Slider

ഞാനും എഴുതും ഒരു കഥ"

0
Image may contain: one or more people and closeup

ഭർത്താവ്‌ ഒരു കഥ എഴുതി ഫേസ്ബുക്കിൽ ഇട്ടപ്പോൾ കിട്ടിയ ലൈക്ക്സും കമന്റുകളും കണ്ട്‌ അസൂയ മൂത്ത്‌ അതിൽ നിന്നും ഉടലെടുത്ത അതി തീവ്രമായ 'അഭിവാഞ്ഛയാണ്' ഇത്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന്‌ പണ്ട് മോറൽ സയൻസ്‌ ക്ലാസിൽ ഏതോ സിസ്റ്റർ ആവർത്തിച്ചു പറഞ്ഞു മന:പാഠമാക്കി തന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആയിരിക്കും പ്രയോഗിക്കേണ്ടത്‌ എന്നു വിചാരിച്ച്‌ അതേ ഭർത്താവിനോട്‌ തന്നെ കഥ എഴുതുവാനുള്ള എളുപ്പ വഴി ചോദിച്ചു മനസ്സിലാക്കാം... എന്നു കരുതി.
അങ്ങനെ സൂത്രത്തിൽ അടുത്തു കൂടി ഒരു ചുരിദാർ ഒപ്പിച്ചെടുക്കാൻ ഇടുന്നതിലും നല്ല മണമുള്ള സോപ്പിട്ടു പതപ്പിച്ചു കൊണ്ടു രണ്ടും കൽപ്പിച്ചു ചോദിച്ചു "ചേട്ടാ...എങ്ങനെയാണ് ഏട്ടാ ഈ കഥ എഴുതുന്നത്‌..?..ഏട്ടന്റെ കഥകളൊക്കെ ഭയങ്കര ഹിറ്റാണല്ലോ... ".. അപ്പോൾ ഉണ്ടായ നടുക്കവും അതിലുപരി അഹങ്കാരവും മുഖത്തു കാണിക്കാതെ,...."ഈ നേരത്തു സമയമില്ലെന്നു പറഞ്ഞ്‌ മുടങ്ങിപ്പോയ പി.എച്ച്‌.ഡി മുഴുവനാക്കി കൂടെ നിനക്ക്‌ "?എന്ന്‌ ഉള്ളിൽ ഉയർന്ന ചോദ്യം പുറമേ ചോദിക്കാതെ എന്നെ ഒന്നു രൂക്ഷമായി നോക്കി.എന്നിട്ട്‌ വളരെ ക്ഷമയോടെ പുള്ളിക്കാരന് കഥ വരുന്ന വഴികളെ പററി വിശദമായി തിയറി ക്ലാസ്സ്‌ എടുത്തു തുടങ്ങി.
കിന്റർ ഗാർഡനിൽ ചേരുന്നതിനു പകരം നേരെ പോയി യൂണിവേഴ്‌സിറ്റിയിൽ ചേർന്നതുപോലെയായി എന്റെ അവസ്ഥ.ഒരു രക്ഷയുമില്ല.വെറുതെ സമയം കളഞ്ഞതു മിച്ചം.
എന്തായാലും നനഞ്ഞില്ലേ..ഒന്നു കുളിച്ചേക്കാം എന്നു കരുതി...ന്യൂട്ടൻ ആപ്പിൾ മരത്തിന്റെ അടിയിൽ നിന്നപോലെ ഞാനും ഷവറിന്റെ ചുവട്ടിൽ പോയി നിന്നു.അപ്പോഴാണ്‌ ചേട്ടന്റെ കഥകളെല്ലാം തന്നെ ചേട്ടന്റെ ബാല്യകാലവുമായി ബന്ധപ്പെടുത്തി ആണല്ലോ എന്നകാര്യം എനിക്ക്‌ ഓർമ്മ വന്നത്‌.എന്നാപിന്നെ ആ റൂട്ട്‌ തന്നെ എനിക്കും എന്തുകൊണ്ട്‌ പിടിച്ചു കൂടാ...
പക്ഷേ അവിടെയും ഉണ്ടല്ലോ പ്രശ്നം....."ഇതിഹാസതുല്ല്യമോ"...'സാഹസികത നിറഞ്ഞതോ' ആയ ഒരു ബാല്യകാലം എനിക്കില്ലല്ലോ....!!
അപ്പോൾ ഇനി എന്തുചെയ്യുമെന്നോർത്ത്‌ എന്റെ ബാല്യകാലത്തെ പറ്റി വളരെ "കൂലങ്കുഷമായി" ചിന്തിച്ച്‌ ഓർത്ത്‌ ഒരു തീരുമാനമെടുത്തു.
ചെറുപ്പത്തിൽ ഒരു കഥ പറഞ്ഞു തരാൻ പേരിനുപോലും എനിക്ക്‌ ആരും ഉണ്ടായിരുന്നില്ല. വലുതായി....വിവാഹം കഴിഞ്ഞ്‌ മൂന്നാമത്തെ ദിവസം മുകളിൽ പറഞ്ഞ എന്റെ അതേ പരാതി കേട്ട് നെഞ്ചത്തു തലചായ്‌ചു ഉറങ്ങുമ്പോൾ എനിക്ക്‌ സിൻഡ്രല്ലയുടെ കഥ പറഞ്ഞു തന്നിട്ടുണ്ട്‌ എന്റെ ഭർത്താവ്...ഹ്ഹാ..അതൊക്കെ ഒരു കാലം...!!
എന്നെ കഥകളുടെ ലോകത്തേയ്ക്കു പരിചയപ്പെടുത്തിയ എന്റെ അതേ ഭർത്താവിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ആദ്യമായി ഞാൻ എഴുതുകയാണ്....എനിക്ക് ഇതെന്റെ അനുഭവമാണ്....വായിക്കുന്ന നിങ്ങൾക്ക് ഒരു ചെറിയ കഥയും.....
എന്താകുമോ..എന്തോ...ദൈവമേ..
എന്റെ ഈ കഥയിലെ നായിക ഒരു "പശു" ആണ്‌ ...വില്ലത്തിയും !! കറുത്ത നിറമുളള ഒരു കാതിൽ കമ്മലിട്ട വാലുമുറിഞ്ഞുപോയ ഒരു സുന്ദരി പശു...ഇന്ന്‌ ഓർമ്മകളിൽ എനിക്ക് ആ പശു വളരെ സുന്ദരി ആയി തോന്നുന്നുണ്ടെങ്കിലും അന്ന്‌ അതിന്റെ സൗന്ദര്യം ആസ്വദിക്കാനൊന്നും ഞാൻ മെനക്കെട്ടിട്ടില്ല... അത് ആല്ലേലും ഭൂരിഭാഗം മനുഷ്യരും അങ്ങിനെ ആണല്ലൊ...കയ്യിലുള്ളപ്പോൾ ആർക്കും ഒന്നിന്റെയും വില അറിയില്ലല്ലോ...!!
ജനിച്ചു വീണപ്പോൾ മുതൽ ഏകദേശം സ്കൂൾ പഠനകാലം പൂർത്തിയാകുന്നതു വരെ ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു..
ഞങ്ങളുടെ വീട്ടിൽ മറ്റ്‌ ആരെക്കാളും കൂടുതൽ പ്രാധാന്യം വീട്ടിലെ പശുവിനായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വീടിന്റെ "നെടുംതൂൺ" ആ പശുവായിരുന്നു.
കാരണം വേറൊന്നുമല്ല ആഢംബര വീട്ടിൽ കിടന്നുറങ്ങിയ ഞങ്ങൾക്ക് പിൽക്കാലത്ത്‌ പശു തൊഴുത്തിൽ കിടന്നുറങ്ങേണ്ട ഒരു അവസ്‌ഥ വന്നിരുന്നു.അന്ന്‌ പണക്കൊഴുപ്പിൽ നിന്നും താഴേക്കുവീണ ഞങ്ങളെ ഒരു പരിധി വരെ താങ്ങി നിർത്തിയത് ഈ പശുവിന്റെ 'പാൽക്കൊഴുപ്പായിരുന്നു'.അതുകൊണ്ട് പശുവിന്റെ കാര്യത്തിൽ ഒരു കുറവും വരാതിരിക്കാൻ എന്റെ അമ്മമ്മ പ്രത്യേകം ശ്രദ്‌ധിച്ചിരുന്നു.
ഞങ്ങൾ കഞ്ഞികുടിച്ചില്ലേലും അവളുടെ കാടിവെള്ളം കൃത്യം കൃത്യമായിരുന്നു.പലചരക്കു കടയിലെ കുഞ്ഞു വർക്കി ചേട്ടന്റെ പറ്റു ബുക്കിൽ അരിയും സാധനങ്ങളും മേടിക്കുന്നതിനേക്കാൾ കടം പറയുക പല്ലറ്റും കൊപ്രയും തവിടും മേടിക്കാനായിരുന്നു.എന്നിട്ട്‌ ഈ പറഞ്ഞ സാധനങ്ങളൊക്കെ ഇട്ട് കാച്ചികുറുക്കി ഉണ്ടാക്കുന്ന കാടിവെള്ളം വലിയ ഗമയോട് കൂടെ പാത്രം നക്കി തുടച്ച് അവൾ കഴിക്കുന്നത് എത്രയോ പ്രാവശ്യം കൊതിയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്‌.എന്റെ ആ നിൽപ്പു കണ്ട് പഴത്തൊലി അവൾക്കു കൊടുക്കാൻ വന്ന അമ്മായി "നിനക്ക് ഈ വീട്ടിലെ പശുവായിട്ടെങ്കിലും ജനിച്ചൂടായിരുന്നോ..."എന്നുപോലും ചോദിച്ചിട്ടുണ്ട്‌.
പശു ഒരു നോൺ വെജിറ്റേറിയൻ ആയിരുന്നേൽ ഞങ്ങടെ വീട്ടിലെ "ആ" മീനിന്റെ നടുക്കഷണം ഈ പശു അടിച്ചു മാറ്റിയേനേ..!! എന്ന്‌ ഇപ്പോൾ എനിക്ക്‌ തോന്നുന്നു.നല്ല പച്ചപ്പുല്ലും വൈക്കോലും കറുമുറാ കറുമുറാ തിന്നുമ്പോൾ അതിനു നേരെ എത്രയോ വട്ടം ഞാൻ കൊഞ്ഞനം കുത്തി കാണിച്ചിരിക്കുന്നു.അപ്പോഴൊക്കെ ചാണകമിട്ടും മൂത്രമൊഴിച്ചും പ്രതിഷേധിക്കും അഹങ്കാരി...!!
ഇങ്ങനെ വീട്ടുകാർക്കെല്ലാം നായികയായിരുന്ന പശു എനിക്ക് വില്ലത്തി ആകാനുള്ള കാരണം മറ്റൊന്നാണ്.
അന്ന് ദൂരദർശൻ അരങ്ങു വാഴുന്ന കാലം....തീയറ്ററുകളുടെ പടി പോലും കാണാതിരുന്ന എനിക്ക്‌ സിനിമ കാണാനുള്ള ഏക ആശ്രയം ഞായറാഴ്ച നാലുമണിക്ക് ദൂരദർശനിൽ പ്രത്യക്ഷപ്പെടുന്ന സിനിമകളാണ്.അതും ഇടിയും മഴയും കാറ്റും കറന്റു കട്ടും ഇല്ലാതെ കാണാൻ പറ്റിയാൽ ഭാഗ്യം!! അതും അല്ലെങ്കിൽ അന്നു ഞാൻ ഏറ്റവും വെറുത്തിരുന്ന വാക്യം"വൈദ്യുതി തകരാറുമൂലം പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു" എന്ന കൊടും ചതി പ്രത്യക്ഷപ്പെടും.(അന്നൊക്കെ "ഖേദിക്കുന്നു" എന്ന വാക്ക്‌ പരീക്ഷയ്‌ക്ക്‌ വാക്യത്തിൽ പ്രയോഗിക്കാൻ വരുമ്പോൾ ദൂരദർശന്റെ ഈ സഹായം എഴുതി പലപ്രാവശ്യം ഞാൻ രക്ഷപെട്ടിട്ടുണ്ട് എന്നത് വേറെ സത്യം).മഴവില്ല് എന്നു കേൾക്കുമ്പോൾ ഇന്നും മനസ്സിലേക്കു വരുന്നത്... ട്യൂ....എന്ന സൗണ്ടുമായി ടീവിയിൽ തെളിയുന്ന പല വർണ്ണങ്ങളാണ്.
അങ്ങനെ ഈ മാതിരി തടസ്സങ്ങളൊന്നുമില്ലാതെ ഒത്തുകിട്ടുന്ന എന്റെ ഞായറാഴ്ചത്തെ സിനിമ കാണൽ പൊളിച്ചടുക്കിയിരുന്നത് ഈ ' മാക്രി' പശുവാണ്.
സിനിമ നാലുമണിക്കേ തുടങ്ങുമെങ്കിലും ഞങ്ങടെ നാട്ടിലെ പാൽസൊസൈറ്റി തുറക്കാൻ നാലര ആകും.വീട്ടിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്ററുണ്ട് സൊസൈറ്റിയിലേക്ക്. എനിക്ക് സ്ക്കൂൾ ഉള്ള ദിവസങ്ങളിൽ വീട്ടിൽ പണിയാൻ വരുന്ന പെണ്ണമ്മ ചേച്ചിയ്ക്കാണു പാലു കൊണ്ടുപോകാനുളള ഡ്യൂട്ടി.ഞായറാഴ്ചകളിൽ വേറെ ആരെക്കാളും മുൻപെ ചേച്ചി ടീവിയുടെ മുൻപിൽ സ്ഥാനം പിടിക്കും.പിന്നെ പാലുകൊണ്ടു പോകാനുളള നറുക്കു വീഴുന്നത് പിള്ളേരിൽ മൂത്തവളായ എനിക്കാണ്. "നാശം..!!..വീട്ടിൽ ആദ്യത്തെ കുട്ടിയായി ജനിച്ചുപോയതു എന്റെ തെറ്റു കോണ്ടാണോ....? "എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞിട്ടല്ലെ..." മുതലായ എന്റെ പരാതികളൊക്കെ എവിടെ വിലപ്പോവാൻ....
എന്റെ പിഞ്ചുഹൃദയം ഒന്നുകൂടി തകർക്കാൻ ആ ആഴ്ച തിരനോട്ടത്തിൽ അനൗൺസ് ചെയ്തിരിക്കുന്നത്...ചിലപ്പോൾ ഇൻ ഹരിഹർ നഗറും...ഗോഡ് ഫാദറും ഒക്കെയാവും...തലവേദനയും വയറുവേദനയും ഒക്കെ അഭിനയിച്ചു കിടന്നുനോക്കും..ഒരു രക്ഷയുമില്ല..എല്ലാ അടവുകളും പയറ്റി തോൽക്കുമ്പോൾ ഞാൻ പതിയെ കീഴടങ്ങും.
അങ്ങനെ അന്നത്തെ ആ സിനിമ ' കിലുക്കം' ആണ്. പതിവു നമ്പറുകളൊന്നും വിലപ്പോകുന്ന ലക്ഷണമില്ല...നന്ദിനി തമ്പുരാട്ടിയുടെയും ജോജിയുടെയും നിശ്ചലിന്റെയും കോമഡികൾ തുടങ്ങിയിട്ടേ ഉള്ളു....അതെല്ലാം വിട്ടിട്ട് പാലു കൊണ്ടുപോകാൻ മനസ്സ്‌ അനുവദിക്കുന്നില്ല..."ബലിമൃഗം" എന്തായാലും എന്നും ഞാൻ ആയി പോയില്ലെ....പോകാതെ പറ്റില്ലല്ലോ....അങ്ങനെ വിധിയെ പഴിച്ച്‌ സിനിമതുടങ്ങി മൂന്നാമത്തെ വട്ടം പരസ്യം വന്നപ്പോൾ പതിവ് പോലെ ഞാൻ പാൽപാത്രവും എടുത്ത് ഓടി.....എന്നിട്ട്‌ ഏകദേശം പരസ്യം തീർന്നപ്പോഴേക്കും
ടീവി ഉള്ള ബാബുക്കുട്ടന്റെ വീടിനു മുന്നിൽ എത്തി... ജനലു വഴി ബാക്കി ഒരു ഭാഗം കൂടി കണ്ടു .അടുത്ത പരസ്യത്തിന് ഓട്ടം വീണ്ടും പുന:രാരംഭിച്ചു. വഴിയിൽ കണ്ട നന്ദിനി ചേച്ചിയോട് സിനിമയുടെ ഗതി വിഗതികളെപ്പറ്റി തിരക്കി. എന്റെ ഓട്ടമൽസരം ഇങ്ങനെ തുടരുന്നതിനിടയ്ക്കാണ് അമ്മൂട്ടി അമ്മൂമ്മയുടെ മുൻപിൽ ചെന്നുപെട്ടത്....ചെവി പൊതുവേ പുറകോട്ടാണെങ്കിലും വീട്ടുവിശേഷവും നാട്ടുവിശേഷവും മുഴുവൻ അറിയണം അമ്മൂമ്മയ്ക്ക്‌....
"ഈ തള്ളയ്ക്കൊന്നും വേറെ ഒരു പണീം ഇല്ലേ...ഒന്നൂല്ലേലും പോയി സിനിമ കണ്ടൂടെ... ഒരു വിശേഷം തിരക്കാൻ പറ്റിയ സമയമേ...." എന്നൊക്കെ മനസ്സിൽ പിറുപിറുത്തു പയ്യെ അമ്മൂമ്മയുടെ പിടിയിൽ നിന്നും ഊരിഎടുത്തു..എന്നിട്ട് കിലുക്കത്തിലെ ഓരോ സീനുകൾ മനസ്സിൽ വിചാരിച്ച് ഓടി ഓടി എങ്ങെനയോ പാൽ സൊസൈറ്റിയിൽ എത്തിപ്പറ്റി.
അപ്പോഴുണ്ടെടാ... എന്നെയും കാത്ത് അവിടെ ഒരു നീണ്ട നിര തന്നെ ഉണ്ട്..ഞങ്ങളുടെ വീട്ടിലെ വെള്ളം ചേർക്കാത്ത കൊഴുപ്പുള്ള പാലുതന്നെയാണ്‌ അതിനുകാരണം...വെള്ളം ചേർക്കാത്തതിന് അമ്മാമ്മയെയും കൊഴുപ്പുള്ള പാലുതന്ന് എന്നെ ഈ കഷ്‌ടപ്പെടുത്തുന്നതിന് പശുവിനെയും മനസ്സിൽ ഒരുപോലെ ശപിച്ചു.
"വന്തേണ്ടാ പാൽക്കാരീ....." ക്യൂ നിൽക്കുന്നവരിൽ സ്ഥലത്തെ ചില വായ് നോക്കി പ്രമാണിമാർ എന്നെ കളിയാക്കാനായി പാടുകയാണ്...."പോടാ പുല്ലെ" ..എന്ന് മനസ്സിൽ പറഞ്ഞ് പാലും അളന്നൊഴിച്ച്, .. റീഡിങ്ങ് കാർഡിൽ രേഖപ്പെടുത്തി വന്നപ്പോൾ എന്റെ പാലു കൊണ്ടുവന്ന പാത്രം കാണുന്നില്ല.
എന്തൊരു കഷ്ടാ.!!..ഇത്.....ഈ സമയമില്ലാത്ത സമയത്ത് അത് ഇനി എവിടെപ്പോയി തപ്പും....ആരായിരിക്കും അതെടുത്തത്...ഇനി ആരേലും മാറി എടുത്തതാകുമോ...? അങ്ങെനെ ആണേലും വേറെ ഒരെണ്ണം അവിടെ കാണണ്ടെ..?...ആകുന്നിടത്തൊക്കെ നോക്കി...അവിടെയുള്ള ചേച്ചിമാരോടെല്ലാം ചോദിച്ചു..ആരും കണ്ടിട്ടില്ല. അപ്പോഴതാ..... അടുത്തുളള കടയുടെ ഷട്ടറിന്റെ കൊളുത്തിൽ ആടിക്കളിക്കുകയാണ് ഞങ്ങളുടെ വീട്ടിലെ പാൽപാത്രം..അവിടെയുണ്ടായിരുന്ന വായിലുനോക്കി ചെറുക്കൻമാർ... സോറി.. സ്ഥലത്തെ പ്രധാന ചുള്ളൻമാർ..(അവർക്കും വിഷമം തോന്നരുതല്ലോ....) ആരോ എന്നെ കളിപ്പിക്കാനായി ഒപ്പിച്ച പണിയാണ് ...അവൻമാർക്കാണേൽ "ഞാനൊന്നും അറിഞ്ഞില്ലേ...രാമനാരായണ" എന്ന ഭാവവും....
സിനിമകാണാൻ പറ്റാത്തതിലുള്ള ദേഷ്യവും പരോപകാരപ്രവൃത്തി ചെയ്ത എന്നെ നാണം കെടുത്തിയതിലുള്ള സങ്കടവും കാരണം എന്റെ കണ്ണിൽ ഇരുട്ടു കേറുന്നതുപോലെ തോന്നി..."ആഹാ
അത്രക്കായോ..ഞാനാരാണെന്ന് നിങ്ങളെ കാണിച്ചു തരാം" എന്നുറക്കെ പറഞ്ഞ് പാത്രമെടുക്കാതെ ദേഷ്യപ്പെട്ട് തിരികെയുള്ള കയറ്റം ഓടിക്കയറുമ്പോൾ അവരുടെ പാട്ട് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു...."മുൻകോപക്കാരീ മുഖം മറയ്ക്കും നിന്റെ മനസ്സൊരു...."
പിന്നീടങ്ങോട് വീശിയ കാറ്റ് എനിക്കനുകൂലമായിരുന്നു....കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയ എന്നെ നേരിട്ടത് കരണ്ടുപോയതുകൊണ്ട് സിനിമ കാണാൻ പറ്റാതെ കുത്തിയിരിക്കുന്ന കുടുംബാഗങ്ങളാണ്...ബുഹാഹഹ......
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും വെറും പാലല്ല.....നല്ല പാൽപ്പായസം....
പിന്നീടങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണ്.....അമ്മമ്മ പട്ടാളവുമായി എനിക്കുണ്ടായ ആഗോള പ്രശ്നം പരിഹരിക്കാനും പാത്രം വീണ്ടെടുക്കാനുമായി പുറപ്പെട്ടു...എന്റെ ഞായറാഴ്ചത്തെ ഡ്യൂട്ടിയിൽ ഹൈക്കമാന്റായ അച്ഛൻ ഇടപ്പെട്ട്‌ അമ്മമ്മയെ തന്റെ തീരുമാനമറിയിച്ചു...."പെണ്ണിന് പ്രായമായി വരുന്നു...അവളെ മേലാൽ സൊസൈറ്റിയിൽ പാലു കൊണ്ടു പോകാനോ കവലയിലെ കടയിൽ പോയി സാധനം മേടിക്കാനോ വിടരുത്‌..." ..ആ...ഒറ്റ പ്രഖ്യാപനത്തിൽ എനിക്ക് ശമ്പളവും ബോണസ്സും ഒരുമിച്ച് കിട്ടിയ പോലായി....അങ്ങനെ എന്റെ പാലുകൊണ്ടുപോകലിനു വിരാമമിട്ടു. പെണ്ണമ്മ ചേച്ചിയുടെ സിനിമ കാണലിനും ഒരു തീരുമാനമായി...പാവം ചേച്ചി...
പിന്നീടങ്ങോട്ട് ആ "പശു" എനിക്കൊരു മാലാഖയെപ്പോലെ തോന്നിത്തുടങ്ങി...കൊമ്പുള്ള പകുതിവാലുള്ള ഒരു മാലാഖ..ഞാൻ പോയി എന്റെ സങ്കടങ്ങളൊക്കെ പറഞ്ഞു കരയുമ്പോഴും ദേഷ്യപ്പെടുമ്പോഴുമൊക്കെ മറുത്തൊന്നും പറയാതെ ചുമ്മാ അയവിറക്കി കൊണ്ടിരിക്കുന്ന മാലാഖ.
കാലം ഏറെ ചെന്നപ്പോൾ കറവ വറ്റിതുടങ്ങി എന്നകാരണത്താൽ അതിനെ പടിയിറക്കി വിട്ടു..അപ്പോൾ അതിന്റെ കണ്ണും നിറഞ്ഞിരുന്നു.....!!!
ഇന്ന് സിറ്റി ജീവിതത്തിനിടയിൽ കുഞ്ഞുങ്ങൾക്കു കൊടുക്കാൻപോലും "വെള്ളക്കളറാക്കിയ പച്ചവെള്ളം" ആയ കവർ പാലിനെ ആശ്രയിക്കേണ്ടി വരുമ്പോൾ ഞാൻ ഓർമ്മിക്കാറുണ്ട്...ഒരു കുടുംബം മുഴുവൻ ഒരു പശുവിന്റെ പാലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്...ആ പശു ചുരന്ന നൻമയെയും സ്നേഹത്തെയും ആശ്രയിച്ചു കഴിഞ്ഞിരുന്നത്....
NB:ആദ്യത്തെ ശ്രമമാണ് ഇത്..തമാശയ്ക്ക് പോലും രണ്ടു വരി എഴുതിയിട്ടില്ല.കറക്ഷനുവേണ്ടി പോലും ആരെയും കാണിച്ചിട്ടുമില്ല.തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. അറിവുള്ളവർ പറഞ്ഞു തിരുത്തിത്തരണം എന്നപേക്ഷയോടെ
സ്നേഹപൂർവ്വം
രേവതി അരുൺകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo