
നിങ്ങളെപ്പോലുള്ള ഏഴുപേർ ഈ ഭൂമിയിൽ എവിടെയൊക്കെയോ ജീവിക്കുന്നുണ്ടെന്നും നിങ്ങളുടെ ജീവിത കാലത്തു അതിലൊരാളെയെങ്കിലും കണ്ടു മുട്ടുമെന്നും ആളുകൾ പറയുന്നത് കേൾക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനമോ നിജസ്ഥിതിയോ ഒന്നും അറിയില്ല.
പക്ഷെ, രണ്ടു കയ്യും വേഗത്തിൽ വീശി എപ്പോളും ഗൗരവത്തിൽ നടക്കുന്ന നാട്ടുകാരനായ നാണുവേട്ടനെ ഞാൻ ഇവിടെ ഒരു ബംഗ്ലാദേശ് സ്വദേശിയിൽ കണ്ടു. കുടവയറും ചെരിഞ്ഞ മുഖവുമുള്ള മൂസാക്കയെ യു.പി ക്കാരനിൽ, തല ഇടയ്ക്കിടെ വെട്ടിച്ചു ചിരിക്കുന്ന സുഹൃത്ത് സന്തോഷിനെ ഒരു ശ്രീലങ്കൻ സിംഹള വംശജനിൽ, കൂടെ പഠിച്ച തടിയൻ അജീഷിനെ ഒരു അറബിയിൽ, അയൽവാസി ലീനയെ നമ്മുടെ ഫിലിപ്പിനോ സെക്രട്ടറിയിൽ.
ഇങ്ങിനെയുള്ള ആളുകളെ കണ്ടാൽ അവരുടെ സംസാരവും ശരീര ഭാഷയുമൊക്കെ ഒന്ന് ഒളിഞ്ഞു നിന്ന് ശ്രദ്ധിക്കാനുള്ള വല്ലാത്തൊരു 'അസ്കിത' എനിക്കുണ്ടാവും. ഒരിക്കൽ ബീച്ചിലൂടെ നടക്കുമ്പോൾ പെട്ടെന്ന് എന്റെ ശ്രദ്ധ ഓരോ ചുവടും മനോഹരമായി വെച്ച് നീങ്ങുന്നൊരു അഫ്ഗാൻ പഠാണിൽ ഉടക്കി. നല്ല പരിചയമുള്ള മുഖം. ഹ...പിടി കിട്ടി. ഞങ്ങളുടെ സുന്ദരക്കള്ളൻ അസീം.. വേഗം നടന്നു പഠാണിയുടെ കൂടെ എത്തി. അയാളോടൊന്നു തലപ്പാവ് അഴിക്കുമോന്ന് ചോദിച്ചു.
"ക്യാ തും പാഗൽ ഹെ" - അയാൾ ചോദിച്ചത് ശരിയാ - ഇത് ഒരുതരം ഭട്ട് ല്ലേ ?
അയാൾ അങ്ങിനെ പറഞ്ഞെങ്കിലും തലപ്പാവ് അഴിച്ചു. അതാ എന്റെ മുന്നിൽ സാക്ഷാൽ സുന്ദരക്കള്ളൻ അസീം. എനിക്ക് ചിരി അടക്കാനായില്ല...പഠാണിയോട് വിവരം പറഞ്ഞപ്പോൾ അയാൾ അലറിച്ചിരിച്ചു :
"തും ബിൽകുൽ പാഗൽ ഹെ"
പക്ഷെ, മറ്റൊരു കൗതകമുള്ള കാര്യം എന്തെന്നാൽ ഈ രൂപ സാദൃശ്യമുള്ളവർ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒക്കെ പലപ്പോഴും ഇരു ദ്രുവങ്ങളിയായിരിക്കും. തിരിച്ച്, രൂപത്തിൽ ഒരു ബന്ധവുമില്ലാത്തവർ പെരുമാറ്റവും സ്വഭാവവും കൊണ്ട് നമ്മെ പലരെയും ഓർമ്മിപ്പിക്കാറുമുണ്ട്.
അപ്പോൾ ഞാൻ ആലോചിച്ചത് മനുഷ്യനെ കുറിച്ചാണ്. എന്തൊരു നിഗൂഢ സൃഷ്ടിയാണത് ! എന്നാൽ നക്ഷത്രങ്ങളുള്ള രാത്രിയിൽ കണ്ണൊന്നു വെറുതെ ആകാശത്തേക്ക് പായിച്ചാൽ മനസ്സിലാവും അവനെത്ര നിസ്സാരനാണെന്നും.
അപ്പോൾ ഞാൻ ആലോചിച്ചത് മനുഷ്യനെ കുറിച്ചാണ്. എന്തൊരു നിഗൂഢ സൃഷ്ടിയാണത് ! എന്നാൽ നക്ഷത്രങ്ങളുള്ള രാത്രിയിൽ കണ്ണൊന്നു വെറുതെ ആകാശത്തേക്ക് പായിച്ചാൽ മനസ്സിലാവും അവനെത്ര നിസ്സാരനാണെന്നും.
അപ്പൊ..എന്താ പറഞ്ഞത്? അതെ...ഇനി പുറത്തിറങ്ങുമ്പോൾ ഒരു മനക്കണ്ണാടി കൂടി കണ്ണിൽ വെക്കണം...നിങ്ങളെപ്പോലെയുള്ള ഒരാൾ എവിടെയെങ്കിലും ഇല്ലാതിരിക്കില്ല, അല്ലെ? കണ്ടു കിട്ടിയാൽ വിവരം പറയുമല്ലോ ?!
(ഹാരിസ്)
(ഹാരിസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക