Slider

ചാവാലിപ്പട്ടി.

0
Image may contain: നൂറനാട് ജയപ്രകാശ്, sky, sunglasses, outdoor and closeup


( ഇത്തിരി നീണ്ടുപോയ ഒരു ചെറുകഥ.
അല്ല.... അനുഭവകഥ)
അന്ന് ചേച്ചിയുടെ കല്യാണമായിരുന്നു. കൂട്ടിയാൽ കൂടില്ലെന്നറിഞ്ഞിട്ടും അച്ഛനത് നടത്തി കടം വാങ്ങിയും വട്ടിക്കെടുത്തും ഒക്കെയാണെങ്കിലും.
അല്ലാണ്ട് ചേച്ചിയേക്കാൾ അഞ്ച് വയസ്സിനിളയവനായ എനിക്ക് ഒരു ജോലിയൊക്കെ കിട്ടി അവൻ നടത്തട്ടെ എന്നു കരുതിയിരുന്നാൽ ചേച്ചിയുടെ മൂക്കിൽ പല്ലിറങ്ങുമെന്ന് അച്ഛന് തോന്നിക്കാണും.
അച്ഛൻ കല്യാണത്തിനിടാൻ വാങ്ങിത്തന്ന പുത്തനുടുപ്പും കസവ് മുണ്ടും ഉടുത്ത് ഓടിച്ചാടി നടന്നു ഞാനും.
"മോനേ.... പ്രകാശേ.... "
എന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പത്മിനി അപ്പച്ചി.
അച്ഛന്റെ വകയിലൊരു പെങ്ങളാണ് ഈ പത്മിനി.
"മോനേ.... ചിറ്റപ്പന് വയ്യാണ്ടിരിക്കുവാ എനിക്ക് പെട്ടന്നങ്ങ് പോണം. കൊച്ചാട്ടനെ (എന്റെ അച്ഛൻ ) ഒന്ന് കണ്ട് ഇതങ്ങ് കൊടുത്തേച്ച് പോകാമെന്ന് കരുതിയാ ഇങ്ങോട്ട് വന്നത്.കൊച്ചാട്ടനാണേൽ ഭയങ്കര തിരക്ക് കാണാൻ കിട്ടുന്നില്ല"
"ന്നാ.... ഇത് മോൻ കൊച്ചാട്ടന്റെ കയ്യിൽ കൊടുത്തേച്ച് അപ്പച്ചി തന്നതാണെന്ന് പറയണം"
പത്മിനി വാഴമുട്ടം എന്നെഴുതിയ ഒരു കവർ അപ്പച്ചി എന്നേ ഏൽപ്പിച്ചു.
എങ്കി.... ശെരി മോനേന്നും പറഞ്ഞ് അപ്പച്ചി പോകുവേം ചെയ്തു.
ഞാനാണേൽ ആ കവറ് മടക്കി എന്റെ പോക്കറ്റിലിട്ടു. അപ്പോഴാണ് ചെറുക്കനേ സ്വീകരിക്കാൻ പെണ്ണിന്റെ ആങ്ങളയെ തപ്പി നടക്കുന്നവരുടെ മുന്നിൽ ഞാൻ പെട്ടത്.
"ഹാ.... മുഹൂർത്തമാകാറായി ഇപ്പോഴും നീയിവിടൊക്കെ വായും പൊളിച്ച് നടക്കുവാണോടാന്നും " ചോദിച്ച് ഒരു ബൊക്കയും മാലയും എന്റെ കയ്യിൽ തന്ന് അവരെന്റെ കക്ഷത്തിൽക്കൂടി കയ്യിട്ട് തൂക്കിയെടുത്തോണ്ട് പോയി.
അല്ല.... ഈ മൂത്ത പെങ്ങൻമാരുടെ കല്യാണത്തിന് ഇളയ ആങ്ങളമാരുടെ ആകെയുള്ള റോളാ അത്
അളിയനേ സ്വീകരിക്കുക എന്നത്.
കല്യാണമെല്ലാം ഗംഭീരമായി നടന്നു.
വൈകിട്ട് അടുക്കള പൊളിയും കഴിഞ്ഞ് ഞാൻ വരാനിത്തിരി വൈകി.
കുഞ്ഞാങ്ങളെ നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ പരിചയപ്പെടുത്തിയിട്ടാണ് ചേച്ചി എന്നേ വിട്ടത്.
വീട്ടിൽ വന്ന് കയറിയപ്പോൾ അച്ഛൻ തിണ്ണയ്ക്കിരുന്ന് കണക്ക് ബുക്ക് തുറന്നു വച്ച് കിട്ടിയ കാശിന്റെ കണക്ക് നോക്കുകയാണ്.
ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് കൊടുക്കവാങ്ങൽ പതിവാണ്.
നമ്മളൊരു വീട്ടിലേ കല്യാണത്തിന് 1000 രൂപാ കൊടുത്താൽ നമ്മുടെ വീട്ടിൽ ഒരു കല്യാണം വരുമ്പോൾ അവർ 1500 തരും.
അതൊക്കെ കണക്ക് കൂട്ടിയാ അച്ഛൻ കല്യാണം നടത്തിയത് തന്നെ.
"എടീ... വാഴമുട്ടത്തേ പത്മിനി വന്നില്ലാരുന്നോടി കല്യാണത്തിന്...?
അവളുടെ പേര് ബുക്കിലെങ്ങും ഇല്ലല്ലോ.... ?"
അച്ഛൻ അമ്മയോട് ചോദിച്ച ചോദ്യം എന്റെ ചെവിയിലൂടെയാണ് കടന്നു പോയത്...
" ആ..... ഞാനെങ്ങും കണ്ടില്ല .... വന്നോ ഇല്ലിയോ എനിക്കറിയില്ല" അമ്മയുടെ മറുപിടി...
"അവക്കടെ മോടെ കല്യാണത്തിന് രൂപാ നാലായിരമാ ഞാൻ കൊണ്ടു ക്കൊടുത്തത്. ഇനി എനിക്ക് ഒന്നൂടില്ല കല്യാണം കഴിച്ച് വിടാൻ... ഞാനവളേയൊന്ന് കാണട്ടെ..."
അച്ഛന്റെ വാക്കുകളിൽ അപ്പച്ചിയോടുള്ള ദേഷ്യം പ്രതിഫലിച്ചു.
അപ്പോഴാണ് എന്റെ ഓർമ്മയിൽ പത്മിനി അപ്പച്ചിയുടെ മുഖം ഓടിയെത്തിയത്..
ദൈവമേ അപ്പച്ചി തന്ന കവറ്... ഞാൻ പോക്കറ്റിൽ തപ്പി ഭാഗ്യം കവറവിടെയുണ്ട്.
ഞാൻ പോക്കറ്റിൽ നിന്നും കവറെടുത്ത് തുറന്നു നോക്കി.
1000 ത്തിന്റെ 5 നോട്ടുകൾ.
അപ്പച്ചി വാക്ക് പാലിച്ചു. കവറ് അച്ഛനേ ഏൽപ്പിച്ച് മറന്നു പോയി എന്ന് പറയാം എന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു.
"നിൽക്ക്..... നീ എവിടെപ്പോകുന്നു... "?
നെഞ്ചിന്റെ വലതു വശത്തു നിന്നും ഒരു ഉൾവിളി... ഞാൻ യാന്ത്രികമായി നിന്നു.
"ഏതായാലും കല്യാണം ഒക്കെ കഴിഞ്ഞു കാര്യങ്ങൾ ഒക്കെ ഭംഗിയായി നടന്നു. ഇനിയിപ്പം ഇത് കിട്ടിയാലും ഇല്ലേലും ഒരുപോലെയാ..."
" 5000 രൂപയുണ്ട് ഇത്. ഇതുകൊണ്ട് നിനക്കെന്തെങ്കിലും ഒന്ന് ചെയ്തൂടെ.. ഒന്നാമത് വേലേം കൂലീം ഒന്നുമില്ലാതെ നിക്കുവാ.. "
ഞാനും ചിന്തിച്ചു അത് ശെരിയാണല്ലോ കല്യാണം എന്തായാലും കഴിഞ്ഞു. ഇനിയിപ്പം ഈ 5000 കിട്ടിയിട്ട് എന്തോ ആകാനാ...?
"ഈ.. കാശ് മുക്കുന്നത് ദോഷമാണേ... എന്തോരം കഷ്ടപ്പെട്ടാണ് നിന്റെ അച്ഛൻ ഈ കല്യാണം നടത്തിയതെന്ന് നിനക്കും അറിയാവുന്നതാണേ... അപ്പപ്പിന്നെ ഈ 5000 അദ്ധേഹത്തിന് വലിയൊരു ആശ്വാസമാകും".
ഇടതു നെഞ്ചിൽ നിന്നും ഒരു മറുമൊഴി ഉയർന്നു.
ഏത് മനുഷ്യനിലും നന്മയും തിന്മയും ഉണ്ടെന്നും എന്ത് കാര്യം നമ്മൾ ചെയ്യാൻ തുടങ്ങിയാലും അവർ തമ്മിൽ ഒരു തർക്കമുണ്ടാകാറുണ്ടെന്നും എവിടെയോ വായിച്ച ഒരറിവ് എനിക്കുണ്ട്.
അതിതാകും അല്ലേ... തർക്കത്തിനൊടുവിൽ നന്മ വിജയിച്ചാൽ അത് നല്ല കാര്യമായിരിക്കും എന്നും തിന്മ വിജയിച്ചാൽ അത് തെറ്റായിരിക്കും എന്നാണ് വയ്പ്പ്.
മിക്കവരിലും തിന്മയുടെ ആധിപത്യമാണ് നടക്കാറുള്ളത് എന്നാണ് കേട്ടിട്ടുള്ളത്.
എന്തായാലും അവർ തർക്കം തുടർന്നു.
"അല്ല.... അതിപ്പം നീയാരുടെയും കട്ടും മോട്ടിച്ചതും ഒന്നുമില്ലല്ലോ നിനക്ക് ദോഷം കിട്ടാൻ ഒന്നാലോചിച്ചാൽ നിനക്കു കൂടി അവകാശപ്പെട്ട കാശാ ഇത്..." തിന്മയുടെ വാദം.
"ഒരു തരത്തിൽ പറഞ്ഞാൽ മോഷണം തന്നെയല്ലേ ഇതും..? തിരിച്ചു കൊടുക്കുന്നതാണ് ഉത്തമം"
നന്മ ആ വാദം ഖണ്ഡിച്ചു.
അവസാന വിജയം തിന്മയ്ക്ക് തന്നെയായിരുന്നു. കവറ് തിരികെ പോക്കറ്റിലിട്ട് ഞങ്ങൾ മൂവരും മുറിക്ക് പുറത്തിറങ്ങി ഭാവി പരുപാടി ആലോചിക്കാൻ തുടങ്ങി.
എന്ത് ചെയ്യണം ഈ 5000 രൂപാ വച്ച്...?
" 500 രൂപായും കൊണ്ട് മുബൈയ്ക്ക് വണ്ടി കയറിയ ധീരുഭായ് അംബാനിയുടെ മക്കളാണ് ഇന്ന് ഭാരതത്തിന്റെ ഭരണം തിരിക്കുന്നത്.."
"ആരുടെയോ കാരുണ്യത്തിൽ ദുബായിലെത്തപ്പെട്ട് ഭക്ഷണം തയ്യാറാക്കി മുറികളിലെത്തിച്ചിരുന്ന യൂസഫലിക്ക് ഇന്ന് കേരളം വിലയ്ക്ക് വാങ്ങാനുള്ള കാശുണ്ട്.. "
ചിലപ്പോൾ സമയം നന്നായാൽ നിനക്കും ഇതുപോലെ ആരെങ്കിലും ആകാം. തിന്മ വീണ്ടും എന്നേ ഉപദേശിച്ചു.
" എന്നാലൊരു കാര്യം ചെയ്യ് കയ്യിൽ കാശാകുമ്പം ഈ 5000 തിരിച്ച് കൊടുക്കാമെന്ന് വാക്ക് തന്നാൽ ഞാനും കൂടാം നിങ്ങളുടെ കൂടെ... "
നന്മ ഈ ഒരു കണ്ടീഷൻ മുന്നോട്ടുവച്ചു.
ഞങ്ങൾ മൂവരും ഒരു ധാരണയിലെത്തി. എന്ത് തുടങ്ങണം എന്നുള്ളതായി അടുത്ത ആലോചന.
"നമുക്കൊരു പശുക്കിടാവിനെ വാങ്ങി വളർത്തിയാലോ....?"
നന്മയുടെ അഭിപ്രായം.
"പോഴത്തരം പറയാതെ നന്മേ.... കാശ് എവിടെ നിന്ന് കിട്ടിയെന്ന് പറയും...?"
തിന്മ നന്മയോട് ക്ഷോഭിച്ചു.
"ഞാനൊരു കാര്യം പറയാം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത കാര്യം " തിന്മ തുടർന്നു.
എന്താത്.... ഞങ്ങൾ ആകാംഷാഭരിതരായി.
"ഇപ്പോൾ നല്ലയിനം നായക്കുട്ടികളേ വളർത്തുന്നത് ഒരു ഭാഷനായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് നല്ലയിനം ഒരു പെൺനായക്കുട്ടിയേ വാങ്ങിക്കൂടേ....?അതാണെങ്കിൽ കൂട്ടുകാര് ആരേലും തന്നതാണെന്ന് പറയുകേം ചെയ്യാം." തിന്മ വിശദീകരിച്ചു
നല്ല.. ഐഡിയാ എന്ന് ഞങ്ങൾക്കും തോന്നി.
" എന്നാൽ ലാബ് ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടിയെ വാങ്ങു അതാവുമ്പം ഒരു പ്രസവത്തിന് 8 ഉം 9 ഉം കുട്ടികൾ കിട്ടും. ഏകദേശം 6000 രൂപാ വെച്ച് കുട്ടിക്കൊന്നിന് കൂട്ടിയാൽപ്പോലും ആറ് എട്ട് നാൽപ്പത്തെട്ട്. "
"8000 രൂപാ പലിശ സഹിതം അച്ഛന് കൊടുത്തേര് ബാക്കിക്ക് വേറേ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ വാങ്ങി വളർത്തിയാൽ കച്ചോടം കൊഴുകൊഴുക്കും."
അങ്ങനെ തിന്മ ഞങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു.
അങ്ങനെ 5000 രൂപയ്ക്ക് കിട്ടുന്ന ലാബിനേ നോക്കി ഞാൻ നടന്നു നെഞ്ചിന്റെ ഇടതും വലതുമായി അവരും നന്മയും തിന്മയും.
പോയടത്തെല്ലാം ആറും ഏഴുമാ ചോദ്യം . പേപ്പറൊന്നും വേണ്ടാ നായക്കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞപ്പം ഒരാൾ ഒരു നായക്കുട്ടിയേ തന്നു.
ഇവൾക്കൊരു പേരിടണമെല്ലോ എന്നായി അടുത്ത ചിന്ത.
"എന്റെ അഭിപ്രായത്തിൽ പത്മിനിയുടെ കാശായതിനാൽ ആ പേരിടണം അല്ലേൽ അവരോട് ചെയ്യുന്ന നന്ദികേടാ അത്..."നന്മ വീണ്ടും ഉണർന്നു.
"പോഴൻ.... പട്ടിക്കാരെങ്കിലും പത്മിനീന്ന് പേരിടുമോ.ഈ നന്മയ്ക്ക് ഒരു പുണ്ണാക്കും അറിയില്ല.
എങ്കിലൊരു കാര്യം ചെയ്യ് പത്മിനി ചുരുക്കി പമ്മി എന്നിട്ടാലോ....?'' തിന്മ തുടർന്നു.
അവിടെയും തിന്മയുടെ വിജയം. അങ്ങനെ കൂട്ടുകാരൻ തന്ന പമ്മിയുമായി ഞാൻ വീട്ടിലെത്തി.
ഇതിന്റെ ആഹാരം എന്തൊക്കെയാന്നും അനുസരണ പഠിപ്പിക്കുന്നതെങ്ങനൊക്കെയാന്നും ഒക്കെ ഞാൻ പമ്മിയുടെ പഴയ മുതലാളിയോട് ചോദിച്ചു മനസ്സിലാക്കി.
അല്ലാണ്ട് സാജൻ സിറിയക്കിന്റെ K9 കെന്നലിൽ വിട്ട് അനുസരണ പഠിപ്പിക്കാൻ ഈയുള്ളവന് ത്രാണിയുണ്ടോ....?
അനുസരണ എങ്ങനേം പഠിപ്പിക്കാം ഈ ആഹാരം എങ്ങനെയാന്നാ ഒരു പിടിയുമില്ലാത്തത്.
കഷ്ടി ഇരു നാഴിയരിയിട്ടാ അമ്മ ചോറ് വയ്ക്കുന്നത് പോരത്തത് ചക്കയോ ചീനിയോ വച്ചാ ഒപ്പിച്ചെടുക്കുന്നത്.
അതിനകത്തൂന്ന് ഇനി ഇവക്ക് കൂടി... ചക്കേം ചീനീം ഒക്കെ ഇവറ്റകള് തിന്നുവോ.... ആവോ....?
അയാള് പറഞ്ഞത് വീട്ടിലുള്ളത് എന്താന്നു വച്ചാ കൊട്.... അതു കൂടാതെ..... ഒന്നിക്കുന്നിരാടം ഓരോ മുട്ട , ആഴ്ച്ചയിൽ പോത്ത് വേയിച്ചത് ഒരു കിലോ , പിന്നെ പെഡിഗ്രീ, മീനെണ്ണ,
വിരയിളക്കാൻ മരുന്ന് എന്ന് വേണ്ടാ....
മാസത്തിലൊരിക്കലാ അമ്മ എനിക്കൊരു മുട്ട തരുന്നത് അപ്പം ഒന്നിക്കുന്നിരാടം ഞാൻ മൊട്ടയ്ക്ക് എവിടെപ്പോകും..?
വാവിനും ചങ്കിരാന്തിക്കുവാ അച്ഛൻ ഇത്തിരി ഇറച്ചി വാങ്ങുന്നത്.
അപ്പോഴാ ആഴ്ചയിൽ ഇറച്ചി കൊടുക്കണമെന്ന്.
ആ.... നോക്കാം... ഞാൻ സമാധാനിച്ചു.
അല്ല എന്നേക്കൊണ്ട് ഈ പണിയൊക്കെ ചെയ്യിച്ചിട്ട് ഈ നന്മയും തിന്മയും എവിടെപ്പോയി...? ഇപ്പോ അഭിപ്രായം ഒന്നും ഇല്ലേ...?
അല്ല ഇതിനിടയ്ക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. ചെറിയ കാര്യമാ ഇപ്പം തീരും. പറഞ്ഞില്ലേൽ പിന്നങ്ങ് മറന്നു പോകും അതാ... ഒന്നും വിചാരിക്കല്ലേ...
അമ്മ വാഴച്ചുവട്ടിലിരുന്ന് മീൻ വെട്ടുമ്പം ഒരു ചാവാലിപ്പട്ടി എന്നും മീൻതല തിന്നാൻ വരുവാരുന്നു.
തല തിന്നാം എന്ന മോഹവുമായി ആ പട്ടി എത്തപ്പെട്ടതോ പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്നവരുടെ മടയിൽ.
മത്തി പോയിട്ട് നെത്തോലിയുടെ തല പോലും കളിയില്ല അമ്മ.
അല്ല അതിന് കാണില്ലേ... ഇത്തിരിയുള്ള പത്ത് കുഞ്ഞൻ മത്തി വാങ്ങിയാൽ വെട്ടിക്കഴുകിക്കഴിയുമ്പോൾ എന്തോ കാണുമെന്നാ....?
ആറ് പേരുടെ പാത്രത്തിൽ രണ്ടു നേരം വിളമ്പുവേം വേണം തലേം വട്ടക്കലോം എനിക്ക് രാവിലെ പഴങ്ങഞ്ഞി കുടിക്കുവാൻ വച്ചേക്കുവേം വേണം.
അതോ അമ്മയാണേൽ മത്തി മുറിക്കുന്നത് ഉപ്പേരിക്ക് ഏത്തയ്ക്കാ അരിയും മാതിരിയാ അപ്പഴാ ചാവാലിപ്പട്ടിയുടെ തല മോഹം.
എന്നാലും ഒരു തല അമ്മ ആ പട്ടിക്ക് കൊടുക്കാറുണ്ട്. അതിന്റെ കോലം കണ്ടിട്ടാകും.
ഒരു വടിയിൽ പൂട പറ്റിപ്പിടിച്ചിരിക്കും മാതിരിയാ അതിനേ കാണാൻ. കാറ്റടിച്ചാൽ ഒടിഞ്ഞു വീഴും.
ഒരു ദിവസം എനിക്കൊരു കൗതുകം തോന്നി മുറ്റത്തു കിടന്ന ഒരു മുട്ടൻ കല്ലെടുത്ത് ഞാനതിന്റെ പളളയ്ക്ക് നോക്കി ഒരു കീച്ചങ്ങ് കീച്ചി.
പട്ടി നിലവിളിച്ചോണ്ടൊരോട്ടം അമ്മ എന്നേ ഒരൂട്ടം ഭാഷേം അതിനേ കണ്ടാൽ ആരേലും എറിയുവോടാനൊരു ചോദ്യവും.
രണ്ട് ദിവസത്തേക്ക് പിന്നെ ആ വഴിക്കെങ്ങും അതിനേ കണ്ടില്ല.മൂന്നാം നാൾ വീണ്ടും വന്നു.
അഭിമാനത്തേക്കാളും, വേദനയേക്കാളും വലുത് വിശപ്പാണെന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്.
പിന്നെ മുതൽ എന്റെ തല വെട്ടും കണ്ടാൽ ആ പട്ടി ഓടി മറയും. ഒന്നു രണ്ടു തവണ മറ്റ് പട്ടികൾക്കൊപ്പം റോഡിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്.
അവരുടെ ഇടയിൽ നിന്ന് എന്നേ രൂക്ഷമായി നോക്കുകയും ചെറുതായി കുരച്ച് കൂട്ടുകാരോട് എന്തോ പറയുകയും ചെയ്തു.
ഇവനാണ് ലവൻ ഇവനിട്ട് ഒരു പണി ഞാൻ കൊടുക്കും എന്നായിരിക്കും അത് പറഞ്ഞത്....
അതേ അങ്ങനെ തന്നെയായിരിക്കും.
ആ... അതവിടെ നിൽക്കട്ടെ നമുക്ക് പമ്മിയുടെ കാര്യത്തിലേയ്ക്ക് കടക്കാം.
എനിക്ക് തന്ന ചോറിന്റെ പകുതി ഞാൻ പമ്മിക്കായി മാറ്റിവച്ചു.
അരിക്കലത്തിൽ കയ്യിട്ട് അമ്മ എണ്ണി വച്ചിരുന്ന മുട്ട കട്ടു.
ഇറച്ചിക്കടയിൽ പോയി അലിയുടെ കാല് പിടിച്ച് ചൗ വാങ്ങി ഉപ്പും മഞ്ഞപ്പൊടിയുമിട്ട് വേയിച്ചു കൊടുത്തു.
അച്ഛന് ചീനി വേയിച്ചത് തിന്നാൻ നെയ്മത്തിയുടെ കുടലുരുക്കും അമ്മ.
അത് ആറാൻ വയ്ക്കുന്ന പരുവത്തിന് മത്തിനെയ് ഊറ്റിയെടുത്തിട്ട് പകരം പപ്പടം കാച്ചിയ എണ്ണ ഒഴിച്ചുവയ്ക്കും ഞാൻ.
അങ്ങനെ ആ മത്തിനെയ്യും ഒക്കെ കുടിച്ച് അവളങ്ങനെ വളർന്നു.
അവൾക്ക് തൂക്കം മുപ്പത് കിലോ കൂടി. എന്റെ തൂക്കം ഏഴ് കിലോ കുറഞ്ഞു.
അവൾ വയസ്സറിയിച്ച ദിവസ്സം ഞാൻ വല്ലാതെ പേടിച്ചു അവളേ കെട്ടിയിരുന്ന ചായിപ്പിന്റെ തിണ്ണയിൽ നിറയെ ചോര.
ഞാനമ്മയേ വിളിച്ച് കാണിച്ചു എന്തെങ്കിലും രാത്രിയിൽ കടിച്ചതായിരിക്കും എന്ന് കരുതി. അപ്പോൾ അമ്മയാ പറഞ്ഞത് എടാ പൊട്ടാ അത് വയസ്സറിയിച്ചതാണെന്ന്.
യ്യോ.... ഈ നായ്ക്കളും വയസ്സറിയിക്കുമോന്ന് ഞാനമ്മയോട് ചോദിച്ചു.
പിന്നേ.... ഭൂമിയിൽ പ്രസവിക്കുന്ന ജീവികൾ എല്ലാം വയസ്സറിയിക്കും അത് ഗർഭം ധരിക്കാൻ തയ്യാറായി എന്ന് അറിയിക്കുന്ന ഒരു പ്രക്രീയയാണ് ഈ വയസ്സറിയിക്കൽ എന്ന് നാം പറയുന്നത്.
കാള പോലെ വളർന്നു എന്നിട്ടും ഒന്നുമറിയില്ല പൊട്ടൻ.......
അല്ല അതിപ്പം പെൺകുട്ടികൾ വയസ്സറിയിക്കും എന്ന് കേട്ടിട്ടുണ്ട് നായ്ക്കളുടെ കാര്യം ആരും പറഞ്ഞ് കേട്ടിട്ടില്ല.
അതിന്റെ ഒരു അറിവില്ലായ്മ ആയിരിക്കും.... ആ അതെന്തുമാകട്ടെ.
" ടാ..... ഇനിയിവളെ ഇങ്ങനെ വെളിയിൽ കെട്ടിയാൽ പറ്റില്ല കൂട്ടിലാക്കണം. ഇല്ലേൽ രാത്രിയിൽ മറ്റ് പട്ടികൾ വന്ന് കടിക്കും പേയും പിടിക്കും."
അമ്മ പറഞ്ഞതിന്റെ പൊരുളെനിക്ക് മനസ്സിലായി. രാത്രി ഇനിയിവളെ എവിടെ കെട്ടും....? ആ..... വഴിയുണ്ടാക്കാം.
വെളിയിലുള്ള മേൽക്കൂരയില്ലാത്ത കക്കൂസിൽ ഒരു ചാക്ക് വിരിച്ച് ഞാനവൾക്ക് കിടക്കയൊരുക്കി.
ഇനി ഇണചേർക്കണം.... അതിന്റെ കാര്യങ്ങളറിയാനായി പമ്മിയുടെ പഴയ മുതലാളിയെ തപ്പിയിറങ്ങി ഞാൻ.
അടുത്ത പ്രാവശ്യം ഹീറ്റാകുമ്പോൾ ഇണചേർത്താൽ മതി. ഇങ്ങ് കൊണ്ടുപോര് ഇവിടുണ്ടല്ലോ നല്ലയിനം ലാബ്..... ആയിരം രൂപയും പ്രസവിക്കുമ്പോൾ എനിക്കൊരു നായക്കുട്ടിയും തരണം അതാ നടപ്പ്.
മതലാളി തന്റെ ഭാഗം വിശദീകരിച്ചു. ഞാൻ പലടത്തും അന്വേഷിച്ചു എല്ലാവരുടെയും കണ്ടീഷൻ ഇതു തന്നെ.
എന്തായാലും രണ്ട് കുട്ടി കൊടുക്കില്ല ഒരു കുട്ടിയും ആയിരം രൂപയും കൊടുക്കണം ഞാനുറച്ചു.
ആയിരം രൂപാ ഇനിയെവിടുന്ന് ഉണ്ടാക്കും...? ഒരു വഴി മനസ്സിൽ തെളിഞ്ഞു വന്നു.
ഞാൻ മാലയിട്ട് സ്വീകരിച്ച് ചേച്ചിക്ക് കൊടുത്ത അളിയൻ ഒന്ന് സഹായിക്കാതിരിക്കുമോ..?
ഞാൻ അളിയനോട് കാര്യം പറഞ്ഞു.
പ്രസവിക്കുമ്പോൾ ഒരു കുട്ടിയേ തരാമെങ്കിൽ 1000 രൂപാ തരാമെന്നായി അളിയൻ.
ദുഷ്ടൻ.... നീ.. അളിയനല്ലെടാ പൊളിയനാ... തല്ലിപ്പൊളിയൻ.. എന്ന് മനസ്സിൽ പറഞ്ഞ് സമ്മതിച്ചു ഞാൻ.
അളിയനോട് ആയിരവും വാങ്ങി പമ്മിയുടെ അടുത്ത ഹീറ്റിനായി കാത്തിരുന്നു ഞാൻ.
അന്നൊരു കറുത്തവാവായിരുന്നു. രാത്രിയിൽ പുറത്ത് ചാവാലിപ്പട്ടികളുടെ ഓരിയിടൽ കേൾക്കുന്നുണ്ടായിരുന്നു. ഓ..... പമ്മി കക്കൂസിലല്ലേ എന്ന സമാധാനത്തോട് ഞാൻ തിരിഞ്ഞ് കിടന്നുറങ്ങി.
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ അച്ഛന് തൂറാൻ മുട്ടി.
അച്ഛൻ കക്കൂസിന്റെ കതക് തുറപ്പോൾ പമ്മി വെളിയിൽ ചാടി. തൂറാനുള്ള തിടുക്കത്തിൽ അച്ഛൻ പമ്മിയുടെ കാര്യം മറന്നു പോയി. അച്ഛൻ വിവരം എന്നോട് പറഞ്ഞതുമില്ല.
കാലത്ത് ഞാനെണീറ്റപ്പോൾ നാല് കാലും മുകളിലേയ്ക്കുയർത്തി മുറ്റത്ത് കിടന്നുരുളുന്നു പമ്മി.
ആ കിടപ്പു കണ്ടപ്പോൾ എനിക്കരിശം വന്നു.
ഹു.... പ്രായമായ നായയാ ഒരു കിടപ്പു കണ്ടോ നാണോം മാനോം ഇല്ലാത്തോൾ.
നാല് പള്ള് പറഞ്ഞ് ഞാനവളേ കെട്ടി.
ഇനിയിവളെ ഇങ്ങനെ വിട്ടാൽ ഇവൾ പേരുദേഷം കേൾപ്പിക്കും ഉറപ്പാ. അടുത്ത ഹീറ്റൊന്നും കാക്കേണ്ടാ ഇന്നുതന്നെ കൊണ്ടുപോയി ഇണചേർക്കാം.
അങ്ങനെ ഞാനവളുമായി ഒരു ഓട്ടോറിക്ഷയിൽ കയറി ഇണചേരൽ കർമ്മത്തിനായി തിരിച്ചു.
പോകും വഴി വണ്ടിയിൽ നിന്നും വെളിയിലേയ്ക്ക് നോക്കി അവൾ കരയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ തല വെളിയിലേയ്ക്കിട്ട് നോക്കി വണ്ടിയുടെ പിറകേ അതാ ഞാനെറിഞ്ഞ ചാവാലിപ്പട്ടിയും ഓടുന്നു സർവ്വശക്തിയുമെടുത്ത്. കുരയ്ക്കുന്നുമുണ്ട്..
എന്റെ തല വെളിയിൽ കണ്ടപ്പോൾ അവൻ ഓട്ടം നിർത്തി. വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു.
ഇണ ചേർത്ത് തിരികെ വരുമ്പോൾ ഞാൻ വണ്ടിയിലിരുന്ന് ചില കണക്ക്കൂട്ടലുകൾ നടത്തി.
ആയിരം രൂപയും ഒരു നായക്കുട്ടിയും പോയിക്കിട്ടി. ഇനിയൊരു കുട്ടിയേ അളിയനെന്ന ദുഷ്ടന് കൊടുക്കണം.
ദൈവമേ ഒരു പത്ത് കുട്ടികളെങ്കിലും കാണണേ..പത്ത് നായ്ക്കുട്ടികളേ ജീവനോട് തന്നാൽ മലയപ്പൂപ്പന് ഞാനൊരു ജവാന്റെ ഫുള്ള് വാങ്ങി നടയ്ക്ക് വയ്ക്കാമേന്നൊരു നേർച്ചയും നേർന്നു.
ഓട്ടോക്കാരൻ മ്മടെ ഒരു ചങ്ങായി ആയതിനാൽ കടം പറഞ്ഞു തടിയൂരി.അവനൊരു കൂട്ടം ഭാഷയും പറഞ്ഞേച്ച് വണ്ടിയെടുത്ത് ഒരു പോക്ക്.
ഒരു രണ്ടു മാസം കഴിയട്ടെ ഓട്ടോക്കൂലിയും 50 രൂപാ അധികവും നിന്റെ മോന്തയ്ക്ക് വലിച്ചെറിഞ്ഞില്ലെങ്കി എന്റെ പേരെടുത്ത് എന്റെ പട്ടിക്കിട്ട് ഞാൻ തന്നെ വിളിക്കും. അല്ല പിന്നെ.....
കുഞ്ഞുങ്ങൾക്ക് നല്ല ആരോഗ്യമുണ്ടാവാൻ വിറ്റാമിനും മിനറൽസും കൊടുക്കണം എന്നും പറഞ്ഞ് കുറച്ച് ഏതാണ്ടൊക്ക് എഴുതി തന്നിട്ടുണ്ട് നമ്മുടെ പമ്മിമുതലാളി.
അത് വാങ്ങാൻ കടയിൽ ചെന്ന് തിരക്കിയപ്പോൾ 2000 രൂപയാകും. എവിടുന്നാ... ആ...
ഭാനു അണ്ണന്റെ റേഷൻ കടയിൽ ചെന്ന് അച്ഛൻ പറഞ്ഞെന്നും പറഞ്ഞ് രണ്ടായിരം കടം വാങ്ങി.
ഒരു മാസം കഴിഞ്ഞു പമ്മിയുടെ വയറ് വീർത്തു. അടുത്തിരുന്ന് ആ വീർത്തവയറൊന്ന് തലോടി ഞാൻ പറഞ്ഞു... പമ്മിയേ... അച്ഛൻ പത്മിനി അപ്പച്ചിയേം, ഭാനു അണ്ണനേം കാണുന്നേനു മുമ്പേ ജീവനോട് പത്ത് കുഞ്ഞുങ്ങളേ തരണേ...
ഇല്ലെങ്കി എന്റെ ജീവൻ അപകടത്തിലാവും. അതവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു വാലാട്ടി അവൾ സ്നേഹം പ്രകടിപ്പിച്ചു.
പ്രസവം അടുക്കാറായപ്പോൾ അമ്മയെ ചട്ടം കെട്ടി. അമ്മേ.... പേറെടുക്കാനൊന്നും എനിക്കറിയില്ല അമ്മയൊന്ന് നോക്കണേന്ന്.
" പിന്നേ.... എനിക്ക് പട്ടീടെ പേറെടുപ്പല്ലാരുന്നോ ജോലി... നീ... ഒന്ന് പോടാ അവിടുന്ന്..."
ചുമ്മാതെ വേണ്ടാമ്മേ കുഞ്ഞുങ്ങളെ വിക്കുമ്പം ആയിരം രൂപാ തരാം.
ആയിരം രൂപാ എന്ന് കേട്ടപ്പോ അമ്മ ഒന്ന് മൂളി.
അങ്ങനെ ആ ദിവസം വന്നു പമ്മി ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി.
കുറച്ചു തുണിയും എടുത്ത് പതിച്ചിയുടെ റോളിൽ അമ്മയും പിറകേ ഞാനും.
അമ്മയെന്നേ ഓടിച്ചു... പോടാ അപ്പുറത്ത്... ഞാൻ വിളിക്കുമ്പം വന്നാ മതി....
ഞാൻ മാറി നിന്നു. വേദനയും കരച്ചിലും ഒന്നുമില്ലാതെ പമ്മി പെറ്റു. ഇടയ്ക്കിടെ ഞാൻ അമ്മയോട് ചോദിച്ചു കൊണ്ടിരുന്നു. അമ്മേ എത്രയുണ്ട്.....?
ഒന്ന് .... രണ്ട്.... മൂന്ന്... സഹികെട്ടപ്പോൾ അമ്മ പറഞ്ഞു മിണ്ടാതിരിയെടാ.... അവിടെങ്ങാനം... അവന്റെയൊരു ചോദ്യം.
അമ്മ പേറെടുപ്പ് പൂർത്തിയാക്കി തൊഴുത്തിന് വെളിയിൽ വന്ന് മുഖത്ത് കെട്ടിയിരുന്ന കറുത്ത ഈരേഴേൻ തോർത്തഴിച്ചു.
ഓപ്പറേഷൻ കഴിഞ്ഞ് തീയേറ്ററിന് വെളിയിൽ വന്ന് ഡോക്ടർ മാസ്ക് അഴിക്കും പോലെ....
എത്ര കുട്ടികൾ ഉണ്ടമ്മേ...? എന്ന എന്റെ ആകാംഷാഭരിതമായ ചോദ്യത്തിന് അമ്മ തന്ന മറുപിടി "പോയി നോക്കെടാ പൊട്ടാ.." എന്നായിരുന്നു.
"ഒരു ലാബിനേ കൊണ്ടു വന്നേക്കുന്നു"
ഞാനോടി തൊഴുത്തിലേയ്ക്ക് കയറുമ്പോൾ സ്വന്തം ഭാര്യ കടിഞ്ഞൂൽ പെറ്റപ്പോൾ കുട്ടിയേ കാണാനോടുന്നവന്റെ മനസ്സായിരുന്നു എനിക്ക്.
പമ്മി നീണ്ട് നിവർന്ന് കിടക്കുന്നു പമ്മിയുടെ പള്ളയോട് ചേർന്ന് കിടക്കുന്നു നാല് കുഞ്ഞുങ്ങൾ.
അതും ഉണങ്ങിക്കരിഞ്ഞ കരിയില പോലത്തെ നാല് അനക്കങ്ങൾ.
ദൈവമേ.... പണി പാളിയോ...?
ഞാൻ പമ്മിയുടെ വയറ് ചികഞ്ഞ് നോക്കി...
"മതി... ചികയേണ്ടാ അതേയുളളൂ.. "
അമ്മ പിറകിൽ നിന്നും കമണ്ടിട്ടു.
"ഇതിനാണോടാ..... നീ ഒന്നിന് 8000 വച്ച് കിട്ടുവെന്ന് പറഞ്ഞത്...? ഇതിന് പത്ത് രൂപാ ആരേലും തരുമോടാ പൊട്ടാ...?"
പേറെടുത്ത ക്ഷീണത്താൽ അമ്മ കുളിക്കാൻ പോയി.
തലയ്ക്ക് കൈയ്യും കൊടുത്ത് ഞാനവിടെ കുത്തിയിരുന്നു.
തൊഴുത്തിന് പിറകിൽ നിന്നും പരിചയമുള്ള ഒരു കുര കേട്ടു.
പമ്മി പേറിന്റെ ക്ഷീണമൊക്കെ മറന്ന് ഒറ്റ ഓട്ടം കുര കേട്ട ഭാഗത്തേയ്ക്ക്.
ഞാനെണീറ്റ് തൊഴുത്തിന്റെ പിറകിലേയ്ക്ക് നോക്കിയപ്പം എനിക്ക് പണിതരുമെന്ന് ശപഥം ചെയ്ത ആ ചാവാലിപ്പട്ടിയേ മുട്ടിയുരുമ്മി നിന്ന് മൂളുന്ന പമ്മി.
നാല് മക്കളുണ്ടെന്നും നാലും നിന്നേപ്പോലെ തന്നെയാണ് കണാനെന്നും ആണ് അവളവനോട് പറഞ്ഞതെന്ന് മനസ്സിലാക്കാൻ എന്റെ മുന്നിൽ കണ്ണ് വിരിയാതെ കിടന്ന് ഇഴയുന്ന ആ നാല് കരിയിലകളെ നോക്കിയാൽ മതിയായിരുന്നു.
ന്നാലും.... എന്റെ പമ്മീ..... എന്നോടീ കൊലച്ചതി....?
അളിയന്റെ ആയിരം , അമ്മയുടെ ആയിരം, ഭാനു അണ്ണന്റെ രണ്ടായിരം,ഓട്ടോക്കാരന്റെ നാനൂറ്,
പപ്പിനി അപ്പച്ചിയുടെ അയ്യായിരം,
എന്റെ ഏഴ് കിലോ തൂക്കം...
ഇതൊക്കെ ഓർത്തപ്പോൾ... അച്ഛന് തൂറാൻ മുട്ടിയ ആ കറുത്തവാവിലേ രാത്രിയേ ഞാൻ ശപിച്ചു.
പിന്നെ എനിക്ക് പണി തരുമെന്ന് ശപഥം ചെയ്ത ആ ചാവാലിപ്പട്ടിയേയും.
ഇതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി.
ഒരാൾക്കൊരു പണി കൊടുക്കണമെന്ന് വിചാരിച്ചാൽ അത് ഏത് രീതിയിലും കൊടുക്കാം അതേത് പട്ടിയാണെങ്കിൽ പോലും......
നൂറനാട് ജയപ്രകാശ്....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo