Slider

ഗബ്രിയേലയുടെ ചുവന്ന ഉടുപ്പ്

0
Image may contain: 1 person, tree and outdoor
----------------------------
പാലക്കാട് കോളേജിൽ നിന്ന്
ഫസ്റ് ഇയർ തിയറി എക്സാം കഴിഞ്ഞ് ഹോസ്റ്റലിൽ റെഡി ആക്കി വച്ചിരുന്ന ബാഗുമെടുത്ത് സിറിയക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്ക് ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു.
പിന്നെ ബസിൽ കോട്ടയത്തെത്തിയപ്പോൾ രാത്രിയായി.
കനത്ത മഴയിൽ അന്തരീക്ഷം വിറങ്ങലിച്ചു നിന്നു.
സിറിയക് പപ്പയെ വിളിച്ചു നോക്കി.
മൊബൈൽ ഔട്ട് ഓഫ് റേഞ്ച് ആണ്.
നല്ലതുപോലെ വിശക്കുന്നുണ്ടായിരുന്നു.
തട്ടുകടയിൽ നിന്ന് ദോശ കഴിച്ച് അവൻ ശാസ്ത്രി റോഡിലേക്ക് നടന്നു.
കിട്ടിയ ബസിൽ പാമ്പാടിയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നപ്പോൾ എവിടെത്തി എന്നന്വേഷിച്ച് പപ്പയുടെ ഫോൺ വന്നു.
മഴ ആർത്തലച്ച് വന്നു. ഓടിയിട്ടും നനഞ്ഞു.
കുളി കഴിഞ്ഞ് കഞ്ഞി കുടിക്കാനിരുന്നപ്പോഴാണ് ഗബ്രിയേലയുടെ മുഖം അവൻ ശ്രദ്ധിച്ചത്.
"എന്ത് പറ്റി ?"
എഴുന്നേറ്റ് അവൾക്കരികിലെത്തി മുടിയിൽ ഒന്ന് തലോടി സ്നേഹത്തോടെയാണവൻ ചോദിച്ചത്.
അവന്റെ കുഞ്ഞനിയത്തിയാണ്.
ഏഴ് വയസ്സിനിളയതാണ്.
ആറ് മാസം മുൻപ് ഒരാക്സിഡന്റിൽ 'അമ്മ പോകും വരെ അമ്മയുടെ കിളിക്കുഞ്ഞ് ആയിരുന്നവൾ....
അവൾക്ക് വല്ലാത്ത മാറ്റം.
മുഖത്തെ കുട്ടിത്തമൊക്കെ പോയി.
"ഇന്ന് മേരി വന്നില്ല മോനെ.... വൈകിട്ടത്തെ ഫുഡ് കിളിയാ ഉണ്ടാക്കിയത്. പാവം കുഞ്ഞല്ലേ മടുത്തിട്ടുണ്ടാവും."
അവൻ പപ്പയെ തിരിഞ്ഞു നോക്കി. പപ്പക്ക് ഒരുപാട് വയസ്സായത് പോലെ അവന് തോന്നി.
ആശയും സ്നേഹവും നിറഞ്ഞ മധുരവും കനിവുമുള്ള അമ്മയെന്ന പ്രതീക്ഷയും പ്രതീകവും നഷ്ടമായപ്പോൾ കുടുംബം തകർന്നുപോയി.
തങ്ങളുടെ മുന്നിൽ ധൈര്യം ഭാവിക്കുന്നുവെങ്കിലും ഏറ്റവും തളർന്നത് പാപ്പയാണെന്ന് അവനറിയാം.
ഗബ്രിയേല കസേരയിലിരുന്ന് കഞ്ഞി കുടിക്കാൻ തുടങ്ങി.
സിറിയക്കും.
"വയറു വേദനിക്കുന്നു ചിറിയച്ചാ.... "
ഗബ്രിയേല പരാതിപ്പെട്ടു.
കുഞ്ഞുനാളിൽ അവൾ വിളിച്ച് ശീലിച്ചത് അങ്ങനെയാണ്.
"അതെങ്ങനെയാ ഈ മഴയത്ത് പറമ്പിൽക്കൂടി നടന്ന് ഒള്ള പേരക്ക മുഴുവൻ തിന്നാൽ വയറ് വേദനിക്കാതിരിക്കുവോ? "
പപ്പയുടെ കുറ്റപ്പെടുത്തലിന് മറുപടിയായി കൊഞ്ഞനം കുത്തി ടേബിളിൽ നിന്ന് കഴിച്ച പാത്രങ്ങളെടുത്ത് അവൾ അടുക്കളയിലേക്കു പോയി.
സിറിയക് അവളെ സഹായിച്ചു.
ഉറക്കിളച്ചുള്ള പഠനവും യാത്രയും കൊണ്ട് അവന് വല്ലാതെ ഉറക്കം വരുന്നുണ്ടായിരുന്നു.
കിടന്നപാടേ സിറിയക് ഉറങ്ങിപ്പോയി.
ഉറക്കത്തിൽ എപ്പോഴോ അവനൊരു കുന്ന് കയറി തുടങ്ങി.
രണ്ട് വശത്തും നിന്ന ചുവന്ന പൂക്കൾ നിറഞ്ഞ മരങ്ങളിൽ മുടിയഴിച്ചിട്ടിരിക്കുന്ന യക്ഷികൾ അവനെ നോക്കി നാവ് നീട്ടി.
ചോര ഇറ്റ് വീഴുന്ന ഊഞ്ഞാലിലിരുന്ന് ആടുന്ന ചുവന്ന ഉടുപ്പണിഞ്ഞ ഗബ്രിയേല അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
ഇറ്റ് വീഴുന്ന രക്തത്തുള്ളികളിലേക്ക് കണ്ണ് നട്ട് താഴെ ഒരു നായ ഇരിക്കുന്നുണ്ടായിരുന്നു.
ദൂരെ കണ്ട തടാകത്തിനും ചുവപ്പ് നിറം തന്നെ......
കോളേജ് സ്റ്റോറിന് മുന്നിൽ വച്ച് ചൊമല എന്ന് പറഞ്ഞതിന് എല്ലാവരും കൂടി ഒരുപാട് കളിയാക്കിയത് അവന് ഓർമ്മ വന്നു.
ചുവന്ന നിറമുള്ള വഴുവഴുപ്പുള്ള എന്തോ ഒന്നിൽ ചവിട്ടി സിറിയക് താഴേക്ക് വീണു.
ഒരു നക്ഷത്രത്തിന്റെ തുമ്പിൽ നിന്ന് താഴേക്ക് വീണപോലെ അവന് തോന്നി. മേഘങ്ങളിൽ തട്ടി തെന്നി തെറിച്ച് അവൻ ഒഴുകി താഴേക്ക് പൊയ്ക്കൊണ്ടിരുന്നു.
അവന് ഒട്ടും ഭാരം തോന്നിയില്ല.
മേഘങ്ങളുടെ മുകളിലും വശങ്ങളിലും ഒരുപാട് തരം പൂക്കൾ വിടർന്നു നിന്നിരുന്നു.
എല്ലാം ചുവന്ന നിറത്തിൽ. ഒരു മേഘശകലത്തിൽ കാലുറപ്പിച്ച് അവൻ നിന്നു. മോനേ എന്ന് അമ്മ വിളിക്കുന്നത് പോലെ സിറിയക്കിന് തോന്നി.
ദൂരെ എവിടെയോ നിന്ന് ഒരു മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു.
ചുവന്ന ഉടുപ്പണിഞ്ഞ ഒരു പെൺകുട്ടി വെള്ള കുതിരകളെ പൂട്ടിയ വണ്ടിയിൽ അതിവേഗം അവന്റെ അടുത്തെത്തി.
അവൾക്ക് ഗബ്രിയേലയുടെ മുഖമായിരുന്നു.
ഗൗരവം നിറഞ്ഞ അവളുടെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ച അവൻ പൊടുന്നനെ കാല് തെന്നി വീണു.
നന്നായി വേദനിച്ച തല ഒരു കൈ കൊണ്ട് തടവിക്കൊണ്ട് സിറിയക് എഴുന്നേറ്റു.
സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ അവന് പ്രയാസം തോന്നി. നേരം വെളുക്കുന്നതേയുള്ളു. പല്ലു തേച്ച് അടുക്കളയിലെത്തി കട്ടനിട്ടു രണ്ട് കപ്പുകളിലെടുത്തു. പപ്പയെ വിളിച്ച് ഒരെണ്ണം ടേബിളിൽ വച്ച് സിറ്റ്ഔട്ടിന്റെ പടിയിലിരുന്ന് മെല്ലെ ഊതിയൂതി കയ്യിലിരുന്ന കാപ്പി കുടിച്ചു.
കാലത്ത് 'അമ്മ വിളിച്ചുണർത്തി തന്നിരുന്ന ആ കാപ്പികൾക്ക് എന്ത് രുചി ആയിരുന്നു....
അവന്റെ ഉള്ളിലൊരു വിങ്ങലുണ്ടായി.
തോളിലൊരു മഫ്ളർ ചുറ്റി പപ്പാ നടക്കാനിറങ്ങി. തലേന്നത്തെ മഴയുടെ കുളിർമ ഈറനായി അന്തരീക്ഷത്തിൽ നിൽക്കുന്നുണ്ടായിരുന്നു.
"കിളിയെ വിളിക്കണ്ട മോനെ.... ഇന്നലെ വൈകിയാ അവളുറങ്ങിയെ.... മേരി വരും. വേണ്ടത് പറ......
അവള് വച്ച് തരും "
അതും പറഞ്ഞ് പപ്പാ പോയി.
സിറിയക്കിന് വീണ്ടും അമ്മയെ ഓർമ്മ വന്നു.
അമ്മയുടെ മരണ ശേഷം വന്ന ജോലിക്കാരിയാണ് മേരി. കാലത്ത് വന്ന് ഭക്ഷണമുണ്ടാക്കി, വീട് വൃത്തിയാക്കി അവർ തിരിച്ചു പോകും.
ചിലപ്പോ വൈകിട്ടും.
മേരി ചേച്ചി വന്നപ്പോ പ്രത്യേകിച്ച് ഒന്നും വേണമെന്ന് പറയാതെ ടീവി ഓൺ ചെയ്ത് സിറിയക് സെറ്റിയിലേക്ക് കിടന്നു.
ചാനലുകൾ വിരലുകൾക്കിടയിലൂടെ മാറി മാറി പൊയ്ക്കൊണ്ടിരുന്നപ്പോൾ അവന് തലേന്ന് കണ്ട സ്വപ്നം ഓർമ്മ വന്നു.
സിറിയക്കിന് വീണ്ടും അമ്മയെ മിസ് ചെയ്തു. ചിലപ്പോൾ പ്രകൃതിയിൽ കാണുന്നതെല്ലാം അമ്മയുടെ പ്രതീകങ്ങളാണ്.
തിരികെയെത്തിയ പപ്പ കുളിച്ച് വന്നപ്പോഴേക്ക് മേരി ചേച്ചി പുട്ടും കടലക്കറിയും ഉണ്ടാക്കി വച്ചു.
എട്ട് മണിയായിട്ടും ഗബ്രിയേല താഴേക്ക് വന്നില്ല.
അവധിയല്ലേ ഉറങ്ങട്ടെ.......
ടീവി ഓഫ് ചെയ്ത് അവൻ പുറത്തിറങ്ങി.
അമ്മ വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരുന്ന ഗാർഡൻ മുഴുവൻ കാട് പിടിച്ചിരിക്കുന്നു.
ചെടികൾ മുരടിച്ച് നിൽക്കുന്നു.
ചട്ടികൾ നിറം മങ്ങി.
മുൻവശത്തിരിക്കുന്ന ചട്ടികളിലെ കളകൾ കുറെയൊക്കെ അവൻ പറിച്ചു കളഞ്ഞു.
കനത്ത മഴക്ക് ശേഷം എത്തിയ വെയിലിന്റെ തീക്ഷ്ണത കൂടിയപ്പോൾ അവൻ വീടിനുള്ളിലേക്ക് കയറി.
ജോലി തീർത്ത് മേരി പോയി.
പള്ളിയിലെ എന്തോ കാര്യത്തിനായി പപ്പയും.
"കിളി "
ഉച്ചത്തിൽ വിളിച്ചുകൊണ്ട് സിറിയക് കോണിപ്പടികൾ കയറി.
മുറിക്കുള്ളിൽ നിന്ന് അവൾ വിളി കേട്ടു.
"മണി പത്തര ആയല്ലോ എന്തൊറക്കവാ ഇത്...... എറങ്ങി വാടീ ഇങ്ങോട്ട് "
ദേഷ്യത്തോടെയാണവൻ പറഞ്ഞത്.
"ഇപ്പൊ വരാം ചിറിച്ചാ"
വാതിൽ തുറക്കാതെ തന്നെ ഗബ്രിയേല വിളിച്ചു പറഞ്ഞു.
കുറച്ച് കൂടുതൽ കൊഞ്ചിക്കുന്നതിന്റെ കുറവ് പെണ്ണിനുണ്ട്.... അമ്മ ഇല്ലാത്ത കുറവ് ........കുറവ് തന്നെയാണ്.... സിറിയക് താഴേക്കിറങ്ങി പോയി
അര മണിക്കൂർ കഴിഞ്ഞിട്ടും ഗബ്രിയേല താഴേക്ക് എത്തിയില്ല.
സിറിയക് വീണ്ടും മുകളിലെത്തി. വാതിലിൽ മുട്ടി അവൻ ഉച്ചത്തിൽ വിളിച്ചു.
"കിളി ... കിളീ...... വാതിൽ തുറക്കടി........ "
"ഞാൻ വരാം...... "
അവൾ പറഞ്ഞു
"നീ വാതിൽ തുറന്നില്ലേൽ ഞാനിത് പൊളിക്കുവേ..... തുറക്ക് "
നല്ല ദേഷ്യത്തിലാണ് സിറിയക് അത് പറഞ്ഞത്.
ശക്തിയിൽ അവൻ വീണ്ടും വാതിലിൽ മുട്ടി.
ഗബ്രിയേല പതിയെ വാതിൽ തുറന്നു.
അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് അവൻ മുറിയിലേക്ക് കയറി.
"ചിറിയച്ചാ...... വരണ്ട...... അകത്തേക്ക് വരണ്ട..... "
വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് കുഞ്ഞ് കൈകൾ കൊണ്ട് ഗബ്രിയേല അവനെ തടുത്തു.
മുടി അഴിഞ്ഞുലഞ്ഞ് കിടന്നു.
കണ്ണീർ പടർന്ന് തണുത്ത് പോയ കവിളുകൾ....
ഇട്ടിരിക്കുന്ന ഉടുപ്പിന് പുറമെ ഒരു ടവ്വൽ ചുറ്റിയിട്ടുണ്ട്. സിറിയക് വല്ലാതെ പേടിച്ചു.
നീറി പിടിക്കുന്ന നെഞ്ചോടെ
അവളുടെ കൈ പിടിച്ച് അവൻ ദേഹത്തോട് ചേർത്തു.
"കിളീ..... എന്ത് പറ്റി ????എന്തുപറ്റി മോളെ...... എന്നോട് പറ..... മോളെ..... "
അവളുടെ തോളിൽ പിടിച്ച് കുലുക്കി അവൻ ചോദിച്ചു.....
അവളൊന്നും മിണ്ടിയില്ല..... ഒന്ന് കൂടി ശക്തമായി എങ്ങിയതല്ലാതെ.....
സിറിയക് ചുറ്റും നോക്കി. ബെഡിലും തറയിലും കസേരയിലും ഒക്കെ തുണികൾ നിരന്ന് കിടക്കുന്നു.
പെട്ടന്ന് ഒരു ഞെട്ടലോടെയാണ് സിറിയക് അത് കണ്ടത്.
എല്ലാ തുണികളിലും ചുവപ്പ് രാശി പടർന്നിരിക്കുന്നു.
അവൻ മനസ്സിൽ അമ്മേ എന്ന് ആർത്ത് വിളിച്ച് കരഞ്ഞു.
ഗബ്രിയേലയോട് എന്ത് പറയണമെന്ന് അവനൊരു ഊഹവും കിട്ടിയില്ല. ഇതാണ് ഇന്നലെ അവൾക്ക് വയറു വേദനിച്ചത്.
താനൊരു മെഡിക്കൽ സ്റ്റുഡന്റ് ആണെന്ന് അവൻ മറന്നു.
നീയൊരു സ്ത്രീ ആയിരിക്കുന്നു എന്ന് അവളോട് എങ്ങനെ പറയണമെന്ന് അവന് അറിയില്ലായിരുന്നു.
"മോളെ...... പേടിക്കണ്ട....... ഒന്നുമില്ല....... "
തുടർന്ന് പറയാനാവാതെ വിതുമ്പിയ അവനെ ഗബ്രിയേല മുറുകെ കെട്ടിപ്പിടിച്ചു.
"എനിക്കറിയാം ചിറിയച്ച..... ഇത് പീരീഡ്സ് ആണ്...... പക്ഷെ, ഇതെങ്ങനെ മാനേജ് ചെയ്യണമെന്ന് എനിക്കറിഞ്ഞൂടാ....... "
ഗബ്രിയേലയെ പുറത്തു തട്ടി ആശ്വസിപ്പിക്കുമ്പോൾ അവന്റെ കണ്ണിലൂടെ 'അമ്മ എന്ന നഷ്ടബോധം കണക്കില്ലാതെ ഒഴുകി.
ഒരാൾക്ക് അവന്റെ 'അമ്മ നഷ്ടപ്പെടുന്ന പക്ഷം നിരന്തരം അവനെ കാത്ത് സൂക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന പരിപാവനമായ ഒരു ആത്മാവ് അവന് നഷ്ടപ്പെടുന്നു എന്ന് ഖലീൽ ജിബ്രാൻ എഴുതിയത് അവന്റെ ഓർമ്മയിലെത്തി.
നാലഞ്ച് കിലോമീറ്റർ അകലെ താമസിക്കുന്ന ആന്റിയെ വിളിക്കാമെന്നാണ് അവൻ ആദ്യം കരുതിയത്.
ആന്റിയെ വിളിക്കാതെ സ്കൂട്ടർ എടുത്ത് നേരെ പാമ്പാടിയിലെത്തി.
മെഡിക്കൽ സ്റ്റോറിൽ നിന്ന് നാപ്കിൻ വാങ്ങി.
വീട്ടിലെത്തി.
ഉറച്ച മനസ്സോടെ എങ്ങനെ ഉപയോഗിക്കണമെന്ന് ഗബ്രിയേലക്ക് അവൻ പറഞ്ഞു കൊടുത്തു.
തലേന്ന് രാത്രി ഉറക്കത്തിൽ ചുവന്ന ഉടുപ്പണിഞ്ഞ ഗബ്രിയേലയെ തനിക്ക് കാണിച്ച് തന്നത് 'അമ്മ തന്നെയാണെന്ന് അവന് ഉറപ്പായിരുന്നു. '
അമ്മ എല്ലാമാണ്.... ദുഃഖത്തിൽ ആശ്വാസവും കഷ്ടപ്പാടിൽ പ്രത്യാശയും ബലഹീനതയിൽ ശക്തിയുമാണ്.
പപ്പക്ക് ഫോൺ ചെയ്യാൻ സിറിയക് മൊബൈൽ തിരഞ്ഞു.
Dr. Salini CK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo