Slider

ചേക്കേറുന്ന ചില്ലകൾ

0


Image may contain: Niyas K S Mangalam, beard and closeup

=====(0)======
രാവിലെ തന്നെ ആശ അസ്വസ്ഥയായിരുന്നു.താൻ വീണ്ടും ഗർഭിണിയായിരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു കനം പോലെ. രണ്ടിലും അഞ്ചിലും പഠിക്കുന്ന അപ്പുവും മോനുവും നാട്ടിൽ അമ്മയുടെ കൂടെയാണ്. കൂടെ നിർത്തുവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. മറുനാട്ടിൽ അവരെയും കൂടികൊണ്ടുവന്നു നിർത്തിയാൽ പാവം ആരു നോക്കാനാണ്. ? പ്രത്യേകിച്ച് ബോംബെയിലെ ഈ തിരക്കുള്ള നഗരത്തിൽ ?.തന്റെ നഴ്‌സിംഗ് ജോലിക്കിടയിലോ ഗിരിയേട്ടന്റെ ഓഫീസ് ജോലിക്കിടയിലോ കുട്ടികളെ നോക്കുന്നത്‌ പ്രയാസം തന്നെയാണ്.
"കുട്ടികളുടെ സമാധാനം കളയണ്ട, അവർ നാട്ടിൽ നിൽകട്ടെ "എന്ന് കഴിഞ്ഞ ലീവിന് പോയപ്പോൾ അമ്മ തന്നെയാണ് ഗിരിയേട്ടനോട് പറഞ്ഞത്. ഒരർത്ഥത്തിൽ അത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി. നാടിന്റെ മണ്ണും മണവും അറിഞ്ഞു അവർ വളരട്ടെ. എങ്കിലും രാവിലെ താനും വൈകിട്ട് ഗിരിയേട്ടനും വിളിക്കാറുണ്ട്. അവരുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു നിർവൃതിയാണ്. പക്ഷെ ഇനിയും ഒരു കുഞ്ഞുകൂടി.!? അത് ആലോചിക്കാൻ പോലും വയ്യ. എങ്ങനെ വീട്ടുകാരുടെ മുഖത്ത് നോക്കും. അങ്ങനെ ഗിരിയേട്ടനാണ് പറഞ്ഞത് അബോർട് ചെയ്യാമെന്ന്. തീര്ച്ചയായും അത് തന്നെയാണ് നല്ലതെന്ന് തോന്നി. വൈകിട്ട് ഏട്ടന്റെ ഫ്രണ്ട് കൂടിയായ ഗൈനക്കോളജി ഡോക്ടറുടെ അടുത്തു പോയി. ഡോക്ടർ സഹീർ. ഡോക്ടറോട് കാര്യം പറഞ്ഞു.
"ഗിരീ.. മൂന്നാമതൊരു കുട്ടിയെ കൂടി വളർത്തിക്കൊണ്ടുവരുന്ന കാര്യം നിങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നമാണ് അല്ലേ. ?"
"അതെ ഡോക്ടർ.. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പക്ഷെ.... "
"എങ്കിൽ എളുപ്പവും ചിലവു കുറഞ്ഞതും ആയ കാര്യം പറയട്ടെ.
നമുക്ക് നാട്ടിലുള്ള മക്കളിൽ ആരെയെങ്കിലും വിഷം കൊടുത്തു അങ്ങ് കൊന്നുകളഞ്ഞാൽപോരെ "
"ഡോക്ടർ..... ?!!!!"
അലർച്ചയോടെ പൊട്ടിക്കരയുകയാണ് ആശ. ആ ശബ്ദം കേട്ടുകൊണ്ട് ഡോക്ടറുടെ ഭാര്യ റസിയ അവിടേയ്ക്കു വന്നു. ആശയെ അവർ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുകയാണ്.
" ആശ നോക്കൂ... ഇക്കാക്ക പറഞ്ഞത് നിങ്ങളെ വേദനിപ്പിക്കാനല്ല.
ഒരു കുട്ടി ഇല്ലാത്തതിന്റെ വേദന തിന്നു ജീവിക്കുന്നവളാണ് ഞാൻ.
നിന്റെ വയറ്റിൽ വളരുന്നതും ഒരു ജീവൻ തന്നെയല്ലേ. ? പിന്നേ അതിനെ കൊന്നുകളയണം എന്ന് നിനക്കെങ്ങനെ തോന്നി. ?"
എങ്ങനെയും അവിടെ നിന്നും ഇറങ്ങി ഓടണമെന്നു തോന്നി ഗിരിക്ക്. അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. തന്റെ മക്കളുടെ മരണ വെപ്രാളം കൊണ്ട് പിടയുന്ന കാഴ്ചകളാണ് കണ്ണടച്ചാൽ.
"മോനൂൂൂൂ .......അപ്പൂൂൂ ..... "
ആശ ഞെട്ടിയെണീറ്റു. പുതപ്പ് വാരിചുറ്റി വിതുമ്പുകയാണ് അവൾ. ഗിരി അവളെ ചേർത്തു പിടിച്ചു.
"വേണ്ട ഗിരിയേട്ടാ... ഞാൻ പ്രസവിച്ചോളാം ന്റെ കുട്ടിയെ. നമുക്ക് വല്ല ഓർഫനേജിലും വളർത്താം ഗിരിയേട്ടാ... "
എന്തായാലും വീട്ടിൽ അറിയിച്ചാൽ എന്താവും പ്രതികരണം എന്നറിയാത്തതു കൊണ്ട്
തൽക്കാലം വീട്ടിൽ അറിയിക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു.
==0==
ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് ഗിരി. വല്ലാത്തൊരു പരീക്ഷണം പോലെ തോന്നി. കഴിഞ്ഞ രണ്ടു പ്രസവവും നാട്ടിലായിരുന്നു. അതൊക്കെ നോര്മലായിരുന്നെങ്കിലും ഇത്തവണ സിസേറിയനാണ്. സ്വല്പം കോംപ്ലിക്കേറ്റഡ് ആണ്. കുട്ടിയുടെ പൊസിഷൻ ശരിയല്ല. അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്താനുള്ള
തീവ്ര ശ്രമത്തിലാണ് ഡോക്ടറും നഴ്‌സുമാരും. രണ്ടായാലും ഒരു പരീക്ഷണം തന്നെയാണ്. ഇന്നലെ ഇതിനെ ചൊല്ലി
സഹീറുമായി അല്പം നീരസത്തിൽ തന്നെ പറയേണ്ടിയും വന്നു. അല്ലെങ്കിലും തൻറെ ഭാഗത്ത്‌ നിന്നു ചിന്തിച്ചു നോക്കിയാൽ ഞാൻ പറഞ്ഞതൊന്നും അധികമില്ല എന്ന് തോന്നി. ഇനി ഈ കുട്ടിയെ രക്ഷപ്പെടുത്തിയാലും തുടര്ചികിത്സകൾ ഒരു തലവേദന തന്നെയല്ലേ... പ്രത്യേകിച്ച് ഹൃദയത്തിൽ എന്തോ പ്രശ്നം ഉണ്ടെന്നൊക്കെ പറയുമ്പോൾ. അതുകൊണ്ട് കൂടിയാണ് ദേഷ്യം വന്നതും പുറത്തെടുക്കും മുന്നെ അങ്ങ് കൊന്നുകളഞ്ഞുകൂടേ എന്നും എന്റെ ആശയെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും പറയേണ്ടി വന്നതും .
"ഗിരീഷ്....സോറി..... "
പിന്നിൽ ഡോക്ടർ സഹീർ. അദ്ദേഹത്തിന്റെ മുഖം മ്ലാനമാണ്. ആ മുഖം ഏറെ ഭീതിപ്പെടുത്തിയത് എന്നെത്തന്നെയാണ്.
""ഡോക്ടർ എന്റെ ആശക്കെന്തെങ്കിലും. ?""
അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
" ഇല്ല.. കുഴപ്പമൊന്നുമില്ല. But കുട്ടിയെ.... കൊല്ലേണ്ടിവന്നില്ല ഗിരീ... "
സന്തോഷിക്കണോ കരയണോ എന്നെനിക്കറിയില്ല. എങ്കിലും ദൈവത്തോട് നന്ദി പറഞ്ഞു.
==0==
ആശയ്ക്ക് ഭക്ഷണം കൊടുത്തു തിരിഞ്ഞപ്പോളേക്കും മൊബൈൽ ഫോൺ ചിലക്കിന്നതു നിലച്ചു. പരിചയമില്ലാത്ത നമ്പറാണ്. തിരിച്ചു വിളിക്കാൻ നില്ക്കാതെ ടേബിളിൽ ഇരുന്ന പാത്രത്തിൽ കൈമുക്കി അവളുടെ ചുണ്ടുകൾ നനച്ച് ഉടുത്തമുണ്ടിന്റെ തലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും
ഫോൺ റിങ് ചെയ്തു.
"ഹലോ.. "
ഹലോ ഗിരീഷല്ലേ. ?"
കേട്ടുമറന്ന ശബ്ദം ഓർത്തിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല.
"ഹലോ ഗിരീഷ്‌ ഞാനാണ് ഡോക്ടർ സഹീർ. "
എന്ത് പറയണം എന്നറിയില്ല. ഡോക്ടർ സഹീർ.!!!.വർഷങ്ങൾ എത്രവേഗത്തിലാണ് കൊഴിഞ്ഞു പോയത്‌.?.സത്യത്തിൽ 28 കൊല്ലം മുൻപ് ആ ആശുപത്രി വരാന്തയിൽ വെച്ചു പിരിഞ്ഞതാണ്. പിന്നെ അതൊരു വലിയ അകൽച്ചയായി മാറി. ആ ബന്ധം അറ്റുപോയി. അഞ്ചുകൊല്ലം കൂടി മറുനാട്ടിൽ ജീവിക്കാൻ വിധിയുണ്ടായുള്ളൂ. സ്കൂൾ ബസ്‌ മറിഞ്ഞു മരിച്ച 20 കുട്ടികളിൽ തന്റെ മക്കളും ഉണ്ടായിരുന്നു എന്നറിഞ്ഞതിനു ശേഷം ആശ പിന്നീടൊരിക്കലും ചിരിച്ചിട്ടില്ല.
കരഞ്ഞിട്ടുമില്ല. വേറെ ഏതോലോകത്താണ് അവൾ. പോകാത്ത ആശുപത്രികളില്ല. കാണാത്ത ഡോക്ടറും.
അന്നത്തെ ഷോക്കിൽ നിന്നും അവൾ ഉണർന്നില്ല ഇന്നും. താൻ തന്നെ ശപിച്ചുകൊന്ന ആ കുഞ്ഞിനെ ഓർത്ത്‌ പലവട്ടം തന്റെ ഷർട്ടുകൾ വലിച്ചുകീറിയിട്ടുണ്ട് അവൾ. ഒരിക്കലും
മോനുവിനെയോ, അപ്പുവിനെയോ അവൾ തിരക്കിയിട്ടില്ല. പക്ഷെ
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മൂന്നാമത്തെ കുഞ്ഞിനെകുറിച്ചാണ് എപ്പോളും അവൾ പറയുന്നത്.
" ഗിരിയേട്ടാ..
എവിടെ എന്റെ കുഞ്ഞു. ഏത് ഓർഫനേജിലാണ് അവൻ വളരുന്നത്‌
ഗിരിയേട്ടാ... "
പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേക്കൂർന്നിരുന്നു കാലിൽ കെട്ടിപ്പിടിച്ചു വിതുമ്പി വിതുമ്പി താഴേക്ക്‌ വീഴും ആശ. എങ്ങനെയാണ് അവളെ ഒന്ന് സമാധാനിപ്പിക്കുക. അറിയില്ല. അപ്പോളൊക്കെ സഹീറിനോട് ഓപ്പറേഷന് തലേന്ന് പൊട്ടിത്തെറിച്ച എന്നെയാണ് ഞെട്ടലോടെ ഞാൻ കാണുന്നത്.
" പുറത്തേക്കെടുക്കും മുന്നേ കൊന്നുകളഞ്ഞുകൂടേ. ?"
"ഹല്ലോ... ഗിരീഷ്‌ കേൾക്കുന്നില്ലേ.. ഞാൻ ഡോക്ടർ സഹീറാണ്. "
തന്റെ ചിന്തകൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടു അങ്ങേത്തലക്കൽ നിന്നു വീണ്ടും ഡോക്ടറുടെ ശബ്ദം. യാന്ത്രികമായി ഞാനും മറുപടി പറഞ്ഞു.
" അതെ ഡോക്ടർ, ഗിരീഷാണ്. പറയൂ.. എന്തുണ്ട് വിശേഷം "
"ഗിരീഷ്‌... മോന്റെ വിവാഹമാണ്. വരുന്ന തിങ്കളാഴ്ച.ഞായറാഴ്ച റിസെപ്ഷൻ. ആശയേയും മക്കളെയും കൂട്ടി വരണം. വെഡിങ് കാർഡും രൂട്മാപ്പും വാട്സാപ്പ് ചെയ്തിട്ടുണ്ട് "
എന്ത് പറയണം എന്നറിയാതെ നിർന്നിമേഷനായി നിന്നു ഗിരി.
" 28 കൊല്ലം അകന്നു നിന്നില്ലേ. ഇനി മതിയെടോ.. ഇനിയുള്ള അല്പജീവിതത്തിൽ എല്ലാം മറക്കാം നമുക്ക്. തീര്ച്ചയായും വരണം. ഞങ്ങൾ കാത്തിരിക്കും. നേരിട്ട് പറയാം വിശേഷങ്ങളൊക്കെ. "
==0==
അലങ്കരിച്ച വലിയവീടിന്റെ ഒഴിഞ്ഞു തുടങ്ങിയ ആൾക്കൂട്ടത്തിനിടയിൽ സഹീറിനെ തിരഞ്ഞു ഞാൻ...
" ഹലോ അങ്കിൾ.. "
അപരിചിതമായ ശബ്ദത്തിന്റെ ഉടമയെ തിരഞ്ഞ കണ്ണുകൾ ചെന്നുടക്കിയത് ബ്രൈഡൽ സ്യൂട്ടിൽ നിൽക്കുന്ന സഹീറിന്റെ മോനിലാണ്
അവൻ കൈ ഉയർത്തി വിഷ് ചെയ്തിട്ടു നീട്ടി വിളിച്ചു.
" ഉപ്പാ... "
മടങ്ങി പോകാൻ നിൽക്കുന്ന അവസാനത്തെ അതിഥികൾക്കിടയിൽ നിൽക്കുന്ന സഹീറിനെ വിളിക്കുകയാണവൻ.
സഹീർ എന്റെ മുന്നിലേക്ക്‌ വന്നു. ജരാനരകൾ ബാധിച്ചു വളർന്നു തൂങ്ങിക താടിരോമങ്ങളോടുകൂടിയ എന്നെ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു സഹീറിന് . ഒടുവിൽ ഒറ്റയ്ക്ക് വന്ന എന്നെ തിരിച്ചറിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു. എന്നെയും കൊണ്ട് വീടിന്റെ വലിയ ഗാർഡന്റെ ആളൊഴിഞ്ഞ വശത്തേക്ക് കൊണ്ടുപോയി. അവിടുത്തെ പുൽമേടയിലിരുന്നു ദുരന്തജീവിതത്തിന്റെ കെട്ടുകൾ ഓരോന്നും അഴിച്ചു വെച്ചു.
"ഡോക്ടർ ഞാനൊരു പാപിയാണ്.
മൂന്നാമത്തെ കുട്ടിയെ ഞാനായിട്ട് കൊന്നുകളഞതു കൊണ്ടാവണം . ബാക്കി രണ്ടെണ്ണത്തിനെയും ദൈവം തിരിച്ചെടുത്തത്. "
എല്ലാം കേട്ടുകൊണ്ട് റസിയാ പിന്നിൽ നിൽക്കുന്നത് അവർ കണ്ടിരുന്നില്ല.
കരഞ്ഞതുകലങ്ങിയ കണ്ണുകളോടെ സഹീർ പറഞ്ഞു.
"ഗിരീഷ്‌..... ഒരിക്കലും ഒരു ഡോക്ടറും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്. സത്യത്തിൽ നിനക്കുവേണ്ടി ഞാൻ ഒരു ശരി ചെയ്യുകയായിരുന്നു. "
കാര്യം എന്തെന്നറിയാതെ നിർവികാരനായി നിന്നിരുന്ന എന്റെ മുന്നിൽ കൈകൂപ്പി നിൽക്കുകയാണ് റസിയ.
" ന്റെ..... മോൻ അവൻ എന്റെ മോനാണ്. ഞാൻ പ്രസവിച്ചില്ലെങ്കിലും അവനെ എനിക്ക് വേ..."
കുഴഞ്ഞുപോകുന്ന നാവുകൾ വാക്കുകൾ മുഴുമിപ്പിക്കാതെ നിശബ്ദമായി.
ഉമ്മാാാാ..... "
വഴുതി പിന്നിലേക്ക്‌ വേച്ചു പോയ റസിയയെ താങ്ങി നിർത്തിയ ശബ്ദം 28 കൊല്ലം മുൻപ് ഓപ്പറേഷൻ തീയറ്ററിൽ നിലച്ചുപോയ കുരുന്നിന്റെ കരച്ചിൽ പോലെ.....
ആശ തന്റെ ഉടുപ്പിൽ കുത്തിപ്പിടിക്കുന്നതുപോലെ.......
" ഗിരിയേട്ടാ..
എവിടെ എന്റെ കുഞ്ഞു. ഏത് ഓർഫനേജിലാണ് അവൻ വളരുന്നത്‌
ഗിരിയേട്ടാ... "

By: Niyas KS Mangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo