•••••••••
ഭൂമിയിലേക്ക് പിറന്നു വീണതേ മനസ്സിലായില്ലെങ്കിലും കേട്ടതീ പേരാണ് ...പെണ്ണ് ...
കുഞ്ഞിനെ കാണാൻ വന്ന നാട്ടാരും പറഞ്ഞു..ഓ പെണ്ണാ..
ഓടിക്കളിക്കാൻ നേരം മാറ്റി നിർത്തിയ അമ്മയുടെ കണ്ണിൽ ...അടങ്ങി നടന്നോ നീയൊരു പെണ്ണാ ...
മുതിർന്നപ്പോൾ അനങ്ങിയാ കേൾക്കാം നീയൊരു പെണ്ണല്ലേ ...
ഊണ് മേശയിൽ ആദ്യമുണ്ടാലും കേൾക്കാം ആണിന് ശേഷം പെണ്ണെന്നു ...
വളർന്നപ്പോൾ പാവാടയിൽ പറയാതെ വന്ന ചുവപ്പ്പൂക്കളും ചൊല്ലി ..വളർന്നല്ലോ പെണ്ണ് ...
വീടിനുള്ളിൽ പോലും , കാലമൊരുക്കി കൂട്ടിയ ശരീരത്തിനു കാവലാളായി കണ്ണ് തുറന്നിരിക്കുമ്പോഴും അറിഞ്ഞു വെറുമൊരു പെണ്ണാ...
വഴിയിൽ ചൂളമടിച്ചു ശല്യം ചെയ്ത പൂവാലന്മാരും പറഞ്ഞു .. എന്താ പെണ്ണ്..
ശരീരം വെറുമൊരു ഭോഗവസ്തുവായി കാണുന്നവനോടുള്ള ചെറുത്തുനിൽപ്പിലും കേട്ടു , തിളക്കണ്ട നീ വെറും പെണ്ണാ ....
സന്ധ്യ മയങ്ങും മുൻപേ വീടണഞ്ഞില്ലെങ്കിൽ കേൾക്കാം ഒരുമ്പെട്ട് നടക്കാ പെണ്ണ് ...
ഇനിയും പഠിക്കണം , പഠിപ്പ് മതിയായില്ലെന്ന് പറഞ്ഞപ്പോളും പറഞ്ഞു ..ഇത്രേം മതി പെണ്ണല്ലേ ...
ശരീരം ചോദിച്ച കാമുകനോട് പറ്റില്ലെന്ന് പറഞ്ഞപ്പോ
കേട്ടു ...അവനെ തേച്ച പെണ്ണാ ...
കേട്ടു ...അവനെ തേച്ച പെണ്ണാ ...
പക്വത വന്നില്ല ഇപ്പൊ വേണ്ട കല്യാണമെന്നു പറഞ്ഞിട്ടും കേട്ടു .. നേരത്തെ കെട്ടിക്കണം പെണ്ണല്ലേ ...
അറിയാത്തൊരാളുടെ കൂടെ നാലാളറിയേ തള്ളി വിടുമ്പോഴും കേട്ടു... ഇഷ്ടമൊന്നും നോക്കണ്ട പെണ്ണല്ലേ..
വന്നു കേറിയ വീട്ടിൽ , കൊണ്ടുവന്നതിന്റെ കനം നോക്കുന്നവർ വീടുപേക്ഷിച്ചു വന്നവളുടെ മനസിന്റെ കനം കാണാതെ ചൊല്ലി ...കൊള്ളാല്ലോ പെണ്ണ് ...
എല്ലുമുറിയെ പണിയെടുത്തു നേരെ നില്ക്കാൻ ആവതില്ലാതെ നടക്കുമ്പോൾ കേൾക്കാം ...എന്ത് നാടകമാണീ പെണ്ണിന്റെ ...
പകലിൽ പരമപുരുഷനായി നടന്ന് രാത്രി കനക്കുമ്പോൾ മാത്രം ഇരുട്ടിൽ നീട്ടിയ കെട്ട്യോന്റെ കൈകളും ചൊല്ലി ...വാ പെണ്ണേ ...
മതിയായില്ലെന്നു മനസ്സിൽ പറഞ്ഞു ഇഷ്ടത്തോടെ തളർന്നു കിടക്കുന്ന നല്ല പാതിയെ നോക്കിയപ്പോളും കേട്ടു ...അത്രക്കൊക്കെ മതി പെണ്ണിന് ...
സ്വപ്നങ്ങളെല്ലാം ഹോമിച്ചു കരിപിടിച്ച അടുക്കളയിൽ ഓതിരം കടകം മറിയുമ്പോളും കേട്ടു ..എന്താണിത്രെ പണി ഈ പെണ്ണിന് ...
മാസം മൂന്നു കഴിഞ്ഞില്ല കുഞ്ഞായില്ലേന്ന് ചോദിക്കുന്നവർ ചൊല്ലാതെ ചൊല്ലി ...കുഴപ്പം പെണ്ണിനാണോ ...
ജീവിതമെന്തെന്നു അറിഞ്ഞില്ല അതിനും മുൻപേ വയറ്റിൽ കുരുത്ത ജീവനെ നോക്കി എല്ലാരും ചൊല്ലി...
കോളടിച്ചല്ലോ പെണ്ണ് ...
കോളടിച്ചല്ലോ പെണ്ണ് ...
ഞാനും പെറ്റതാ രണ്ട് , അത്രക്കൊന്നും തളർച്ച കാണിക്കേണ്ട ന്ന് പറഞ്ഞു അമ്മായിയമ്മയും പറഞ്ഞു..ഇതൊക്കെ പറഞ്ഞിട്ടുള്ളതാ പെണ്ണിന് ...
ഗർഭാലസ്യത്തെക്കുറിച്ചു ഗർഭത്തിന്റെ ഉടമസ്ഥനോട് പരാതി പറഞ്ഞ എന്നോട് ...ഇങ്ങനെതന്നെയാ എല്ലാ പെണ്ണുങ്ങളുമെന്ന് ...
പേറ്റുനോവിന്റെ എല്ലുനുറുങ്ങുന്ന വേദനക്കിടയിൽ അറിയാതെ പൊട്ടി വീണ നിലവിളിച്ചീളിൽ കേട്ടു ...എന്ത് പെണ്ണാണിത് ...
ഒടിഞ്ഞു തൂങ്ങിയ മാറും വര പടർന്നു കിടക്കുന്ന വയറും വിണ്ടുകീറിയ കാൽപാദങ്ങളും നോക്കി നല്ല പാതിയുടെ രോദനം ...പെണ്ണാകെ ഉടഞ്ഞു ...
ഇഷ്ടക്കാരിയെ കൊണ്ടുവന്ന് മുറിയിൽ കയറിയ കണവനെ തടഞ്ഞപ്പോൾ ...ഇറങ്ങിപോടീ പെണ്ണേ ന്ന് ....
മനസ്സ് മുരടിച്ചു ഒരു മുഴം കയറിൽ തൂങ്ങിയപ്പോളും കേട്ടു.. ആ പെണ്ണിനിത് എന്തിന്റെ കേടായിരുന്നു...
ഒടുക്കം വെളുത്ത പൂക്കൾക്കിടയിൽ മാലാഖയെ പോലെ വെള്ള പുതച്ചു കിടക്കുമ്പോളും മൂക്കിൽ വിരൽ വച്ചു നാട്ടുകാർ ചൊല്ലി ....എന്തിനാ പെണ്ണേ ......
•••••••••
ലിസ് ലോന
കണ്ണ് നിറഞ്ഞുപോയി. 😥കാരണം ഞാനുമൊരു പെണ്ണാ
ReplyDelete