറി ഇംഗ്ലീഷിൽ അപൂർവ്വമായി ചില തമാശകളും അദ്ദേഹം പറയുമായിരുന്നു...ഒരു ദിവസം ഡാറ്റ എക്സൽ ഷീറ്റിലേക്ക് പകർത്തുകയായിരുന്ന എനിക്ക് മികാസിനി ഒരു ഫയൽ സൂക്ഷിക്കാൻ തന്നു.. അയാളുടെ ജോലി തീരാനായെന്നും ഫൈനൽ റിപ്പോർട്ട് നാളെ സബ്മിറ്റ് ചെയ്യണമെന്നും പറയുകയുണ്ടായി.. ഈ റിപ്പോർട്ട് നിങ്ങളുടെ സർക്കാരിൽ വലിയൊരു കോളിളക്കമുണ്ടാക്കുമെന്ന് പ്രവചിക്കുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി.. അന്ന് രാത്രി മണ്ണാർക്കാട് ചുരമിറങ്ങുകയായിരുന്ന മികാസിനിയുടെ ജീപ്പ് ഒരപകടത്തിൽ പെടുകയും അയാൾ മരണമടയുകയും ചെയ്തു..!
ഞങ്ങൾക്ക് തിരിച്ച് പോകാൻ സമയമായി.. എന്തോ വന്നപ്പോഴുള്ള ഉഷാർ ആർക്കുമില്ല... മുറ്റത്തെ നെല്ലി മരത്തിൽ നിന്നും ഞാനൊരു കായ പറിച്ചെടുത്ത് വെറുതെ ചവച്ചു.. ചെറിയ കയ്പുണ്ട്... എന്നാലും കുറച്ച് കഴിഞ്ഞാൽ ചെറു മധുരം വരും.. പെട്ടെന്നാണ് മികാസിനി തന്ന ഫയലിനെ കുറിച്ച് ഓർമ്മ വന്നത്.. അത് തുറന്ന് നോക്കിയപ്പോൾ എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല.. എങ്കിലും ചില കണക്കുകളുടെ അന്തരവും അതിലെ രാഷ്ട്രീയ ഇടപെടലും പ്രത്യേകം മാർക്ക് ചെയ്തിരുന്നു.. പല പ്രധാന രേഖകളും അടങ്ങിയ ആ ഫയൽ ബന്ധപ്പെട്ടവരെ ഏൽപിക്കണമെന്ന് എനിക്ക് തോന്നി.
വികസന സമിതി ചെയർമാന്റെ ഓഫീസിലേക്കാണ് ഞാൻ പോയത്. കാര്യം പറഞ്ഞപ്പോൾ അയാൾ ശക്തമായി ഞെട്ടുന്നത് ഞാൻ കണ്ടു.. ഫയൽ ഉടനെ കാണണമെന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. അത് ഒരു കൂട്ടുകാരനെ ഏൽപ്പിച്ചെന്ന് കള്ളം പറയാനാണ് അപ്പോൾ തോന്നിയത്.
പുറത്തിറങ്ങിയ ഉടനെ റൂമിലേക്കാണ് പോയത്.. എനിക്കവിടെ പിടിപ്പത് പണിയുണ്ടായിരുന്നു.. സമയം വളരെ കുറവാണെന്ന് മനസ്സ് ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു.. അതിവേഗം രേഖകൾ സ്കാൻ ചെയ്ത് ഉന്നതങ്ങളിലെ പലർക്കും മെയിൽ തയ്യാറാക്കി സെൻഡ് ബട്ടൺ അമർത്തിയ ഉടനെ ഡോറിലാരോ മുട്ടി..
ഡോർ തുറന്നതും നാലഞ്ച് പേർ റൂമിലേക്ക് തളളിക്കയറി വന്നു.. അവർക്ക് സംസാരിക്കാൻ സമയമുണ്ടായിരുന്നില്ല.. എല്ലാരും കൂടി എന്നെ പിടിച്ചമർത്തി കൂട്ടത്തിലെ തടിച്ച് കറുത്തൊരുത്തൻ പൈപ്പ് റേഞ്ച് പോലുള്ള ഒരു സാധനമെടുത്ത് തലക്ക് ആഞ്ഞ് ഒരടി അടിച്ചു...
ചുറ്റും കറങ്ങുന്ന ലോകം.. ഒട്ടിയ വയറുകൾ... കുഴിഞ്ഞ കണ്ണുകളും മുഴച്ച് നിൽകുന്ന കവിളെല്ലുകളുമായി അവർ കരയുകയാണ്.. ഞാൻ തണുപ്പിലാണ് കടക്കുന്നത്.. ചോരയുടെ തണുപ്പാണ്.. എന്റെ ചോരയുടെ.. അതിന്റെ നിറമെന്താണ്.. കറുപ്പ് മാത്രം.. കണ്ണുകൾ അടയുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. പ്രതീക്ഷകളുടെ........
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക