Slider

8 ന്റെ പണി

0

.................
ഓഫീസിൽ നിന്നും വീട്ടിലെത്തിയ ഉടൻ പ്രശസ്ത ഓൺലൈൻ സാഹിത്യകാരൻ
"വെറി " എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വെട്ടിച്ചിറ റിൻസി , ( അവന്റെ അമ്മ ആറാമതും ആൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ പെൺകുട്ടിക്കുവേണ്ടി കരുതി വച്ചിരുന്ന റിൻസിയെന്ന പേര് , അപ്പൻ അവന് ചാർത്തിയതാണ് .അങ്ങനെ ആദ്യം വെട്ടിച്ചിറ റിൻസിയും പിന്നിടത് ലോപിച്ച് വെറിയുമായി അവൻ മാറി . ) മുഖ പുസ്തകം തുറന്നു വച്ച് തന്റെ *ഹിമശൈലങ്ങളിൽ നിന്ന് പ്രയാഗിലേക്ക്* എന്ന കഥക്ക് കിട്ടിയ ലൈക്കും കമന്റും നോക്കാൻ തുടങ്ങി.. ലൈക്ക് 1K കഴിഞ്ഞു.. ഹൊ മനസ്സിൽ മഴ പെയ്തു തോർന്ന ആശ്വാസം.കാരണം തന്റെ രണ്ട് മൂന്നു കഥകൾക്കിപ്പം വേണ്ടത്ര ലൈക്ക് കിട്ടിയിരുന്നില്ല... നാലു സൈഡിൽ നിന്നും പാരയാണ് , പിന്നെങ്ങനെയാണ് - ലൈക്ക് കിട്ടുക..? എന്തേലും ഒന്നെഴുതിയാൽ ഉടൻ തുടങ്ങും ഓൺലൈൻസാഹിത്യ നിരൂപകർ, ഇത് അവരെ ഉദ്ദേശിച്ചാണ് ഇവരെ ഉദ്ദേശിച്ചാണ് എഴുതിയത് എന്നൊക്കെ പറഞ്ഞു കൊണ്ട് പ്രതിഷേധിക്കുവാൻ..
" ഈ Maths ഒന്നു പറഞ്ഞു താ പപ്പാ "
ഇതും പറഞ്ഞു കൊണ്ട് ആറാം ക്ലാസ്സുകാരൻ എബി , വെറിയുടെ ഇളയമകൻ അവനടുക്കൽ വന്നിരുന്നു.. ഒരു മകൾ കൂടിയുണ്ടവന് പത്താം ക്ലാസ്സുകാരി ട്രീസ, .. രണ്ടാൾടെയും maths മാഷ് വെറിയാണ്.
വെറിയുടെ ഭാര്യ ഷേർലിയുടെ അഭിപ്രായത്തിൽ , അവൾ മക്കളെ maths പഠിപ്പിക്കാത്തത് അറിയാഞ്ഞിട്ടൊന്നുമല്ല തീരെ സമയമില്ലാഞ്ഞിട്ടാ .(ഷേർലി അങ്ങനെയാ എല്ലാരോടും പറയുന്നത് )
വാസ്തവത്തിൽ കഷ്ടിച്ച് 40 മാർക്ക് വാങ്ങി പത്താം തരം കടന്നു കൂടിയ കക്ഷിയാണവൾ..
പിന്നെ കണക്ക് എന്നു പറയുന്നതേ പുള്ളിക്കാരിക്ക് അലർജിയാ.. അടിസ്ഥാന ശാസ്ത്രമെന്ന പേരേ ഉള്ളൂ ഒരു അടിസ്ഥാനവുമില്ലാത്ത "സാധനമാണീ " കണക്കെന്നാ പുള്ളിക്കാരിയുടെ അഭിപ്രായം..
എബിക്ക് ഹോം വർക്ക് ചെയ്യാൻ സഹായിച്ചു കഴിഞ്ഞിട്ട് ,വീണ്ടും വെറി മുഖ പുസ്തകം തുറന്നു...
"ഫോണിൽ കുത്തിയിരിക്കാതെ ഈ തേങ്ങാ ഒന്ന് ചിരവി താ മനുഷ്യാ, നാളെ പുട്ടുണ്ടാക്കാനാ. രാവിലെ എനിക്ക് കുറച്ച് നേരത്തെ ഓഫീസിൽ പോകാനുള്ളതാ."
ഷേർലി പറഞ്ഞത് വെറി കേട്ടില്ല, പുള്ളിക്കാരൻ ഫോണിൽ ധ്യാനനിമഗ്നനായിരിക്കയാണ്...
"ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു ,എപ്പം നോക്കിയാലും ഇതിൽ തോണ്ടൽ ആണല്ലോ"
അവൾ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.. പക്ഷേ വെറികൊടുത്തില്ല..
" നീയിങ്ങനെ പിണങ്ങരുത് പൊന്നേ നീ എന്നാ പറഞ്ഞെന്ന് ഞാൻ കേൾക്കാഞ്ഞിട്ടല്ലെ..! അല്ലെങ്കിലും നീ ഇങ്ങനെ ദേഷ്യപ്പെടുമ്പോൾ നിന്റെ മൂക്ക് ചുവക്കുന്നത് കാണാൻ നല്ല ഭംഗിയാ. അത് കാണാനാ മോളെ ഇച്ചായൻ മിണ്ടാണ്ടിരുന്നത് "
ഷേർലി രൂക്ഷമായിട്ടൊന്നു നോക്കീ..
"ഓഫീസിലുള്ളവരുടെ കളിയാക്കൽ കൊണ്ട് ഞാൻ തോറ്റു ,നിങ്ങൾടെ ഒരു ഒടുക്കത്തെ പേര് വെറിയാത്രേ വെറി, 'ഹസിന് ചൊറിയുണ്ടോ 'ന്ന് ഇന്നലെയാ സണ്ണി ചോദിച്ചപ്പോ , നിങ്ങടെ യീ കുന്ത്രാണ്ടത്തെ കൊണ്ട് കിണറ്റിൽ ഇടാനാ തോന്നിയത് ..
ഇനിയെങ്കിലും ഈ തൂലിക നാമമൊന്ന് മാറ്റ് മനുഷ്യാ, വല്ല ഏകലവ്യൻ എന്നോ, സഞ്ജയൻ എന്നോ മറ്റോ ആക്ക്. അതാണേൽ ഒരു സ്റ്റൈലൊക്കെയു ണ്ട്.ഇത് ഒരു മാതിരി ചൊറി പിടിച്ച പോലെ.."
"ഈ പേരിനാടി ഒരു വെറൈറ്റി ഉള്ളത്. ഇത് ഞാൻ മാറ്റില്ല."
"എന്നാ നിങ്ങൾ മാറ്റണ്ട ചൊറിയും വച്ചോണ്ടവിടി രുന്നോ.
വന്ന് തേങ്ങ ചിരകിത്താ, അല്ലേൽ നാളെ തേങ്ങയില്ലാണ്ട് പുട്ട് തിന്നേണ്ടി വരും " അവൾ കലിതുള്ളി പോയി..
തേങ്ങയില്ലാണ്ട് പുട്ട് തിന്നുന്ന കാര്യമോർത്ത്, വെറി പോയി തേങ്ങാ ചിരകി കൊടുത്തിട്ട് വന്ന് വീണ്ടും മുഖപുസ്തകം തുറന്നു..
അപ്പോഴാണ് ഇൻബോക്സിൽ ഒരു മെസേജ് കണ്ടത് . വെറിയുടെ ഒരാരാധിക,വെറി എഴുതിയ ഒരു കഥയെ പ്രത്യേകം അഭിനന്ദിക്കാൻ വേണ്ടി വന്നതായിരുന്നു അവർ..
പത്മം എന്നായിരുന്നു അവളുടെ ഐഡി. ഒരു പത്മം വിടർന്നു നിൽക്കുന്ന പ്രൊഫൈൽ ചിത്രവുമുണ്ടായിരുന്നു.. സോഫ്റ്റ് വെയർ എഞ്ചിനീയർ ,എന്നു പറഞ്ഞാണവൾ സ്വയം പരിചയപ്പെടുത്തിയത്.. മനസ്സിൽ ഒന്നു പഞ്ചാരയടിക്കണമെന്നാഗ്രഹമുണ്ടെങ്കിലും,
തന്റെ മുൻകാല അനുഭവങ്ങൾ അത്ര സുഖകരമല്ലാത്തതിനാൽ വളരെ കരുതലോടെയാണ് പത്മദലനയനയോട് വെറി ചാറ്റ് ചെയ്തു തുടങ്ങിയത്...
വളരെ സോഫ്റ്റായിട്ടുള്ള സോഫ്റ്റ് വെയർടെ പെരു മാറ്റം നമ്മുടെ കഥാകൃത്തിനിഷ്ടായി.. ഒരു ആരാധികയെ കൂടി കിട്ടിയതിൽ അയാൾ അത്യധികം സന്തോഷിച്ചു..
പത്മദലനയന
സാഹിത്യത്തെ കുറിച്ചുള്ള അവലോകനം യാതൊരു തടസ്സവും കൂടാതെ തുടർന്നു കൊണ്ടേയിരുന്നു.. പക്ഷേ വെറിയുടെ കഥകളെ കുറിച്ചൊന്നും നിരൂപണം നടത്തിയില്ല എന്നു മാത്രമല്ല അവർ വെറിയുടെ ഒരുകഥ മാത്രമേ വായിച്ചിട്ടുള്ളൂ താനും..
ചാറ്റിംഗിലൂടെയുള്ള ഈ സാഹിത്യ അവലോകനം അങ്ങനെ രണ്ട് ദിവസം പിന്നിട്ടു...
മൂന്നാമത്തെ ദിവസം പത്മദലനയന ചുവടൊന്നു മാറ്റി പിടിച്ചു..
സാഹിത്യ ചർച്ചയിൽ നിന്നും ഭൂമിശാസ്ത്രവും ബയോളജിക്കൽപ്പരമായ കാര്യങ്ങളിലേക്കവൾ തിരിഞ്ഞു.. ഈ അവലോകനം അവസാനം ശരീരശാസ്ത്രത്തിൽ ചെന്നു നിന്നപ്പോൾ ;
വെറിക്ക് ചെറിയ ഒരു ഭയം ; വലുതായിട്ടില്ല , ചെറുതായിട്ട് ഉണ്ടായി..
ഇനി തന്റെ ശത്രുക്കളാരെങ്കിലും അയച്ചതാണോ ഈ ഉർവ്വശിയെ ; തന്റെ സാഹിത്യ ജീവിതം കരണ്ട് തിന്നാൻ ചില തുരപ്പൻമാർ വട്ടമിടുന്നതായി നേരത്തെ ചില വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും സൂചന അവന് കിട്ടിയിരുന്നു...
തന്റെ ത്രസിപ്പിക്കുന്ന ചില ഫോട്ടോസ് പത്മദലനയന വെറിക്കയച്ച് കൊടുത്തു. ആദ്യ കാഴ്ചയിൽത്തന്നെ ആവേഗങ്ങൾ ഹൈപ്പോതലാമസിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ; "മോനെ വെറി ഇത് നിനക്കപകടമാണ് "എന്നു പറഞ്ഞു കൊണ്ടു സെറിബ്രം വേഗം ആ ആവേഗങ്ങളെ വഴി തിരിച്ച് കാശിക്ക് വിട്ടു...
ഈ ഉർവശിയുടെ മോഹവലയത്തിൽ നിന്നും എങ്ങനെ മോചിതനാകുമെന്ന് വെറി ചിന്തിച്ചു.. അദ്ദേഹത്തിന്റെ അപാര ബുദ്ധിയുടെ പ്രഭാവത്താൽ ഒരു വഴി കിട്ടി..
അത് ഇതായിരുന്നു ഇതുവരെ താൻ എഴുതിയ 86 കഥകൾക്കു ഒരുമിച്ച് ഒരാസ്വാദനം തയ്യാറാക്കുവാൻ, പദ്മദലനയനയോട് പറയുക.. ഇതിൽപ്പരം ഒരു പണി അവർക്ക് കൊടുക്കാനില്ലല്ലോ...
രാവിലെ മോർണിംഗ് മെസേജ് പത്മദലനയന അയച്ചപ്പൊൾ വെറി തന്റെ ആവശ്യം അവരെ അറിയിച്ചു. പത്മദലനയ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ , ശ്രമിക്കാമെന്ന് പറഞ്ഞു... എന്നിട്ട് തന്നെ ഈ പണിക്കയച്ച ലവൻമാർക്ക് , മനസ്സിൽ ഭരണിപ്പാട്ട് നടത്തി.
പാവം നമ്മുടെ ഉർവ്വശി ! വെറിയുടെ ഓരോ കഥകകളും ഓപ്പൺ ചെയ്തു ശ്രദ്ധിച്ചു വായിക്കാൻ തുടങ്ങി..
ആ സ്വാദനം തയ്യാറാക്കാനുള്ളതല്ലേ.. "പഠിക്കുന്ന കാലത്തെങ്ങാനും ഇതുപോലെ ശ്രദ്ധിച്ചു വായിച്ചിരുന്നേൽ രക്ഷപ്പെട്ടു പോയേനെ. " അവൾ മനസ്സിലോർത്തു..3 കഥകൾ വായിച്ചു.. ഒന്നിലും ഒരു എരിവും പുളിയും ഇല്ല അവസാനം കഥ വായിക്കൽ പ്രക്രിയ്യ അവസാനിപ്പിച്ചു .... എന്നിട്ട് തന്നെയീ ദൗത്യമേൽപ്പിച്ച തുരപ്പൻമാരെ വിളിച്ചു.. മേമ്പൊടിയായി കുറച്ച് മനോഹരങ്ങളായ വാക്കുകൾ പേരിന് മുന്നെ ചേർത്തിട്ടാണ് വിളിച്ചത്.. തുരപ്പൻമാർ പാവം തങ്ങളുടെ പണി ചീറ്റിപ്പോയതിൽ ദുഖിച്ച് മൗനം പാലിച്ചു...... മൗനം ചില സമയത്ത് മന്ദൻ മാർക്കും ഭൂഷണമാണല്ലോ..
കരാർ പ്രകാരം പറഞ്ഞകാശ് തന്നില്ലേൽ വീട്ടിൽ വന്ന് സത്യാഗ്രഹമിരിക്കുമെന്ന ഒരു ഭീക്ഷണിയും പത്മദലനയന അവരോട് ചുമ്മാതങ്ങ് മുഴക്കി...
പറഞ്ഞത് , പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ് പത്മയെന്നവർക്കറിയാം.. കാരണം ഇതിനു മുമ്പും ഈ പണിക്കവളെ വിട്ടിട്ടുണ്ട്...അതു കൊണ്ട് പറഞ്ഞ കാശ് അവൾക്കു കൊടുത്ത് തുരപ്പൻമാർ തടിതപ്പി..
പിറ്റേ ദിവസം വെറി പത്മദലനയനയുടെ പ്രൊഫൈലിൽ നോക്കിയപ്പൊൾ അക്കൗണ്ട് ഡിലീറ്റഡ് എന്ന് കാണിച്ചു... തന്റെ പദ്ധതി വിജയിച്ചതിൽ വെറി അഭിമാനം പൂണ്ടു..
പത്മദലനയന രായ്ക്കുരാമാനം fb അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങി എന്ന് ചിലർ പറഞ്ഞ് വെറി പിന്നീടറിഞ്ഞു...
NB.
പത്മദലനയന പുതിയ പേരിലൊരു അക്കൗണ്ട് തുടങ്ങി എന്നൊരു കിംവദന്തി കേൾക്കുന്നുണ്ട് അതിനാൽ എല്ലാവരുമൊന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.. പറഞ്ഞുവെന്നേ ഉള്ളൂ..
സജിത
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo