
.......:...............
കുറച്ചു ദിവസത്തെ ഇരുണ്ട സന്ധ്യകൾക്ക് ശേഷം ഇന്ന് വീണ്ടും സ്വർണ്ണ സന്ധ്യ .
ആനി പടിഞ്ഞാറെ മാനം നോക്കി നിൽക്കയാണ്.കാരണമറിയാത്തൊരു നൊമ്പരം സന്ധ്യയുടെ സ്വർണ്ണ നിറം അവളിൽ സൃഷ്ടിക്കുമെങ്കിലും, പിന്നെയും അങ്ങനെ നിൽക്കാൻ അവൾക്ക് ഇഷ്ടമാണ്.
ആനിക്ക് സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും ഇഷ്ടമാണ്. ചിന്നി ചിതറുന്ന മഴയുടെ ആലിംഗനത്തിലമരാനും അവൾക്കിഷ്ടമാണ്.
ആറടി രണ്ടിഞ്ച് പൊക്കമുള്ള ജിമ്മിച്ചന് പക്ഷേ റബറിന്റെയും, പലിശയുടെയും കണക്കുകൂട്ടാൻ മാത്രമേ താത്പര്യമുള്ളു.
ആനിയുടെയും, ജിമ്മിച്ചന്റയും കെട്ട് കഴിഞ്ഞ കാലത്ത്, ആനിയുടെ ഉറ്റ കൂട്ടുകാരിയായ പാലക്കലെ അന്ന സിംഗപ്പൂർ പോയി ഹണിമൂൺ ആഘോഷിച്ച് തിരിച്ച് വന്നതറിഞ്ഞ്, ആനിയും ഹണിമൂണിനായി സിംഗപ്പൂർ പോകാൻ ജിമ്മിച്ചനെ നിർബന്ധിച്ചപ്പോൾ അയാളുടെ മറുപടി ഇതായിരുന്നു
"ആനിയേ... എത് സ്ഥലത്തോട്ട് പോയാലും അതാഘോഷിക്കുന്നത് നമ്മൾ രണ്ടും തന്നല്ലിയോ..?അപ്പൊ പിന്നെ സിംഗപ്പൂരായാലെന്നാ, ഇവിടായാലെന്നാ?"
വടക്കേപറമ്പിലേക്കിറങ്ങി നിന്ന് കോരിച്ചൊരിയുന്ന മഴയിലേക്കലിയാൻ ആനി ശ്രമിക്കുമ്പോൾ ജിമ്മിച്ചൻ ഉറക്കെ വിളിച്ചു ചോദിക്കും,
"ആനിയേ.... മഴ കൊണ്ടാ പനി പിടിക്കൂട്ടാ, പിന്നെ മരുന്നായ്, മന്ത്രായ്, കാശെത്രാ പൊടിക്കേണ്ടി വരൂന്ന് വല്ല നിശ്ചയോം ഒണ്ടാ നിനക്ക്..?"
നിശയുടെ ശോഭ കൂട്ടി പൂത്ത് നിൽക്കുന്ന നക്ഷത്രങ്ങളെ കാണാനായ് ആനി ജനാല തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ പിറകിലൂടെ വന്ന് ജിമ്മിച്ചൻ മുരളും,
"ആനിയേ.. ജനാല തൊറന്നിട്ടാ, കൊതുക് കയറൂട്ടാ. പിന്നെ രോഗായ്, ആശൂത്രിയായ് കാശെത്രാ പൊടിക്കേണ്ടി വരൂന്ന് വല്ല നിശ്ചയോം ഒണ്ടാ നിനക്ക്..?"
അങ്ങനെ, ജിമ്മിച്ചൻ കാൽക്കുലേറ്റർ കുത്തി കുത്തി ബാലൻസ് ഷീറ്റ് ടാലിയാക്കാൻ ശ്രമിച്ചും,ആനി അടുക്കള പണി ഒതുക്കി, റിമോട്ട് ഞെക്കി ഞെക്കി ചാനല് മാറ്റി സീരിയലുകൾ കണ്ട് കണ്ണീർ വാർത്തും കാലം കഴിയവെയാണ് മീട്ടുവിന്റെ ജനനം.
അത് ആനിക്കൊരു പുതിയ ഉണർവ്വേകി.
തടിച്ചുരുണ്ട്, വെളുത്ത് തുടുത്ത മീട്ടു കുസൃതിക്കുടുക്കയാണ്.
അവന് വീട്ടിനുള്ളിൽ ഇരിക്കാൻ ഇഷ്ടമേയല്ല.
അവന് മണ്ണിൽ ഓടിക്കളിക്കണം, തുമ്പിയെ പിടിക്കണം, ക്ടാവിന്റെ പിറകെ ഓടണം, അൾസേഷ്യൻ നായയായ കൈസറിനൊപ്പം പറമ്പിലാകെ നടക്കണം, രാത്രിയിൽ അമ്പിളിമാമനെ കാണണം, അങ്ങനയങ്ങനെ ഒരു പാടിഷ്ടങ്ങളുണ്ട്.
ക്രമേണ, വീടിന്റെ റിമോട്ട് മീട്ടുവിന്റെ കൈയ്യിലായി. ജിമ്മിച്ചന്റെ കാൽക്കുലേറ്റർ പലപ്പഴും കേടായി.
മീട്ടുവിനെ സി.ബി.എസ്.ഇ സ്കൂളിൽ ചേർക്കണമെന്ന ആനിയുടെ ആഗ്രഹം എതിർത്ത് ജിമ്മിച്ചൻ പറഞ്ഞത്
"ആനിയേ... ഇക്കണ്ട മുതല് നോക്കി നടത്താൻ സി.ബി.എസ്.ഇ സ്ക്കൂളിൽ പഠിക്കണ്ട കാര്യമില്ലാട്ടാ, എഴുത്തും, വായനയും, കണക്കും മാത്രം അറിഞ്ഞാ മതി."
മീട്ടുവിനെ കൊള്ള പലിശക്കാരനാക്കാനല്ലന്നും, മന:സാക്ഷിയുള്ള ഉദ്യോഗസ്ഥനാക്കുമെന്നുമുള്ള ആനിയുടെ വാദത്തെ എതിർത്തു കൊണ്ട് എതിർ ഭാഗം വക്കീലെന്ന പോലെ ജിമ്മിച്ചൻ മറുപടി പറഞ്ഞു,
" ആനിയേ... ഏബ്രഹാം ലിങ്കൺ തെരുവ് വിളക്കിന്റെ ചോട്ടിലിരുന്ന് പഠിച്ചാ അമേരിക്കൻ പ്രസിഡന്റായത്, അല്ലാതെ സി.ബി.എസ്.ഇ സ്കൂളിൽ പഠിച്ചല്ലാട്ടാ.."
ജിമ്മിച്ചന്റെ വാദങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആനി, അവളുടപ്പന്റെ സഹായത്തോടെ മീട്ടുവിനെ സി.ബി.എസ്.ഇ സ്കൂളിൽ ചേർത്തു.
ആനീടപ്പൻ മീട്ടുവിനെ സി.ബി.എസ്.ഇ സ്കൂളിലാക്കാൻ മുടക്കിയ രൂപ തനിക്ക് കിട്ടിയിരുന്നേൽ, പലിശക്ക് കൊട്ത്ത് എത്ര രൂപ നേടാനായേനെ എന്നോർത്ത് ജിമ്മിച്ചൻ നെടുവീർപ്പിട്ടു.
മീട്ടുവിന് അമ്മയോടൊത്ത് വടക്കേപറമ്പിൽ നിന്ന് മഴ നനയാൻ വലിയ ഇഷ്ടമാണ്.
ആനിയും, മീട്ടുവും മഴ നനയുകയും, കാലുകൊണ്ട് മഴ വെള്ളം തെറിപ്പിച്ചു കളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ജിമ്മിച്ചൻ പിറുപിറുക്കും,
" തള്ളേടെ പ്രാന്ത് ചെറുക്കനും കിട്ടീട്ട്ണ്ട് "
എന്നിട്ട് ഇരിപ്പുറക്കാതെ താഴെ ചവിട്ടുപടിമേലിറങ്ങി നിന്ന് വിളിച്ചു പറയും,
" ആനിയേ... പണ്ടാരുന്നൂച്ചാൽ നിനക്ക് മാത്രം മരുന്ന് മേടിച്ചാ മതിയാർന്ന്ട്ടാ, ഇനീപ്പൊ ചെറ്ക്കനും മേടിക്കേണ്ടി വന്നാ, കാശെത്രാ പോകുന്ന് വല്ല നിശ്ചയോം ഒണ്ടാ... നിനക്ക്..?"
മുഖത്തെ മഴവെള്ളം തുടച്ചിട്ട് മീട്ടു ആരോടെന്നില്ലാതെ പറയും,
" പിശുക്കന്റെ മൊതല് ഉച്ചരിക്കും."
മീട്ടു സൺഡെ സ്കൂളിൽ നിന്ന് പഠിച്ചതാണ്.
അത് കേൾക്കുമ്പോൾ ആനി മീട്ടുവിനെ നോക്കി കണ്ണുരുട്ടിയിട്ട് ഉള്ളിൽ ചിരിക്കും.
പക്ഷേ, പഠിക്കുന്ന കാര്യം മീട്ടുവിന് അല്പം മടിയാണ്. അവന് കളിച്ചു നടക്കാനാണേറെയിഷ്ടം.
ആനി അവന്റെ വെളുത്ത് ചുമന്ന തുടയിൽ രണ്ടെണ്ണം പൊട്ടിച്ചിട്ട് അവനെ ഇരുത്തി പഠിപ്പിക്കും.
സന്ധ്യയുടെ സ്വർണ്ണ നിറം പൂർണ്ണമായും മാഞ്ഞപ്പോൾആനി അകത്തേക്ക് കയറി പ്രാർത്ഥനയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ജിമ്മിച്ചൻ പ്രാർത്ഥനയിൽ പങ്കെടുക്കാറില്ല നിർബന്ധിച്ചാൽ അയാൾ പറയും,
"ഭൂമിയിലേക്കയച്ചപ്പഴേ ,കർത്താവ് കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ച്ട്ട്ണ്ട്. കർത്താവിനെ ഒറ്റവാക്കേയുള്ളൂ. അതോണ്ട് ആനിയേ... വെറുതെ മുട്ടുമ്മേലെ തൊലി കളയണ്ടാട്ടാ."
ഈശോയുടെ തിരുരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച്, മീട്ടുവിനെ പ്രാർത്ഥന ചൊല്ലാൻ വിളിച്ചട്ട് അവൾ മുട്ടുകുത്തി നിന്ന് പ്രാർത്ഥന ചൊല്ലി തുടങ്ങി.
അല്പനേരം കഴിഞ്ഞാണ് ആനി ശ്രദ്ധിച്ചത്, മീട്ടു വളരെ ഭക്തിപൂർവ്വം പ്രാർത്ഥന ചൊല്ലുന്നു.
സാധാരണ മീട്ടു പ്രാർത്ഥനക്കിടയിലും കുസൃതി കാണിച്ചു കൊണ്ടേയിരിക്കും. ആ നേരത്ത് അമ്മ എഴുന്നേറ്റ് അവനെ തല്ലില്ലന്നുറപ്പുള്ളതുകൊണ്ട് അവൻ ആനിയെ ഇക്കിളിടുകയും, കൊഞ്ഞനം കുത്തുകയുമൊക്കെ ചെയ്യും. അപ്പോഴൊക്കയും ആനി അവളുടെ ഉണ്ടക്കണ്ണുരുട്ടി അവനെ പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും.
പക്ഷേ ഇന്നവൻ ഇരുത്തം വന്ന ഒരാളെപ്പോലെ പ്രാർത്ഥന ചൊല്ലുന്നു.
ആനി അത്ഭുദം കൂറി. പിന്നെ പ്രാർത്ഥിച്ചു,
"എന്റെ മാതാവേ... എന്റെ കുഞ്ഞ് നന്മ നിറഞ്ഞ് മിടുക്കനായ് വളരണമേ."
പ്രാർത്ഥന ചൊല്ലി തീർന്ന്, വാതിലുമടച്ച് ആനി ചെല്ലുമ്പോൾ മീട്ടു പടം വരയ്ക്കുകയാണ്.
നാളയും, മറ്റന്നാളും സ്കൂൾ അവധിയാണ്.
ആനി മീട്ടുവിനരുകിലിരുന്ന്, അവന്റെ തലയിൽ തലോടി ചോദിച്ചു,
" അമ്മേടെ മോനെന്നതാ പ്രാർത്ഥിച്ചെ.?"
വരയിൽ നിന്ന് കണ്ണെടുക്കാതെ മീട്ടു പറഞ്ഞു,
"ആദ്യം അമ്മ പറ, അമ്മയെന്നതാ പ്രാർത്ഥിച്ചതെന്ന് ."
"അമ്മ എന്നും മോനു വേണ്ടിട്ടല്യോ പ്രാർത്ഥിക്കണത് ,എന്റെ കുഞ്ഞ് നന്മ നിറഞ്ഞ് വളരണെ,മോന്റെ സദാ സമയവും കളിച്ചു നടക്കണോന്നുള്ള ചിന്ത മാറി, പഠിക്കാൻ തോന്നണെ, പഠിച്ചു മിടുക്കനാവണെ.ഇതൊക്കയാ എന്നും അമ്മ പ്രാർത്ഥിക്കാറ്. "
" ഞാനും അമ്മേടെ കാര്യാ ഇന്ന് പ്രാർത്ഥിച്ചത്."
"ങേ..... ആണോ !"
ആനിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ അലയടിച്ചു.
" പറ, പറ അമ്മ കേൾക്കട്ടെ."
മീട്ടു കണ്ണുയർത്തി ആനിയെ നോക്കി, പിന്നെ പറഞ്ഞു,
"അമ്മ പഠിക്ക് പഠിക്കെന്ന് പറഞ്ഞെന്നെ പിടിച്ചിരുത്തല്ലേ, കളിക്കാൻ പോകാൻ അമ്മ സമ്മതിക്കണെ.വെറൈറ്റി ഫൂഡ് ഉണ്ടാക്കാൻ അമ്മ പഠിക്കണെ.അമ്മേടെ ഇത്രയും കാര്യങ്ങളാ ഞാൻ പ്രാർത്ഥിച്ചത് ."
അത് കേട്ട് ആനി വിജ്രംഭിച്ച് നിൽക്കവെ,അവളുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ട് തുറന്നു നോക്കുമ്പോൾ
"കർത്താവ് ഈസ് അപ്ഡേറ്റഡ് ഹിസ് സ്റ്റാറ്റസ് ."
ആനി അത് മ്മേൽ ക്ലിക്കിയപ്പോൾ
"കർത്താവ് ഈസ് ഫീലിംഗ് കൺഫ്യൂസ്ഡ് വിത്ത് അറക്കൽ ആനി ജിമ്മി .
by: Anjali rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക