Slider

മഴയോർമ്മകൾ

0



ആർത്തലച്ചു പെയ്യുന്ന മഴയുടെ ആരവം ശ്രദ്ധിച്ചു കൊണ്ട് പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ഇടിമുഴക്കം ഉണ്ടായത്. അകമ്പടിയായി ശക്തമായ മിന്നലും. ഇടിയുടെ ശബ്ദം കേട്ടു പേടിച്ചിട്ടാവണം അതുവരെ അവരവരുടെ മുറികളിൽ പഠിച്ചുകൊണ്ടിരുന്ന മക്കൾ രണ്ടുപേരും എന്റെയടുക്കലേക്ക് ഓടി വന്നത്. ഞങ്ങൾ വലുതായി എന്നൊരു ഭാവത്തിൽ എന്നോടൊരു അകലം പാലിച്ചിരുന്ന അവര് രണ്ടുപേരും എന്നെ കെട്ടിപിടിച്ചു. "അമ്മേ..... പേടിയാവുന്നു, എന്തൊരു ഇടിയാ ഇത്? ഈ മഴക്ക് അങ്ങ് പെയ്താൽ പോരെ... എന്തിനാ ഈ ഇടിയും മിന്നലും ഒക്കെയുണ്ടാക്കി ഞങ്ങളെ പേടിപ്പിക്കുന്നെ? ഇളയമകൾ പരാതി പറയും പോലെ മഴയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. കുറച്ചു നേരം എന്നോട് ചേർന്ന് നിന്നവർ ഇടിയെയും മഴയെയും പറ്റി പിന്നെയും പറഞ്ഞ് കൊണ്ടിരുന്നു. എല്ലാം കേട്ടു കൊണ്ട് അവരെയും ചേർത്ത് പിടിച്ചു ഞാനും ഇരുന്നു. 
മഴ അപ്പോഴും ആർത്തലച്ചു പെയ്യുന്നുണ്ട്. ഇടവപ്പാതിയാണ്. അതായിരിക്കാം ഇടിവെട്ടിന്റ അകമ്പടിയോടെ തല്ലിതകർത്തു പെയ്യുന്നത്. കുത്തിയൊലിച്ചു വരുന്ന വരിവെള്ളത്തിനൊപ്പം എന്റെ ഓർമകളിലേക്ക് ഞാനും സഞ്ചരിച്ചു. 
എന്നാണ് ഞാൻ ആദ്യമായി മഴയെന്ന പ്രതിഭാസത്തെ തിരിച്ചറിഞ്ഞതെന്നു ഓർമയില്ല. പക്ഷേ മഴയെ പറ്റി ഓർക്കുമ്പോഴെല്ലാം ആദ്യമായി സ്കൂളിൽ പോയ ആ ദിവസമാണ് എന്നിലേക്കോടിയെത്തുക. ക്രീം കളർ ഷർട്ടും പച്ച പാവാടയും ഇട്ട് തുണി സഞ്ചിയും തൂക്കി അച്ഛാഛന്റെ കയ്യിൽ തൂങ്ങി സ്കൂളിൽ പോയ ആദ്യനാൾ. എന്നെ ക്ലാസ്സ്‌ മുറിയിലേക്കാക്കി എന്റെ വിരൽ തുമ്പ് വിടുവിച്ചു അച്ഛാച്ഛൻ തിരിഞ്ഞു നടക്കുമ്പോൾ സത്യത്തിൽ എനിക്ക് വല്ലാത്ത സങ്കടം വന്നിരുന്നു. പക്ഷേ എന്നെ ഒരുപാട് സ്നേഹിക്കുന്ന അച്ഛാച്ചന് വിഷമം ആയാലോ എന്ന് കരുതി കരച്ചിലടക്കി ഞാൻ നിന്നു. പുറത്തു കോരിച്ചൊരിയുന്ന മഴയത്തും വീട്ടിലേക്കു പോകാതെ സ്കൂൾ വരാന്തയിൽ എന്നെ കാത്തിരുന്ന എന്റെ അച്ഛാച്ചൻ. ആ വാത്സല്യമഴയോളം ഹൃദ്യമായ മറ്റൊരു മഴയും ഞാൻ നനഞ്ഞിട്ടില്ലെന്നു പറയാം. 
പിന്നീട് അല്പം കൂടി വളർന്നപ്പോൾ വീടിന്റെ ഇറയത്തു ഇരുന്നുകൊണ്ട് ഓടിറമ്പിലൂടെ ഒഴുകി വരുന്ന മഴയിലേക്ക് കൈ നീട്ടി മഴനനഞ്ഞതും, കളിവള്ളമുണ്ടാക്കി മുറ്റത്തെ മഴവെള്ളത്തിലേക്കിട്ടതും, ആലിപ്പഴം എന്നൊരു കാണാത്ത പഴത്തെ മഴ നനഞ്ഞു കൊണ്ട് തിരഞ്ഞതും ഒന്നുമറിയാത്ത എന്നിലെ ബാല്യത്തിന്റെ കുസൃതികൾ ആയിരുന്നു. 
കൗമാരത്തിലേക്ക് കടന്നതിൽ പിന്നെ ഞാൻ നനഞ്ഞതെല്ലാം ദുരിതമഴയായിരുന്നു. സ്കൂൾ തുറക്കാറായാൽ ഞങ്ങൾ നാലു മക്കൾക്കും പഠനസാമഗ്രികൾ വാങ്ങാനുള്ള പൈസ കണ്ടെത്താനാകാതെ നെട്ടോട്ടമോടുന്ന അച്ഛനും അമ്മയും. സമീപത്തെ പള്ളിയിൽ നിന്നും കിട്ടിയിരുന്ന അഞ്ചോ ആറോ നോട്ടുബുക്കുകളാണ് ഞങ്ങളുടെ നാലുപേരുടെയും ആദ്യത്തെ പഠനോപകരണം. പേനയും പെൻസിലും ബോക്സും ഒക്കെ വേണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും മദ്യപാനിയായ അച്ഛനോട് ആവശ്യപ്പെടാനുള്ള ഭയം മൂലം എല്ലാം ഉള്ളിലൊതുക്കി. രാവിലെ സ്കൂളിൽ പോകുന്ന നേരത്ത് മഴയുണ്ടാകല്ലേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്ന നാളുകൾ. ഒരു ചെറുമഴ നനയാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, പകുതിയുണങ്ങിയ വെള്ളനിറമുള്ള ബ്ലൗസ് നിറയെ കരിമ്പനടിച്ചിരിക്കും. മഴ നനഞ്ഞാൽ വെള്ള ബ്ലൗസിലെ കരിമ്പനടിച്ച കറുപ്പ് നിറം എടുത്തു കാണിക്കും. ക്ലാസിലെ മറ്റുകുട്ടികൾ അത് ചൂണ്ടിക്കാണിച്ചു അഴുക്കാണെന്നു പറഞ്ഞ് പരിഹസിച്ചു ചിരിക്കുന്നത് എനിക്കൊരിക്കലും സഹിക്കാനാവുമായിരുന്നില്ല. 
കാലം കടന്നു പോയപ്പോൾ കഷ്ടപ്പാടുകൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ തൊട്ടു മഴയെനിക്കൊരു ശത്രുവായി മാറി. ഉണ്ടായിരുന്ന വീടും സഥലവും വിറ്റു പുതിയൊരിടത്തേക്കു മാറുമ്പോൾ എനിക്ക് പതിനാല് വയസ് പ്രായം. പാടശേഖരങ്ങൾക്ക് ഒത്തനടുവിൽ അച്ഛൻ ആ സ്ഥലം വാങ്ങുമ്പോൾ, ഇങ്ങനൊരിടത്തു മൂന്ന് പെൺമക്കളെയും പൊടികുഞ്ഞായിരുന്ന മോനെയും കൊണ്ട് എങ്ങിനെ ജീവിക്കുമെന്ന് ചിന്തിച്ചിരുന്നോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നും എന്നിലെ ഭയമായിരുന്നു അച്ഛൻ. ആഗ്രഹങ്ങൾ പറയാനോ തുറന്നു സംസാരിക്കാനോ പറ്റാതിരുന്ന വലിയൊരു ഭയം. പാറപോലെ ഉറച്ച ശരീരവും ആറടി പൊക്കത്തിലും ഉള്ള മനുഷ്യ രൂപം പൂണ്ടൊരു ഭയം. എന്റെ ചിന്തകളും സംശയങ്ങളും ചോദ്യങ്ങളും എന്നിൽ തന്നെ കുഴിച്ചു മൂടി ഞാൻ. 
വീടുപണി തുടങ്ങും മുന്നേ ഞങ്ങൾക്ക് താമസിക്കാനായി ചുമരുകൾക്കു പകരം ചാക്ക് മറച്ചു ഓലമേഞ്ഞൊരു മേൽക്കൂരയുമായി ഒരു കുടിലുണ്ടാക്കി അച്ഛൻ. വീടുപണിക്കാവശ്യമായ ഇഷ്ടിക ഉണ്ടാക്കിയിരുന്നത് ഞാനും അച്ഛനും അമ്മയും ചേർന്നാണ്. പാടത്തെ ചളിമണ്ണ് കുഴച്ചു മരം കൊണ്ടുള്ള ഇഷ്ടിക ഫ്രെയിമിൽ നിറച്ചു ഉണക്കിയെടുക്കുന്ന ഇഷ്ടികകൾ. ഓരോ ദിവസവും ഉണ്ടാക്കിയെടുക്കുന്ന ഇഷ്ടികകൾ പിറ്റേ ദിവസം മറിച്ചുവെച്ചു ഉണക്കി അടുക്കിവെക്കുമായിരുന്നു. അങ്ങനൊരു ദിവസം പ്രതീക്ഷിക്കാതെ പെയ്ത ഒരു വേനൽ മഴയാണ് ആദ്യമായി എന്റെ ശാപം ഏറ്റുവാങ്ങി എന്റെ ശത്രുവാകുന്നത്. ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുന്ന അച്ഛനും അമ്മയും. ഉച്ചനേരത്തെ മദ്യസേവയിൽ ഗാഢമായ ഉറക്കത്തിലേക്കു ആണ്ടുപോയിരുന്നു അച്ഛൻ. കാറ്റത്തു പറന്നു വന്നൊരു മനോരമ ആഴ്ചപ്പതിപ്പിന്റെ പേജിലെ ഫലിത ബിന്ദുക്കൾ വായിച്ചു കൊണ്ട് പുറത്തിരിക്കുന്നുണ്ടായിരുന്നു ഞാൻ. പെട്ടെന്നാണ് വലിയ വലിയ മഴത്തുള്ളികൾ താഴേക്കു പതിക്കാൻ തുടങ്ങിയത്. "അമ്മേ.... മഴപെയ്യുന്നു... എന്നുപറഞ്ഞുകൊണ്ട് ഉണക്കാൻ വച്ചിരുന്ന ഇഷ്ടിക നനയാതിരിക്കാൻ ഓലയും പ്ലാസ്റ്റിക് ഷീറ്റുമെടുത്തു മൂടാനുള്ള ശ്രമത്തിലായി ഞാൻ. എന്റെ ശബ്ദം കേട്ടു എണീറ്റുവന്ന അമ്മയും അമ്പരന്നു, ഇതെന്താ ഇപ്പൊ ഇങ്ങനൊരു മഴ.... എന്ന് പറഞ്ഞു അമ്മയും എന്നോടൊപ്പം കൂടി. ഇഷ്ടികയെല്ലാം പെറുക്കി നനയാതെ അടുക്കി വെച്ച് ഷീറ്റിട്ടു മൂടി ഞങ്ങൾ ഷെഡിനകത്തേക്കു വന്നതും എങ്ങുനിന്നോ അലറിയടുത്ത ഒരുകാറ്റ് വല്ലാത്തൊരു ശബ്ദത്തോടെ ഞങ്ങളുടെ കൊച്ചു കൂരയെ തകർത്തു തരിപ്പണമാക്കി. ശക്തമായ കാറ്റിലും മഴയിലും പെട്ട് ഞാനും അമ്മയും സ്തംഭിച്ചു നിൽകുമ്പോൾ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ മദ്യലഹരിയിലായിരുന്ന അച്ഛന് അപ്പോഴും സാധിച്ചിരുന്നില്ല. പിന്നൊരിക്കലും ഇതുപോലൊരു ദുരിതമഴയും ഞാൻ നനഞ്ഞിട്ടില്ല. 
വർഷങ്ങൾ വീണ്ടും കടന്നു പോയി. തോരാതെ പെയ്യുന്നൊരു തുലാവർഷത്തിൽ ഞാൻ സുമംഗലിയായി. പിന്നീട് വന്നൊരു കർക്കിടക മഴയിൽ എനിക്ക് ആദ്യത്തെ കുഞ്ഞുപിറന്നു. വർഷങ്ങൾക്കിപ്പുറം ഞാൻ മഴയെ സ്നേഹിക്കാൻ തുടങ്ങി. മഴയുടെ ഭംഗി വർണിച്ചെഴുതാൻ തുടങ്ങി. പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കില്ല, മഴയെനിക്ക് സമ്മാനിച്ച വ്യത്യസ്ത ജീവിതാനുഭവങ്ങളെ..... 
ഗൗരികല്യാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo