Slider

വീട്ടാക്കടങ്ങൾ

0
Image may contain: Rbk Muthukulam, selfie, beard, closeup and indoor


-------------------------
എനിക്ക് ഓർമവെച്ചനാൾ മുതൽ രോഹിണിയമ്മയെ അറിയാം. കൃശഗാത്രിയായ , വഴിയേ കാണുന്ന എന്തിനോടും വിശേഷം തിരക്കി ഊർജസ്വലയായി നടക്കുന്ന ഒരു നിഷ്കളങ്ക ഗ്രാമീണസ്ത്രീ..അയൽക്കാരുമായി ചെറിയ ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായാലും താമസിയാതെ തന്നെ വേഗം കൂട്ടുകൂടി സൗഹൃദം, അവരറിയാതെ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നതിനു ഞാൻ പലപ്പോഴും കൗതുകത്തോടെ സാക്ഷിയായിട്ടുണ്ട്.
കളങ്കമില്ലായ്മ കൂടിയതിന്റെ ദോഷവും ആയമ്മയ്ക് അനുഭവിക്കേണ്ടിവന്നിട്ടുമുണ്ട്, പലപ്പോഴും. പരദൂഷണക്കൂട്ടങ്ങളുടെ ഇടയിൽ പോയിരിക്കുമ്പോൾ കിട്ടുന്ന പല രഹസ്യകഥകളും രോഹിണിയമ്മ, അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ മറ്റൊരിടത്തു പോയി പൊട്ടിക്കാറുണ്ട്! ഒടുവിൽ ഈ കഥകളുടെ യഥാർത്ഥ സൃഷ്ടാവിനോ പരസ്യക്കാർക്കോ യാതൊരു ഉത്തരവാദിത്വവും ഏൽക്കേണ്ടി വരാത്ത വിധം എല്ലാ കുറ്റവും രോഹിണിയമ്മയുടെ ചെറിയ ചുമലിൽ വന്നു വീഴാറുമുണ്ട്..
"ഈ പെണ്ണിന്റെ മനസ്സിലൊന്നുമില്ല" എന്റെ 'അമ്മ പലപ്പോഴും പറയാറുണ്ട്: "വായിൽ തോന്നുന്നത് പറയുമെന്നല്ലാതെ വേറൊന്നുമില്ല..ഒരു പൊട്ടി!"
എനിക്ക് രോഹിണിയമ്മയോടു കൗതുകം കലർന്ന ഒരു സ്നേഹം ഉണ്ടായിരുന്നു. അവർക്കാകട്ടെ എന്നെ വലിയ കാര്യവും. ആയമ്മയ്ക്കു രണ്ടു മക്കളാണ്.രോഗിയായ ഒരു ഭർത്താവും..ആൺമക്കൾ വളർന്നു വലുതായെങ്കിലും രോഹിണിയമ്മയുടെ പ്രതീക്ഷക്കൊത്തു മികവ് കാണിക്കാതിരുന്നതിനാൽ, അവർക്കു പ്രായമായപ്പോഴും രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കാൻ പണിയെടുക്കേണ്ടിവന്നു.
വീട്ടുവേല ചെയ്തും കല്യാണാഘോഷങ്ങളുള്ള വീടുകളിൽ ദേഹണ്ണത്തിനു സഹായിച്ചും ആകുന്ന മറ്റു പണികൾ ചെയ്തും അവർ വീട് പുലർത്തിപ്പോന്നു. എങ്ങനെ ആയാലും അവർ സ്വന്തം ഭർത്താവിന്റെ കാര്യങ്ങൾ സാമർഥ്യത്തോടെ നിവർത്തിച്ചു. ഇടയ്ക്കു മക്കളും മരുമക്കളുമായി നല്ല വഴക്കുണ്ടാക്കാറുണ്ട് രോഹിണിയമ്മ. എന്നാൽ അവർക്കു ഒരാപത്തുണ്ടായാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങൾ വന്നാലോ എല്ലാം മറന്നു ആ നിഷ്കളങ്ക മനസ്സ്.അവർക്കു പിന്തുണ പ്രഖ്യാപിച്ചു ഇപ്പോഴും കൂടെയുണ്ടാവാറുണ്ട്.
ഞാൻ വളർന്നു ജീവിതത്തിന്റെ സാമാന്യം കട്ടിയുള്ള നുകം ചുമലിലേറ്റി തുടങ്ങിയപ്പോഴും ശുഷ്കിച്ച ചുമലുകളിൽ സ്വന്തം നുകം പേറി അവർ നടന്നു നീങ്ങുന്നുണ്ടായിരുന്നു. കിടക്കയിൽ വീണുപോയ ഭർത്താവിന്റെ കാര്യങ്ങൾ ആയമ്മ അപ്പോഴും നോക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും എവിടെപ്പോയിട്ടു വന്നാലും ചെറുമക്കൾക്കു എന്തെങ്കിലും കുഞ്ഞു സമ്മാനങ്ങൾ അവർ പൊതികെട്ടിക്കൊണ്ടുവരാൻ മറന്നിരുന്നില്ല. അതൊരു കപ്പലണ്ടി മിഠായി ആയിരിക്കും. അല്ലെങ്കിൽ കണ്ണിമാങ്ങാപ്പൊട്ടുകൾ ആയിരിക്കും. അതുമല്ലെങ്കിൽ കമ്പിളി നാരങ്ങാ കഷ്ണമാകാം...
സ്വാഭാവികമായും സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയപ്പോൾ ഞാൻ പണം പലിശക്ക് വാങ്ങാൻ തുടങ്ങി. അത്രതന്നെ സ്വാഭാവികമായി ഞാൻ വീണ്ടും വീണ്ടും പലിശക്ക് വാങ്ങുന്ന ഒരു സ്വഭാവത്തിലേക്കു മാറിക്കൊണ്ടിരുന്നു..
ഒരിക്കൽ പതിനായിരം രൂപയുടെ അത്യാവശ്യമുണ്ടായപ്പോൾ ഞാൻ സ്വയം ഒരു ഇരയായി പറ്റിയ ഒരു "വായ് " നോക്കി നടന്നു, എങ്ങും തരപ്പെട്ടില്ല. ആകെ വെപ്രാളമായി. പറഞ്ഞ കാലാവധിക്ക് മറ്റൊരു പലിശക്കാരന് അന്ന് തന്നെ കൊടുക്കേണ്ട പണമാണ്! ഇത് തീർത്തിട്ടുവേണം കനപ്പെട്ട ഒരു തുക അടുത്തതു വാങ്ങാൻ! നിരാശനായി, ചിന്താമഗ്നനായി ഞാൻ റോഡുവക്കിലൂടെ നടന്നു.
"മോനെ" റോഡിനു എതിർവശത്തുനിന്നു ഒരു വിളി കേട്ടു ഞാൻ നോക്കി
രോഹിണിയമ്മ പതിവു ചിരിയുമായി നിൽക്കുന്നു. എന്നാൽ ആ ചിരിയുടെ പൊലിമ വല്ലാതെ മങ്ങിയിരിക്കുന്നതു ശ്രദ്ധിച്ചു. റോഡ് മുറിച്ചു കടന്നു അവർ എന്റെ അരികിലെത്തി.
"എന്താണിത്രേം ക്ഷീണം?" ഞാൻ ചോദിച്ചു.
" വയ്യ കുഞ്ഞേ" തളർന്ന ചിരിയോടെ ആയമ്മ പറഞ്ഞു: "ഇതിയാനെ നോക്കി നോക്കി അമ്മയ്ക്കു വയ്യാതായി..പിന്നെ, കുറേശെ ഷുഗറുമുണ്ട് "
ഞാൻ സങ്കടത്തോടെ നോക്കി. തീരെ വയ്യാതായിരിക്കുന്നു.
"ഞാൻ മോന്റെ വീട്ടിൽ പോയിട്ടു വരുന്ന വഴിയാ"
"എന്താ വിശേഷം" ഞാൻ ചോദിച്ചു. പിന്നെ മനസ്സിൽ പറഞ്ഞു- പണമോ മറ്റോ ചോദിക്കാനാണെങ്കിൽ നല്ല ശിക്ഷയായി.!
"ഞാൻ ഇച്ചിരെ പൈസ തന്നാൽ കുഞ്ഞൊന്നു സൂക്ഷിക്കാമോ" രോഹിണിയമ്മയുടെ ചോദ്യം കേട്ടപ്പോൾ ഇപ്പോഴത്തെ ശൈലിയിൽ -മനസ്സിലൊരു ലഡ്ഡു പൊട്ടിയെന്നു പറയാം!
"എന്താ പറഞ്ഞെ" വ്യക്തമായി കേട്ടിട്ടും ഞാൻ വീണ്ടും കേൾക്കാനായി പ്രോത്സാഹിപ്പിക്കുന്ന പോലെ ചോദിച്ചു.
'അമ്മേടെ കയ്യിൽ ഒരു പതിനായിരം രൂപയുണ്ട് ": രോഹിണിയമ്മ അറിയിച്ചു: "ഇച്ചിരിച്ചിരി 'അമ്മ കൂട്ടിക്കൂട്ടി വെച്ചിരുന്നതാ. അവന്മാർ കണ്ടാൽ ഞാനറിയാതെ തട്ടിയെടുക്കും...ന്റെ മോനെ അമ്മയ്ക്കു വിശ്വാസമാ..മോൻ ഇതു കയ്യിൽ വെച്ചോ , 'അമ്മ ചോദിക്കാം അപ്പൊ മതി.."
അധ്വാനത്തിൽനിന്നു പലനാളായി മിച്ചം വെച്ച ആ പൊതിക്കെട്ട് അവരെന്റെ നേർക്കു നീട്ടി..കാശിനത്യാവശ്യമുണ്ട്.എന്നാലും ഇതു വാങ്ങണോ? ഞാൻ ചിന്തിച്ചു.
"മോനൊന്നും ചിന്തിക്കേണ്ട -അമ്മയ്ക്കു വിശ്വാസമുള്ള ഒരാൾ മോനേയുള്ളു.അതുകൊണ്ടല്ലേ?" അവർ പറഞ്ഞു.
"ബാങ്കിൽ ഇട്ടു കൂടെ ?" ഞാൻ ചോദിച്ചു
"അതിനു ഞാൻ ബാങ്കിലെങ്ങും ചേർന്നിട്ടില്ല” അവർ പരിതപിച്ചു.
വേണമെങ്കിൽ അക്കൗണ്ട് എടുത്തു തരാമെന്നു ഞാൻ പറഞ്ഞില്ല. അപ്പോൾ എന്റെ കാര്യമെങ്ങനെ നടക്കും ?!
"ഞാൻ സൂക്ഷിക്കാം" ഞാൻ ഔദാര്യപൂർവ്വം പറഞ്ഞു: “രോഹിണിയമ്മയ്ക്കു എന്റെ കാര്യം അറിയാമല്ലോ -ഞാൻ കാശിനു എ പ്പോഴും അത്യാവശ്യമുള്ള ആളാ"
"കുഞ്ഞിന്റെ ആവശ്യത്തിനെടുത്തോ" അവർ പറഞ്ഞു: "അമ്മയ്ക്കൊരാവശ്യം വരുമ്പം തന്നാ മതി"
"എങ്കിൽ ഞാനിതിന്റെ പലിശ തരും എല്ലാ മാസവും" ഞാൻ മമതയോടെ അറിയിച്ചു. അല്ലെങ്കിലും പലിശ കൊടുക്കാൻ എന്തൊരു വാശിയാണെനിക്ക് !!
"അയ്യോ-പലിശയൊന്നും വേണ്ട കുഞ്ഞേ"-രോഹിണിയമ്മ ഒച്ച ഉയർത്തി പറഞ്ഞു.
പക്ഷെ ഞാൻ കൃത്യമായി പലിശ നൽകിപ്പോന്നു, കഴിയുന്നതും തീയതി തെറ്റിക്കാതെ. മാസങ്ങൾ കടന്നുപോയി. ഇതിനിടയിൽ ആയമ്മയുടെ ഭർത്താവു മരിച്ചുപോയി. അതോടെ ഇതുവരെ ജീവിച്ചതിനുള്ള പ്രേരണ ഇല്ലാതായപോലെ രോഹിണിയമ്മ കാണപ്പെട്ടു. രോഗാധിക്യം മൂലം കൂടുതൽ അവശയായി. ചെറിയ മറവിയും ബാധിച്ചു തുടങ്ങി. ഒരിക്കൽ ഞാൻ പലിശ കൊടുക്കാനായി ചെന്നപ്പോൾ രോഹിണിയമ്മ കിടക്കുകയായിരുന്നു. കിടക്കയുടെ അരികിൽ കാശു വെച്ചശേഷം ഞാൻ പറഞ്ഞു:
"മുതൽ വേണമെങ്കിൽ നേരത്തെ പറയണം. വയ്യാതിരിക്കുവല്ലേ, ആവശ്യം വരും "
രോഹിണിയമ്മ എന്നെ നോക്കി വാത്സല്യത്തോടെ ചിരിച്ചു: "ആവശ്യം വരും കുഞ്ഞേ..'അമ്മ മരിക്കുമ്പോൾ..അപ്പോൾ മോൻ എന്റെ മക്കടെ കയ്യിൽ കൊടുത്താൽ മതി കാശ്..ചടങ്ങൊക്കെ നടത്താൻ ഇതു തികയുംന്നു തോന്നുന്നു.."
എനിക്കു വിഷമമായി..എത്രയും പെട്ടെന്ന് കാശെത്തിക്കണമെന്നു ഉറപ്പിച്ചാണ് മടങ്ങിയത്..ഓർമക്കുറവ് നല്ലപോലെ ബാധിക്കും മുൻപ് കടം വീട്ടണം..അങ്ങനെ വീണ്ടും മറ്റൊരു പലിശക്കാരന്റെ കോള് കിട്ടിയപ്പോൾ ഞാൻ രോഹിണിയമ്മയുടെ പതിനായിരം കൊണ്ടുക്കൊടുത്തു.
ഞാൻ ചെന്നപ്പോൾ അവിടെ ആരുമില്ലായിരുന്നു. ഓടുപാകിയ മേൽക്കൂരയുള്ള വീട് അടഞ്ഞു കിടന്നു..വഴിയിൽ കണ്ട അയൽക്കാരിയോട് ഞാൻ ചോദിച്ചു..
"ആ തള്ള അകത്തു കിടക്കുന്നുണ്ടാവും" അതൃപ്തിയോടെ അവർ പറഞ്ഞു: "ബാക്കിയെല്ലാവരും ഏതോ കല്യാണത്തിന് പോയി"
"ഓർമ്മയൊക്കെ കുറവാ കൊച്ചനെ" മുറ്റത്തേക്കു കയറിയപ്പോൾ അവർ, പുറകിൽ നിന്ന് ഓർമ്മിപ്പിച്ചു: "നോക്കീം കണ്ടും സംസാരിക്കണം"
അടഞ്ഞു കിടന്ന വാതിൽ തുറന്ന ഞാൻ കണ്ടത് കട്ടിലിൽ കിടക്കുന്ന രോഹിണിയമ്മയെ ആണ്.
തൈലത്തിന്റെ, പൂത്ത തുണിയുടെ ഒക്കെ മടുപ്പിക്കുന്ന ഗന്ധം പരന്നു..പുതപ്പിനുള്ളിൽ വളരെ ശുഷ്കിച്ച രൂപം.
"ആരാ" പതിഞ്ഞ ഒച്ചയിൽ രോഹിണിയമ്മ ചോദിച്ചു
ഞാൻ പേര് പറഞ്ഞു..ആ മുഖത്തു ചെറിയ ഒരു വെളിച്ചമുണ്ടായി.
എന്നെ ഓർമയുണ്ടല്ലോ ഞാൻ ആശ്വസിച്ചു.
"ഞാൻ കാശ് കൊണ്ടുവന്നതാണ്..പതിനായിരവും പലിശയുമുണ്ട്."
അതുകേട്ടു അവരെന്തോ ഓർക്കുന്നപോലെ കിടന്നു..
"ഞാൻ പറഞ്ഞത് രോഹിണിയമ്മ കേട്ടോ?"-ഞാൻ ചോദിച്ചു.
"മക്കളെ പതിനായിരമാണോ, ഇരുപത്തിനായിരമാണോ ഞാൻ തന്നത്?"
ഞാൻ അന്ധാളിച്ചു പോയി..ഇരുപതിനായിരമോ..?!!
ആയമ്മയുടെ മറവി, എനിക്കു പാരയായോ?
"പതിനായിരമല്ലേ അമ്മേ, അന്നു തന്നത്?" സംയമനം പാലിച്ചു ഞാൻ ചോദിച്ചു.
"ആണോ മോനെ...സത്യമായിരിക്കും, പതിനായിരമായിരിക്കും" അവർ പിറുപിറുത്തു.
പക്ഷെ എനിക്ക് ആശങ്ക കൂടി. മക്കളോടോ മറ്റോ അങ്ങനെ ഇരുപതിനായിരമെന്നു പറഞ്ഞിട്ടുണ്ടാകുമോ? എങ്കിൽ ഒരുപക്ഷെ ആർത്തിപിടിച്ച അവർ സത്യം അറിയാതെ എന്നോട് അത്രയും തുക ആവശ്യപ്പെടുമോ?, ഇങ്ങനെ ഒക്കെയായി എന്റെ ചിന്ത.
"രോഹിണിയമ്മേ" ഞാൻ വിളിച്ചു: "അമ്മയ്ക്കു ഓർക്കാൻ കിഴിയുന്നുണ്ടോ ഞാൻ എത്രയാ വാങ്ങിയതെന്ന്"
"അമ്മയ്‌ക്കോരോർമ്മേം ഇല്ലെന്റെ കുഞ്ഞേ" അവർ അറിയിച്ചു: "അമ്മയ്ക്കൊന്നും അറിയില്ല" പിന്നെയും എന്തൊക്കെയോ അവ്യക്തമായി പിറുപിറുത്തുകൊണ്ടിരുന്നു.
ഹതാശനായാണ് ഞാൻ തിരിച്ചു പോയത്. ഇതിന്റെ ഒരുറപ്പ് ആരിൽനിന്നും കിട്ടും..മക്കളെങ്കിലും ഇവിടുണ്ടായിരുന്നെങ്കിൽ...അല്ലെങ്കിലും അവരറിയാതെ തന്ന കാശല്ലേ? പിന്നെങ്ങനെ അവർക്കിത് ബോധ്യമാകും?
പതിനായിരമേ ഞാൻ വാങ്ങിയിട്ടുള്ളൂ എന്നകാര്യം ഈ ലോകത്തു എനിയ്ക്കു മാത്രമേ നേർബോധ്യമുള്ളൂ! തന്ന ആൾ പോലുമതു മറന്നുപോയിരിക്കുന്നു..!!
ഒരാഴ്ച കൂടിക്കഴിഞ്ഞു...പലവിധ പ്രശ്നങ്ങളാൽ പതിവുപോലെ നെട്ടോട്ടമോടിയിരുന്ന എനിക്കു ആയമ്മയ്ക് കാശു തിരിക നൽകിയതിന്റെ ഒരുറപ്പു തരാൻ തക്ക ആരെയും കിട്ടിയില്ല..മക്കളോടു പറഞ്ഞാൽ പ്രശ്നം വിപരീതഫലം ചെയ്യുമെന്നു ഭയന്ന് ഞാൻ അവരോടും പറഞ്ഞില്ല.
അപ്പോഴാണ് രോഹിണിയമ്മയുടെ മരണവാർത്ത അറിഞ്ഞത്..ഞാൻ ഒരാവശ്യത്തിനായി അടുത്ത ജില്ലയിൽ പോകേണ്ടി വന്ന സമയത്താണ് വിവരം കിട്ടിയത്. വിളിച്ചു പറഞ്ഞ സുഹൃത്ത് മറ്റൊരു വിവരം കൂടി അറിയിച്ചു.-
'ആയമ്മ പലർക്കും പൈസ കൊടുത്തിട്ടുണ്ടത്രെ, ഓർമ്മയില്ലാതെ പോയതുകൊണ്ട് വാങ്ങിച്ചവരൊന്നും ഏൽക്കുന്നില്ലത്രേ. ചിലരൊക്കെ വാങ്ങിച്ചതിന്റെ പകുതി തുകയൊക്കെയേ സമ്മതിക്കുന്നുള്ളൂ..'
ഞാൻ ഇത് കേട്ടു വല്ലാതെ പരിക്ഷീണിതനായി. നാളിതുവരെ ഞാൻ സൂക്ഷിച്ച മാന്യത, യാതൊരു കുറ്റവും ചെയ്യാതെ ഉടഞ്ഞുവീഴാൻ പോകുന്നു.
മക്കൾ അവിടെ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നാണ് സുഹൃത്ത് പറഞ്ഞത്. കേസ് ആകാനും പോകുന്നത്രേ..
തിരികെ പോകാൻ കയറിയ ബസ്സിന്‌ സ്പീഡ് വല്ലാതെ കൂടുതലാണെന്നു തോന്നി..ആരെങ്കിലും ഒരു ഹർത്താൽ പ്രഖ്യാപിച്ചെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി..എങ്കിൽ ഇന്നവിടെ ചെന്നുപറ്റാതിരിക്കാമായിരുന്നു...!!
*************************************************************************************************
രോഹിണിയമ്മയുടെ വീട്ടിലേക്കുള്ള വഴിവക്കിലും മുറ്റത്തുമൊക്കെ ആളുകൾ വട്ടം കൂടി നിന്നു സംസാരിക്കുന്നുണ്ട്. മരണാനന്തര ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.വലിയ പന്തൽ, വാടകക്കെടുത്ത കസേരകൾ, ദഹിപ്പിക്കാൻ ആവശ്യമായ ആധുനിക ഉപകരണങ്ങൾ -ഇവയൊക്കെ എന്നെ വിസ്മയിപ്പിക്കുകയും ചെയ്തു.
മക്കൾ, എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്, മരണശേഷമാണെങ്കിലും!
ഞാൻ മുറ്റത്തേക്ക് കയറിയപ്പോൾ ആൾക്കാർ അടക്കം പറച്ചിൽ നിർത്തി എന്നെ സാകൂതം നോക്കി. ഒരു VIP എത്തിച്ചേർന്നപോലെ നിശബ്ദമായി പരിസരം. നെഞ്ചു പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും ഭാവവത്യാസം കാണിക്കാതെ ഞാൻ കയറിച്ചെന്നു. സമുദായ ഗായകർ പാടുന്ന മരിപ്പുപാട്ടു എന്നെ പറ്റിയാണെന്നു എനിക്കു തോന്നി..ഈ ആൾക്കൂട്ടം അതിന്റെ എല്ലാ ജോഡിക്കണ്ണുകളും ഒരുമിച്ചു കൂർപ്പിച്ചു എന്നെ കുത്തിതുളക്കുന്നതായി തോന്നുന്നുണ്ട്. ആയമ്മയുടെ മക്കളുടെ ഒരട്ടഹാസവും അതിനെ പിന്തുടർന്ന് ആൾക്കൂട്ടത്തിന്റെ ആരവവും എന്റെ നേർക്ക് ഏതു നിമിഷവും ഉണ്ടായേക്കാമെന്ന് ഞാൻ വീർപ്പടക്കികൊണ്ട് ഓർത്തു.,
ഞാൻ തിണ്ണയിലേക്കു കയറി. വെള്ളപുതച്ചു കിടക്കുന്ന രോഹിണിയമ്മയെ കണ്ടു.വെപ്രാളം പിടിച്ച മനസ്സിൽ ദുഃഖം എങ്ങനെ ബാധിക്കാനാണ്? എനിക്ക് ആയമ്മയെ കണ്ടപ്പോൾ അരിശമാണ് ശെരിക്കും തോന്നിയത്. എത്ര കൃത്യമായി പലിശ കൊടുത്തുപോന്ന ആളാണു ഞാൻ..ഇങ്ങോട്ടു കൊണ്ടുവന്നു തന്ന കാശല്ലേ..എന്നിട്ടു അവസാനം ഈ പണി എനിക്കു തന്നെ തന്നല്ലോ?
ആരോടെങ്കിലും സത്യം പറഞ്ഞെ തീരൂ..സത്യം ജയിക്കട്ടെ!! ഞാൻ രോഹിണിയമ്മയുടെ മുഖത്തുനിന്നും കണ്ണെടുത്തു.മുറിവാതിൽ ചാരിനിൽക്കുന്ന മൂത്ത മരുമകളുടെ അടുത്തു ചെന്നു..അവർ, മറ്റുള്ളവരെക്കാൾ ഭേദമാണ്.
"രോഹിണിയമ്മ കുറച്ചുനാൾ മുൻപ് എന്നെ അല്പം കാശ് ഏൽപ്പിച്ചിരുന്നു.." ഞാൻ താണ സ്വരത്തിൽ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു:" അത് കഴിഞ്ഞ ആഴ്ച നിങ്ങൾ കല്യാണത്തിന് പോയ ദിവസം പലിശ സഹിതം ഞാൻ കൊണ്ടേല്പ്പിച്ചിട്ടുണ്ടായിരുന്നു.."
കലങ്ങിയ കണ്ണുകൾ കൊണ്ട് മരുമകൾ എന്നെ നോക്കി. പിന്നെ മെല്ലെ അറിയിച്ചു: "'അമ്മ ഞങ്ങളോട് ഇന്നലെ എല്ലാം പറഞ്ഞു.."
"എന്തു പറഞ്ഞു?" ഒരാന്തലോടെ ഞാൻ ചോദിച്ചു.
"പലരും അമ്മയിൽനിന്നും കാശ് വാങ്ങിയിട്ടുള്ള കാര്യം ഞങ്ങൾ അവിടുന്നുമിവിടുന്നുമൊക്കെ അറിഞ്ഞു. നിങ്ങൾ വാങ്ങിയ കാര്യവും അറിഞ്ഞു..വാങ്ങിയ മൂന്നുപേരിൽ മറ്റു രണ്ടുപേരും കൈ മലർത്തി. നിങ്ങളുടെ കാര്യം ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞതെന്താണെന്നറിയ്യോ ?"
ഞാൻ അതീവ ഉത്കണ്ഠയോടെ അവരുടെ വായിലേക്ക് തന്നെ നോക്കി!
" എന്റെ മോൻ, ഞാൻ കൊടുത്ത പതിനായിരം രൂപയും പലിശ ചേർത്ത് തിരിച്ചു തന്നെന്ന്..!!..പിന്നെ ആ പണമെടുത്തു ഞങ്ങടെ കയ്യിൽ തന്നിട്ട് പറഞ്ഞു. അമ്മേടെ മരിപ്പിന്റേം പുലകുളിയുടെമൊക്കെ ചെലവ് നടത്തിക്കോണംന്നു"
ഇത് പറഞ്ഞു മരുമകൾ വായ്പൊത്തി കരച്ചിലടക്കി..
എനിക്ക് ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ടു പോകുന്നപോലെ തോന്നി..വാതിൽപ്പടിയിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ രോഹിണിയമ്മയെ തിരിഞ്ഞു നോക്കി..കണ്ണ് നിറഞ്ഞിരിക്കുന്നതുകൊണ്ടു ഒന്നും കാണാൻ വയ്യ. ആരൊക്കെയോ ആയമ്മയെ പായയിൽനിന്നു താങ്ങിയെടുത്തു പുറത്തേക്കു കൊണ്ടുപോകുകയാണെന്നു മനസ്സിലായി..എല്ലാവരും പുറത്തേക്കു മെല്ലെ നീങ്ങി..ആരും കാണാതെ ഞാൻ മിഴികൾ ഇറുക്കിയടച്ചു..രണ്ടിറ്റു കണ്ണുനീർ തറയിൽ വീണുടഞ്ഞു..എന്റെ അശ്രുപൂജ..!
**************************************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo