
സ്കൂൾ ബസിൽ നിന്നിറങ്ങി, റോഡിൽ നിന്നും അമ്പത് മീറ്റർ ഉള്ളിലേയ്ക്ക് മാറിയുള്ള സ്വന്തം വീട്ടിലേക്ക് നടന്നു വരികയായിരുന്നു പത്തു വയസ്സുകാരൻ ഗോകുൽ.
നടക്കുകയാണെങ്കിലും, അവന്റെ മനസ്സു നിറയെ നാളെ കൊണ്ടു ചെല്ലേണ്ട പ്രൊജക്ടിനെക്കുറിച്ചുള്ള ആലോചനയിലാണ്.
കളിമൺ കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും ശില്പം , കളിമണ്ണ് കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവർ മണ്ണ് നല്ല കട്ടിയിൽ കുഴച്ച് ഉണ്ടാക്കിയ ശില്പം ആയാലും മതി , അത് ഉടയാതെ കാർഡ് ബോർഡ് പെട്ടിയിലോ, മറ്റോ കൊണ്ടുവരണം എന്നാണ് അവന്റെ അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ ആയ, ഗീത മിസ് പറഞ്ഞിരിക്കുന്നത്.
വീടിനടുത്തോ, വരുന്ന വഴിയിലോ കണ്ടങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് കളിമണ്ണ് കിട്ടാൻ വഴിയില്ല. പറമ്പിൽ നിന്നും, മണ്ണ് കിളച്ച് , ചരലുകൾ മാറ്റി കുഴച്ചെടുത്ത് ശില്പം ഉണ്ടാക്കേണ്ടി
വരും....
വരും....
ഈ വക കാര്യങ്ങളെല്ലാം ആലോചി ച്ചാലോചിച്ച് , എന്ത് ശില്പമാണ് ഉണ്ടാക്കേണ്ടതെന്ന് ചിന്ത കടന്നു വന്നപ്പോഴേക്കും അവൻ വീടിനു മുമ്പിൽ എത്തി. വീടിന്റെ മുൻവശത്ത് തന്നെ കാത്ത് നില്ക്കേണ്ട അമ്മയെ, അവിടെ യെങ്ങും കാണാത്തതിനാൽ അവന് ദേഷ്യം വന്നു.,
' എത്ര പ്രാവശ്യമായി അമ്മയോട് പറയുന്നു, ഞാൻ വരുന്ന നേരത്ത് അമ്മ വാതിലും തുറന്ന് തന്നെ കാത്തിരിക്കണമെന്ന്. ഇന്ന് രാവിലെ സ്കൂളിലേയ്ക്ക് പോകാൻ നേരത്ത് ഞാൻ അമ്മയെ ഓർമ്മിപ്പിച്ചതാണ്. എന്നിട്ടും ...'
ഗോകുൽ ദേഷ്യത്തോടെ, വീടിന്റെ കോളിംഗ് ബെല്ലിൽ ആഞ്ഞടിച്ചു.
അടുക്കളയിൽ അരിമാവ് കുഴച്ച്, വാഴയിലയിൽ പരത്തി, തേങ്ങയും ശർക്കരയും ചേർത്ത മിശ്രിതം അതിനു മുകളിൽ വിതറിയിടുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുമ്പോ ഴായിരുന്നു കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം അനിത കേട്ടത്.
' അയ്യോ....! മോൻ സ്കൂളിൽ നിന്ന് വന്നെന്നു തോന്നുന്നു ...ശ്ശൊ... ഇനി ചെറുക്കൻ മുഖം വീർപ്പിക്കുമല്ലോ....'
എന്ന് പിറുപിറുത്തുകൊണ്ട്, വേഗം കൈ കഴുകി, തന്റെ ഉടുപ്പിന്റെ അറ്റത്ത്, കൈ തുടച്ചതിനു ശേഷം , അവൾ വാതിൽ തുറക്കാൻ ഓടി.
വാതിൽ തുറന്നപ്പോൾ, പ്രതീക്ഷിച്ചപ്പോലെ , മുഖം വീർപ്പിച്ചു നില്ക്കുകയാണ് ഗോകുൽ.
'അയ്യോടാ.... ചക്കരക്കുട്ടാ... ' എന്നു വിളിച്ച് അനിത അവന്റെ മൂർദ്ധാവിൽ ഉമ്മ വയ്ക്കാൻ ശ്രമിച്ചപ്പോൾ , അവൻ അമ്മയെ ചെറുതായി തള്ളിമാറ്റിക്കൊണ്ട് , വീടിനകത്തേയ്ക്ക് കയറി.
'എടാ.... എന്നോട് പിണക്കാണോടാ ....' എന്ന് ചോദിച്ചു കൊണ്ട്, അനിത മകന്റെ പിന്നാലെ ചെന്നു.
അവൻ തിരിഞ്ഞ് അമ്മയെ നോക്കിയിട്ട്, ചുമൽ വെട്ടിച്ചു കൊണ്ട് , ബാഗ് എടുത്തു വയ്ക്കാനും, യൂണിഫോം മാറാനും പോയി.
" എന്നാ.... പിന്നെ ... കൊണ്ട് നടക്ക് ...'' എന്ന് പറഞ്ഞ് , അവനു നേരെ ചിറി കോട്ടിയും, കൈക്കൊണ്ട് ആക്ഷൻ കാണിച്ചും കൊണ്ട്, അവൾ അടുക്കളയിലേയ്ക്ക് പോയി, അവിടെ ചെയ്തതിന്റെ ബാക്കി പണി വീണ്ടും ചെയ്യാനാരംഭിച്ചു .
വാഴയിലയിൽ പരത്തി വച്ചിരിക്കുന്ന അടയെല്ലാം ആവി കേറ്റാൻ അപ്പച്ചെമ്പിൽ ഇറയ്ക്കി വച്ചതിനു ശേഷം, അവൾ സ്റ്റൗ ഓണാക്കി . പിന്നെ മകന്റെ പിണക്കം മാറ്റാൻ അനിത, മകന്റെ അടുത്തേയ്ക്ക് ചെന്നു.
അപ്പോഴേക്കും , അവൻ യൂണിഫോം മാറ്റിക്കഴിഞ്ഞിരുന്നു. അനിത വന്നു നോക്കുമ്പോൾ ഗോകുൽ സോഫയിൽ ചാരിക്കിടന്ന് ഗഹനമായ ചിന്തയിൽ മുഴുകിയിരിക്കുകയാണ്.
അവൾ അവന്റെ അടുത്തേയ്ക്ക് ചെന്നു. അവൻ കിടക്കുന്ന സോഫയുടെ അരികിൽ ഇരുന്ന്, അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു,
'സോറി ടാ.... മോന് ഇഷ്ടമുള്ള 'ഇലയട ' ഉണ്ടാക്കുവായിരുന്നെടാ ... സമയം പോയത് അറിഞ്ഞില്ല. അതു കൊണ്ടല്ലേ ... നാളെ , അമ്മ , മോൻ വരുമ്പോഴേക്കും മുൻവശത്തു തന്നെയുണ്ടാകും. ഉറപ്പ്.'' അവൾ അവന്റെ കൈയ്യിൽ പിടിച്ച് സത്യം ചെയ്തു.
'ങ്ഹാ... ശരി അമ്മേ... 'അവൻ ഉദാസീനതയോടെ മറുപടി പറഞ്ഞു.
'എന്നിട്ടെന്താടാ നിന്റെ മുഖത്തിന് ഒരു തെളിച്ചമില്ലാത്തെ ...? വന്നപ്പത്തൊട്ട് നീ വേറേതോ ചിന്തയിലാണല്ലോടാ...ഇനി ക്ലാസിൽ വല്ല പ്രശ്നവും ഉണ്ടാവുകയോ മറ്റോ ഉണ്ടോ ...? ' അവൾ ചോദിച്ചു.
'ഒന്നൂല്ല... അമ്മേ... ഗീത മിസ് ,ഞങ്ങൾക്ക് ഒരു പ്രൊജക്ട് ചെയ്തു കൊണ്ടു വരുവാൻ പറഞ്ഞിട്ടുണ്ട്. '
'എന്നു വച്ചാൽ...... ?' അനിത ചോദിച്ചു .
ഗോകുൽ തുടർന്നു,
'എന്നു വച്ചാൽ, നാളെ ഒരു ശില്പം ഉണ്ടാക്കി കൊണ്ടു ചെല്ലാൻ പറഞ്ഞു. കളിമണ്ണോ , അതില്ലെങ്കിൽ ചെളിമണ്ണ് കൊണ്ടുള്ളതോ ആയാലും മതി. എന്തു ശില്പമാണ് ഉണ്ടാക്കേണ്ടത് എന്ന് ആലോചിക്കുകയാണ് ഞാൻ. അല്ലാ.... അമ്മയ്ക്കറിയോ ശില്പം ഉണ്ടാക്കാൻ....'
അവൻ പ്രതീക്ഷയോടെ അമ്മയോട് ചോദിച്ചു.
''പിന്നേ ടാ... അമ്മേടെ ചെറുപ്പത്തിൽ, ചിരട്ടയിൽ മണ്ണ് വാരി നിറച്ച് ,അത് കമഴ്ത്തി അപ്പം ഉണ്ടാക്കാനല്ലാതെ , വേറൊന്നും ഉണ്ടാക്കാൻ അമ്മയ്ക്കറിയില്ലെടാ.... ങ്ഹാ.. അതൊക്കെയൊരു കാലം.
അവൾ തന്റെ ഫ്ളാഷ്ബാക്ക് ഓർത്ത്, നെടുതായി നിശ്വസിച്ചു കൊണ്ട് തുടർന്നു,
വല്ല ഗോതമ്പു പൊടി കൊണ്ടാണ് ശില്പം ഉണ്ടാക്കാൻ പറഞ്ഞതെങ്കിൽ, നമുക്ക് വല്ല ഭൂപടത്തിന്റെ മാതൃകയിൽ ചപ്പാത്തിയോ, കൊഴുക്കട്ടയോ ഉണ്ടാക്കാമായിരുന്നു.''
ഒന്നു പോ അമ്മേ.... എന്നവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
''ങ്ഹാ.... ഇപ്പഴാ ഓർത്തത് അട വെന്തു കാണും. നീയൊന്നു കൈയും, മുഖവും കഴുകി റെഡിയായിട്ടിരിക്ക്. അപ്പോഴേക്കും, ചായയും അടയും വെച്ചേക്കാം... '' എന്നു പറഞ്ഞു കൊണ്ടവൾ വേഗം അടുക്കളയിലേയ്ക്ക് പോയി.
'ഇനിയിപ്പം എന്തു ചെയ്യും...?' ഗോകുൽ ചിന്താമഗ്നനായി.
ങ്ഹാ... എന്തായാലും അട തിന്നുകഴി ഞ്ഞിട്ടാകാം ബാക്കി കാര്യങ്ങൾ.. എന്നവൻ പിറുപിറുത്തു കൊണ്ട് , ഊണുമുറിയി ലേയ്ക്ക് പോയി.
പിന്നീട്,
ഗോകുൽ പറമ്പിൽ നിന്നും ഒരു പ്ളാസ്റ്റിക് കവറിൽ മണ്ണു ചുമന്നുകൊണ്ടുവന്ന്, വീടിന്റെ മുറ്റത്തിട്ട് , വലിയതും, ഇടത്തരവുമായ കല്ലുകൾ പെറുക്കി മാറ്റിയിട്ട്, തൊട്ടടുത്ത് വച്ചിരിക്കുന്ന കപ്പിലെ വെള്ളം എടുത്ത് കുറെശ്ശേ ... കുറേശ്ശെ... ഒഴിച്ച് മണ്ണ് കുഴയ്ക്കാൻ തുടങ്ങി.
പിന്നെ അവൻ ശില്പങ്ങളുണ്ടാക്കാൻ ശ്രമം ആരംഭിച്ചു. മനുഷ്യന്റെ, പട്ടിയുടെ, പാണ്ടയുടെ , അങ്ങനെ മനസ്സിൽ തെളിഞ്ഞു വന്ന പല രൂപങ്ങളും ഉണ്ടാക്കി നോക്കിയെങ്കിലും, അതെല്ലാം പൂർണ്ണരൂപത്തിലാകുന്നതിനു മുമ്പ് തന്നെ ഉടഞ്ഞുപോയ്ക്കൊണ്ടിരുന്നു.
കുറേ ശ്രമിച്ചിട്ടും, ശരിയാകുന്നില്ല എന്ന് കണ്ടപ്പോൾ, നാളെ തന്റെ കാര്യം എന്താകുമെന്നും, കൂട്ടുകാർ മികച്ചത് ഉണ്ടാക്കിക്കൊണ്ടുവന്ന് ക്ലാസിൽ ഷൈൻ ചെയ്യുമല്ലോ എന്നോർത്തുകൊണ്ടും ഗോകുൽ കുറച്ചു നേരം വിഷണ്ണനായി ഇരുന്നു.
പെട്ടെന്ന് അവന് ഐഡിയ കിട്ടി . എന്തെങ്കിലും ശില്പമല്ലേ മിസ് ആവശ്യപ്പെട്ടത്. അതെ .. അതു തന്നെ.
അവൻ ഒട്ടും സമയം കളയാതെ ശില്പമുണ്ടാക്കാൻ ആരംഭിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ, ഉണ്ടാക്കി ക്കഴിഞ്ഞ ശില്പം , സ്കൂളിൽ കൊണ്ടു പോകാനായി, ഭദ്രമായി ഒരു പ്ളാസ്റ്റിക് കവറിലാക്കി വച്ചു.
പിറ്റേന്ന്, ക്ലാസിൽ വച്ച്, ഗീത മിസ്, കുട്ടികളോട് ചോദിച്ചു.
''ഞാൻ ഇന്നലെ ഒരു പ്രൊജക്ട് ചെയ്യാൻ പറഞ്ഞിരുന്നില്ലേ... അത് എല്ലാവരും ചെയ്തു കൊണ്ടുവന്നോ?''
''ഉവ്വ് മിസ് ...'' കുട്ടികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു.
''എന്നാൽ കാണിക്കൂ....''
എല്ലാവരും തങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന ശില്പങ്ങൾ മിസ് - നെ കാണിക്കാൻ ആരംഭിച്ചു.
ഗോകുലിന്റെ ഊഴം എത്തിയപ്പോൾ, മിസ് അവനോട് ചോദിച്ചു,
'എവിടെയാണ് ഗോകുൽ ശില്പം?'
'ങ്ഹാ ... ഞാൻ കൊണ്ടു വന്നിട്ടുണ്ട്... മിസ് .. ' എന്നു പറഞ്ഞു, കവറിൽ നിന്നും, ഒരു പ്ലാസ്റ്റിക് പാത്രം പുറത്തെടുത്തു.
'മിസ്... ഞാൻ ഒരു സംശയം ചോദിക്കട്ടെ?'
ഗോകുൽ ചോദിച്ചു.
ഗോകുൽ ചോദിച്ചു.
'ങ്ഹാ... ചോദിച്ചോളൂ...'
എന്തെങ്കിലും ശില്പം മതിയെന്നല്ലേ മിസ് പറഞ്ഞത്..?
അതേ ... നീയെന്തു ശില്പമാണ് ഉണ്ടാക്കിയത് എന്നു കാണിക്കൂ....
അവൻ ശ്രദ്ധാപൂർവ്വം പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടി തുറന്നു.
ഇതെന്താണ്....? മിസ് ഗോകുലിനോട് ചോദിച്ചു.
ഇത്... ഇത്.... മണ്ണു കൊണ്ടുണ്ടാക്കിയ
'കേക്കാ'ണ് മിസ്.
സുമി ആൽഫസ്.
*****************
*****************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക