Slider

*പൂക്കൾ നിർമ്മലമാകുന്നത്*

0
Image may contain: Rbk Muthukulam, selfie, beard, closeup and indoor


----------------------------------------------
(a typical short story)
സൂര്യൻ കൗമാരം കടന്നു തുടങ്ങിയപ്പോഴാണ് ഞാനുണർന്നത്. ഏറെ നാളായി അതാണു പതിവ്! പതിനൊന്നു മണിയോടടുക്കുന്നു..കണ്ണ് പുളിപ്പിക്കുന്ന വെയിലേറ്റു അസഹ്യതയോടെ ഞാൻ മുഖം തിരിച്ചു.തല പിളരുന്ന വേദനയുമുണ്ട്.
രാത്രിവെള്ളമടിയുടെ ബാക്കിപത്രം!
തലയിണയിൽ വാടിപ്പോയ ജമന്തിപ്പൂക്കൾ കിടക്കുന്നു..ഏതോ പേരറിയപ്പെണ്ണിന്റെ തലയിൽ ചൂടിയതാണ്...ഇന്നലെ ഒപ്പമുണ്ടായിരുന്നവളുടെ പേര് ഞാൻ മറന്നു പോയിരിക്കുന്നു...
കണ്ണുകൾ യാന്ത്രികമായി ടീപ്പോയിലേക്കു പാഞ്ഞു. കുപ്പി കാലിയാണ്. അവസാനബോധത്തിൽ എപ്പോഴോ ഒഴിച്ച ബാക്കി മദ്യം ഗ്ലാസിൽ ഇരിപ്പുണ്ട്..അതിലേക്കു ഒഴുകി വീഴുന്ന വെള്ളത്തെ പ്രതീക്ഷിച്ചു അത് അടങ്ങിയൊതുങ്ങി ഗ്ലാസ്സിന്റെ അടിപറ്റിക്കിടന്നു..
ഒരാഴ്ചയായി ഈ ലോഡ്ജിൽ തങ്ങുന്നു...ഇന്നിനി അടുത്ത താവളത്തിലേക്ക്..എഴുന്നേറ്റു ഗ്ലാസിൽ അവശേഷിച്ച മദ്യവും അകത്താക്കി ടോയ്‌ലറ്റിൽ പോയ് വന്നു..പ്രഭാതകർമങ്ങളെല്ലാം നടത്തിയെന്ന് പറയാൻ വയ്യ..കുളിയൊക്കെ തോന്നുമ്പോഴാണ്..എന്നാൽ രാവിലെ തന്നെ ഒരെണ്ണം "പിടിപ്പിക്കുക" എന്നത് ഒരിക്കലും മുടക്കാതെ പ്രഭാതകർമമായി മാറിയിരിക്കുന്നു.!!
നാളുകളായി രാവിലത്തെ ഭക്ഷണമൊന്നും പതിവില്ലാത്തതിനാൽ അതിനു മിനക്കെടേണ്ടി വന്നില്ല..തോൾസഞ്ചിയും തൂക്കി ലോഡ്ജ് വാടക തീർത്തു പടിയിറങ്ങി..സഞ്ചിയിലെ കുപ്പികളുടെ കലപില കേട്ട റിസെപ്ഷനിസ്റിന്റെ
അർത്ഥവത്തായ ചിരി ശ്രദ്ധിക്കാതെ നടന്നു..
സ്വയം പരിഹസിക്കുന്ന തനിക്ക് മറ്റുള്ളവരുടെ പരിഹാസം എങ്ങനെ ബാധിക്കാൻ?!
ലഹരിയിലുറങ്ങി ലഹരിയിലുണരുന്ന നാളുകൾ..!!
സന്തോഷമില്ല, വിഷമവും..!
പ്രതീക്ഷയില്ല, മോഹമില്ല, ആധിയോ ഭയമോ ഇല്ല..
പക്ഷെ നിരാശയുണ്ടെനിക്ക് ..
ഒരുറക്കത്തിന്റെ ഒടുക്കം മരണമടയാത്തതിൽ..!
എന്നാൽ സ്വയം മരണത്തെ പുൽകാൻ വയ്യ..സ്വയം മരണത്തെ പുല്കുന്നതിലും ഇഷ്ടം മരിച്ചു ജീവിക്കാനാണ്...
--നന്ദിനിയുടെ ഓർമകളിൽ വെന്തുരുകി, വെന്തുരുകി മോക്ഷം പ്രാപിക്കാനാണ്..
നന്ദിനിയുടെ ഓർമ്മ വന്നപ്പോൾ എപ്പോഴത്തെയും പോലെ സഞ്ചിക്കുള്ളിലെ കുപ്പിയുടെ കഴുത്തിൽ പിടിമുറുകി!
മദ്യമില്ലാതിരുന്നെങ്കിൽ ഞാനെന്തു ചെയ്തേനെ?!
പ്രജ്ഞ നഷ്ടപ്പെടുമ്പോൾ ഞാൻ നന്ദിനിയുമൊന്നിച്ചു അനന്ത വിഹായസ്സിലൂടെ
പറക്കാറുണ്ട്..മേഘത്തുണ്ടുകൾ അടർത്തിയെടുത്തു ഞാൻ അവളുടെ നേർക്ക് പറത്തിവിടാറുണ്ട്..കുറുമ്പിൽ പിണങ്ങുന്ന അവളുടെ ചൊടികളിൽ മേഘക്കീറിനെ മറയാക്കി ഉമ്മവെക്കാറുണ്ട്..
എന്തൊരു ആനന്ദമാണ് അപ്പോൾ! ആകാശവും ഭൂമിയും സർവ്വചരാചരങ്ങളും നന്മ നിറഞ്ഞതായി തോന്നാറുണ്ട്, അപ്പോൾ! അവളുണ്ടെങ്കിൽ എല്ലാം വർണ്ണാഭവും മഹത്തരവും ആയി മാറുന്ന ഇന്ദ്രജാലം!
ഒടുവിൽ പറന്നു തളർന്നു ഞങ്ങൾ തൂവൽക്കിടക്കയിൽ മയങ്ങിവീഴുമ്പോഴേക്കും യാമങ്ങൾ ഏറെ കഴിഞ്ഞിരിക്കും..
ഒടുവിൽ ഉണർന്നു പകലെന്ന സത്യത്തിലേക്കു എഴുന്നേൽക്കുമ്പോഴേക്കും നന്ദിനി സുന്ദരമായ ഒരോർമ മാത്രമാവും..
നന്ദിനി, ഒരോർമ മാത്രമായിരുന്നില്ല എനിക്കൊരിക്കൽ..
ഉയിരുകൊടുത്തു ഞാൻ പ്രണയിച്ച പെണ്ണാണ് അവൾ!
ഹൃദയത്തിന്റെ നാലറകളിലും പ്രണയം മാത്രം തിങ്ങി നിറച്ചു വച്ച ദിനങ്ങൾ..
സിരകളിലും ധമനികളിലും പ്രണയം..ശ്വാസോച്ഛ്വാസത്തിൽ പ്രണയം...
എങ്ങനെ ഞങ്ങൾക്ക് ഒന്നിക്കാതിരിക്കാനാവും?
ഒടുവിൽ ജാതിയുടെ പേർ പറഞ്ഞു എന്റെ വീട്ടുകാരാണ് എതിർത്തത്..അഭിമാനത്തിന്റെ പേരിൽ അവളുടെ വീട്ടുകാരും പിന്തുണച്ചില്ല...
എന്താ ഏതാ-എന്നു മനസ്സിലാക്കുന്നതിനു മുൻപുതന്നെ അവളുടെ വിവാഹം വീട്ടുകാർ അതി ശീഘ്രം നടത്തി.!
ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി എന്റെ പാവം പെണ്ണ്..അനുസരണയും വിധേയത്വവും മാത്രം പ്രകടിപ്പിക്കാനറിയുന്ന എന്റെ പാവം പെണ്ണ്..
അവിടെ ഒരർത്ഥത്തിൽ എന്റെ മരണമാണ് നടന്നത്..
അന്ന് തന്നെ ഞാൻ നാടുവിട്ടു..
അഞ്ചു വർഷത്തോളമായി അലഞ്ഞു നടക്കുന്നു..ഇതിനിടയിൽ അത്യാവശ്യം, അറിയപ്പെടുന്ന കഥാകാരനായി..അത് നന്ദിനിയുടെ ആഗ്രഹമായിരുന്നു..ആഴ്ചപ്പതിപ്പിൽ വല്ലപ്പോഴും അച്ചടിച്ചു വരുന്ന എന്റെ ചെറുകഥകളുടെ ആരാധികയായിരുന്നല്ലോ അവൾ? പ്രണയും നാമ്പിട്ടതും ആ വഴിയിൽ തന്നെ..സത്യത്തിൽ മദ്യത്തിന് വേണ്ടിയാണു അവളെ നഷ്ടപ്പെട്ടതിനു ശേഷം വീണ്ടും എഴുതി തുടങ്ങിയത്..
കൂലിയെഴുത്താണെങ്കിലും ചുട്ടുപഴുത്ത മനസ്സിന്റെ ഉലയിൽ രൂപം കൊണ്ടത് ഉരുക്കുപോലെ സുശക്തമായ ഭാഷ..! അതിനു അതിന്റെ വിലയും സ്ഥാനവും കിട്ടി.
പക്ഷെ എവിടെ സമാധാനം? മദ്യത്തിൽ സ്നാനം ചെയ്തു, മദിരാക്ഷിയിൽ മുങ്ങി നിവരുന്ന ജീവിതം എന്നെ എങ്ങോട്ടൊക്കെയോ കൊണ്ടു പോകുന്നു..
നഗരത്തിലാണ് ഒടുവിൽ എത്തിച്ചേർന്നത്..നാളെ ഒരു അവാർഡ് തരപ്പെട്ടിട്ടുണ്ട്...മോശമല്ലാത്ത തുകയാണ്..ഇന്ന് മുറിയെടുത്തു തങ്ങി നാളെ പോയി പങ്കെടുക്കണം...സഞ്ചിയിൽ കുപ്പി സ്റ്റോക്ക് ഉള്ളതുകൊണ്ട് വേറെ സംഘടിപ്പിക്കേണ്ടതില്ല....
ചെക്ക്-ഇൻ ചെയ്തു റൂമിൽ കടന്നു..സന്ധ്യ മയങ്ങിത്തുടങ്ങി.നഗരത്തിൽ വരുമ്പോൾ പതിവായി താമസിക്കാറുള്ള മുറിയാണ്...ഉച്ചഭക്ഷണം പേരിൽ ഒതുക്കി..ഭക്ഷണം അനാവശ്യമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.ആത്മാവിനു വിശക്കുമ്പോൾ വയറുനിറഞ്ഞാൽ എന്ത് തൃപ്തി?!!
കുപ്പി പൊട്ടിച്ചു..അപ്പോഴേക്കും വാതിലിൽ മുട്ടുകേട്ടു..പരിചയക്കാരൻ റൂംബോയ് ചിരിച്ചുകൊണ്ട് നിൽക്കുന്നു.
"സർ, ഡിന്നറിനെന്താണ്.." പതിവു ചോദ്യം
"ജീവനുള്ളതെന്തെങ്കിലുമുണ്ടോ"-പതിവു മറു ചോദ്യം!
"ഉണ്ടല്ലോ " പതിവു കള്ളച്ചിരിയോടെ അവൻ പറഞ്ഞു; "മലയാളിയാണ്"
"ആയിക്കോട്ടെ, പക്ഷെ പത്തുമണി കഴിഞ്ഞു മതി"
അവൻ പോയി
അവർക്കിതൊരു ബിസിനസ് ആണ്..എനിക്കൊരു ആശ്വാസവും..
രാത്രികളിൽ കൂട്ട് വരുന്ന ഏതു പെണ്ണും,എനിക്ക് നന്ദിനിയാണ്.
നിർമലയും സ്നേഹമയിയുമായ നന്ദിനി.. ബോധാബോധത്തിന്റെ അതിർവരമ്പിൽ കാലിടറി നടക്കുമ്പോൾ അവർ ആരായാലും അവരെ ഞാൻ നന്ദിനീ..എന്നു സ്നേഹവായ്‌പോടെ വിളിക്കാറുണ്ട്.അപ്പോൾ അവർ മാംസവില്പനക്കാരികളല്ല എനിക്ക്. എന്റെ നന്ദിനിയാണ്...താൽക്കാലികമായെങ്കിലും മിഥ്യയെ സത്യമാക്കാനുള്ള എന്റെ പരിശ്രമം.
സമയം നീങ്ങി....എന്റെ തല പെരുത്ത് തുടങ്ങി...കുപ്പി കാലിയാകാറായി..ബോധം ഊയലാടി തുടങ്ങി..നേരെ നിൽക്കാത്ത കണ്ണുകൾ കൊണ്ടു ഞാൻ ക്ലോക്കിൽ നോക്കി...കണ്ണുകൾ തുറക്കുന്നില്ല..പക്ഷെ ക്ലോക് അതു മനസ്സിലാക്കി ഉദാരപൂർവ്വം പത്തുമണിയുടെ അലാറമിട്ടു.!
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കതകു പാളിയിൽ മുട്ടു കേട്ടു.ഞാൻ എഴുന്നേറ്റു ആദ്യം ലൈറ്റ് ഓഫ് ചെയ്തു.ഞാനിതുവരെയും കൂടെ കിടന്ന ഒരുപെണ്ണിന്റേയും മുഖം നേരെ ചൊവ്വേ കണ്ടിട്ടില്ല. ഇരുട്ടിൽ മുറിയിലേക്ക് കയറിവരുന്ന അവൾ, എന്റെ നന്ദിനിയല്ല എന്നു അറിയാതിരിക്കാനാണ് ഞാൻ വെളിച്ചം കെടുത്തിക്കളയുന്നത്..വാരിപ്പുണർന്നു കിടക്കയിലേക്ക് പോകുമ്പോൾ അവരെല്ലാം എനിക്ക് എന്റെ കാമുകിയാണ്..എന്റെ നന്ദിനിയാണ്..!!
മുറിതുറന്നു കൊടുത്തു..ചന്ദനസൗരഭ്യം മുറിയിൽ നിറഞ്ഞു..സാരിപുതച്ച രൂപം ലഹരിനിറഞ്ഞ കണ്ണുകളാൽ ഞാൻ ഇരുട്ടിലൂടെ കണ്ടു. അവളുടെ കൈത്തണ്ടയിൽ പിടിച്ചു.ഞാൻ അകത്തേക്ക് ആനയിച്ചു.അവൾ എന്തുകൊണ്ടോ മറ്റുള്ളവരെ പോലെ വെളിച്ചം കെടുത്തിയതിന്റെ കാരണം അന്വേഷിച്ചില്ല.
പതിവില്ലാത്ത ഒരു ഉത്ക്കണ്ഠ മനസ്സിനെ ബാധിച്ചിരിക്കുന്നപോലെ തോന്നി എനിക്ക്..അവളെ കിടക്കയിൽ ഇരുത്തിയ ശേഷം ബാക്കി മദ്യമെടുത്തു ഞാൻ വിഴുങ്ങി. പിന്നെ കിടക്കയിൽ വന്നിരുന്നു..
ശേഷം അവളുടെ കരങ്ങളെടുത്തു മെല്ലെ ചുംബിച്ചു..തളിർ വിരലുകൾ..! അതിന്, ഒരു വേശ്യയുടെ വിരലിനില്ലാത്ത പവിത്രതയുണ്ടെന്നു എനിക്കു തോന്നി..പിന്നെ വളരെ മെല്ലെ ഞാൻ അവളെ എന്റെ ഉടലോടു ചേർത്തു പിടിച്ചു...
"നന്ദിനീ" ഞാൻ അവളുടെ ചെവിയിൽ നിമന്ത്രണം ചെയ്തു..
അവളുടെ ശ്വാസം ധൃത ഗതിയിലാകുന്നത് ഞാനറിഞ്ഞു.
"ന്റെ നന്ദിനിക്കുട്ടീ..." ഞാനറിയാതെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് വിളിച്ചു.
"എന്തോ.." അവൾ വിളികേട്ടപ്പോൾ അതു തീരെ പ്രതീക്ഷിക്കാതിരുന്ന ഞാൻ അമ്പരന്നുപോയി..
"നന്ദിനിയെന്നാണോ നിന്റെ പേര് ?" ഞാൻ ചോദിച്ചു.
"ആയിരുന്നു.." അവൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്: "പക്ഷെ ഇപ്പോഴല്ല"
ഉള്ളിലൊരു നടുക്കമുണ്ടായി. ഈ ശബ്ദം..ഈ ശബ്ദം...ഈ സംസാര ശൈലി...ഇതാരുടേതാണ്?...ഇവൾ ആരാണ്...? ഇവൾ...ഇവൾ...
സംശയമുറപ്പാക്കാൻ വീണ്ടും ചോദിച്ചു: "നാട്ടിലെവിടെയാണ്..ആരൊക്കെയുണ്ടവിടെ..എനിക്കറിയാനാണ്..പറയൂ.."
എന്റെ ശബ്ദം ഉയർന്നു വ്യക്തമായതോടെ അവൾ എന്നെ തള്ളി മാറ്റി പുറകിലേക്ക് നീങ്ങി. എന്റെ ശബ്ദം മനസ്സിലായതുപോലെ...
"നിങ്ങൾ ആരാണ്?" പ്രാണൻ നുറുങ്ങുന്ന വേദന കടിച്ചമർത്തി ഞെരുങ്ങിയ ശബ്ദം അവളിൽ നിന്നുണ്ടായി.
"നിങ്ങൾ അരവിന്ദേട്ടനാണോ?" പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ ചോദിച്ചു.
"ഉം..' വികാരത്തിന്റെ തിരത്തള്ളലിൽ എന്റെ ശബ്ദം ദയനീയമായി..
"ന്റെ ദൈവമേ" അവൾ വാവിട്ടു കരഞ്ഞുകൊണ്ട് തല കുനിച്ചു നെറ്റി കട്ടിലിന്റെ ക്രാസിയിൽ ഇടിച്ചു."എനിക്കു വയ്യ..എനിക്കു വയ്യ..."
"കരയാതിരിക്കൂ" കരഞ്ഞുകൊണ്ട് ഞാൻ അവളോട് പറഞ്ഞു..
മിനിറ്റുകൾ കഴിഞ്ഞു..സങ്കടത്തിന്റെ തിരമാലകൾ ചെറുതായി അടങ്ങി..തറയിലിരുന്നു കട്ടിലിൽ മുഖമമർത്തി തേങ്ങുകയാണ് നന്ദിനി.
എന്റെ മനസ്സും വരുതിയിൽ വന്നു തുടങ്ങി..എല്ലാ ലഹരിയും ഇറങ്ങി..
ഞാൻ ചെന്ന് ലൈറ്റ് ഓൺ ആക്കി. മുറിയിൽ വെളിച്ചം നിറഞ്ഞു..
"ലൈറ്റ് ഇടല്ലേ അരവിന്ദേട്ടാ.." ഒന്നുകൂടി കൂനിക്കൂടിയിരുന്നു മുഖം കട്ടിലിലേക്ക് പൂഴ്ത്തി നന്ദിനി അപേക്ഷിച്ചു:" എന്നെ അരവിന്ദേട്ടൻ കാണല്ലേ:"
ഞാൻ അതു കേട്ടില്ല..നിർന്നിമേഷമായി അവളെ നോക്കി...നീണ്ട അഞ്ചു വർഷങ്ങൾക്കുശേഷമുള്ള ആദ്യ സമാഗമം.
എന്തൊരു വിധി വൈപരീത്യം!
ഇളം മഞ്ഞ സാരിയിൽ അവൾ എന്നത്തേയും പോലെ നിർമലയായിത്തന്നെ ഇരിക്കുന്നു എന്നാണെനിക്കു തോന്നിയത്. ദുരിത പർവ്വങ്ങൾ താണ്ടിയതിന്റെ ക്ഷീണമുണ്ട്..ആ മുഖം മുഴുവനായി കാണാൻ ഞാൻ ആഗ്രഹിച്ചു..
"എന്നെ ഒന്ന് നോക്കൂ നന്ദിനിക്കുട്ടീ.." സർവ സ്നേഹവും ചാലിച്ചു ഞാൻ പറഞ്ഞു. കണ്ണീർ തിളങ്ങുന്ന മുഖം അവൾ മെല്ലെ ഉയർത്തി എന്നെ നോക്കി.
പിന്നെ കൈ വിരലാൽ കണ്ണീർ തുടച്ചു.
പ്രണയകാലത്തു ഒരിക്കൽ പോലും ചുംബിക്കാത്ത കവിളിൽ ഞാൻ ഇന്ന് ചുംബിച്ചതും തൊട്ടിട്ടില്ലാത്ത വിരലുകളിൽ തലോടിയതും ഓർത്തു.
ദൈവം ക്രൂരമായി എവിടെനിന്നുകൊണ്ടോ ചിരിക്കുന്നുണ്ടെന്നു തോന്നി.
ഞാൻ മെല്ലെ നടന്നു നന്ദിനിയുടെ അടുത്തുവന്നു. പിന്നെ തറയിൽ കിടക്കക്കു പുറം തിരിഞ്ഞു ചാരിയിരുന്നു..
ഞാൻ അവളെ നോക്കി..സ്നേഹവും ജിജ്ഞാസയും ആ നോട്ടത്തിലുണ്ടായിരുന്നു. നന്ദിനി അവളുടെ കഥ പറഞ്ഞു. അതിങ്ങനെയായിരുന്നു.:
-ഞാനുമായുള്ള ബന്ധത്തിൽനിന്നു രക്ഷിക്കാനായി വീട്ടുകാർ തട്ടിക്കൂട്ടിയെ വിവാഹം ഒരു വലിയ പരാജയമായിരുന്നു. വിവാഹശേഷം ഞങ്ങളുടെ പ്രണയകഥ അറിഞ്ഞ നന്ദിനിയുടെ ഭർത്താവു ദിവാകരൻ അവളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു പൊന്നു..എല്ലാ വിധ ദുർന്നടപ്പുകളും അയാൾക്കുണ്ടായിരുന്നെങ്കിലും സ്വാർത്ഥതയും ആർത്തിയും മൂലം സ്വന്തം ഭാര്യയുടെ മാനത്തിനു വിലപറയാൻ ശ്രമിച്ചതോടെ നന്ദിനിക്ക് ഭർതൃവീടുവിട്ടു പോരേണ്ടിവന്നു..സ്വന്തം വീട്ടിലെത്തിയ അവൾക്കു. ക്രമേണ
താൻ വീട്ടുകാർക്ക് ഒരു ഭാരമാണെന്നു സ്വയം തോന്നി തുടങ്ങിയതോടെ നാടും വീടും വിട്ടു മറുനാട്ടിൽ അഭയം തേടേണ്ട അവസ്ഥ വന്നു..നിരാലംബയായ, നിഷ്കളങ്കയായ ഒരു പെണ്ണിനു മഹാനഗരത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് അവൾക്കും സംഭവിച്ചു. രണ്ടു വർഷത്തോളമായി അവൾ 'വസന്ത മല്ലി ' ആണ്..! ആഢ്യത്തവും സൗന്ദര്യവും കൊണ്ടു വലിയ ആളുകൾക്കു കിടക്ക വിരിക്കുന്ന പദവി നേടിയ വസന്തമല്ലി.!.
**********************************************************************************************************************************************
ഞാനും നന്ദിനിയും ഇന്നൊരു യാത്ര പോവുകയാണ്.,അവളുടെ ആഗ്രഹപ്രകാരമുള്ള ക്ഷേത്ര ദർശനം...കാരണം ഞങ്ങൾക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു..! ജീവിതത്തിൽ അടിഞ്ഞു കൂടിയ എല്ലാ മാലിന്യങ്ങളും കഴുകിക്കളഞ്ഞു ഞങ്ങൾ ഒരുമിച്ചതിന്റെ സന്തോഷമുകുളം നാമ്പെടുത്തിരിക്കുന്നു...വണ്ടി ഓരം ചേർത്തു നിറുത്തി ഞങ്ങൾ അമ്പലത്തിലേക്കുള്ള ഒതുക്കുകല്ലുകൾ ഇറങ്ങി.നന്ദിനിയുടെ കാൽ അപ്പോൾ ചെറുതായി സാരിത്തുമ്പിൽ ഉടക്കി. വലംകൈ കൊണ്ടു ഞാനവളെ താങ്ങി.അപ്പോൾ നന്ദിനി എന്നെ നോക്കി നിർമ്മലമായി ചിരിച്ചു..അതുകണ്ടു പടിക്കെട്ടിനു താഴെ നിന്ന നന്ത്യാർവട്ടപ്പൂക്കൾ അതു അനുകരിച്ചു...
*************************************o ******************************************************Rbk Muthukulam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo