Slider

ഞാനും അവളും

0
അവളെ ഞാൻ ആദ്യമായി കാണുമ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണ് .അമ്പലത്തിലെ ഉത്സവത്തിന് വന്നതാണവൾ .ഒറ്റ കാഴ്ചയിൽ തന്നെ ഞാൻ അവളിൽ ആകൃഷ്ടനായി . ഞാൻ അവളുടെ അരികിലെത്തിയെപ്പോൾ മാധവേട്ടൻ കണ്ടു മാധവേട്ടനൊപ്പമാണവൾ വന്നത് എന്നെനിക്കു മനസ്സിലായി . മാധവേട്ടനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട് .ഞാൻ പുള്ളിയെ ചുറ്റിപറ്റി നിന്നു.അവളെന്നേയും ഇടയ്ക്കിടെ നോക്കുന്നുണ്ട് .മാധവേട്ടന്റെ കണ്ണ് വെട്ടിച്ചു ഞാൻ അവളെ തൊട്ടു, ഒരു ഉമ്മയും കൊടുത്തു. അവളുടെ പേര് ലക്ഷ്മി. അന്ന് മുതൽ മാധവേട്ടന്റെ ഒപ്പം കൂടണമെന്നതായി എന്റെ ചിന്ത
പഠിക്കാൻ ഞാൻ അത്ര മിടുക്കൻ ഒന്നുമില്ലായിരുന്നു കൊണ്ടും വീട്ടിൽ വലിയ സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു കൊണ്ടും ഒരു പരിധി വരെയൊക്കെ എന്റെ ചുറ്റിക്കറക്കം അവർ അംഗീകരിച്ചു തന്നു. മാധവേട്ടനൊപ്പം പോകുന്ന പകലുകളിൽ എനിക്ക് നൂറു രൂപ വരെയൊക്കെ കിട്ടും .ഈ കാലയളവിൽ ഞാനും ലക്ഷ്മികുട്ടിയും ഒരു പാട് അടുത്തു.
മാധവേട്ടന്റെ ആരോഗ്യസ്ഥതിയൊക്കെ മോശമായി തുടങ്ങിയപ്പോൾ ലക്ഷ്മികുട്ടിയുടെ ഉത്തരവാദിത്തം പൂർണമായും എന്നിൽ വന്നു വീണു .ഞാനും എന്റെ പഠനമൊക്കെ അവസാനിപ്പിച്ച് പൂർണമായും അവളിലേക്കു തിരിഞ്ഞിരുന്നു .അമ്പലങ്ങളിലെ ഉത്സവങ്ങൾക്കായി മാത്രമേ അവൾ പുറത്തു പോകാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ അവൾ മനയ്ക്കൽ തന്നെ ഉണ്ടാകും .
മനയ്ക്കലെ തിരുമേനിക്ക് എന്നെ വലിയ ഇഷ്ടമായി ഞാൻ അവിടെ സ്ഥിരം ആളായി
ലക്ഷ്മിക്കുട്ടിക്ക് മദപ്പാടുണ്ടായത് എനിക്ക് മനസിലായില്ല. ഞാൻ ഇതിനു മുന്നേ അങ്ങനെയൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല.
ഞാൻ ചെല്ലുമ്പോൾ മനയ്ക്കലെ വൃക്ഷങ്ങൾ പിഴുതെറിഞ്ഞു ചിന്നം വിളിക്കുകയാണ് അവൾ. പോലീസ് എത്തിയിട്ടുണ്ട് ,മയക്കു വെടി വെയ്ക്കാൻ തയ്യാറായി ഡോക്ടറും
അവളെ വെടി വെയ്ക്കാൻ പോകുകയാണ് എന്നത് എന്റെ ഹൃദയം തകർത്തു കളഞ്ഞു .മരിക്കുകയൊന്നുമില്ല എന്നാലും അവൾക്കു വേദനിക്കും
ഞാൻ അറിയാതെ അവൾക്കരികിലേക്കു നടന്നു.
" വേണ്ട" എന്നുള്ള നിലവിളികൾ പിന്നിൽ നിന്നു കേൾക്കാം .ഞാൻ അത് അവഗണിച്ചു കളഞ്ഞു
അവളെന്നെ കണ്ടതും പിന്നോട്ടു പിന്നോട്ടു മാറിക്കൊണ്ടിരുന്നു. വരരുത് എന്നെ വിലക്കുകയായിരുന്നോ? അറിയില്ല
നിലത്തു കിടന്ന ഒരു വൃക്ഷത്തിൽ തട്ടി ഞാൻ അവളുടെ കാൽചുവട്ടിലേക്കു തന്നെ ചെന്ന് വീണു .എന്റെ നെറ്റി പൊട്ടി ചോരയൊഴുകി .ഞാൻ ഒരു തളർച്ചയോടെ എഴുനേറ്റു അവളുടെ കാൽക്കലേക്കു തലചായ്ച്ചു ചാരിയിരുന്നു .
അവളെന്നെ കൊല്ലുമോ? ചവിട്ടി അരയ്ക്കുമോ ? അത്തരം ചിന്തകളൊന്നും എന്റെ ഉള്ളിൽ വന്നില്ല .
പക്ഷെ അവളെന്നെ വിട്ടു പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു
അവൾക്കറിയാം അവൾ ഇപ്പോൾ അവളുടെ നിയന്ത്രണത്തിലല്ലഎന്ന്. ഞാൻ എഴുനേറ്റു ചോര തുടച്ചു നോക്കുമ്പോൾ അവളുട കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്
"ഒന്നുമില്ലടി മോളെ നിനക്ക് "ഞാൻ അവളുടെ തുമ്പിക്കൈയ്യിൽ മുഖം അമർത്തി. അവൾ എന്നെ ചുഴറ്റിയെടുത്തപ്പോളും എനിക്ക് പേടി തോന്നിയില്ല .അലറി വിളിക്കുന്ന ആൾക്കൂട്ടത്തിന്റെ ആരവം ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല
"താഴെ നിർത്തടി "ഞാൻ അവളോട് മെല്ലെ പറഞ്ഞു ."എനിക്ക് വേദനിക്കുന്നു "അവളുട ചുറ്റി പിടുത്തതിൽ എനിക്ക് നന്നായി നോവുന്നുണ്ടായിരുന്നു
അത് കേട്ട പോലെ അവളെന്നെ പെട്ടെന്ന് താഴെ നിർത്തി എന്നിട്ടു കുറ്റബോധത്തോടെയെന്ന വണ്ണം തല താഴ്ത്തി വീണ്ടും കണ്ണീരൊഴുക്കി കൊണ്ടിരുന്നു .ഞാൻ ചങ്ങല എടുത്തു അവളെ തളയ്ക്കുകയും ചെയ്തു .
അതോടെ ഞാൻ നാട്ടുകാരുടെ വീരപുരുഷനായി .സത്യതിൽ വീരത്വം ഒന്നുമല്ല അത് .അതൊരു വിശ്വാസമാണ് .അവളെന്റെയാണ് എന്ന എന്റെ വിശ്വാസം .
പക്ഷെ കല്യാണാലോചനയുടെ സമയത്തു ഞാൻ പെട്ട് .ആർക്കും ആനപ്പാപ്പനെ വേണ്ട . ആനച്ചോർ കൊലച്ചോറു ആണത്രേ .ഞാൻ പെണ്ണ് കാണുന്ന പരിപാടി നിർത്തി .ആ ചോറ് തിന്നാൻ തയാറുളളവൾ വന്നിട്ടു കെട്ടാം
ഞാൻ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ലക്ഷ്മികുട്ടിയോട് ഇതൊക്കെ പറയും.അവൾ തലയാട്ടി നിന്നു കേട്ടു രസിക്കുന്നത് കാണാം .എന്തെങ്കിലും മനസിലായിട്ടാണോ ആവൊ? എന്നാലും ഞാൻ പറയും .
വൈകുന്നേരങ്ങളിൽ ഞങ്ങൾ കുറച്ചു നടക്കാൻ പോകും അല്ലേൽ തടി കൂടിയാലോ ? അവൾക്കല്ല എനിക്ക് .
അങ്ങനെ പോകുമ്പോളാണ് ഞങ്ങൾ തെക്കേ വീട്ടിലെ വാസുവേട്ടന്റ് കള്ളും കുടം മോഷ്ടിക്കുന്നത് .തെങ്ങിന്റെ മുകളിൽ നിന്നെടുക്കാൻ ഇവളുട പുറത്തു കയറി നിന്നാൽ പോരെ ? അവൾക്കും കൊടുക്കും കുറച്ച്
ഒരു ദിവസം ഞങ്ങൾ വരുമ്പോൾ തെങ്ങുമേലൊരു പെണ്ണ് .കൈയിൽ കള്ളും കുടം. വെള്ളം അടിക്കാനുള്ള പരിപാടി ആണ്. കാലം പോയ പോക്കേ. ചുറ്റും നോക്കുമ്പോൾ താഴെയും ഉണ്ട് മൂന്നാലു പെൺപിള്ളേർ .അവർ ഞങ്ങളെ കണ്ട് ഓടിക്കളഞ്ഞു .മുകളിൽ ഇരിക്കുന്നവളെന്നെ കണ്ടു പേടിച്ചു ദേ കിടക്കുന്നു താഴെ . താഴെ ന്നു പറഞ്ഞാൽ എന്റെ മുന്നിൽ ലക്ഷ്മികുട്ടിയുടെ മുകളിൽ .
കള്ളും കുടം സേഫ് ആയി ഞാൻ അങ്ങ് പിടിച്ചു. അവള് പോയാലും സാരോല്ല
"കൊച്ചേതാ ?"
"മാളു "വിറച്ചു കൊണ്ടവൾ
ദൈവം ആയിട്ടു മുന്നിൽ കൊണ്ട് തന്നതിനെ വിട്ടുകളയാൻ പറ്റുമോ ?
അങ്ങനെ ആനപ്പുറത്തു പെണ്ണ് കണ്ട ..പ്രേമിച്ച ഈ കേരളത്തിലെ അല്ല ഭൂമിയിലെ തന്നെ ആദ്യ പുരുഷൻ ഞാൻ ആയിരിക്കും
മാളുവിനെ നമ്മുടെ ലക്ഷ്മിക്കുട്ടിക്ക് അത്ര ഇഷ്ടം ഒന്നുമല്ല .നല്ല കുശുമ്പ് ഉണ്ട് താനും .മാളുവും മോശമൊന്നുമല്ല .ദൈവം അവൾക്കു എക്സ്ട്രാ ഒന്ന് കൂടി കൊടുത്തിട്ടുണ്ടല്ലോ , നാക്ക് "പരദൂഷണം പറഞ്ഞു അവളെന്നെ വെറുപ്പിച്ചു കളയും.
പെണ്ണല്ലേ രണ്ടും ..ചേരുകേല
ഞാൻ ഇവര് രണ്ടു പേരും കാണിക്കുന്നത് ശ്രദ്ധിക്കാറില്ല .
എനിക്ക് ലക്ഷ്മി കുട്ടി കഴിഞ്ഞേ ഉള്ളു ആരും
"ഇനിയാര് വന്നാലും അത് മാറുകയുമില്ല
ഏതു മദപ്പാടിലും എന്നെ ചേർത്ത് നിർത്തിയവൾ ..
എന്റെ ഏകാന്തതകളിൽ എനിക്ക് സാന്ത്വനം ആയവൾ
എന്റെ സന്തോഷം അവളാണ് ,അല്ലെങ്കിൽ എന്റെ സന്തോഷങ്ങൾ തുടങ്ങിയതു അവളെ കണ്ടത് മുതൽക്കാണ് .
മറക്കാൻ പാടുണ്ടോ ഞാൻ അതൊക്കെ ?

Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo