****************
എല്ലാ തിരക്കുകളുടെ ഇടയിലും , മല്ലികയുടെ കണ്ണുകൾ അവനെ തന്നെയാണ് തിരഞ്ഞത് . ഇടയിലെപ്പോഴെ പന്തലിന്റെ പിൻ വശത്തു ഒരു മിന്നലാട്ടം പോലെ അവനെ കണ്ടതാണ് . പിന്നെ ഇതുവരെ കണ്ടിട്ടേ ഇല്ല . ഒരു പക്ഷെ ഒരുപാട് ആളുകൾ ഒക്കെ ഉള്ളത് കൊണ്ടാകും അവൻ മാറി നിൽക്കുന്നത് . നാട് മുഴുവൻ വിളിച്ചു ആഘോഷമായി തന്നെ തന്റെ കല്യാണം നടത്തണം എന്നുള്ളത് അപ്പായുടെ വലിയ ആഗ്രഹം ആയിരുന്നു . ഒരേ ഒരു മകൾ അല്ലെ . അതും ഒരുപാട് ഓമനിച്ചു വളർത്തിയ മകൾ .
വിരുന്നു വന്നവർ ഓരോരുത്തരായി ഇറങ്ങി തുടങ്ങി . ഇനി അധിക സമയം തനിക്കിവിടെ നിൽക്കാൻ കഴിയില്ല . ഇതുവരെ സ്വന്തം വീടായിരുന്നു ഇത് അല്പം മുൻപ് വരെ. പക്ഷെ ഇപ്പോൾ എന്തൊക്കയോ മാറ്റം . താൻ അന്യ ആകുന്ന പോലെ താൻ വേറെ ആരോ ആകുന്നത് പോലെ . അപ്പ കണ്ണീരു മറക്കാൻ ഏറെ കഷ്ടപ്പെടുന്നുണ്ട് . കരയാതിരിക്കാനാകും ഒട്ടിച്ചു വെച്ചൊരു ചിരി മുഖത്തുണ്ട് . വെറുതെ തിരക്കഭിനയിച്ചു നാല് വശത്തേക്കും നോക്കുന്നു . അമ്മയുടെ കവിളിലൂടെ കണ്ണുനീർ ചാലുകൾ തീർക്കുന്നു . ചിറ്റമാർ അമ്മയോട് എന്തെല്ലാമോ പറയുന്നുണ്ട് . കരയരുത് എന്നാകും. അമ്മ പെട്ടെന്ന് തൂവാല കൊണ്ട് മുഖം തുടച്ചു . അമ്മയുടെ മുഖത്തും പുഞ്ചിരി . അനിയൻ എവിടെ ....കാണുന്നില്ല .അവനും തിരക്കാകും ..എല്ലാവരും അഭിനയിക്കുന്നു ...
ഇറങ്ങാൻ സമയം ആകുന്നു കേട്ടോ .....
പ്രദീപിന്റെ വീട്ടിലെ ഏതോ കാരണവർ ആണെന്ന് തോന്നുന്നു . അപ്പ വന്നു കെട്ടി പിടിക്കുന്നു . ആ നെഞ്ചിടിപ്പിന്റെ താളം നെഞ്ചു പിടഞ്ഞു പൊട്ടുന്നുണ്ട് . മാറോടു ചേർത്തു പിടിച്ചപ്പോൾ അമ്മ കരഞ്ഞു . എത്ര പിടിച്ചു നിർത്തിയിട്ടും രണ്ടു കവിളിലും ഉമ്മ വെച്ചപ്പോൾ കവിളിൽ കണ്ണുനീർ ഒട്ടി . അനിയന്റെ മുഖത്ത് ദിവസങ്ങളോളം ഉറങ്ങാത്തത്തിന്റെ ക്ഷീണം. കുഞ്ഞിലെ അവൻ എന്റെ അനിയനായിരുന്നു . വളർന്നപ്പോൾ എന്നോ അവൻ എന്റെ ചേട്ടനായി. അല്ലേലും ആൺകുട്ടികൾ അങ്ങനെ ആണത്രേ . നെഞ്ചിൽ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ. കരുതലിന്റെ .വേറെ ആരൊക്കയോ യാത്ര ചോദിക്കുന്നു . എങ്കിലും കണ്ണുകൾ തിരയുന്നത് ഹൃദയം അന്വോഷിക്കുന്നതു അവനെയാണ് എന്റെ മാണിക്യൻ .
" എന്നാ പിന്നെ ഇറങ്ങുവല്ലേ ............"
ഒരു ഞെട്ടൽ , നെഞ്ചിന്റെ അകത്തൂന്നൊരു പിടച്ചൽ താൻ പോവുകയാണ് .....
"അമ്മേ ..മാണിക്യൻ എന്ത്യേ ...................."
അമ്മയുടെ നോട്ടവും പുറത്തേക്കു എനിക്കറിയാം .അമ്മയും മറന്നു .എല്ലാവരും മറന്നു .
"ഏട്ടാ .......... അഞ്ചു മിനിറ്റ് ...."
പ്രദീപിന്റെ മുഖത്തേക്ക് നോക്കാതെ എഴുന്നേറ്റു
കണ്ണുനീർ തുടച്ചു മുന്നോട്ടു നടന്നു ...
എനിക്കറിയാം അവൻ എവിടെ കാണുമെന്നു. ആളുകളുടെ ഇടയിലൂടെ തുറിച്ചു നോട്ടം മാറ്റി നിർത്തി തെക്കേ തൊടിയിലേക്കു നടന്നു . വർഷങ്ങൾ കൂടി കായ്ച്ച മൂവാണ്ടനും പൂ വിരിച്ചു നിന്ന കാപ്പി മരങ്ങളും സന്ദേഹത്തോടെ ഇലകൾ വീഴ്ത്തി . മഞ്ഞ മണികൾ കൊണ്ട് പറമ്പു നിറച്ച മുള്ളു വാങ്ങക്കു മാത്രം മനസ്സിലായി ഞാൻ ധൃതി കൂട്ടി എങ്ങോട്ടാണെന്ന് .പറമ്പിന്റെ മൂലയ്ക്ക് ഇല വിരിച്ച കൊക്കോ മരങ്ങളുടെ താഴെ അവനുണ്ടാകും എന്റെ മാണിക്യൻ. എനിക്കുറപ്പാണ് .
എന്നൊക്കെ എന്നോട് പിണങ്ങിയാലും ഞാൻ ദേഷ്യപ്പെട്ടാലും ഓടി വരിക നേരെ ഇങ്ങോട്ടാണ് . കണ്ണ് നിറഞ്ഞു വാടിയ മുഖവുമായി അവൻ അവിടെ ഉണ്ടാകും . ഒരു കർക്കിട രാവിൽ ആർത്തു പെയ്യുന്ന മഴയിൽ അവിടെ നിന്നാണ് എനിക്കവനെ കിട്ടിയത് . ഹുങ്കാരം മുഴക്കിയ ഇടി മിന്നലിനു പേടിച്ചു കൈകൾ വിരിച്ചു കെട്ടി ചെവി അടച്ചുവെങ്കിലും അവന്റെ കരച്ചിൽ താൻ കേട്ടു . അമ്മയെയും കൂട്ടി കുടയും ചൂടി അവനെ നെഞ്ചോട് ചേർത്തിട്ടു ഇപ്പോൾ വർഷം മൂന്നാകുന്നു . അവനോളം എന്നെ ആരും സ്നേഹിക്കുന്നില്ലെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് . അവനോളം എന്നെ ആരും മനസ്സിലാക്കുന്നില്ലെന്നും .
ഞങ്ങളിൽ ഒരാളായി തന്നെയാണ് അവനെ വളർത്തിയത് , മാണിക്യൻ എന്ന് പേരിട്ടത് അപ്പയാണ് .എങ്കിലും " മാണി " എന്നുള്ള എന്റെ വിളിയിൽ ഈ ലോകത്തിന്റെ ഏതു കോണിൽ നിന്നും കുതിച്ചവൻ എന്റെ അടുത്തു എത്തുമായിരുന്നു . സ്കൂളീന്ന് വരുന്ന സമയത്തു വളഞ്ഞു നീണ്ടു ചെമ്മൺ വഴിയുടെ അങ്ങേ ചെരുവിൽ എന്റെ തലവെട്ടം കാണുന്നതും കാത്തു എന്നും അവനുണ്ടാകും . കുതിച്ചോടി മേലേക്ക് വന്നു വീഴുമ്പോൾ ആ കണ്ണിൽ താൻ കണ്ടതാണ് അവനു തന്നോടുള്ള സ്നേഹത്തിന്റെ ആഴം .
ഇടയ്ക്കിടയ്ക്ക് വരുന്ന ശ്വാസം മുട്ടലും പനിയും ഒരു നേരം മാറാതെ എന്റെ കട്ടിലിന്റെ താഴെ ഉണ്ടാകും അവൻ. തുള്ളി വെള്ളം കുടിക്കില്ല. താൻ ഒന്നും കഴിക്കാതെ ഒരു മണി ചോറ് പോലും കഴിക്കില്ല . അവനു വേണ്ടിയാണ് അന്നൊക്കെ കനത്ത പനി ചൂടിലും ഭക്ഷണം കഴിച്ചത് . വീടിന്റെ സർവ അവകാശവും വളരെ പെട്ടെന്ന് അവൻ സ്വന്തമാക്കി. ആടുകളെ തീറ്റിക്കാനും തിരിച്ചു കൊണ്ട് വരാനും 'അമ്മ പോകാതെയായി .മാണിക്യൻ ഉണ്ടല്ലോ . അവനറിയാതെ ഞങ്ങളുടെ വീട്ടിൽ ഒന്നും നടന്നില്ല . രണ്ടു ദിവസം മുൻപ് വരെ .
അവനറിയാത്ത ആരൊക്കയോ വീട്ടിൽ വരുന്നു . അവനെ അറിയാത്ത ആരെല്ലാമോ . അവന്റെ സ്ഥാനം വീടിനു പുറത്തേക്കാകുന്നു . അവന്റെ നേരെ ആരെങ്കിലും കൈ ഉയർത്തിയത് , രണ്ടു ദിവസം മുമ്പേയാണ് . എന്നത്തേയും പോലും ഉച്ചയൂണിനു വീട്ടിലേക്കു ഓടി കയറി വന്നതാണവൻ.
പട്ടീ ....എന്ന് വിളിച്ചു ആട്ടി , ഇറക്കി വിട്ടത് കൊച്ചച്ചനാണ് . അവന്റെ കണ്ണുകൾ നിറഞ്ഞതു താൻ കണ്ടതാണ് . എന്റെ നേരെ നോക്കിയ കണ്ണുകളിൽ അവന്റെ ഹൃദയം നുറുങ്ങിയ വേദന താൻ അറിഞ്ഞതാണ് . ഒന്നും പറയാൻ വയ്യ . ഇവരൊക്കെ തന്റെ ആരെല്ലാമോ ആണെന്ന് ഇന്നലെ അപ്പ പറഞ്ഞു .കണ്ണടച്ച് നിന്നു . പുറത്തേക്കു ഇറങ്ങി നടന്നപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ അവൻ മറന്നില്ല . ഒരു നിമിഷം ഹൃദയം സ്തംഭിച്ച പോലെ .
" ഇവറ്റകളെ ഒന്നും അകത്തു കയറ്റരുത്, നൂറു കൂട്ടം അസുഖം കാണും . ..പിന്നെ പട്ടിയല്ലേ , ജാതി ..എപ്പോഴാ സ്വഭാവം മാറുകയെന്നും അറിയില്ല . "
അതെ , ഇവറ്റകളെ ഒന്നും അകത്തു കയറ്റാൻ പാടില്ലായിരുന്നു മനസ്സിലാണ് പറഞ്ഞതെങ്കിലും അറിയാതെ ശബ്ദമല്പം ഉയർന്നു. മുറ്റത്തേക്കിറങ്ങി മുറ്റത്തിന്റെ മൂലയ്ക്ക് മാണിക്യനായി ഒരു പാത്രം ആരോ സ്ഥാപിച്ചു കഴിഞ്ഞിരുന്നു . അൽപ നേരം അവനാ പാത്രത്തിനു നേരെ നോക്കിയിട്ടു മുന്നോട്ടു നടന്നു . അവനു പിന്നാലെ നടക്കാൻ ആഞ്ഞതാണ് .
" മോളെ ....." അമ്മയുടെ വിളിയിൽ കാലുടക്കി .
പിന്നെ തിരക്കായി ഇടയിൽ പലപ്പോഴും അകലെ നിന്നു തന്നെ നോക്കുന്ന മാണിക്യൻ ഞാൻ കണ്ടു . അവന്റെ മുഖം.. ആ കണ്ണുകൾ.. വേദന പൊടിച്ചു നിൽക്കുന്ന ആ നോട്ടത്തിൽ ഹൃദയം മുറിഞ്ഞു . ഇന്നലെ വൈകിട്ടാണ് കലവറയിൽ കയറി എന്നും പറഞ്ഞു ആരോ അവനെ വിറകു കൊള്ളി വെച്ച് എറിഞ്ഞു . മുഖത്ത് കണ്ണിനു താഴെയായി നീളത്തിൽ ഒരു മുറിവ് . ചോര പിടിഞ്ഞു നിൽക്കുവാന്നു മാളുവാ പറഞ്ഞെ .അല്പം ചാരം പൊത്തി വെച്ചില്ലേൽ മുറിവ് പഴുത്താലോ പക്ഷെ കല്യാണ പെണ്ണായി പോയില്ലേ . എന്നെ പോലെ അവനും അന്യമാകുന്നുണ്ട് ഈ വീട് . അവൻ കാണാത്ത അറിയാത്ത ആരൊക്കയോ അവന്റെ വീട് ഭരിക്കുന്നു . നോക്കുന്നു .അവൻ പുറത്താകുന്നു . അവനെ ആരും വിളിക്കുന്നില്ല . നോക്കുന്നില്ല . ഭക്ഷണം കഴിച്ചോ എന്ന് തിരക്കുന്നില്ല .
രണ്ടു ദിവസമായി കണ്ണ് നിറഞ്ഞൊഴുകീത് വേറെ ഒന്നും ഓർത്തല്ല എന്റെ മാണിക്യനെ ഓർത്താണ് . അവൻ അവിടെ ഉണ്ട് . കൈകൾ നീട്ടി വെച്ച് അതിൽ തല ചേർത്ത് വെച്ച് . കണ്ണിൽ നിന്നും ഒഴുകി പരന്ന കണ്ണുനീർ മുഖത്തെ മുറിവിനു ചുറ്റും ഈച്ചകൾ പറക്കുന്നുണ്ട് . ചെവി രണ്ടും തളർന്നു കിടക്കുന്നു . വയറു നെഞ്ചിൻ കൂടോടു ഒട്ടി . എനിക്കറിയാം രണ്ടു ദിവസമായി അവനൊന്നും കഴിച്ചിട്ടില്ല .
അവന്റെ അരികിൽ മുട്ടുകുത്തിയിരുന്നു. അവൻ എന്റെ നേരെ മെല്ലെയൊന്നു നോക്കി. കണ്ണുനീരിനു ചുവപ്പു നിറം . ദേഹത്ത് നനവുണ്ട് ആരോ ചൂട് വെള്ളം ഒഴിച്ചതാണ് . മടിയിലേക്കു ചേർത്ത് കിടത്തിയപ്പോൾ അവൻ ഒന്ന് ഞെരുങ്ങി . അവന്റെ ശ്വാസഗതിക്കു വല്ലാത്ത മുറുക്കം . നെറ്റിയിൽ തലോടി .നനഞ്ഞ കണ്ണുകൾ തുടച്ചപ്പോഴേക്കും തടഞ്ഞു വെച്ച് കണ്ണുനീർ തുള്ളികൾ പുറത്തേക്കൊഴുകാൻ തുടങ്ങി . നെറ്റിയിൽ ചുണ്ടു ചേർത്തപ്പോൾ ഞാൻ വിങ്ങി പൊട്ടാൻ തുടങ്ങി .കണ്ണുകൾ അടച്ചു അവനെന്നോട് ചേർന്ന് കിടന്നു. അവന്റെ ശ്വാസഗതി നേർത്തു പോകുന്നത് പോലെ .കൈകൾ കൊണ്ട് അവന്റെ ദേഹത്ത് തലോടിയപ്പോൾ അവനൊന്നു ഞെട്ടി. ശരീരം കോർത്തു വലിക്കും പോലെ ഒന്ന് പിടഞ്ഞു ...
" മല്ലി മോളെ ......"
അമ്മയാണ് . കാലൊച്ച അടുത്തു വരുന്നുണ്ട് ....
" മോളെ നീ ഇവിടെ എന്തെടുക്കുവാ ...അവിടെ എല്ലാരും ഇറങ്ങി ..എല്ലാരും നിന്നെയാ നോക്കുന്നെ .... "
" അമ്മേ ...ന്റെ മാണി ..... "
വാക്കുകൾ മുഴുവൻ പുറത്തേക്കു വന്നില്ല .
" എഴുന്നേക്കു മോളെ ...അവനെ ഞാൻ നോക്കി കൊള്ളാം ..നീ ചെല്ല് ..അപ്പ ദേഷ്യപ്പെട്ടു നിൽക്കുവാ ..പ്രദീപിന്റെ വീട്ടുകാരും ..."
അമ്മയുടെ ശബ്ദത്തിൽ ശകാരത്തിന്റെ നിറം ..
ഇത് തന്റെ വിധിയാണ് .ഓരോ പെണ്ണിന്റെയും വിധി . ഇന്നലെ വരെ എല്ലാം ..എല്ലാം ആയിരുന്നത് ..ആയിരുന്നവർ ആരോല്ലാമോ ആയി പോകുന്ന വിധി ..
അവസാനമായി ഒന്ന് കൂടി മാണിക്യന്റെ നെറ്റിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു . ഒന്നൂടി കൈകൾ രോമം നിറഞ്ഞ അവന്റെ ദേഹത്തിലൂടെ തലോടി ഇറങ്ങി .. അവന്റെ കൈകൾ മടിയിൽ നിന്നും ഇറക്കി വെച്ചു .മെല്ലെ പിന്തിരിഞ്ഞു ..ഇനിയും തിരിഞ്ഞു നോക്കാൻ വയ്യ .ആ മുഖവും കണ്ണുകളും കാണാൻ വയ്യ .
" അമ്മേ ..മുറിവ് നല്ല ആഴത്തിലുണ്ട് ..ഇന്ന് തന്നെ ചാരം വെക്കണേ .. "
അമ്മ കൈയ്യിൽ പിടിച്ചു വലിച്ചു ..പന്തലിലേക്ക് ചെന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ദേഷ്യം . പ്രദീപ് തുടർച്ചയായി വാച്ചിലേക്ക് നോക്കുന്നു . വേറെ ആരെയും ശ്രദ്ധിച്ചില്ല . അവസാനമായി ..അമ്മയെയും അപ്പയെയും അനിയനെയും ഒന്ന് നോക്കി ..പിന്നെ തെക്കേ തൊടിയിലേക്കും .. അവൻ വരുന്നുണ്ടോ ..എന്നെ യാത്രയാക്കാൻ ..
നടവഴി ഇറങ്ങി കാറിലേക്ക് കയറിയപ്പോൾ വീടിന്റെ മുൻവശത്തെ ഉയർന്നു നിൽക്കുന്ന പാറക്കെട്ടിലേക്കു നോക്കി അവിടെയാണ് എന്നും അവൻ എനിക്കായി കാത്തു നിൽക്കാറുള്ളത് . ഇല്ല ..എന്റെ മാണിക്യൻ അവിടെ ഇല്ല .
പൊടി പറത്തി മുന്നോട്ടു നീങ്ങിയ കാറിനൊപ്പം തെക്കേ തൊടിയിൽ ഒരു കൊക്കോമരം ചാഞ്ഞു വീണത് ആരും അറിഞ്ഞില്ല . നേർത്തു വന്നൊരു ശ്വാസം എന്നന്നേക്കുമായി നിലച്ചതും ആരും അറിഞ്ഞില്ല ...ആരും.
( അവസാനിച്ചു )
എബിൻ മാത്യു .
19-04-2017
Courtesy : നല്ലപാതിക്കും അവളുടെ ജീവനായ മാണിക്യനും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക