
മാലതിക്ക് വളരെ പണ്ടുതൊട്ട്, എന്ന് വെച്ചാൽ സ്വപ്നം കാണാൻ തുടങ്ങിയ കാലം തൊട്ടുള്ള ഒരു കിനാവുണ്ടായിരുന്നു. ഒരു വക്കീലാവണം. ആ കറുത്ത കുപ്പായമൊക്കെ ഇട്ട് " എസ് യുവർ ഓണർ" എന്ന് പറയണം. അയല്പക്കത്തെ ശങ്കരൻ വക്കീലായിരുന്നു മാലതിയുടെ പ്രചോദനം. വക്കീലിന്റെ ഭാര്യ സാവിത്രിയുമായി നല്ല സൗഹൃദത്തിലായതിനാൽ സമയം കിട്ടുമ്പോളൊക്കെ മാലതി അവിടെ പോകുമായിരുന്നു. അങ്ങനെ വക്കീൽ കാണാതെ വീട്ടിൽ കിടക്കുന്ന കോട്ട് എടുത്തിട്ട് സാവിത്രിയുടെ മുന്നിൽ വാദിക്കുന്നതായിരുന്നു മാലതിയുടെ പ്രധാന വിനോദം.
പതിയെ പതിയെ ആ കോട്ട് അവളുടെ ജീവവായു ആയി മാറി. വലുതാവുമ്പോൾ ഞാനും ഒരു വക്കീലാവും എന്ന് അവൾ ഗമയോടെ പറഞ്ഞുനടന്നു. കാലങ്ങൾ കഴിഞ്ഞു. മാലതിയുടെ കൗമാരകാലം. പതിനേഴ് തികഞ്ഞതേ ഉള്ളു. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുകയാണ് അവൾ. ക്ലാസ്സ് കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോൾ അച്ഛൻ പൂമുഖത്തുണ്ട്. പാവാടയിട്ട കൈയിൽ പുസ്തകവും പിടിച്ച് കയറി വന്ന മാലതിയെ അച്ഛൻ ആപാദചൂഡം ഒന്ന് നോക്കി. "ഇവളെ കെട്ടിക്കാനായി അല്ലെ ഭാനു..." എന്ന് ഭാര്യയോട് ഒരു ചിരിയോടെ അയാൾ പറഞ്ഞു. " അച്ഛൻ എന്താ ഈ പറയുന്നേ? എനിക്കിപ്പോ കല്യാണമൊന്നും വേണ്ട. എനിക്ക് പ്രീഡിഗ്രി കഴിഞ്ഞ് വക്കീലാവാൻ പഠിക്കണം" മാലതി അച്ഛന്റെ തമശക്ക് മറുപടി പറഞ്ഞു. ചിരിച്ചുകൊണ്ടിരുന്ന അച്ഛന്റെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു. " പിന്നെ നിന്റെ ഒരു വക്കീല് പഠനം. ഇന്നൊരു കൂട്ടർ വന്നിരുന്നു, ഹൈ സ്കൂൾ മാഷാണ് ആള്. നീ ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി. "
പക്ഷെ തോറ്റ് പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു. പരമാവധി ചെറുത്തു . ശങ്കരൻ വക്കീലിന് പറ്റുമെങ്കിൽ എനിക്കും പറ്റും എന്ന ന്യായവാദങ്ങൾ ഒന്നും വിലപ്പോയില്ല എന്ന് മാത്രമല്ല നല്ല തല്ലും കിട്ടി. ഒടുവിൽ ശങ്കരൻ വക്കീലിന് ഉള്ള ഒന്ന് തനിക്കില്ല എന്ന് തീരുമാനിച്ച് അവൾ വിധിയെ പഴിച്ചു, ആവശ്യത്തിന് പണമുള്ള ഒരച്ഛൻ. ശരിയാണ് അച്ഛനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പോസ്റ്മാസ്റ്ററായ അച്ഛന് കിട്ടുന്നത് നാല് മക്കൾക്ക് പഠിക്കാനും കഴിക്കാനും ഒക്കെ കൂടി കമ്മിയാണ്. അങ്ങനെ ആ തിരിച്ചറിവിൽ മാലതി അവളുടെ സ്വപ്നത്തെ ഒരു പെട്ടിയിൽ ഭദ്രമായി അടച്ചു പൂട്ടി.
ഭാസ്കരൻ മാഷ് നല്ലവനായിരുന്നു. അടുത്തുള്ള ഹൈ സ്കൂളിൽ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന ഒരു പാവം വാദ്ധ്യാർ. വിവാഹ ജീവിതത്തിന്റെ മധുരവവും കയ്പ്പും അറിഞ്ഞ്, ജീവിച്ചു തുടങ്ങിയപ്പോഴും മാലതിയുടെ സ്വപ്നം ആ പെട്ടിയിൽ ഭദ്രമായി കിടന്നു. വിവാഹം കഴിഞ്ഞ് അൽപ്പ നാളുകൾക്ക് ശേഷം ഭാസ്കരൻ മാഷിന്റെ മുൻപിൽ മാലതി ഹൃദയം തുറന്നു. " എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു വക്കീലാവുക എന്നുള്ളത്. എനിക്കോ നടന്നില്ല, പക്ഷെ മാഷെനിക്ക് വാക്കു തരണം.. നമുക്കുണ്ടാവുന്ന ആദ്യത്തെ കുഞ്ഞിനെ വക്കീലാക്കാം എന്ന്." ഭാര്യയുടെ ആഗ്രഹത്തിന് ഒട്ടും എതിര് നിൽക്കാതെ മാഷ് വാക്കു കൊടുത്തു.വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം മാലതി ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി, വിനോദ്. വിനോദ് വക്കീൽകുപ്പായത്തിൽ നിൽക്കുന്ന സ്വപ്നം മാലതി ആദ്യത്തെ ദിവസം തന്നെ കണ്ടു എന്ന് വേണം പറയാൻ. മൂന്നു വർഷങ്ങൾക്ക് ശേഷം ഒരാൾ കൂടി ഭൂജാതനായി, വിശാൽ. വിനോദ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് വക്കീൽ സ്വപ്നം അവന്റെ മനസ്സിൽ നിറക്കാൻ മാലതി ശ്രമിച്ചുകൊണ്ടേയിരുന്നു. രണ്ടു വർഷങ്ങൾക്കുള്ളിൽ മാലതിയുടെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞ് കൂടി അവർക്ക് ജനിച്ചു, വീണ.
അറിവ് വെച്ച് തുടങ്ങിയ കാലങ്ങളിൽ 'ഭാവിയിൽ ആരാകണം?' എന്ന ചോദ്യത്തിന് വിനോദ് മറുപടി പറയുമായിരുന്നു, വക്കീൽ എന്ന്. പക്ഷെ കുറച്ചു കൂടി മുതിർന്നപ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് മാറ്റങ്ങൾ വന്നു. ഡോക്ടർ ആകണം എന്നായി മാറി അവന്റെ ലക്‌ഷ്യം. ആഗ്രഹിച്ചത് നേടാനാവാത്തതിന്റെ വേദന നന്നായി അറിയാവുന്ന മാലതി പിന്നെ മകനെ നിര്ബന്ധിച്ചില്ല. പകരം അടുത്ത മകൻ വിശാലിനെ കൂട്ടു പിടിച്ചു. പക്ഷെ അവനും അമ്മയുടെ സ്വപ്നം വിട്ടു എഞ്ചിനീയർ ആവാൻ പോയി. അങ്ങനെ മാലതിയുടെ മൂത്ത രണ്ടുമക്കളും ഒരാൾ ഡോക്ടർ അവനും ഒരാൾ എൻജിനീയറം ആവാൻ പോയി. ഇനി ആകെ ഉള്ള പ്രതീക്ഷയാണ് വീണ. അങ്ങനെ വീണയുടെ പന്ത്രണ്ടാം തരാം വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അവൾ അച്ഛനോടും അമ്മയോടും അങ്ങോട്ട് പറഞ്ഞു, "എനിക്ക് എൽ.എൽ.ബി ക്കു പോണം എന്ന്. പിന്നീടങ്ങോട്ട് മാലതിക്ക് സ്വപ്നസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നു. വീട്ടിൽ നിന്നും അകലെയുള്ള കോളേജ് ഹോസ്റ്റലിൽ ഭാസ്കരൻമാഷും മാലതിയും കൂടി മകളെ കൊണ്ട് ചേർത്തു.
ആദ്യത്തെ മാസം ലീവിന് വീട്ടിൽ വന്ന മകൾക്ക് പുതിയതായി തുന്നിയ കോട്ട് മാലതി സമ്മാനിക്കുന്നത് കണ്ട് ഭാസ്കരൻ മാഷ് ചോദിച്ചു, "അവൾ ചേർന്നിട്ടല്ലേ ഉള്ളൂ മാലൂ, ഇപ്പോഴേ വേണോ ?" "എപ്പോളാണെലും വേണ്ടി വരില്ലേ? പിന്നെന്താ?" എന്നായിരുന്നു മാലതിയുടെ മറുപടി. പിന്നീടങ്ങോട്ട് മാലതിക്ക് ഉത്സാഹം കൂടുകയായിരുന്നു. മകൾ കൊണ്ട് വരുന്ന നിയമ പുസ്തകങ്ങൾ വായിച്ചു മനസിലാക്കാൻ കഴിയെല്ലെങ്കിലും ഒക്കെയിരുന്നു വായിക്കും. മകളോട് എല്ലാത്തിന്റെയും അർഥം ചോദിക്കും. ലോ പോയിന്റുകളൊക്കെ വീണയുടെ ഒപ്പമിരുന്നു പഠിക്കാൻ നോക്കി. ഇതൊക്കെ കണ്ട് ഒരിക്കൽ വിനോദും വിശാലും ചോദിച്ചു" ഇതിപ്പോ അവളെക്കാൾ മുൻപേ 'അമ്മ വക്കീലാകുവോ?" ഇത് കേട്ട് മാലതിയും ഭാസ്കരൻ മാഷും ചിരിച്ചു.
അന്ന് രാത്രി കിടക്കുമ്പോൾ ഭാസ്കരൻ മാഷ് ഭാര്യയോട് ചോദിച്ചു. "ഇനി പഠിക്കാൻ പോയാലെന്താ മാലൂ?" "ഇനിയോ, മാഷെന്തായീ പറയണേ?? അതൊക്കെ പണ്ടത്തെ ഓരോരോ ആഗ്രഹങ്ങളല്ലേ. നിങ്ങള് കിടന്നുറങ്ങ്." പക്ഷെ അങ്ങനെ പറഞ്ഞെങ്കിലും അന്ന് മാലതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പതിവിലും നേരത്തെ ഭർത്താവിനെ ഉണർത്തി മാലതി ചോദിച്ചു. "അല്ല മാഷെ ഞാനൊരു കൈ നോക്കിയാലോ." ബോധം വരാൻ അൽപ്പ സമയമെടുത്തെങ്കിലും കാര്യം മനസിലായപ്പോൾ ഭാസ്കരൻ മാഷ് ഭാര്യയെ കെട്ടിപ്പിടിച്ചു. " പക്ഷെ വക്കീലായി കഴിയുമ്പോൾ ആദ്യത്തെ കേസായി നീ നമ്മുടെ വിവാഹമോചനം നടത്തരുത് കേട്ടോ." മാഷ് ചിരിയോടെ പറഞ്ഞു.അത് കേട്ട് മാലതി പൊട്ടിച്ചിരിച്ചു.അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. മാഷിന് ലീവാണ്. പ്രഭാത ഭക്ഷണത്തിന് ഇരിക്കുമ്പോൾ മക്കളോടായി മാഷ് കാര്യം അവതരിപ്പിച്ചു. ആദ്യം ചിരിച്ചെങ്കിലും 'അമ്മ കാര്യമായിട്ടാണ് എന്ന് മനസിലായപ്പോൾ മൂന്ന് പേരും അമ്മക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം ഹോസ്റ്റലിൽ മുറി വരെ തരമാക്കാം എന്ന് വീണ വാക്കു കൊടുത്തു. പക്ഷെ മാലതിക്ക് അത് പറ്റുമായിരുന്നില്ല. മാഷിനെ ഒറ്റക്കാക്കി എങ്ങനെ പോവാനാ?? ഒടുവിൽ ഒരു വർഷം കൂടി കാത്തിരുന്ന് മാഷിന്റെ വിരമിക്കലിനു ശേഷം പഠനം തുടങ്ങാൻ മാലതി തീരുമാനിച്ചു.ആ സമയം കൊണ്ട് മുടങ്ങിപ്പോയ പ്രീഡിഗ്രി പഠനം മാലതി പൂർത്തിയാക്കി.
അങ്ങനെ തുടർന്ന് വന്ന അധ്യയന വർഷത്തിൽ തന്റെ അമ്പത്തിമൂന്നാം വയസ്സിൽ മാലതി കോളേജ് വിദ്യാർത്ഥിനി ആയി മാറി. കോളേജിനടുത്ത് വീടെടുത്ത് മാഷും മാലതിയും താമസം മാറി. ഹോസ്റ്റൽ വിട്ട് വീണയും ആ വീട്ടിൽ കൂടി. വീണയുടെയും കൂട്ടുകാരുടെയും എല്ലാ പിന്തുണയും മാലതിക്കുണ്ടായിരുന്നു.ഒപ്പം പഠിക്കുന്ന കുട്ടികളും സ്വന്തം അമ്മയെ പോലെ കണ്ട് മാലതിയുടെ കൂടെ നിന്നു. എല്ലാത്തിനുമുപരി ഭാസ്കരൻ മാഷിന്റെ സ്നേഹപൂർണമുള്ള പ്രചോദനവും. തന്റെ 56 വയസ്സുവരെയുള്ള അധ്യാപന ജീവിതത്തിൽ ഒറ്റ ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് കെട്ടിയ ഭാര്യക്ക് വേണ്ടി മാഷ് വീട്ടച്ഛനായി വേഷം മാറി.
അഞ്ചു വർഷങ്ങൾ വളരെ വേഗം കടന്നു പോയി. അമ്മയേക്കാൾ മുൻപേ മകൾ വക്കീലായി. വിനോദും വിശാലും ഡോക്ടറും എൻജിനീയറും ആയി. ഇന്നാണ് ആ ദിവസം, മാലതി എന്ന ഒരു സാധാരണ ഭാര്യ അഡ്വക്കേറ്റ് മാലതി ഭാസ്കരൻ ആവുന്ന ദിവസം. മാലതിയുടെ ബിരുദദാന ദിവസം. അത് കാണാൻ മാലതിയോടൊപ്പം ഡോക്ടറും എൻജിനീയറും വക്കീലും ഉണ്ട്. ഒപ്പം മാലതിയുടെ ഏറ്റവും വലിയ സമ്പാദ്യമായ ഭാസ്കരൻ മാഷും. സ്വപ്നം കാണുന്ന എല്ലാ പെൺകുട്ടികൾക്കും വേണ്ടിയായിരിക്കും തന്റെ വക്കീൽ വേഷം എന്ന് മാലതി തന്റെ വക്കീൽ കുപ്പായത്തിൽ തൊട്ട് സത്യം ചെയ്തു. ഭാസ്കരൻ മാഷ് പേടിച്ച പോലെ മാലതിയുടെ ആദ്യത്തെ കേസ് അവരുടെ വിവാഹമോചനകേസ് ആയിരുന്നില്ല കേട്ടോ. വക്കീലും ഭർത്താവും സുഖമായിട്ടിരിക്കുന്നു.
ഒരു പെണ്ണിന് സ്വപ്നം കാണാൻ വിലക്കുകളില്ല. ചിലരെങ്കിലും ആ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുമ്പോൾ മറ്റു ചിലർ അവക്ക് ചിറകുകൾ നൽകുന്നു.
ജ്യോതി സി എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക