Slider

ഒരു 20 രൂപയുടെ മൂല്യം.

0
Image may contain: 1 person, hat


**************************
ഞാൻ തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും ചാലക്കുടിയിലേക്കുള്ള ബസിൽ കേറി ഇരിക്കുകയായിരുന്നു .ബസ് പുറപ്പെടാൻ കുറച്ചു കൂടി സമയം ഉണ്ട് .അതിനിടയിൽ വളരെ pleasant ആയ ഒരു ചെറുപ്പക്കാരൻ ബസിൽ കേറി നേരെ ഏറ്റവും മുൻപിൽ ഇരുന്ന യാത്രക്കാരനോട് എന്തോ ആംഗ്യ ഭാഷയിൽ സംസാരിച്ചു അയാൾ വേഗം പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുക്കുന്ന കണ്ടു .സാധാരണ സഹായം ആവശ്യപ്പെട്ടു വരുന്നവർ പൈസ കിട്ടി കഴിഞ്ഞാൽ അടുത്ത ആളുടെ അടുത്തേക്ക് നീങ്ങുകയാണ് പതിവ്.പക്ഷെ ഇയാൾ യാതക്കാരന് എന്തോ ഒരു കൂപ്പൺ കൊടുക്കുകയും അയാളുടെ കൈവശം ഉണ്ടായിരുന്ന ബുക്കിൽ എന്തൊക്കെയോ എഴുതി ചോദിക്കുകയും യാത്രക്കാരനെ കൊണ്ട് മറുപടി എഴുതിപ്പിക്കുകയും ചെയ്തു.അത് എന്നിൽ ഒരു കൗതുകമുണർത്തി.
എന്റെ മുൻപിലത്തെ സീറ്റിൽ ഇരുന്ന ചേച്ചിമാരോട് തന്റെ കാതിലേക്കും ചുണ്ടിലേക്കും ചൂണ്ടു വിരല് കൊണ്ട് തൊട്ടു കാണിച്ചിട്ട് അയാളുടെ കയ്യിലുള്ള കൂപ്പണിലേക്കു അവരുടെ ശ്രദ്ധ ക്ഷണിക്കുകയു ണ്ടായി .അയാൾക്ക് സംസാരിക്കാനും കേൾക്കാനും പറ്റില്ല എന്ന് എനിക്ക് മനസ്സിലായി.അവരെകൊണ്ടും അയാൾ എന്തൊക്കെയോ എഴുതി ചോദിച്ചു തിരിച്ചു എഴുതി വാങ്ങിക്കുന്നുണ്ടായിരുന്നു .
അടുത്ത് എന്റെ ഊഴം ആണ് .അയാൾ എന്നെ നോക്കി ചിരിച്ചു കാതിലേക്കും ചുണ്ടിലേക്കും ചൂണ്ടു വിരൽ ചലിപ്പിച്ചു . ഞാൻ എന്റെ സ്വതസിദ്ധമായ ഒരു ചിരി അയാൾക്ക് സമ്മാനിച്ച് അയാളുടെ കൈവശ മിരിക്കുന്ന കൂപ്പണിലേക്കു ശ്രദ്ധ ചെലുത്തി. ."സൈലന്റ് ഗ്ലോബൽ ഫൌണ്ടേഷൻ -Donation
Rs-20 /-".ഓഹോ ഇതായിരുന്നോ!ഞാനും വേഗം ബാഗിൽ നിന്നും ഇരുപതു രൂപയെടുത്തു നീട്ടി .അയാൾ എനിക്ക് കൂപ്പണും തന്നു .
അതിനു ശേഷം അയാൾ തന്റെ ബുക്കിൽ Bsc എന്നെഴുതി കൈ കൊണ്ട് "ആണോ "എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു.രണ്ടു കൈ കൊണ്ട് ഞാൻ "അല്ല " എന്ന് ആംഗ്യഭാഷയിൽ തിരിച്ചു പറഞ്ഞു.(ഞാൻ എങ്ങാൻ Bsc നഴ്സിംഗ് എടുത്തിരുന്നെങ്കിൽ മരണത്തെ മുഖാഭിമുഖം കാണേണ്ടി വരുമായിരുന്നുള്ള എല്ലാ രോഗികളെയും ഞാൻ മനസ്സിൽ ധ്യാനിച്ചു ചിരിച്ചു )അയാളുടെ ബുക്കിൽ ഞാൻ നോക്കിയപ്പോൾ കുറെ പേരുടെ എഡ്യൂക്കേഷൻ ,സ്ഥലം ഇതൊക്കെ എഴുതി ഇരിക്കുന്ന കണ്ടു.ഓഹോ അപ്പോൾ എഡ്യൂകേഷൻ ആണ് ചോദ്യം . ഞാൻ M.com എന്ന് തിരിച്ചെഴുതി കൊടുത്തു .അടുത്ത് Home എന്നെഴുതി ചോദിച്ചു Chalakudy എന്ന് ഞാൻ തിരിച്ചെഴുതി
( "kottat "എന്ന സ്ഥലം എവിടെയാണെന്ന് വിവരിച്ചു കൊടുക്കാനുള്ള ആംഗ്യഭാഷ എനിക്ക് വശം ഇല്ലാത്തതു കൊണ്ടണ് ട്ടാ .കോട്ടാറ്റ് ..അത് ചാലക്കുടിയി നിന്നും 5 കിലോമീറ്റര് അകലെയുള്ള സ്ഥലം ആണ്. ഇവിടുത്ത ജനങ്ങൾ വെസ്റ്റ് ചാലക്കുടി എന്ന് പറഞ്ഞു പറഞ്ഞു കോട്ടാറ്റ് എന്ന പേര് പുറംലോകം അറിയാതെ പോയി.പണ്ട് ടിപ്പുവിന്റെ കോട്ടയുടെ അറ്റം കിടന്നിരുന്നത് ഇവിടെയാണെ ന്നൊക്കെ പറയപ്പെടുന്നു..)
അടുത്തത് അയാൾ ഒരു കുസൃതി ചിരിയോടെ എഴുതി "others love you "വായിച്ചതും ഞാൻ ഒന്ന് ഞെട്ടി .പുരികങ്ങൾ ചുളിച്ച് കണ്ണിൽ സംശയം നിറച്ച് ഞാൻ അയാളെ നോക്കി .അയാൾ ചിരിച്ചു കൊണ്ട് അടുത്ത ആളുടെ അടുത്തേക്ക് പോയി .
ശെടാ !!അയാളുടെ ബുക്കിൽ ഞാൻ ഇങ്ങനെ ഒന്ന് വേറെ ആർക്കും എഴുതി കൊടുത്തതായി വായിച്ചില്ലല്ലോ!! എന്റെ അടുത്ത് മാത്രം എന്താ അയാൾ ഇങ്ങനെ ഇതു എഴുതിയത് ?ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ് പുറപ്പെടാനുള്ള സമയം ആയതുകൊണ്ട് അയാൾ പിൻവാതിലിലൂടെ ഇറങ്ങി പോകുന്നത് കണ്ടു.
അല്ല ; ഇതിപ്പോ എന്താണ് അയാൾ ഉദേശിച്ചത് ? "others love you "-ഇത് ഒരു Declarative Sentence ആണോ ? " നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നു ";
അത് കേൾക്കാൻ കൊതിക്കാത്തവർ ആരുണ്ട് ഈ ലോകത്തിൽ !!.കുഞ്ഞുനാളിൽ ചേച്ചിമാരുമായി മുട്ടൻ അടിയുണ്ടാക്കിയിട്ടു ജയിക്കാൻ പറ്റാത്ത നില വരുമ്പോൾ അതിനെ തരണം ചെയ്യാൻ എടുക്കുന്ന അവസാനത്തെ അടവാണ് " അമ്മക്ക് എന്നെയാണല്ലോ ഏറ്റവും സ്നേഹം " എന്നും പറഞ്ഞു അവരെ കൊഞ്ഞനം കുത്തി അമ്മയുടെ സാരിയുടെ പുറകിൽ ഒളിക്കുന്നത് .നിഷയേക്കാൾ നിന്നെയാണെനിക്ക് ഏറ്റവും ഇഷ്ട്ടം എന്ന് കേൾക്കാൻ വേണ്ടി സിന്ധുവിന് പേന ,വള , പുളിങ്കുരു , മാങ്ങാത്തൊലി ,പല്ലൊട്ടിമിട്ടായി അങ്ങനെ എത്രയെത്ര സാധനങ്ങൾ കൊണ്ടോയി കൊടുത്തിരിക്കുന്നു.കോളേജിൽ വെച്ച് ലവൻ എന്നെ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞിട്ടും അവനെക്കൊണ്ട് അത് പറയിപ്പിക്കാൻ വേണ്ടി ഞാൻ കത്തിച്ചു കളയിപ്പിച്ച പെട്രോൾകാശ് കൊണ്ട് അവനു വേണേൽ ഇപ്പോ ഒരു പെട്രോൾ പമ്പ് തുടങ്ങാർന്നു !! കല്യാണം കഴിഞ്ഞ നാളിൽ കെട്ട്യോനെ നാത്തൂൻറേം അമ്മേടേം കയ്യിൽ നിന്നും മോചിപ്പിച്ചു എന്നെ മാത്രം സ്നേഹിക്കാൻ തോന്നിപ്പിക്കണെന്നും പറഞ്ഞു മാതാവിന് എന്തോരം മെഴുതിരിയാ ഞാൻ കത്തിച്ചു തീർത്തത് !!...അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നവർ നമ്മൾ സ്നേഹിക്കുന്നതിനേക്കാളേറെ നമ്മളെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നതിൽ പരം എന്ത് ആനന്ദമാണ് ഈ ഭൂമിയിൽ മനുഷ്യർക്ക് വേറെ ഉള്ളത്!!!?
.
ഇനീപ്പോ അവൻ ഉദേശിച്ചത്‌ ഒരു Interrogative Sentence ആണോ ? "നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നുവോ ?" ആവോ ...ആർക്കറിയാം ! ഇത്രയും കാലം മറ്റുള്ളവർ എന്നെ സ്നേഹിക്കു ന്നുണ്ട് എന്ന് തന്നെയാണ് എന്റെ കണ്ടെത്തൽ. ഇനീപ്പോ സ്നേഹം അഭിനയിക്കുന്നതാണോ ?വെല്യ കുഴപ്പം ഒന്നുമില്ലാതെ കാർന്നോന്മാരെ ഞാൻ നോക്കുന്നോക്കേം ഉണ്ട്.ഇച്ചിരി കൈപ്പുണ്യം കുറവാണെന്ന് ഉള്ളു,എന്നാലും കെട്ട്യോനും പിള്ളേർക്കുമൊക്കെ വെച്ച് വിളമ്പി കൊടുക്കണ്ട്. കുടുംബത്തെ പണി വേറെ ആരും എടുക്കാത്തതു കൊണ്ടു നമ്മൾ തന്നെ എടുക്കുന്നു. പിന്നെ ജോലി സ്ഥലത്തു ഇച്ചിരി കുശുമ്പോക്കേം പറയും ....അതിപ്പോ ആരാ പറയാത്തെ ? അല്ലാ ഞാനിപ്പോ എന്തിനാ ഇങ്ങനെ കാടുകയറണെ ..എന്നെകൊണ്ട് ഇത്രക്കൊക്കെ പറ്റൂ ...വേണേൽ സ്നേഹിച്ചാൽ മതി..അല്ല പിന്നെ.!
അല്ലെങ്കിൽ ചിലപ്പോളിനി അവൻ ഉദേശിച്ചത്‌ വെല്ല Exclamatory Sentence ആണോ like... "ഹോ !! നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നു.".എനിക്ക് തോന്നുന്നത് അതാകാനാണ് സാധ്യത .കാരണം കാലുമ്മേൽ കാലും കേറ്റിയുള്ള എന്റെ ഇരിപ്പും, ആരേം കൂസാത്ത ഭാവോം,അഴിച്ചിട്ട മുടിയും,കൂളിംഗ് ഗ്ലാസും ഒക്കെ കണ്ടാൽ ആൾക്കാർക്ക് നല്ല കലിപ്പിളകാനെ വഴിയുള്ളു..."ഇവളാര് !! ഐശ്വര്യ റായിയോ ?"എന്ന കൊസ്റ്റിനും കൂടി വേണേൽ ചോദിക്കാം."എന്റെ പൊന്നു ചേച്ചി നിങ്ങളെയൊക്കെ ആരെങ്കിലും സ്നേഹിക്കോ " എന്ന ധ്വനി അല്ലെ അവന്റെ അക്ഷരങ്ങളിൽ ഉള്ളത് ?. ഞാൻ ആ ധ്വനിയിലേക്കു ഒന്ന് ഊളിയിട്ടു .അവസാനം ശ്വാസം കിട്ടാതെ വന്നപ്പോൾ കൈ കാൽ ഇട്ടു അടിച്ചു പൊന്തി വന്നു.കാരണം ഒറ്റ നോട്ടത്തിൽ എന്നോട് ആർക്കും സ്നേഹം തോന്നിയതായിട്ടു ഞാൻ ഓർക്കുന്നില്ല .First impression എന്റെ കാര്യത്തിൽ ഒരിക്കലും Best impression ആയിരുന്നിട്ടില്ല.!!... അല്ലെങ്കിലും ഒരു മനുഷ്യനെ അടുത്തു അറിയാതെ എങ്ങനെയാണ് അയാളെ സ്നേഹിക്കാനോ വെറുക്കാനോ സാധിക്കുക!!എന്നിട്ടും വിഡ്ഢികളായ നമ്മൾ മറ്റുള്ളവരെ ഒറ്റ നോട്ടത്തിൽ വിലയിരുത്തി കളയുന്നു.ചില മനുഷ്യർക്ക്‌ അവരെ ആരും അടുത്തു അറിയാൻ ശ്രമിക്കാത്തതിൽ സങ്കടം.ചിലർക്ക് അകട്ടെ കൂടുതൽ
അറിഞ്ഞാൽ നിങ്ങൾ എന്നെ കൂടുതൽ വെറുക്കുമോ എന്ന ഭയം. എനിക്ക് എപ്പോഴും ഈ ലോകത്തോട് വിളിച്ചു പറയാൻ തോന്നിയിട്ടുള്ള ഒരേ ഒരു കാര്യമേ ഉള്ളു...എന്നെ കാണാൻ ഒരു അഹങ്കാരിയുടെ ലുക്ക് ഉണ്ടെന്നേ ഉള്ളു ..ശെരിക്കും ഞാൻ ഒരു പാവാട്ടാ...
"എന്താപ്പോ ഇത് !!!..ജീവിതത്തിൽ ഞാൻ ആദ്യമായ് കണ്ടു മുട്ടിയ വ്യക്തിക്ക് എന്നെ ഇത്രമാത്രം ചിന്തിപ്പിക്കാൻ ഉള്ള അവകാശം ഉണ്ടോ !!.. ഒരു നിശബ്ദനായ ചെറുപ്പക്കാരന് എന്റെ ഹൃദയത്തിൽ ഇത്രയധികം ഒച്ചപ്പാട് ഉണ്ടാക്കുവാനുള്ള അധികാരം ആര് കൊടുത്തു?. ഞാൻ കൊടുത്ത 20 രൂപയ്ക്കു എന്നെ തൃശൂർ മുതൽ ചാലക്കുടി വരെ സ്നേഹത്തെ പറ്റി ചിന്തിപ്പിക്കാൻ ഉള്ള മൂല്യം ഉണ്ടോ !, ആ,,, ദൈവത്തിനു മാത്രം അറിയാം …
പക്ഷെ ആ ചിന്തയിൽ നിന്നും ഞാൻ എന്നോട് തന്നെ ചോദിച്ച ഒരു കാര്യം ഇതാണ്... മറ്റുള്ളവരുടെ സ്നേഹത്തിനു പകരമായി ഞാൻ എന്താണ് അവർക്ക് സമ്മാനിച്ചിട്ടുള്ളത്.? സ്നേഹം?അവഗണന? വെറുപ്പ്‌?
അതു പോട്ടേ....നിങ്ങളോട് ഞാൻ ഒന്ന് ചോദിക്കട്ടെ..
"നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നു" എന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നതാരൊക്കെ ? "നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നുവോ" എന്നു ചോദിക്കുമ്പോൾ നിങ്ങൾ സംശയിക്കുന്നതാരെയെല്ലാം? ഹോ!നിങ്ങളെ മറ്റുള്ളവർ സ്നേഹിക്കുന്നുണ്ടല്ലോ എന്നത്ഭുതപ്പെടുമ്പോൾ നിങ്ങൾ തെല്ലു പശ്ചാപത്തോടെ നോക്കുന്നതാരെ ?
ചിന്തിക്കു സുഹൃത്ക്കളെ ..വേഗമാകട്ടെ .കാരണം നമ്മുടെ എല്ലാം ജീവിതത്തിൽ മറ്റുള്ളവരുടെ സ്നേഹത്തിനു വിലമതിക്കാനാവാത്ത മൂല്യമുണ്ട്.നമ്മൾ അതെത്ര കണ്ടില്ലെന്നു നടിച്ചാലും ആ സ്നേഹത്തിനു മൂല്യച്യുതി ഒരിക്കലും സംഭവിക്കുകയില്ല .ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നു പറയാൻ ആരുടെയും മരണം വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ല.അങ്ങനെ കാത്തിരിക്കുന്നത് കണ്ടത്കൊണ്ടാ ണല്ലോ ഖലീൽ ജിബ്രാൻ ഇങ്ങനെ തേങ്ങിയത്.."വിട പറയും വരെ സ്നേഹം അതിന്റെ ആഴം അറിയുന്നില്ല "എന്ന്.
എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി.
ആ ചെറുപ്പക്കാരൻ എഴുതി തന്ന കുത്തും കോമേം ഒന്നും ഇല്ലാത്ത ആ വാചകം അർത്ഥമാക്കുന്നത് എന്താണെന്ന് എനിക്കു ഇപ്പോൾ മനസ്സിലാകുന്നുണ്ട്. "Others love you..അതെ.. മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നുണ്ട്.ഞാൻ അര്ഹിക്കുന്നതിലേറെ". ആ കുറിപ്പ് എനിക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് ...ഞാൻ മറ്റുള്ളവരെ സ്നേഹിക്കാനായി മറന്നു പോകാതിരിക്കാൻ ഉള്ള ഒരു ഓർമ്മപ്പെടുത്തൽ.. ആ മനോഹരമായ പണി ആ ചെറുപ്പക്കാരനിലൂടെ കക്ഷി നിർവഹിച്ചെന്നു മാത്രം.
ഞാൻ ബസ് ഇറങ്ങി വീട്ടിലേക്ക്‌ നടന്നു.പഴയ ആളായിട്ടല്ല...ഒരു പുതിയ ലിപി ആയി....അതെ അതു തന്നെയാണല്ലോ ആ 20 രൂപയുടെ മൂല്യവും..

By: Lipi Jestin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo