Slider

കലികാലം

0
Image may contain: 1 person, tree and outdoor

മുന്നിൽ വന്നിരുന്ന പെൺകുട്ടിയെ ഞാനൊന്ന് സൂക്ഷിച്ച് നോക്കി.
നല്ല വണ്ണവും ഇരുപതിന് മുകളിൽ പ്രായവുമുണ്ട്.
മുഖത്ത് വല്ലാത്ത ടെൻഷൻ......
ഒന്ന് സൗമ്യമായി പുഞ്ചിരിച്ച് ഞാനവളോട് പേര് ചോദിച്ചു ;
അവൾ പേര് പറഞ്ഞില്ല പകരം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി
"എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ഒരു തവണ ഗർഭിണി ആയെങ്കിലും അത് പോയി. മൂന്ന് മാസം മുൻപ് ഞങ്ങൾ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. എനിക്ക് തൈറോയ്ഡ് ന്റെ പ്രശ്നമുണ്ടെന്നു പറഞ്ഞു. സ്കാൻ ചെയ്തു. സിസ്ററ് ഉണ്ടെന്നാ പറഞ്ഞത് "
ഒന്ന് നിർത്തി അവളെന്റെ മുഖത്തേക്ക് നോക്കി.
"പറഞ്ഞോളൂ " ഞാൻ പ്രോത്സാഹിപ്പിച്ചു.
രോഗികൾ പല തരത്തിലാണ്.
ചിലർ ആ ക്ലാസ്സിക്കൽ രീതിയിൽ പേര് വയസ് അഡ്രെസ്സ് പിന്നെ, ആദ്യമായി കണ്ട രോഗ ലക്ഷണം, ചെയ്ത ടെസ്റ്റുകൾ, ചികിത്സകൾ, ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ എല്ലാം കൃത്യമായി അവതരിപ്പിക്കും.
ചിലർ ജ്യോത്സ്യന്റെ മുന്നിലിരിക്കുന്ന ഭാവത്തിലാണ്. ചെറിയൊരു സൂചന തന്നിട്ട് ബാക്കി നമ്മൾ പറയാൻ കാത്തിരിക്കും.
ചിലർ ഒന്ന് കാലുളിക്കിയ കാര്യം പറയുന്നതിന് മുന്നോടിയായി മകളെ കെട്ടിച്ച വീട്ടിൽ പോയപ്പോ വഴിക്കു വച്ച് അമ്മാച്ചന്റെ നാത്തൂന്റെ വകയിലൊരു പേരമ്മ വയ്യാണ്ട് കിടക്കുന്നത് കാണാൻ തോമാച്ചന്റെ പഴകടേന്ന് മൂന്ന് കിലോ ഏത്തപ്പഴം വാങ്ങിച്ചോണ്ടിറങ്ങിയപ്പം പടിയേൽ കിടന്ന മാറ്റിൽ ചെരിപ്പുടക്കിയപ്പോ വീഴാതിരിക്കാൻ അടുത്ത് നിന്ന കൊച്ചിനെ പിടിച്ചെങ്കിലും കാലങ്ങ് തെന്നി..... ഈ മട്ടിൽ നമ്മളെ ഒരു സിനിമ കാണിക്കും.
ഞാൻ ഒരുപാട് തിരക്കില്ലെങ്കിൽ അവരെ അവരുടെ ഇഷ്ടത്തിന് പറയാൻ വിടും. അവർക്കത് വലിയൊരു ആശ്വാസമാണ് എന്നറിയാവുന്നതു കൊണ്ട്.
ആ പെൺകുട്ടി തുടർന്നു.
"ഡോക്ടർ രണ്ട് ഗുളികകൾ തന്നു. ഒന്ന് തൈറോയ്ഡ് ശരിയാകാനും പിന്നൊന്ന് സിസ്ററ് നും. തൈറോയ്ഡ് ന്റെ ഞാൻ കഴിക്കുന്നുണ്ട്. മറ്റത് ഒരു ബോട്ടിൽ കഴിച്ചു നിർത്തി. അത് ആയുർവ്വേദം ആണെന്ന് ഡോക്ടർ പറഞ്ഞാരുന്നു. എന്നാലും സൈഡ് എഫക്ട് വല്ലോം ഉണ്ടായാലോ........ "
ഞാൻ അന്തം വിട്ടു.
സംഗതിയുടെ പോക്കെങ്ങോട്ടാണെന്ന് എനിക്ക് പിടി കിട്ടിയില്ല. ക്ഷമ ആട്ടിൻ സൂപ്പ് ന്റെ ഗുണം ചെയ്യുമല്ലോ......
"പിന്നെ ചേട്ടായിക്ക് കൌണ്ട് കുറവാ. അതിന് ഡോക്ടർ എഴുതി തന്ന ഗുളിക കഴിച്ചില്ല. വില കൂടുതലാ... "
"അതുകൊണ്ട് ??"
"അടുത്തൊള്ള ഒരു ചേച്ചി ഒരു പൊടി തന്നു.......... ..
ആയുർവ്വേദം ആണ്... കുറച്ചു വില കൂടുതലാ.. ഞങ്ങൾക്ക് രണ്ടു പേർക്കും ഇത് മതിയെന്ന് പറഞ്ഞു... രണ്ടാഴ്ചയായി ഇത് കഴിക്കുന്നുണ്ട്. കൊള്ളാമോ എന്ന് ഡോക്ടറൊന്ന് പറയാമോ ?"
ഞാൻ മലച്ചു പോയി.
മുപ്പതിലേറെ വർഷത്തെ അനുഭവ സമ്പത്തുള്ള പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ് കൊടുത്ത മരുന്നിനോട് പേടി.... വില കൂടുതൽ...
ഏതോ ചേച്ചിയുടെ പൊടി കണ്ണുമടച്ചു കഴിക്കുന്നതിന് യാതൊരു പേടിയുമില്ല..
എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും എത്ര ബോധവൽക്കരണം നടത്തിയാലും കണ്മുന്നിൽ എത്ര ഉദാഹരണങ്ങൾ കണ്ടാലും നമ്മളെന്തേ ഇങ്ങനെ ???????
കലികാലം...... കഷ്ടം...
Dr. ശാലിനി ck
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo