Slider

പുള്ളി - ഒടുക്കത്തെ സ്റ്റാറ

0
Image may contain: 1 person
അയലത്തെ വീട്ടിലെ ഗോപേട്ടൻ ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നിരിക്കുന്നു..
ഞായറാഴ്ച ടിവിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന നേരത്താണ് പെങ്ങൾ വന്നു പറഞ്ഞത്..
എല്ലാം കേട്ടു നിൽക്കണ അമ്മയുടെ മുഖത്തന്നേരം
നീ അങ്ങനെ വല്ലതും ചെയ്താലുണ്ടല്ലോ എന്നൊരു താക്കീത് ഉണ്ടായിരുന്നു..
ശ്ശെടാ തൊട്ടടുത്ത് കിടക്കണ എന്നോട് പോലും അവനൊന്നും പറഞ്ഞില്ലല്ലോ..
എന്തായാലും കാര്യമറിയാൻ ഞാൻ ഒന്നെത്തിപ്പാഞ്ഞു നോക്കി..
ബഹളമൊന്നും കേൾക്കണില്ല
അവന്റെ അമ്മ അമ്മിണിയേടത്തി അങ്ങനെ വന്നപാടെ നില വിളക്ക് കൊളുത്തി സ്വീകരിക്കണ കൂട്ടത്തിലൊന്നുമല്ലല്ലോ
എന്നിട്ടും കോലാഹലമൊന്നും കേൾക്കണില്ലല്ലോ..
അതോ ചെക്കൻ ഒരു പെണ്ണിനേയും കൂട്ടി വന്നത് കണ്ടിനി അമ്മിണിയേടത്തിയുടെ ബോധം പോയോ..
അവന്റെ അച്ഛൻ സ്കൂൾ മാഷായത് കൊണ്ട് ഇതെല്ലാം ഉൾക്കൊള്ളാനാവും അതു പോലെയല്ല അമ്മിണിയേടത്തി വെട്ടൊന്നു തുണ്ടം രണ്ട് എന്ന ടൈപ്പാ..
ആകാംക്ഷയൂറി
എന്തായാലും ഒന്ന് ചെന്നു നോക്കാം എന്ന് കരുതി അവന്റെ വീട്ടിലേക്കു നടന്നു..
എന്നെ കണ്ട പാടെ ഗോപൻ പുറത്തേക്കിറങ്ങി വന്നു പറഞ്ഞു അതേ നാളെ അവളുടെ കല്യാണമുറപ്പിക്കലായിരുന്നു ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവളെയും കൊണ്ട് ഇങ്ങോട്ട് പോന്നു..
ഞാൻ അവനോട് അതു നന്നായി എന്ന് പറയണോ എന്നാലോചിച്ചു..
വേണ്ട വീട്ടിലൊരു പെങ്ങൾ എനിക്കുമുണ്ട് അവളെയും ഇത് പോലെ ഒരുവൻ വിളിച്ചിറക്കാൻ വന്നാൽ ഓ ഓർക്കാൻ ആവില്ല..
ഞാൻ അവനോട് അച്ഛനറിഞ്ഞോ എന്ന് ചോദിച്ചു..
ഇല്ല അച്ഛൻ ഒരു കല്യാണത്തിനു പോയതാണ് വന്നിട്ടില്ലെന്നവൻ പറഞ്ഞു..
അപ്പോ ഇനി അച്ഛന്റെ ഊഴം കിടപ്പുണ്ട് എന്ന് ഞാൻ മനസ്സിലാക്കി..
ഇനി കാര്യങ്ങളെങ്ങനാ എന്ന് ഞാൻ ചോദിച്ചു തീർന്നില്ല പാട വരമ്പിലൂടെ ഒരു ഓളം പോലെ തോന്നി
ഞാനൊന്നു പാടത്തേക്കിറങ്ങി നോക്കി ഒരു കൂട്ടം നടന്നു വരുന്നുണ്ട്..
വരുന്നവരുടെ വേഗം കണ്ടപ്പോൾ തന്നെ മനസ്സിലായി അവളുടെ ആങ്ങളമാരും അച്ഛനും പടയോടെ വരുകയാണെന്ന്..
ആ വരവ് കണ്ടാൽ അറിയാം രണ്ടിനെയും ഇന്ന് കയ്യിൽ കിട്ടിയാൽ വെച്ചേക്കില്ല എന്ന്..
ഞാൻ അവനോട് അവളെയും കൂട്ടി മുറിയിൽ കയറി വാതിലടക്കാൻ പറഞ്ഞു..
അന്നേരം അമ്മിണിയേടത്തി പുറത്തേക്ക് വന്നു
കരഞ്ഞു തളർന്നതെല്ലാം മുഖത്ത് കാണാനുണ്ട്..
വീടിന്റെ മുമ്പിൽ നിൽക്കണ എന്നെ കണ്ട് അവളുടെ ആങ്ങള വന്നെന്റെ നെഞ്ചിൽ കുത്തി പിടിച്ചൊരു ചോദ്യം '' എവിടെട അവരെന്ന്..
പെണ്ണിനെ ഇറക്കി കൊണ്ടു വന്ന അവന്റെ നെഞ്ചിൽ കുത്തി പിടിക്കാൻ വന്നവരുടെ മുമ്പിൽ അകപ്പെട്ട ഞാൻ കിടന്നു പമ്മി..
അതിനിടക്കാണ് എല്ലാവരും ഞെട്ടുമാറ് അമ്മിണിയേടത്തി അലറി ചോദിച്ചത് ആർക്കാട അവനെ വേണ്ടതെന്ന്..
എന്റെ കഴുത്തിലെ പിടി മെല്ലെ അഴഞ്ഞു
ഞാനൊന്നു ശ്വാസം വിട്ട് പറഞ്ഞു നമുക്ക് എല്ലാറ്റിനും ഒരു പരിഹാരമുണ്ടാക്കാം എന്ന്..
അതു കേട്ടതും അവളുടെ അച്ഛനെന്നെ ഇനി വല്ലതും മിണ്ടിയാൽ വെച്ചേക്കില്ല എന്ന മട്ടിൽ എന്നെ നോക്കി..
ഞാൻ പിന്നെ അനങ്ങിയില്ല..
അപ്പോഴേക്കും ചുറ്റു വട്ടക്കാരും കുടുംബക്കാരും ഓടിയെത്തിയിരുന്നു..
പിന്നെ കയ്യാം കളിയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് അവന്റെ അച്ഛൻ എല്ലാം അറിഞ്ഞ് അവിടെ എത്തിയത്..
വന്നവരുടെ മുമ്പിൽ നിന്ന് അദ്ദേഹം പറഞ്ഞു എന്റെ മകൻ അങ്ങനെ ആരേലും വിളിച്ചോണ്ട് വന്നിട്ടുണ്ടെങ്കിൽ അവനവളെ പൊന്നു പോലെ നോക്കും..
അതിനുള്ള ജോലിയും കൂലിയും മനസ്സും അവനുണ്ട് എന്ന്..
അതു കേട്ടതും ഞാൻ കോരിത്തരിച്ചു പോയി..
അപ്പോഴാണ് എന്റെ അച്ഛന്റെ വാക്കുകൾ ഓർമ്മ വന്നത്
'' വല്ലവളെയും വിളിച്ചോണ്ട് വന്നാൽ പിന്നെ നീ ഈ വീട്ടിലുണ്ടാവില്ല എന്ന്..
എന്റെ അച്ഛന്‍ ഇവിടെ എവിടെയുമില്ലേ ഇതൊന്നു കേട്ടു പഠിക്കാൻ ഞാൻ ചുറ്റിലും നോക്കി..
അമ്മ അന്തം വിട്ട് എല്ലാം കണ്ട് കൊണ്ടങ്ങനെ നിൽക്കുന്നത് ഞാൻ കണ്ടു..
ഇത് മതി ഇനി അമ്മയുടെ സൂക്ഷ്മ നിരീക്ഷണങ്ങൾ എന്നിലേക്ക് നീളാനെന്ന് ഞാനുറപ്പിച്ചു..
അവന്റെ അച്ഛന്റെ വാക്കുകൾ കേട്ടതോടെ വന്നവരുടെ നാവ് പിന്നെ പൊങ്ങിയില്ല..
ഇറങ്ങാൻ നേരം അവരെ വിളിച്ചു എന്നിട്ട് പറഞ്ഞു നാട്ടു നടപ്പ് പോലെ ഈ കല്യാണം അങ്ങോട്ട് നടത്തിക്കൂടെ..
അവന്റെ കുടുംബക്കാരെല്ലാം അവരെ പിടിച്ചു നിർത്തി
അവർ നിന്നു..
അതു വരെ അച്ഛന്റെ ഉപദേശം സഹിക്കാനാവില്ല എന്ന് പറഞ്ഞിരുന്ന അവൻ നിറ കണ്ണുകളോടെ അച്ഛന്റെ കാലുകളിലേക്ക് വീണു..
കൂട്ടത്തിൽ അവളും അച്ഛന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി..
രണ്ടു പേരെയും ചേർത്ത് പിടിച്ചവന്റെ അച്ഛൻ പറഞ്ഞു..
ഞാൻ നിനക്ക് വേണ്ടി വാദിച്ചെങ്കിലും അവളും ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ്..
നെഞ്ചു പൊട്ടി പോകും മക്കൾ നഷ്ടപ്പെടുമ്പോൾ അച്ഛനും അമ്മയ്ക്കും..
അവരുടെ ആ ശാപമൊക്കൊ എവിടെ കൊണ്ട് പോയി വെക്കും നിങ്ങൾ..
മാഷിന്റെ വാക്കുകൾ കേട്ടതോടെ അവൾ പൊട്ടി കരഞ്ഞു
അവളുടെ അച്ഛൻ അവളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു നീ പോയതറിഞ്ഞ് ബോധം കെട്ടു വീണതാണ് നിന്റെ അമ്മ
ബോധം വീണ്ടുകിട്ടിയപ്പോൾ നിന്നെ കാണണമെന്ന് പറഞ്ഞേറെ കരഞ്ഞു ഇപ്പൊ നിന്നെ കാത്തിരിക്കുകയാണ് വീട്ടിൽ..
ആ വാക്കുകൾ കേട്ടപ്പോൾ ഒരു വിങ്ങൽ എനിക്കും വന്നു..
അവളെ അവരോടൊപ്പം അയക്കാൻ ഗോപൻ സമ്മതിച്ചില്ല
അവളെ നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാകണം അവനും അവളോടൊപ്പം അവളുടെ വീട്ടിലേക്ക് തിരിച്ചത്..
എല്ലാം ശാന്തമായപ്പോൾ ഞാൻ വീട്ടിലേക്ക് നടന്നു
അച്ഛന്റെ വരവും കാത്ത് ഉമ്മറത്തിരിക്കണ അമ്മയുടെ മുഖത്ത് ഒരു വാട്ടം ഞാൻ കണ്ടു..
ഇതെല്ലാം കണ്ട് ഓരോന്നു അമ്മയും ഓർത്തു കൂട്ടിക്കാണും എന്ന് മനസ്സിലായി..
അച്ഛൻ വന്നപ്പോൾ അമ്മ കാര്യങ്ങളെല്ലാം ദ്രുതഗതിയിൽ അവതരിപ്പിച്ചു..
അപ്പോഴാണ് മാഷ് വീട്ടിലേക്ക് കയറി വന്നത്
വന്ന പാടെ അച്ഛനോട് ചോദിച്ചു കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ എന്ന്..
ആ അറിഞ്ഞു മാഷിരി എന്ന് പറഞ്ഞച്ഛൻ കസേര നീക്കി വെച്ചു കൊടുത്തു..
മാഷ് ഉള്ളിലെ സങ്കടം നിരത്തുമ്പോൾ അച്ഛൻ ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചു
നമ്മൾ അധികമൊന്നും ആഗ്രഹിക്കരുതെടോ കാരണം
മക്കൾ നമ്മളെക്കാൾ വളരുന്നത് നമ്മൾ അറിയില്ലെടോ..
അതും പറഞ്ഞ് മാഷിറങ്ങുമ്പോൾ അച്ഛനും എന്തോ ഒരു വിഷമം തോന്നിയിരുന്നു..
അവനറിയാത്ത അവന്റെ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്കും തോന്നി അച്ഛൻ അമ്മ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതാണ് പുണ്യമെന്ന്..
ഗോപനെ പോലെ ഞാനും ആരെയെങ്കിലും വിളിച്ചോണ്ട് വന്നാലോ എന്ന് കരുതിയാണോ
എന്റെ പോക്ക് കണ്ടാണോ എന്നറിയില്ല...
എന്റെ കല്യാണം നടത്താനുള്ള തീരുമാനം അമ്മയാണ് ഇന്നറിയിച്ചത്..
ഒന്നു മാത്രം മനസ്സിലായി
ഗോപൻ അവനൊരുവളെ വിളിച്ചോണ്ട് വന്നപ്പോഴാണ് അയലത്തൊക്കൊയുള്ള ചെക്കൻമാർക്ക് കെട്ടുപ്രായമായെന്ന് വീട്ടിലുള്ളവർ അറിയാൻ തുടങ്ങിയതെന്ന്.
ഗോപനങ്ങനെ മൊത്തം സ്റ്റാറായി നിൽക്കുമ്പോൾ ഒരു ചിരി ഉള്ളിൽ വരാതെ ഇരുന്നില്ല..
എ കെ സി അലി
ഫോട്ടോ കടപ്പാട് wedding photography
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo