Slider

ഓൺ ലൈൻ കിളികൾ

0
Image may contain: 1 person, outdoor

"ഈയിടെ ആയിട്ട് അവളെനിക്ക് അധികം മെസേജ് ഒന്നും അയക്കണില്ലാശാനേ.. എന്നെ ഏതാണ്ട് ഒഴിവാക്കണ പോലെയാ പെരുമാറ്റമൊക്കെ.."
ഗദ്ഗദകണ്ഠനായി ഞാനിതു പറഞ്ഞു തീർത്തതും നാലഞ്ചു കണ്ണുനീർ തുള്ളികൾ എന്റെ മുഖത്തു നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
ഒരു വൃത്തികെട്ട മൗനം ആശാന്റെ വായ്നാറ്റത്തോടൊപ്പം മുറിയിൽ അല്പനേരം തങ്ങി നിന്നു.
" അപ്പോ.... അതാണ് നിന്റെ പ്രശ്നം..."
കണ്ണടക്ക് മുകളിലൂടെ ആശാൻ എന്നെ ഒന്നു നോക്കി. പിന്നെ ആ താടിയിലൊന്നു ചൊറിഞ്ഞു.
"ഡാ... നാലു സ്മാർട്ടു ഫോണും, എട്ടോളം ഫേക്ക് ഐഡിയും പതിനാറ് സാഹിത്യ ഗ്രൂപ്പുകളിലെ കഥയെഴുത്തുമൊക്കെയായി വിലസുന്ന എനിക്ക് ഇതൊരു ചീളു കേസാ... എന്റെ കഥകൾ നീ വായിക്കാറില്ലേ..? അയലത്തെ അമ്മിണി എന്ന ഏറ്റവും പുതിയ തുടർക്കഥക്ക് ഓരോ ലക്കവും രണ്ടായിരം ലൈക്കുകളാണ് കിട്ടണത്.. അതു കൂടാതെ, മുപ്പതോളം ഓൺലൈൻ കാമുകിമാരെ പുഷ്പം പോലെയാ ഞാൻ മാനേജ് ചെയ്യണത്... ഇതൊക്കെ എങ്ങിനെയാണെന്ന് വച്ചാ..? ഉം..? പറയ്...!"
ഭാര്യയെങ്ങാനും വരുന്നുണ്ടോ എന്ന് വാതിൽക്കലേക്ക് ഒന്നു നോക്കി, പിന്നെ അലക്കു കല്ലിൽ ഏതോ കട്ടിപ്പുതപ്പിനെ ആ പാവം തല്ലി കൊല്ലുന്ന ശബ്ദം കേൾക്കുന്നു എന്നുറപ്പു വരുത്തി ആശാൻ തുടർന്നു...
"ഒരു പണിക്കും പോകാതെ വർഷങ്ങളായി അവളുടെ ശമ്പളത്തിൽ ഞാനിങ്ങനെ രാജാവായി കഴിയുന്നതെങ്ങിനാ... ഉം.. ഉം..? പറയ്... പറയ്..!"
നിറഞ്ഞ കണ്ണുകളും റ പോലത്തെ വായും വളിച്ച മുഖത്തെ ശോകഭാവവുമായി മൂകനായിരിക്കാനേ എനിക്ക് പറ്റിയുള്ളൂ..
"ഡാ...ദേ... ദീ കൈവെള്ളയിലെ വരകൾ പോലെ പെണ്ണിന്റെ മനസ്സ് കാണാൻ പഠിക്കണം..! പിന്നെ ഏതു പെണ്ണും നുമ്മ വരച്ച വരയിലു നിക്കും.. വേണങ്കി ആ വരേലു നിന്നു ഡാൻസും കളിക്കും.. അറിയോ..!"
എന്റെ വായ അറിയാതൊന്നു പൊളിഞ്ഞതും ഒരീച്ച അതിലേക്ക് ചാടിക്കേറാൻ നോക്കി. ആഹാ.. ഞാൻ സമ്മതിച്ചില്ലാ. ഞാനോർക്കുകയായിരുന്നു..
ശരിയാ... ആകെ ഒരൊഴിവു കിട്ടണ ഈ ഞായറാഴ്ച പോലും ഒരു കഴുതയെപ്പോലെ ആശാന്റെ ഭാര്യ പണിയോടു പണി. അമ്മേലേ സിൽമാനടികൾക്കു പോലും ഇത്രേം സഹിക്കേണ്ടി വരില്ലാ. ഇതിപ്പോ... ഇടക്കിടക്ക് കട്ടൻ ചായ ഇരിക്കുന്നിടത്തേക്ക് എത്തിക്കുന്നു. സിഗരറ്റ് എടുത്തു കൊടുക്കുന്നു. തീപ്പെട്ടി എടുത്തു കൊടുക്കുന്നു. ഹോ...ഇയാളെ സമ്മതിക്കണം. "ഞാൻ ഗന്ധർവൻ" എന്ന ആശാന്റെ ഒരു കള്ള ഐഡിയിൽ എഴുത്തു നിറുത്തുന്നു എന്ന ഒരു സ്റ്റാറ്റസിട്ടപ്പോഴേക്കും കൈ ഞരമ്പു മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയത് നാലു പെണ്ണുങ്ങളാ.. നമിച്ചണ്ണാ... നമിച്ചു.
" അപ്പോ... നീ പറയ്.. ഈയിടെ ആയിട്ട് അവള് മിണ്ടണേ ഇല്ല.. അല്ലേ.. ഉം..?"
" മിണ്ടണുണ്ടോന്ന് ചോയ്ച്ചാ.... ഇണ്ടാശാനേ.. പക്ഷേ ആശാനറിയോ.. കാലത്ത് അഞ്ചരക്ക് അലാം വച്ചെണീറ്റാ ഞാനവൾക്ക് ഗുഡ് മോണിങ്ങ് അയക്കണേ. പിന്നെ.. അര മണിക്കൂർ ഇടവിട്ട് മുത്തേ ചായ കുടിച്ചാ..? കുളിച്ചാ..? ചോറു തിന്നാ..? എന്താ കറി..? ഇങ്ങിനെ രാത്രി ഫേസ് ബുക്കിലും വാട്ട്സാപ്പിലും നട അടക്കണവരെ ഞാൻ മെസേജ് അയച്ചോണ്ടിരിക്കും.. അതും പോരാണ്ട് ഒരു മണിക്കൂർ ഇടവിട്ട് മിസ്സ് കോളും അടിക്കും... എന്നിട്ട്..!"
ഹോ.. എന്റെ ചുണ്ട് വിതുമ്പി പോണ്..! തലേല് തേങ്ങ വീണു അന്നു അമ്മ മരിച്ചപ്പ പോലും ഒന്നു കരയാത്തോനായിരുന്നു ഞാൻ..! ഇതിപ്പോ...
" അപ്പോ... അവളു മറുപടിയൊന്നുല്യാ....?"
താടി ചൊറിച്ചിലിന്റെ സുഖവും പുച്ഛത്തിൽ കലർന്ന സഹതാപവും ആശാന്റെ മുഖത്ത് പൂണ്ടു വിളയാടി.
"പണ്ടു.. ഫേസുക്കിലു കണ്ടു മുട്ടിയ ഇടക്ക് ഇതു പോലെ തന്നെ അവളും എനിക്കും മെസേജ് അയച്ചിരുന്നതാ ആശാനേ.. ദിപ്പ... ഒരു... എട്ടൊൻപതു മണിയാവുമ്പോ പേരിനൊരു "കുഡ് മോണിങ്ങ്.." ഉച്ചക്ക് ഒരു "ബിസീഡാ..." പിന്നെ രാത്രി ഒരു "ഗുഷ്നൈറ്റ്"... കഴിഞ്ഞു.. അത്രേള്ളൂ.. ഇങ്ങോട്ട് ഒരു ഫോൺ വിളീം ഇല്ല.. ഒരു മിസ്കാളും ഇല്ലാ.. അവൾക്കിപ്പോ എന്നോട് സ്നേഹല്യാണ്ടായി"
ഞാൻ പിന്നേം വിതുമ്പി..
"ച്ചും..ച്ചും... ച്ചും...ച്ചും... "
"കണ്ടാശാനേ... പല്ലി ചിലച്ചേ...? "
"അതു ഞാനാടാ പൊട്ടാ.. ഹൂം.. വഴീണ്ട്... മ്മക്ക് ശരിയാക്കാം.. ഇതിലുമെത്രയോ സങ്കീർണ്ണമായ പ്രശ്നങ്ങൾ എന്റെ കഥാപാത്രങ്ങളിലൂടെ ഞാൻ സോൾവ് ചെയ്തിരിക്കുന്നു."
കണ്ണടയൊന്നൂരി വച്ച് ആശാനാ നെറ്റിയൊന്നു തിരുമ്മി.. പിന്നെ മൂക്കിൽ കയ്യിട്ട് കയ്യിൽ തടഞ്ഞ ഒരുണ്ട വെടി വെക്കുന്നതു പോലെ തെറിപ്പിച്ചു.. പിന്നെ അടുത്തൊരു വിരൽ വായിൽ കയറ്റി നഖം കടിച്ചു തുപ്പി.. വൃത്തികെട്ടവൻ..! എന്നാലും സഹിക്കുക തന്നെ.. എനിക്കു വേണ്ടിയാണല്ലോ ഈ തലച്ചോറ് പുകക്കണേ..!
" ഉം... അതേയ്...!"
ധ്യാനത്തിൽ നിന്നുണർന്ന ആശാൻ എന്നെ നോക്കി. പിന്നെ മൊബൈലു നോക്കി നോക്കി അടിച്ചു പോവാറായ കണ്ണുകളെ സഹായിക്കാൻ കണ്ണട എടുത്തു ഫിറ്റ് ചെയ്തിട്ട് തുടർന്നു..
"നാളെ മുതൽ നീ അവൾക്ക് മെസേജ് അയക്കുന്നില്ലാ..!"
ഹേ.. അതെങ്ങനെ..! ഉള്ളതും കൂടി പോണ ഐഡിയ ആണല്ലോ ആശാന്റെ...!
പോലെ നടന്നാ ഒരു പെണ്ണും നെന്നെ മൈൻഡു ചെയ്യില്ലാ..! മിണ്ടിയാലും ഇല്ലെങ്കിലും നീ അവൾടെ പൊറകെ ഇണ്ടാവുംന്ന് അവൾക്കറിയാം.."
" അപ്പെ....?" എന്റെ ജിജ്ഞാസ പുറത്തുചാടി.
" ഉം.. നിന്നോട് ഇച്ചിരിയെങ്കിലും ഇഷ്ട്ടം അവൾക്കിണ്ടെങ്കി നിന്റെ മെസേജ് കാണാതാവുമ്പോ അവളിങ്ങോട്ട് വരും.. വന്നില്ലെങ്കിൽ പോട്ട് പുല്ല്.. രമ്യാ നമ്പീശൻ പോയാ കത്രീനാ കൈഫ് വരും..!"
"ആശാനേ... അങ്ങിനെ പറയല്ലേ.. എനിക്കവളു മതി..!"
" അവളു വരും ഡാ... നിന്റെ സ്നേഹം സത്യാണങ്കി അവളെവിടേം പോവില്ല.. നീ നോക്കിക്കോ.. "
ആശാൻ തുടർന്നു..
" നിന്നെ ഓൺലൈനില് കാണുകേം എന്നിട്ടും നിന്റെ മെസേജ് കാണാതാവുമ്പോ അവള് ഇങ്ങോട്ടു വന്നു മോണിങ്ങ് പറയും.. പിന്നേം നിന്നെ കണ്ടില്ലെങ്കി ഉച്ചയാവുമ്പോഴേക്കും എവിടെ ഡാന്നു മെസേജ് വരും.. വൈകുന്നേരാവുമ്പോഴേക്കും നീയെന്താ മിണ്ടാത്തേന്ന് ചോദിക്കും..! "
ഇത്തവണ ഞാൻ വാ പൊളിച്ചത് അവിശ്വാസം കലർന്ന അത്ഭുതം കൊണ്ടായിരുന്നു. ആശാൻ ഒരു സംഭവം തന്നെട്ടാ...
" കൺട്രോളൊന്നും പോവാതെ ഇങ്ങിനെ വല്ലപ്പോഴും ഒരു മെസേജ് ഇട്ടു കൊടുത്താ ഒരാഴ്ച കഴിയമ്പഴേക്കും അവളെ നിനക്ക് തിരിച്ചു കിട്ടും.. ഞാൻ ഗാരണ്ടി..!"
പറഞ്ഞു തീർന്നതും ആശാന്റെ വൈഫ് അങ്ങോട്ട് വന്നു.
"ദേ... രണ്ടാളും ഈ മുന്തിരി ജ്യൂസ് അങ്ങട് കുടിച്ചേ.. നല്ല ഫ്രഷാ...!"
ചേച്ചി തന്ന ജ്യൂസും കുടിച്ച് പിന്നെ അധികമൊന്നും സംസാരിക്കാതെ പടിയിറങ്ങുമ്പോ രണ്ടാളും എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. ഹോ.. എത്ര സ്നേഹമുള്ള ഭാര്യ..! പെണ്ണിന്റെ മനസ്സറിയണ ആശാൻ ഒരു പുലി തന്നെ.
പിറ്റേന്നു മുതൽ തന്നെ മനസ്സില്ലാ മനസ്സോടെ ആശാന്റെ 'തിയറി ഓഫ് മെസേജ്' അപ്ളൈ ചെയ്തു. രാവിലെ തന്നെ അവൾക്ക് മെസേജ് അയക്കാതിരുന്നിട്ട് കുടിയന്മാരെപ്പോലെ എന്റെ കൈ വിറച്ചു. മൊബൈൽ പലവട്ടം എടുത്തിട്ടും മെസേജ് അയക്കാതെ എന്നിട്ടും ഞാൻ നിയന്ത്രിച്ചു.
പക്ഷേ.. അത്ഭുതമെന്നു പറയട്ടെ.. അന്നു നേരത്തെ അവളുടെ ഗുഡ് മോണിങ്ങെത്തി. ഓൺലൈനിൽ പച്ച കത്തിച്ചു കാട്ടിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് അവൾക്ക് പേരിനൊരു കുഡ് മോണിങ്ങ് ഞാൻ തിരിച്ചു കൊടുത്തത്. മനസ്സിൽ ജിലേബീം, ഐസ്ക്രീമും ഒക്കെ പൊട്ടിച്ചൊഴിച്ച് ആശാൻ പറഞ്ഞതു പോലെ തന്നെ ഉച്ചക്ക് അവളുടെ മെസേജ് എത്തി.. "എവിടെയാഡാ...?"
ഞാൻ അതും മൈൻഡ് ചെയ്തില്ല. ഇച്ചിരി സങ്കടം അവളും അറിയട്ടെ.. പക്ഷേ.. അഞ്ചു മണിക്ക് അവളുടെ മെസേജ് കണ്ടപ്പോ എനിക്ക് സങ്കടം വന്നു.
"നീയെന്താ ഡാ മിണ്ടാത്തേ...?"
ആശാനെ മനസ്സിൽ ധ്യാനിച്ച് ഈ മെസേജും ഞാൻ അവഗണിച്ചു.. ഒരു എട്ടരയായപ്പോ ഒരു വെറും "ഗുഡ് നൈറ്റ് " അടിച്ചു ഞാൻ നെറ്റ് ഓഫ് ചെയ്തു.
പല തവണ ഓൺ ചെയ്ത് അവളുടെ മെസേജ് നോക്കിയാലോ എന്ന് കരുതിയെങ്കിലും തലയിണ കടിച്ചു പിടിച്ചു ഞാൻ ആ വികാരം അടക്കി. പിന്നെ ഉറങ്ങിപ്പോയി. രാവിലെ ആ തലയിണയുടെ കോലം കണ്ട് പെങ്ങളുടെ മുഖത്ത് വിരിഞ്ഞ വൃത്തികെട്ടവൻ എന്ന ഭാവം ഞാൻ കണ്ടില്ലെന്നു വച്ചു. വേഗം നെറ്റ് ഓൺ ചെയ്തു നോക്കിയ എന്നെ കാത്ത് രാത്രി അവളയച്ച മിസ് യു ഡായും രാവിലെ അയച്ച ലൗ ചിഹ്നം കൊത്തിയ വെള്ളരിപ്രാവിന്റെ പടമുള്ള ഗുഡ് മോണിങ്ങും കിടന്നിരുന്നു. ഹെൻറമ്മോ..!
ആശാന്റെ രൂപം മനസ്സിൽ ധ്യാനിച്ച്.. ആ മഹത് വചനങ്ങൾ പോലെ തന്നെ ഞാൻ പ്രവർത്തിച്ചു. വല്ലപ്പോഴും മാത്രം ഒരോ കുഞ്ഞു മെസേജുകൾ മാത്രം അയച്ചിട്ടും ഇങ്ങോട്ട് വരുന്ന മെസേജുകളുടെ എണ്ണം കണ്ട് ഞാൻ കോൾമയിർ കൊണ്ടു. എന്നെ തികച്ചും ഞെട്ടിച്ച് വൈകുന്നേരം അവൾ എന്നെ ഫോണിൽ വിളിച്ചു.
എന്തിനു പറയുന്നു.. അടുത്ത ദിവസങ്ങളിൽ പൂക്കളും, കിളികളും നിറഞ്ഞ മെസേജുകൾ കൊണ്ട് എന്റെ ഇൻബോക്സ് പൊളിഞ്ഞു. ഒടുവിൽ... ദേ.. ഇപ്പോ.. ഈ ഞായറാഴ്ച രാവിലെ തന്നെ ഞാൻ പിന്നേം ആശാന്റേ വീട്ടിലേക്ക് ഓടുകയാണ്... സുർത്തുക്കളേ... ഓടുകയാണ്.. ഇന്നലെ രാത്രി ഉടനെ കല്യാണം കഴിക്കണം എന്നും പറഞ്ഞാണ് അവൾ ഫോൺ ചെയ്തത് ! ഞാൻ ഞെട്ടിപ്പോയി. ഇത്ര പെട്ടന്നാ..! പെൺമനസ്സറിയുന്ന ആശാൻ എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല.. കല്യാണം ഒരു ആറു മാസത്തേക്കെങ്കിലും നീട്ടി വെപ്പിക്കണം..
ചെല്ലുമ്പോ ആശാൻ വരാന്തയിൽ തന്നെ ഉണ്ട്. ഗൊച്ചു ഗള്ളൻ.. പുതിയ എതോ കഥയുടെ പണിപ്പുരയിലാന്നു തോന്നുന്നു. കണ്ണും തിരുമ്മി മുടിഞ്ഞ ആലോചന...
" ആ...ശാ....നേ.....!"
തുള്ളിച്ചാടി ചെന്നു ഞാൻ പെട്ടെന്ന് ആ കൈകളിൽ പിടിച്ചു. ആശാൻ കണ്ണു തുറന്നു പരിചയമില്ലാത്തവനെപ്പോലെ, കുറച്ച് ദേഷ്യത്തിൽ എന്നെ നോക്കി. ശ്ശോ.. ഏതോ കഥാപാത്രമായി മാറി കഥകൾക്കുള്ളിലൂടെ നടക്കുകയായിരുന്നിരിക്കണം. ആദ്യം ഒന്നു സുഖിപ്പിച്ചേക്കാം..
"സോറി ആശാനേ... ആശാനു നന്ദി പറയാൻ വന്നതാ.. ആശാനെ പ്പോലെ പെൺ മനസ്സറിയണ....."
പറഞ്ഞു മുഴുമിക്കുന്നതിനു മുൻപ് ആശാൻ കൈയുയർത്തി തടഞ്ഞു. എന്തോ എഴുതിയ ഒരു വെളള പേപ്പറെടുത്ത് വായിക്കാൻ തന്നു. കഥയായിരിക്കും. ഞാൻ തിണ്ണയിലേക്ക് കയറിയിരുന്നതു വായിച്ചു.
" നാട്ടിലെ പെണ്ണുങ്ങളുടെ മുഴുവൻ മനസ്സറിയണ മനുഷ്യാ.. സ്വന്തം വീട്ടിലെ പെണ്ണിന്റെ മനസ്സറിയാൻ തനിക്കു പറ്റിയില്ലാലോ.. പന്ത്രണ്ടു കൊല്ലമായി തന്റെ വായ്നാറ്റോം, കൂർക്കം വലീം ഒക്കെ ഞാൻ ക്ഷമിക്കണേ.. അതും കൂടാണ്ട് എന്റെ ചിലവില് ഓൺലൈനിലെ തന്റെ പഞ്ചാര വില്പന !
പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞ ഏഴെട്ടു വർഷമായി ഞാനും നോക്കണേ. പത്തു പതിനാലു സേട്ടന്മാരെ ഞാനും പ്രേമിച്ചു നോക്കി. ഇപ്പോ..ദേ.. പറ്റിയ ഒരാളെക്കിട്ടി. നന്നായി അദ്ധ്വാനിക്കുന്ന, സമ്പാദിക്കുന്ന, മൊബൈലുപയോഗിക്കാത്ത തങ്കപ്പെട്ട ഒരു മനുഷ്യൻ. അവിവാഹിതൻ. ഞാൻ അങ്ങേരുടെ കൂടെ പോവാ. താനിനി ഒറ്റക്ക്, സ്വന്തം ചിലവില് പെണ്ണുങ്ങളുടെ മനസ്സറിയ് ട്ടാ..
ഗുഡ് ബൈ..!"
വറ്റിവരണ്ട തൊണ്ടയുമായി ഞാൻ പതുക്കെ എഴുന്നേറ്റു. പിന്നെ മന്ദം മന്ദം പടിയിറങ്ങി നടക്കാൻ തുടങ്ങി..
"ഡാ... ഒന്നവിടെ നിന്നേടാ.. ഒരു കാപ്പിയിട്ടു താടാ.. രാവിലെ മുതൽ ഒന്നും കുടിച്ചിട്ടില്ലാഡാ... എങ്ങിനെ ഉണ്ടാക്കണേന്നൊക്കെ മറന്നും പോയി.. ഒന്നു വന്നേടാ...."
( വാൽക്കഷ്ണം : സ്വന്തമായി ഒരു ജീവൻ സൃഷ്ട്ടിക്കാനും പെണ്ണുങ്ങളുടെ മനസ്സറിയാനും ഒരിക്കലും മനുഷ്യർക്കാവില്ലെന്ന് ഒക്കോ കോഞ്ഞാട്ട യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ഡോക്ടർ വാച്ചിമാട്ടോ സാൻ ഇന്നലെ പ്രസ്താവിക്കുകയുണ്ടായി )
സ്നേഹത്തോടെ.....
അഷ്റഫ് തേമാലി പറമ്പിൽ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo