Slider

സങ്കടസ്മരണയിൽ

0
Image may contain: 1 person

(നെരൂദയുടെ to night i can write The Saddest Lines എന്ന കവിതയുടെ മൊഴി മാറ്റം)
എഴുതുമീ രാത്രി ഞാൻ ദു:ഖപൂർണ്ണമാം
വരികൾ, പൊട്ടിച്ചിതറിയ രാത്രിയും -
വിറയൽ മാറാതെ നക്ഷത്ര ജാലവും
അതിവിദൂരത്തിലെന്ന പോൽ;മാനത്ത്
പതിയെ പാടിക്കറങ്ങുന്ന രാക്കാറ്റി -
ലലിയവേ സാദ്ധ്യമാണെനിക്കിത്രയും ..
അവളെ ഞാൻ പ്രണയിച്ചു, പലപ്പൊഴും
തിരികെയെന്നെയും സ്നേഹിച്ചിരുന്നവൾ
നിശയിലുന്മാദബാധയാലെത്രയോ
തവണ ഗാഢം പുണർന്നു ചുംബിക്കവേ
പരിധിയില്ലാത്തൊരാകാശമേൽക്കൂര
പ്രണയഭംഗിക്ക് കാവൽ നിന്നീലയോ?
അവളു സ്നേഹിച്ചിരുന്നെന്നെ ഞാനുമാ-
നയനഭംഗി വെറുക്കുന്നതെങ്ങനെ?
എഴുതണം ഞാൻ വിഷാദസന്തപ്തമാം
വരികളീ രാത്രി, നഷ്ട സ്മരണയിൽ..
അവളെ നഷ്ടമായെന്നുള്ള തോന്നലാൽ,
അവളെ നേടിയില്ലെന്നുള്ള വ്യാധിയാൽ.
ഇരുളൊടുങ്ങാത്ത രാത്രിയിലേകാന്ത -
വഴിയിലാനഷ്ടശബ്ദം ശ്രവിക്കവേ
കവിതയുള്ളിൽപ്പൊഴിയുന്നു തുള്ളിയായ്
ചെറുതുഷാരങ്ങൾ പുൽമേട്ടിലെന്ന പോൽ
ഒരു വിധത്തിലും സാധിച്ചതില്ലയാ-
പ്രണയസൂനത്തെയെൻ സ്വന്തമാക്കുവാൻ
തകരുമീ രാവിലെൻ കൂടെയില്ലവൾ
അകലെയാരോ മുറിഞ്ഞു പാടുന്നുവോ
ഹൃദയമസ്വസ്ഥമാവുന്നു മേൽക്കുമേൽ ..
അവളെ നോക്കിയിരിക്കുന്നു കാഴ്ചയും
ഹൃദയവും പക്ഷെയില്ലവളെങ്ങുമേ..
നിറനിലാവിൽക്കുതിർന്നൊരാ രാത്രിയും
ഇലമരങ്ങളുമന്നത്തെയെന്നപോൽ
അവയറിയില്ലയിന്നത്തെ നമ്മളെ
വളരെ വേഗം മറന്നു നാം നമ്മളെ !
പ്രണയമില്ലിനിയൊട്ടും അവൾക്കു മേ-
ലറിക, എത്രയോ സ്നേഹിച്ചതാണു ഞാൻ
ചെറുകുളിർ കാറ്റു തേടുന്നു നോവുന്ന -
പ്രണയനാദങ്ങൾ നിന്നിലേക്കെത്തുവാൻ
അപരനാ സ്വപ്നഭംഗിയിലുമ്മകൾ -
പൊതിയു,മെൻ ചുണ്ടു വിങ്ങുന്നു നിഷ്ഫലം
മൃദുശരീരം, സ്വരം, നീണ്ട കണ്ണുകൾ
അരുത്, സ്നേഹിക്കുവാനിനി നിശ്ചയം
ഒരു നൊടി മതി സ്നേഹിച്ചിടാൻ, മറ -
ന്നകലുവാനെത്ര ദൂരം ചരിക്കണം?
ഇനി വരും നാളിലൊന്നിൽ ചിലപ്പൊഴെൻ -
മനസു വീണ്ടും പ്രണയാർദ്രമായിടാം
വ്യഥിത രാത്രിയിലാത്മാവു പൊള്ളുന്ന -
വ്രണമടക്കിപ്പിടിച്ചു പുണർന്നതിൻ
സ്മരണ വീണ്ടുമുയിർത്തെഴുന്നേൽക്കയോ?
അവയിൽ നൊമ്പരം പൂത്തു നിൽക്കുന്നുവോ?
ഇനി സഹിക്കേണ്ടതില്ലവൾ നൽകുന്ന
മുറിവിതാഴത്തിനോളം പിളർക്കയാൽ
എഴുതുവാനില്ല കാവ്യം പരസ്പരം
മറവി യാചിച്ചു പൊട്ടിത്തെറിക്കയാൽ ...
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo