Slider

വലിയ കുട

0
Image may contain: ശ്രീജ ജയ്ചന്ദ്രൻ, closeup
അച്ഛനെന്ന വലിയ കുടക്കീഴിലെ നല്ല കുഞ്ഞുങ്ങളായിരുന്നു ഞങ്ങൾ മക്കളെപ്പോഴും...
"മക്കളാണെടീ എൻ്റെ സ്വത്ത്...വേറെ സ്വത്തെന്തിനാ"യെന്ന് അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
"എപ്പോഴും മക്കളെ കാണണം പേരക്കുട്ടികളെ കാണണം, സംസാരിക്കണം എന്നുമാത്രമാണ് അച്ഛൻ്റെ ചിന്ത"
എന്ന് അമ്മ എപ്പോഴും പരാതി പറയും..
അച്ഛൻ്റെ നിഴലായെന്നും അമ്മയെകണ്ടിട്ടുണ്ട്...
അതോ..അമ്മയുടെ നിഴലോ അച്ഛൻ!
രണ്ടായാലും...ഒന്നു തീർച്ച അവർ തമ്മിലുള്ള ആ കെമിസ്ട്രി അപാരമാണ്...എന്തിനും ഏതിനും അച്ഛന് അമ്മ ചെയ്താലേ സമാധാനമാവൂ...
"ബേബീ.."എന്നു നീട്ടി വിളികേട്ട് നമ്മൾ മക്കൾ അടുത്തുചെന്നാൽ നമ്മളോട് ആവശ്യം പറയില്ല...അമ്മ അടുത്തു വരണം...എന്താണെന്നുവെച്ചാൽ എടുത്തു കൊടുക്കണം...അല്ലെങ്കിൽ ചെയ്തുകൊടുക്കണം .
ഞങ്ങൾ മക്കൾ അതുകണ്ട് കളിയാക്കിയാൽ..അച്ഛനൊന്ന് ചിരിക്കും..
ചെരുപ്പിൻ്റെ അടുത്തുപോയി ചിലപ്പോൾ അമ്മയെയൊന്നു നോക്കും അച്ഛൻ...
തനിയെ ചെരുപ്പിൽ കാൽ തിരുകാനാവില്ല അച്ഛന്...ബാലൻസ് തെറ്റും..
അച്ഛൻ്റെ നോട്ടം കണ്ടാൽ അമ്മ ആ കാൽക്കൽ കുനിഞ്ഞിരിക്കും..ചെരുപ്പോരോന്നായ് കാലിൽ കയറ്റിക്കൊടുക്കായിട്ട്....
(അങ്ങിനെയൊരിക്കൽ കണ്ടപ്പോഴാണ്..ഞാൻ ഞാനിതറിഞ്ഞതുതന്നെ...എനിക്കു കുറ്റബോധം തോന്നി..ഞാനറിയാത്തതായ്...അറിയേണ്ടതായ്...ഇനിയുമുണ്ടെന്ന് ...എന്നെയതോർമ്മിപ്പിച്ചു.)
അച്ഛൻ്റെ നിഴലായ് നടന്നു നടന്ന് ...അമ്മയ്ക്കാ നോട്ടത്തിൽ നിന്നറിയാമെന്നു തോന്നുന്നു എന്തു ചെയ്യണമെന്ന്..
അത്രയ്ക്ക് ക്ഷമയൊക്കെ എനിക്കില്ലല്ലോ ദെെവമേ! എന്നാണെനിക്ക് വേവലാതി..
---
രണ്ടു ദിവസമായി ആശുപത്രിവാസമായിരുന്നു....
അച്ഛന് ECG യിൽ ചെറുതായി വ്യതിയാനം...കുഴപ്പമൊന്നുമില്ല...അഡ്മിറ്റ് ചെയ്തു...ഇപ്പോൾ ഡിസ്ചാർജ്ജുമായി.
ഇന്ന്
ഹോസ്പിറ്റലിൽനിന്ന് വീട്ടിലേക്ക്.
അച്ഛനെപ്പോഴോ ഉപയോഗിച്ച് തലകീഴായ് ഇറയത്ത് തൂക്കിയ കാലൻകുടയിൽ പുതിയ അതിഥികളെത്തിയിരിക്കുന്നു...
രണ്ടിണക്കിളികൾ..പകുതി തുറന്ന് ഇറയത്ത് തൂങ്ങിക്കിടക്കുന്ന ആ കുടയിൽ ചെറിയചെറിയ ചകിരിനാരിനു സമാനമായ എന്തെല്ലാമോ കൊണ്ട് നല്ലൊരു കൂടുണ്ടാക്കി അതിൽ മുട്ടയും ഇട്ടിരിക്കുന്നു...
"അച്ഛെ,കുട ഇനി ഉപയോഗിക്കാൻ പറ്റുമോ എന്നറിയില്ലാട്ടോ..."
കിളിക്കൂട് ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.
"സാരല്യാമ്മാ...അതു മുട്ട വിരിഞ്ഞാ പോയ്ക്കോളും..."
അച്ഛനതു സന്തോഷമാണ് നൽകുന്നതെന്നു തോന്നി..
അമ്മക്കിളി മുട്ടയ്ക്ക് കാവലിരിക്കുകയും അച്ഛൻകിളി ആഹാരം തേടിക്കൊണ്ടുവരുന്നതും കൗതുകത്തോടെ നോക്കിയിരിക്കുകയാണിപ്പോൾ...
"ഒരു കുട പോയാൽ പോവട്ടെ..." അച്ഛൻ്റെ ആത്മഗതം...
ശരിയാണ്..
അച്ഛനെന്തിനാ കുട...അമ്മ കൂടെയില്ലേ...
അവരുടെ കൂടെ ദെെവവും...
പിന്നെ ഞങ്ങളും💓💓💓💓💓
--- -----
NB: മുട്ടകൾ വിരിഞ്ഞിട്ടില്ല.അമ്മക്കിളിയും അച്ഛൻകിളിയും മാറി ഊഴം വെച്ച് കാവലാണിപ്പോഴും...കുടയ്ക്കരുകിൽ...
ശ്രീജ ജയ്ചന്ദ്രൻ
29/6/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo