Slider

അമ്മിണിയും നെയ്മറും പിന്നെ ലോകകപ്പും

0
Image may contain: 1 person, smiling, indoor
--------------------------------------------------------------------
പത്ത് നെയമര്‍
പതിനൊന്ന് കൊട്ടീനോ
പന്ത്രണ്ട് മാര്‍സലോ
പത്തൊമ്പത് വില്യന്‍
ക്യാപ്റ്റന്‍ തിയാഗോ സില്‍വ
അമ്മിണി ഉമ്മറത്തിരുന്ന് ഒരു നോട്ടുബുക്ക് മടിയില്‍ വെച്ച് ഉരുവിട്ട് പഠിക്കുമ്പോഴാണ് വാസു അങ്ങോട്ട് കയറി വന്നത്.
'' നിനക്കെന്താടീ നാളെ പരീക്ഷയാണോ?''
അല്പനേരം അമ്മിണിയുടെ പഠിത്തം കണ്ടു നിന്ന ശേഷം വാസു ചോദിച്ചു.
''നിങ്ങളൊന്ന് മെനക്കെടുത്താതെ അപ്പുറത്ത് പോയേ മനുഷ്യാ.. വെറുതെ എന്‍റെ കോണ്‍സെന്‍ട്രേഷന്‍ തെറ്റിക്കരുത്..''
അമ്മിണി വാസുവിന്‍റെ നേരെ ചാടി.
''അതിനു നീയെന്തിനാ എന്‍റെ നെഞ്ചത്തോട്ട് കേറുന്നത്. ഇതുവരെ ഒരു പത്രക്കടലാസ് പോലും മറിച്ചു നോക്കാത്ത നീ കുത്തിയിരുന്നു പഠിക്കുന്നത് കണ്ടപ്പോള്‍ ചോദിച്ചു പോയതല്ലേ...''
''അച്ഛനിങ്ങോട്ട് പോര്.. അമ്മയെ ദേഷ്യം പിടിപ്പിക്കണ്ട. കാര്യം ഞാന്‍ പറഞ്ഞു തരാം.. ''
മകള്‍ വാസുവിനെ അകത്തേക്ക് ക്ഷണിച്ചൂ.
''അതേ.. അച്ഛാ ഇപ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുകയാണല്ലോ..''
''അതിന് നിന്‍റെ അമ്മയും ഫുട്ബോളും തമ്മില്‍ എന്താ ബന്ധം ? അതു കാലു കൊണ്ടാണോ കെെ കൊണ്ടാണോ കളിക്കുന്നത് എന്നു പോലും അവള്‍ക്കറിയില്ല..''
''അതു പിന്നെ അമ്മയുടെ കുടുംബശ്രീയിലുള്ളവരെല്ലാം ഇപ്പോ ഫുട്ബോളിന്‍റെ പിന്നാലെയാ.. അമ്മയ്ക്ക് മാത്രം ഒന്നുമറിയില്ല എന്നു അവരറിഞ്ഞാല്‍ നാണക്കേടല്ലേ. അതുകൊണ്ട് ബ്രസീല്‍ ടീമിന്‍റെ കളിക്കാരുടെ പേരുകള്‍ കാണാപാഠം പഠിക്കുകയാ..''
''ആഹാ... ബെസ്റ്റ്.. കുംടുംബശ്രീക്കാര്‍ അവിടെയുമെത്തിയോ? ഇനി ഫെെനല്‍ കാണാന്‍ എല്ലാവരും ചേര്‍ന്ന് റഷ്യയില്‍ പോകുമോ''?
വാസുവിന്‍റെ മുഖഭാവം ഫീലിംഗ് പുച്ഛം എന്നു കാണിച്ചു.
'ഇതുവരെ കളിയൊന്നും കണ്ടില്ലെങ്കിലും കളി നടക്കുന്നത് റഷ്യയിലാണെന്ന് എന്‍റെ അച്ഛനറിയാമല്ലോ യൂ ആര്‍ ഗ്രേറ്റ് അച്ഛാ..'
മകള്‍ അച്ഛനെ അഭിമാനപൂര്‍വ്വം നോക്കിക്കൊണ്ട് മനസ്സില്‍ പറഞ്ഞു.
''കളിയുടെ സമയമായി ടിവി ഓണ്‍ ചെയ്യടീ.''
ഉമ്മറത്ത് നിന്നുള്ള അലര്‍ച്ചകേട്ട് അച്ഛനും മോളും ഞെട്ടിത്തരിച്ചു.
മോള്‍ ഒാടിച്ചെന്ന് ടി വി ഓണ്‍ ചെയ്തു.
അമ്മിണി ഫുട്ബോള്‍ മുഴുവന്‍ അരച്ചു കലക്കി കുടിച്ച മട്ടില്‍ വന്ന് ടി വിയുടെ മുന്നില്‍ സഥാനം പിടിച്ചു.
പന്തുമായി മുന്നോട്ടേക്ക് കുതിക്കുന്ന പത്താം നമ്പറുകാരനെ അമ്മിണി ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു. എന്നിട്ട് ഒരു കമന്‍റേറ്ററെ പോലെ ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
''നെയ്മറതാ ഗോളടിക്കാന്‍ പോകുന്നു.''
മകള്‍ ഒന്നും മനസ്സിലാകാതെ അമ്മയുടെ മുഖത്തേക്കും ടിവിയിലും മാറി മാറി നോക്കി.
''അമ്മേ അതിന് ഇത് ബ്രസീലിന്‍റെ കളിയല്ലല്ലോ പിന്നെയെങ്ങനെ നെയ്മര്‍ ഉണ്ടാകും.''
''പത്താം നമ്പര്‍ നെയ്മറാണെന്ന് നീയല്ലേടി പറഞ്ഞുതന്നത്..''
അമ്മിണി പല്ലു കടിച്ചു.
''അത് ബ്രസീല്‍ ടീമിന്‍റെ കാര്യമല്ലേ ഞാന്‍ പറഞ്ഞത്. എല്ലാ ടീമിലും പത്താം നമ്പറുകാരന്‍ ഉണ്ടാകും അവരുടെയൊക്കെ പേര് നെയ്മര്‍ എന്നല്ല..''
''അവളുടെയൊരു ലോകകപ്പും ഫുട്ബോളും തേങ്ങാക്കൊല.. പത്താം ക്ളാസിലെ പരീക്ഷക്കു പോലും ഇതു പോലെ ചൊല്ലി പഠിച്ചിട്ടില്ല. എന്നിട്ടിപ്പോ പറയുന്നു വേറെയും ടീമുണ്ടെന്ന്. ഇനിയെന്‍റെ എന്‍റെ പട്ടി പഠിക്കും. . ഈ പണ്ടാരക്കളി കഴിയുന്നതുവരെ കുടുംബശ്രീക്ക് പോണില്ലാന്ന് വെക്കും. അല്ല പിന്നെ..''
അമ്മിണി നോട്ട് ബുക്ക് വലിച്ചൊരേറ് കൊടുത്തു .
മകള്‍ പകച്ച് പണ്ടാരമടങ്ങി മിഴിച്ചു നിന്നപ്പോള്‍, '' അതിനു നീ പത്താം ക്ളാസ് വരെ സ്കൂളില്‍ പോയിട്ടുണ്ടോ'' എന്നൊരു ആതമഗതവും വിഴുങ്ങിക്കൊണ്ട് വാസു പുറത്തേക്കിറങ്ങി നടന്നു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo