Slider

#Sandram Part 20

0

Part 20
**************************************************************************************************
EVERY GOOD VILLAIN HAS HIS OR HER VULNERABILITY – RITA VOLK
**************************************************************************************************
നീന നടുങ്ങി വിറച്ച് കട്ടിലിൽ നിന്നും ചാടിയിറങ്ങി.
റെജി അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് അവിടെ തന്നെ കിടന്നതേയുള്ളൂ.
“എന്താ നിങ്ങൾക്കു വേണ്ടേ ?” ആദ്യത്തെ ആ നടുക്കം വിട്ടു മാറിയപ്പോൾ നീനയിൽ എന്തെന്നില്ലാത്തൊരു ധൈര്യം കടന്നു വന്നു.
“ഒന്നും വേണ്ട... നമ്മൾ ഒക്കെ ഒരു കുടുംബം. സന്തോഷായിട്ട് ഒന്നു കണ്ട് സംസാരിച്ച് തിരിച്ചു പോണം. കണക്കുകളൊക്കെ പറഞ്ഞു തീർത്ത്... സമാധാനമാക്കി.”
“എന്തു കണക്കുകൾ ?? നമ്മൾ തമ്മിൽ എന്തു കണക്കാ ? ഗെറ്റ് ഔട്ട്!! ഇറങ്ങിപ്പോ എന്റെ വീട്ടീന്ന്!! ” അവളുടെ സ്വരം വളരെ ഉറച്ചതായിരുന്നു.
“എന്താ ഇവിടെ ബഹളം ?” വാതില്ക്കൽ നിന്ന് ഒരു ശബ്ദം. അജാനു ബാഹുവായ ഒരുത്തൻ ആ മുറിയിലേക്ക് കടന്നു വന്നു. “അപ്പഴേക്കും ചേച്ചീം അനിയനും തമ്മിൽ തെറ്റിയോ ?”
കാര്യങ്ങൾ താനുദ്ദേശിച്ചതിലും ഗുരുതരമാണെന്ന് നീനക്കു മനസ്സിലായി. റെജിയെ കൂടാതെ മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു ആ വീട്ടിൽ.
“ഞങ്ങൾ ഇന്നലെ മുതൽ ഇതിനകത്താ താമസം. നിങ്ങളു വരാൻ വെയ്റ്റു ചെയ്യുവാരുന്നു.” റെജി ബെഡ്ഡിൽ എഴുന്നേറ്റിരുന്നു. “ചേച്ചി ഇരിക്ക്. ഞാൻ കഥയെല്ലാം പറയാം.”
“എനിക്കൊന്നും കേൾക്കണ്ട. ” നീന ഷോക്കിലായിരുന്നു. “എല്ലാരും ദയവു ചെയ്ത് ഇപ്പൊ ഇവിടുന്നിറങ്ങണം. ഞാൻ ഒരു സ്ത്രീ ഒറ്റക്കാ. തനി തെമ്മാടിത്തരാ നിങ്ങളീ കാണിക്കുന്നത്. ഞാൻ ഒച്ചവെക്കും.“
”അയ്യോ! ചതിക്കല്ലേ ചേച്ചീ...അല്ലെങ്കിലേ ഞാൻ ഈയിടെയായി ചെയ്യുന്നതൊക്കെ എനിക്ക് എട്ടിന്റെ പണിയായിട്ടാ തിരിച്ചടിക്കുന്നെ.“ റെജി ചിരിച്ചു കൊണ്ട് ബെഡ്ഡിൽ നിന്നും താഴെയിറങ്ങി. ”ഞങ്ങളൊന്നും ചെയ്യൂല്ല. ചേച്ചി പേടിക്കുകയേ വേണ്ട. ഒന്നൂല്ലേലും, ഒരു കുടുംബല്ലേ നമ്മൾ ?“
അവന്റെ സ്വരത്തിലെ അമിത വിനയവും സ്നേഹവുമെല്ലാം, നീനയിൽ വെറുപ്പാണുണ്ടാക്കിയത്.
”ദയവു ചെയ്ത്, നീയെന്നെ ചേച്ചീന്നു വിളിക്കരുത്. എന്റെ റോബിയെ കൊല്ലാൻ നോക്കീതാ നീ. പിന്നെ...ബെന്നിയേം നീ...“ അവളുടെ സ്വരം വിറച്ചു.
”ഞാൻ ചേച്ചീന്നേ വിളിക്കൂ...“ അവന് ഒരു കൊച്ചു കുഞ്ഞിന്റെ മുഖഭാവം വന്നു. ”പിന്നെ, റോബി...അവന്റെ കാര്യം ചേച്ചിക്കറിയില്ലല്ലോ. അവനാരാ, എന്താന്നൊനും അറിയാണ്ട് ചാടിക്കേറി അങ്ങ് കെട്ടീതല്ലേ. ഞാൻ എല്ലാം പറഞ്ഞു തരാട്ടോ. ബഹളം വെക്കാതെ എവിടേലും ഒന്നിരിക്ക്.“
”നിന്റെ വാ തുറന്നാ വിഷമേ വരൂ... എനിക്കൊന്നും കേക്കണ്ടെന്നു പറഞ്ഞില്ലേ ? “അവൾ പൊട്ടിത്തെറിച്ചു
അതു പറഞ്ഞു തീർന്നതും, അവരിലൊരുത്തൻ അവളുടെ മുടിക്കുത്തിനു പിടിച്ചതും ഒരുമിച്ചായിരുന്നു. ”നിന്നോടല്ലേടീ മര്യാദക്ക് പറഞ്ഞേ ?? മിണ്ടാതിരിക്കടീ ?“ അയാൾ അവളുടെ കവിളുകൾ ചേർത്തു പിടിച്ചു.
”ഡാ സാബു!!“ റെജിയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ”തൊട്ടു പോകരുത്!! വേറെ എവടേലും കളിക്കണ കളി എന്റെ കുടുംബത്തു കേറി കളിക്കല്ലേ മോനേ! കൈ ഞാൻ വെട്ടും!!“
ഒറ്റ കുതിപ്പിന് അവൻ അയാളുടെ പിടിയിൽ നിന്നും നീനയെ സ്വതന്ത്രയാക്കി. ”നിങ്ങളു രണ്ടാളും വെളീ നിക്ക്. ഞാൻ എന്റെ ചേച്ചിയോടൊന്നു സംസാരിക്കട്ടെ. ഇനി ആരേലും ചേച്ചീടെ ദേഹത്തു തൊട്ടാൽ... നീയൊക്കെ ഇവിടെ കിടന്നു പെടയും. അറിയാല്ലോ എന്നെ ? “ അവന്റെ മുഖം പൈശാചികമായി മാറി.
”റെജീ...“ കൂട്ടത്തിൽ ഉയരം കൂടിയവൻ - സാബു - മുൻപോട്ടു വന്നു. ”ഞങ്ങൾക്ക് എന്തെങ്കിലും ഒരു എന്റർടെയിന്മെന്റില്ലാതെ ചുമ്മാ നിനക്കു മാത്രം തിന്നാനാണെങ്കി, നടപ്പില്ല കുട്ടാ. ഇത് ബാംഗ്ലൂരല്ല. നീയാരിക്കും ഇവിടെ കിടന്നു പെടയാൻ പോകുന്നെ.“ അയാളുടെ മുഖം ഒരു ചെന്നായെപ്പോലിരുന്നു.
“നമുക്കു വേണ്ടത് അവനെയാ... റോബിയെ. ചേച്ചി എന്തു ചെയ്തിട്ടാ ?” റെജി അവനും നീനക്കും ഇടയിലേക്കു കയറി നിന്നു. അവൻ വല്ലാത്ത മാനസീക സംഘർഷത്തിലായെന്നു മുഖം കണ്ടാലറിയാം.
“റോബി എവടെ ? ” ചോദിച്ചത് സാബുവായിരുന്നു.
“എനിക്കറിയില്ല...” നീനയുടെ കണ്ണുകൾ വാതില്ക്കലേക്കു നീണ്ടു. ഒരൊറ്റ കുതിപ്പിന് പുറത്തേക്കോടാൻ അവളുടെ കാലുകൾ തരിച്ചു.
“ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കണ്ട. ” സാബു അവളെ ബെഡിലേക്കു തള്ളി വീഴ്ത്തി. “ഞങ്ങൾടെ കയ്യീന്നൊക്കെ പിടി വിടീപ്പിച്ച് ഓടി രക്ഷപ്പെടാൻ എളുപ്പമല്ല മോളേ. മര്യാദക്കു പറഞ്ഞോ , റോബി എവടെയാ ?”
“അവനെ കൊല്ലാനല്ല ചേച്ചീ...” പറഞ്ഞത് റെജിയായിരുന്നു. “ഞങ്ങളു തമ്മി കൊറച്ചു കാശിന്റെ ഇടപാടുണ്ട്. അത്രേയുള്ളൂ. ആ കാശിങ്ങു കിട്ടിയാൽ, ഞങ്ങൾ അത് വീതിച്ചെടുത്ത് നാടു വിടും. പറ്റിയാൽ, ഇന്ത്യ തന്നെ വിടും. അതാ പ്ലാൻ. അതു കഴിഞ്ഞാ പിന്നെ ഞങ്ങൾ ഒരിക്കലും നിങ്ങടെ ജീവിതത്തിൽ ഉണ്ടാകില്ല.” അവന്റെ സ്വരം ശാന്തമായിരുന്നു.
“എത്രയാ വേണ്ടേ നിങ്ങക്ക് ? ഞാൻ തരാം.” നീന എഴുന്നേറ്റിരുന്നു. “എന്താ നിങ്ങക്ക് റോബിയുമായിട്ട് എടപാട് ?”
സാബു റെജിയെ നോക്കി. “പറഞ്ഞു കൊടുക്ക് അനിയാ ചേട്ടന്റെ ലീലാ വിലാസങ്ങൾ!”
“ചേച്ചി...” റെജി ആ ബെഡിന്റെ അരികത്തിരുന്നു. “റോബിക്ക് വേറൊരു പെണ്ണുമായിട്ട് അടുപ്പമുണ്ടാരുന്നത് ചേച്ചിക്കറിയാരുന്നോ ?”
നീന നടുങ്ങിപ്പോയി.
“എനിക്കറിയാം. അവൻ പറഞ്ഞു കാണില്ല. പക്ഷേ സത്യമാണ്. കുറേ കാലം വേറൊരുത്തിയെ വളച്ചെടുത്ത് കൂടെ കൊണ്ടു നടന്നതാ എന്റെ ചേട്ടൻ. എന്തിനാ ? അവൾടെ കൊറേ സ്ഥലം ഉണ്ടാരുന്നു. അത് ചുളു വിലക്ക് അടിച്ചു മാറ്റാൻ. അതു കഴിഞ്ഞപ്പോ അവന്റെ സ്വഭാവം മാറി. അവൻ അവളെ ഒഴിവാക്കാൻ നോക്കി. അല്ലെങ്കിലും, അവളെ കിട്ടീട്ടും വല്യ കാര്യമൊന്നുമില്ല. ദാരിദ്ര്യത്തിന്റെ പടുകുഴീലാരുന്നു അവരു കുടുംബമായിട്ട്. അങ്ങനെ അവളോട് അടിച്ചു പിരിയാം എന്നു തീരുമാനിച്ചിരിക്കുമ്പഴല്ലേ പ്രശ്നമായത്, ആ പെങ്കൊച്ച് ഗർഭിണിയായി! പണിയായില്ലേ...റോബി ആകെ പെട്ടു.
അതിലും കൂടുതൽ പെട്ടതാരാ ? ഞാനല്ലേ ? അവന്റെ സ്വത്തിന് പുതിയൊരു അവകാശിയല്ലേ ആ കൊച്ച് ? ഇപ്പൊക്കാണുന്ന പോലെയൊന്നുമായിരിക്കില്ല കൊറച്ചു കഴിയുമ്പോ. അവളു കൊച്ചിനേം കൊണ്ടു വന്ന് കുടുംബത്തു കേറി വീതം ചോദിക്കും. അപ്പൊ, ഞാൻ ആ വേരങ്ങ് അറുത്തു കളഞ്ഞേക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ആദ്യമൊക്കെ റോബിക്കും അത് സമ്മതമാരുന്നു. ഞാൻ പറഞ്ഞു, എനിക്കൊരു തുക തന്നാൽ സംഭവം ഇരു ചെവിയറിയാതെ ഒതുക്കിക്കോളാന്ന്. ഞങ്ങളന്ന് നാലു പേരുണ്ട്. ഞാനും ഇവന്മാരും പിന്നെ ബെന്നീം. കത്തിക്കേറി വരുന്ന സമയമാണ്. മൊത്തം 1 CR നു ഞങ്ങൾ കരാറുറപ്പിച്ചു. അതു കഴിഞ്ഞ് ഞങ്ങളു തമ്മീ കണക്കു പറഞ്ഞു പിരിയാം എന്നും തീരുമാനിച്ചു.
“നിങ്ങളെന്തു ഭ്രാന്തൊക്കെയാ ഈ പറയുന്നെ ? കല്യാണത്തിനു മുന്നേ ഒരു അഫയറുണ്ടാരുന്നെങ്കി, എന്റെ റോബി ഒരിക്കലും എന്നോട്...”
“അയ്യടാ!! പാവം... എന്റെ നീനാ, നിന്റെ അപ്പന്റെ സ്വത്തു മുഴുവൻ കണ്ടിട്ടല്ലേ റോബി നിന്റെ പൊറകേ വന്നത്. അല്ലാണ്ട് നിന്റെ എന്തു കണ്ടിട്ടാ ? അതിനു മാത്രം വല്യ ഭൂലോക രംഭയൊനുമല്ല നീ.” സാബു പൊട്ടിച്ചിരിച്ചു.
“ഞങ്ങടെ കണക്ക് വേറെയുമുണ്ട്. “ റെജി തുടർന്നു ” ഇവനുണ്ടല്ലോ, ഈ റോബീന്നു പറയുന്നവൻ... ഇക്കാണുന്ന സ്വത്തൊക്കെ ഉണ്ടാക്കിയതേ, ഞങ്ങടപ്പന്റെ ഒരു 4 സെന്റ് സ്ഥലം വിറ്റിട്ടു കിട്ടിയ കാശും കൊണ്ടാ. അവൻ എന്തൊക്കെ ഉണ്ടാക്കീയാലും, അതിന്റെ പകുതി എന്റെയാ. നിയമപ്രകാരമായാലും, മര്യാദ നിലക്കായാലും. അപ്പോ ഞാൻ അവന്റെയൊരു ഇപ്പഴത്തെ ആസ്തി അനുസരിച്ച് ഒരു 15 CR കൂടി ചോദിക്കും.
അങ്ങനെ മൊത്തം ഒരു 16CR കിട്ടിയാൽ ഞങ്ങൾ സ്ഥലം വിട്ടോളാം.
ആ എസ് ഐ മാത്യൂസിനൊരു പണി കൊടുക്കണമെന്നുണ്ടാരുന്നു. അതു വേണെങ്കി ഞങ്ങൾ വേണ്ടെന്നു വെക്കാം. ഈ കാശിനൊരു മാർഗ്ഗമുണ്ടാക്കിയാൽ, ഞങ്ങൾ ആരെയും ഉപദ്രവിക്കില്ല. ഇപ്പൊ ഇറങ്ങി പൊയ്ക്കോളാം. പണ്ടാരുന്നെങ്കി, റോബിയെ തീർത്താൽ മൊത്തം ലീഗലായിട്ട് എന്റെ കയ്യിൽ വന്നേനെ. പക്ഷേ ഇപ്പൊ സ്ഥിതി മാറി. ഇനി എനിക്ക് നാട്ടിലിറങ്ങി ജീവിക്കാനൊക്കുമോ ? ആ പന്ന ബെന്നീം എസ് ഐ മാത്യൂസും കൂടി പണി തന്നില്ലേ ? അപ്പൊ ഇനി ഇതു തന്നെ വഴി. “
“16 കോടിയോ ?” നീനയുടെ മുഖമാകെ മരവിച്ചു പോയി.
“അതാ പറഞ്ഞേ. ഈ കളിക്ക് റോബി തന്നെ വരണം. അതല്ലേ ഞങ്ങളീ ആദ്യം മുതലേ ചോദിക്കുന്നത്. അവനെവിടെയാന്നു പറ പെങ്ങളേ ?” സാബുവും അവൾക്കരികിൽ ബെഡ്ഡിൽ ഇരുന്നു.
നീനയുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.
തന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് റോബി പറഞ്ഞത് അവൾ ഓർമ്മിച്ചു. ഇനി ഈ അഫയറിന്റെ കാര്യമായിരിക്കുമോ ?
“ആ പെൺകുട്ടി ഇപ്പൊ എവിടെയുണ്ട് ? റോബിയുടെ മുൻപത്തെ ... ” അവളുടെ ചുണ്ടുകൾ വിറ പൂണ്ടു.
“എന്റെ ചേട്ടനാണെങ്കിഅവസാനം കാലു മാറീല്ലേ. അവൻ ഒടുക്കം ചെന്ന് അവളേം കൊച്ചിനേം സ്വീകരിക്കാനാരുന്നു പരിപാടി. ഞങ്ങള് മെനക്കെട്ട് ഈ രാജ്യം മുഴുവൻ ആ പെണ്ണിനേം തപ്പി നടന്നിട്ട് അവസാനം ഞങ്ങളെ ഒരു മാതിരി ഒണ്ടാക്കാനായിട്ട്! അവസാനം ഞങ്ങൾ അവളെ പൊക്കി കേട്ടോ . അവൾടെ വീട്ടീന്നു തന്നെ പൊക്കി.”
അവൻ ഒരു നിമിഷം നിർത്തി അതൊക്കെ ആലോചിച്ച പോലെ തോന്നി. മനസ്സിൽ എന്തൊക്കെയോ ദൃശ്യങ്ങൾ കടന്നു പോകുന്നതു അവന്റെ മുഖത്തു പ്രതിഫലിച്ചു.
“ഓ ഒക്കെ വിട്... അതൊക്കെ തീർന്ന കഥ... ഞങ്ങളു ഞങ്ങടെ പണി നല്ല വൃത്തിയായി ചെയ്തു. പക്ഷേ, ഒരു ചെറിയ പിഴവു പറ്റി കേട്ടൊ. ആ പെണ്ണ് പ്രസവിച്ചിട്ടാ ചത്തത്. അതെനിക്കൊരു ചെറിയ അശ്രദ്ധ പറ്റിയതാ. ആ കൊച്ചു ചത്തില്ല ... സത്യം പറഞ്ഞാ ആ കുഞ്ഞിനെ കൊല്ലാനാ പോയതെങ്കിലും, അവസാന നിമിഷം എന്റെ കൈ വെറച്ചു. അതിനെ കൊല്ലാൻ മനസ്സു വന്നില്ല. തള്ള ചത്തപ്പോ കൊച്ചും ചത്തോളുമെന്നു കരുതി ഇട്ടിട്ടു പോന്നു.
അതിനേക്കാൾ വല്യ സംഭവം, നമ്മടെ റോബിയൊണ്ടല്ലോ, അവൻ അതിരാവിലെ അവടെ ചെന്ന് ആ കൊച്ചിനേ എടുത്ത് നേരേ സ്നേഹ വീടിന്റെ വാതിലിനു മുൻപിൽ കൊണ്ടെ വെച്ചിട്ടു പോന്നു.. ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്. ആരേലും കണ്ടാരുന്നെങ്കി, ഇന്ന് റോബി അകത്താ.ഒക്കെ തവിടു പൊടിയായേനേ. “
“നിങ്ങളൊന്നും മനുഷ്യരല്ല!!! മനുഷ്യർക്കിങ്ങനെ ആകാൻ കഴിയില്ല !!! ” നീന തുടർന്നു കേൾക്കാൻ ത്രാണിയില്ലാതെ കാതുകൾ പൊത്തി.
റെജി പറഞ്ഞതെല്ലാം ശരിയാണെന്ന് അവൾക്കപ്പോൾ മനസ്സിലായിരുന്നു. സൂസിമോൾ ആണാ കുഞ്ഞ്. റോബിയുടെ മോൾ. എന്നാലും... റോബി ഇത്രയും വലിയൊരു ചതിയനായിരുന്നോ ?? അവൾക്കു തന്റെ ഹൃദയം ഉരുകിയൊലിക്കുന്നതു പോലെ തോന്നി.
എന്നാൽ അവളുടെ ആ സങ്കടമൊന്നും ആ മനുഷ്യരെ തീരെ ബാധിച്ചതായി തോന്നിയില്ല. അവൾ പറഞ്ഞതു പോലെ തന്നെ വന്യ മൃഗങ്ങളേക്കാൾ ക്രൂരമായിരുന്നു അവരുടെ ചിന്താഗതികൾ. റെജി മാത്രം ആകെ ചിന്താകുഴപ്പത്തിലാണെന്നു തോന്നി. റോബി വന്നാൽ, കാശിനൊരു മാർഗ്ഗമുണ്ടായാൽ, എന്തായാലും, അവനെയും നീനയെയും കൊന്നു കളയാൻ തന്നെയായിരുന്നു റെജിയുടെ പ്ലാൻ. പക്ഷേ, രക്തബന്ധം എന്നു പറഞ്ഞാൽ നിസ്സാര കാര്യമല്ലല്ലോ. അവന്റെ ഉള്ളിൽ ഒരു മല്പ്പിടുത്തം നടക്കുകയാണ്. നേരിട്ട് റോബിയെ ഇല്ലാതാക്കാനുള്ള മടി കൊണ്ടാണ് അവൻ ബാംഗ്ലൂരുള്ള ആ കൊട്ടേഷൻ ടീമിനെ പണിയേല്പ്പിച്ചതു തന്നെ.
പെട്ടെന്നാണ് നീന ചാടിയെഴുന്നേറ്റത്.
സാബുവിനെ ചവിട്ടി ബെഡിൽ നിന്നും താഴേക്ക് വീഴിച്ച അവൾ ഒരൊറ്റ കുതിപ്പിന് ഓടി വാതില്ക്കലെത്തി.
അവിടെയും നിന്നിരുന്നു ഒരുത്തൻ. അതു വരെ ഒരക്ഷരം പോലും മിണ്ടാതെ നിന്ന ഒരു കുള്ളൻ. അവന്റെ നാഭി നോക്കി ഒരു ചവിട്ടു കൊടുത്ത അവൾ വാതിലിന്റെ കുറ്റി തുറക്കാൻ ശ്രമിച്ചു.
പക്ഷേ ചവിട്ടു കൊണ്ടിട്ടും അയാൾ പിൻ മാറിയില്ല, നീനയുടെ ഉടുപ്പിനു പുറകിൽ പിടുത്തമിട്ട അയാൾ ശക്തിയായി അവളെ പുറകോട്ടു വലിച്ചു. അപ്പോൾ...
“മാറടാ പന്നീ തോക്കിന്റെ മുന്നീന്ന്...” സാബുവിന്റെ അലർച്ച കേട്ടു.
അതു കേട്ട് തിരിഞ്ഞ അവൻ പിടി വിട്ടതും,
വെടി പൊട്ടി!!
ആദ്യം നീനക്ക് എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല.
തലക്കു പുറകിൽ എന്തോ ശക്തിയായി വന്നടിച്ച പോലെ തോന്നി അവൾക്ക്.
“ചതിച്ചല്ലോടാ പട്ടീ നീ!” റെജി ചാടിയെണീറ്റ് അവൾക്കരികിലേക്കോടി.
നീന സാവധാനം പുറകോട്ട് മലർന്നു വീണു. റെജിയുടെ കൈകളിലേക്ക്... നിമിഷങ്ങൾക്കുള്ളിൽ അവന്റെ ശരീരമാകെ അവളുടെ രക്തം വീണു കുതിർന്നു.
അവൻ പതിയെ അവളെ തറയിലേക്കു കിടത്തി.
“ക്ഷമയുടെ നെല്ലിപ്പലകയായി റെജി.” സാബു തോക്ക് ലോക്കു ചെയ്ത് തിരിച്ച് തന്റെ പോക്കറ്റിലേക്കിട്ടു. “നിനക്കു കൊറേശ്ശേ വട്ടായി തുടങ്ങിയോ എന്നു വരെ എനിക്കിപ്പൊ സംശയമുണ്ട്. പണ്ടാരുന്നെങ്കി, നീ ഇപ്പൊ അവളെ തട്ടി അടുത്ത പണി നോക്കിയേനേ. അതൊക്കെ പോട്ടെ, നമുക്ക് വേറേ ചിലത് സംസാരിക്കാനുണ്ട്.” അവൻ റെജിക്കടുത്തേക്ക് നടന്നടുത്തു.
“ഇവിടെ വന്നാൽ, റോബിയെ കാണും, അവന്റെ കയ്യീന്ന് ഞങ്ങക്കുള്ള കാശു വാങ്ങിത്തന്ന്, ഈ പെണ്ണിനേം പൊക്കി സ്ഥലം വിടാമെന്നാരുന്നല്ലോ കരാർ. ഇപ്പൊ അതൊക്കെ മൂഞ്ചീല്ലേ ? റോബീമില്ല കാശുമില്ല. അപ്പൊ... ഇനിയെന്താ സാറിന്റെ പരിപാടി ?”
റെജി ഒന്നും മിണ്ടാതെ നീനയുടെ പിടയുന്ന ശരീരം നോക്കി നില്ക്കുകയാണ്.
“പറയടാ പന്നി!! നിന്റെ അമ്മയൊന്ന്വല്ലല്ലൊ ഇവള് !! എന്താ ഇനി ചെയ്യണ്ടേ ? ”
റെജി ആകെ മരവിച്ച പോലെയുള്ള തന്റെ നില്പ്പ് തുടർന്നതേയുള്ളൂ.
“നിനക്കെന്താ പറ്റിയേന്നെനിക്കറിയാം.” സാബു അവനെ പിടിച്ച് ഭിത്തിയിലേക്കു ചാരി നിർത്തി. “ആ മറ്റവനില്ലേ ? ബെന്നി ? അവന്റെ പ്രാർഥനേം പരിപാടീമൊക്കെ കണ്ട് ആകെ മനസ്സെളകി പോയി നിന്റെ. ഞാൻ രണ്ടു ദിവസായി ശ്രദ്ധിക്കുന്നു. നിനക്ക് ചെറുതായി പിരി ലൂസായി തുടങ്ങീട്ടുണ്ട് മോനേ.”
“നീയെന്തിനാടാ വെടി വെച്ചെ ?” വളരെ ശാന്തമായിരുന്നു അവന്റെ ചോദ്യം. “നീന എന്തു ചെയ്തിട്ടാ ??”
“ഈ പന്ന്%$%^” പിറു പിറുത്തുകൊണ്ട് സാബു മറ്റേയാളെ നോക്കി “എന്താ വേണ്ടെ ഇവനേ ?”
റെജി അപ്പൊളെക്കും അയാളുടെ പിടി വിടുവിച്ച് കുനിഞ്ഞ് നീനയുടെ മുറിവു പരിശോധിക്കാൻ തുടങ്ങി.
“നീ കേൾക്കുന്നുണ്ടോ ? ” സാബു അവനെ കാലു കൊണ്ട് തോണ്ടി “ഞാനും ഈ രാജപ്പനും കൂടി ഇന്നലെ ചെല തീരുമാനങ്ങളെടുത്തിട്ടുണ്ട്... ഒന്നുകിൽ നീ പെട്ടെന്ന് റോബിയെ കണ്ട് ഞങ്ങടെ കാശിന്റെ കാര്യത്തിനൊരു തീരുമാനമാക്കണം. അല്ലെങ്കി...”
“അല്ലെങ്കി ?” റെജി തിരിഞ്ഞ് അവനെ രൂക്ഷമായി ഒന്നു നോക്കി.
“അല്ലെങ്കി, നിനക്കറിയാല്ലോ, ബാംഗ്ലൂർ പോലീസ് നിന്റെ തലക്ക് പത്തു ലക്ഷമാ ഇട്ടിരിക്കുന്നെ. ഞങ്ങൾക്കു വേറേ വഴിയൊന്നുമില്ല. കിട്ടിയതാട്ടെ എന്നു വിചാരിക്കും.”
റെജി നിവർന്നു നിന്നു. അവന്റെ ചുണ്ടിൽ ഒരു പുച്ഛ രസം പടർന്നിരുന്നു.
“എങ്ങനാ ? തല വെട്ടിക്കൊണ്ടു പോകാനാണോ അതോ ?”
“അതൊക്കെ ഞങ്ങളു തീരുമാനിച്ചോളാം. ആദ്യം നീ നിന്റെ തീരുമാനം പറ.”
അവൻ നീനയുടെ ചോര തന്റെ ഷർട്ടിൽ തുടച്ചു.
“എന്റെ തീരുമാനം ഇതാണ്...നീ ഇങ്ങോട്ടു നോക്ക്യേ...” റെജി അവന്റെ തോളിൽ പിടിച്ച് തനിക്കഭിമുഖമായി തിരിച്ചു നിർത്തി. “ഇന്നാ...നിനക്കു തരാൻ ഇപ്പൊ ഇതേ ഉള്ളൂ എന്റെ കയ്യിൽ.”
റെജിയുടെ കൈ ഷർട്ടിനുള്ളിൽ ബെനിയനോടു ചേർത്തു ടേപ്പു ചെയ്തു വെച്ചിരുന്ന ഒരു കത്തി വലിച്ചൂരിയതും, സാബുവിന്റെ നെഞ്ചിൽ - ഹൃദയത്തിലൂടെ അത് തറച്ചു കയറ്റിയതും എല്ലാം ഞൊടിയിടക്കുള്ളിലായിരുന്നു.
നല്ല നീളമുള്ള ആ കത്തി തുളഞ്ഞ് മറുവശത്തുകൂടി പുറത്തു വന്നതും, റെജി അത് പിടിച്ചൊന്നു തിരിച്ചു... എന്നിട്ട് ശക്തിയായി പുറത്തേക്കു വലിച്ചെടുത്തു.
“ശ്ശ് ശ്ശ്...ഇനി മിണ്ടണ്ട... കെടന്നോ... ഒറങ്ങിക്കോ...” അവൻ അയാളെ ബലമായി തന്റെ ശരീരത്തോട് ചേർത്തു പിടിച്ച് പതിയെ നിലത്തേക്കു ചായ്ച്ചു.
“റെജീ...നായേ... നീ? ” സാബുവിന്റെ വായിൽ നിന്ന് ചോര ചിതറിത്തെറിച്ചു. ഒടുവിൽ അവന്റെ ചലനം നിലച്ചെന്നുറപ്പായപ്പോൾ റെജി പിടി വിട്ടു. സാബുവിന്റെ തല ശക്തിയായി നിലത്തു ചെന്നിടിച്ചു.
“രാജപ്പാ... മോനെ... നിനക്കു വേണ്ടേ പത്തു ലക്ഷം ?“ തല ചെരിച്ച് മറ്റവനെ നോക്കിയ റെജിയുടെ മുഖം നിർവ്വികാരമായിരുന്നു.
“റെജിയണ്ണാ...എന്നെ നിങ്ങക്കറിയില്ലേ ?” അയാൾ വിക്കി. ഭയന്നു വിറങ്ങലിച്ചു പോയിരുന്നു അയാൾ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് റെജി സാബുവിനെ കുത്തി മലർത്തിക്കളഞ്ഞത്.
റെജിയുടെ ശ്രദ്ധ വീണ്ടും നീനയിലേക്കായി. തന്റെ തലക്കുള്ളിൽ എന്തോ പൊട്ടിത്തെറിക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. കണുകളിൽ ഇരുട്ടു കയറും പോലെ. നീനയുടെ മുഖം പേശികളൊക്കെ വലിഞ്ഞു മുറുകി ഒരു ഭയാനക സത്വം പോലെ രൂപാന്തരപ്പെടുന്നതായിട്ടയാൾക്കു തോന്നി.
തല രണ്ടു കൈകളിലും താങ്ങി അയാൾ കുറേ നേരം നിന്നു. ആ കത്തിയിൽ നിന്നുള്ള രക്തം അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
ഭീകരമായിരുന്നു ആ കാഴ്ച്ച! ചോരയിൽ കുളിച്ച പോലെയാണ് റെജി നിന്നത്.
“അണ്ണാ, ഞാൻ പോട്ടെ. നമക്ക് നാളെ കാണാം.” രാജപ്പൻ വാതിലിന്റെ ലോക്കു തുറക്കാൻ ശ്രമിച്ചു.
“നിക്ക് രാജപ്പാ... ചോദിക്കട്ടെ.” റെജി സാബുവിന്റെ മൃതദേഹം കവച്ചു വെച്ച് രാജപ്പനരികിലെത്തി. “എങ്ങട്ടാ നീ പോണെ എന്നെ ഒറ്റക്കാക്കീട്ട് ? കാശു വേണ്ടേ നിനക്ക് ? ”
സംഭവം പന്തികേടാണെന്നു മനസ്സിലാക്കിയ രാജപ്പൻ റെജിയെ ശക്തിയായി പുറകോട്ടു തള്ളി. പക്ഷേ ഒരു പാറക്കെട്ടു പോലെ നില്ക്കുകയായിരുന്നു അവൻ. അയാൾക്ക് അവനെ ഒന്നനക്കാൻ പോലുമായില്ല.
റെജി ഓർക്കുകയായിരുന്നു...
തന്റെ കത്തിക്കു കീഴെ, പ്രാണനു വേണ്ടി യാചിച്ച സാന്ദ്ര...അതു പോലെ എത്രയോ പേർ...ഒടുവിൽ ബെന്നിയും....ഇപ്പോഴിതാ സാബുവും... അയാളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു...കണ്ണുകൾ കുറുകി വന്നു... പതിയെ പതിയെ ആ ചിരി ഒരു പൊട്ടിച്ചിരിയായി മാറി... ഭയാനക ശബ്ദത്തിൽ അയാൾ ആർത്താർത്ത് ചിരിക്കാൻ തുടങ്ങി.
“റെജിയണ്ണാ...” രാജപ്പൻ ഭയചകിതനായി അവന്റെ കണ്ണുകളിലേക്കു നോക്കി.
റെജിയുടെ മാനസിക നില തെറ്റിയിരിക്കുന്നുവെന്നു വ്യക്തം. അയാളുടെ നോട്ടം എവിടെയും ഉറക്കുന്നില്ല. എന്നാൽ, ആ കത്തി...അത് രാജപ്പന്റെ നെഞ്ചിലേക്കു ചൂണ്ടി തന്നെയിരുന്നു.
രാജപ്പൻ മരണം മുൻപിൽ കണ്ടു.ഒരു ചെറിയ അനക്കം മതി എല്ലാം തീരാൻ... അയാളുടെയും മനസ്സിലൂടെ അവർ ചെയ്തു കൂട്ടിയ കൊടും പാതകങ്ങൾ ഒരു സിനിമയിലെന്ന പോലെ കടന്നു പോകുകയായിരുന്നു.
ഒടുവിൽ ചിരി നിർത്തിയ റെജി തല ഉയർത്തി അയാളെ നോക്കി.
ആ നിമിഷം!
അവരെ രണ്ടു പേരെയും നടുക്കിക്കൊണ്ട് ഒരു ബെൽ ശബ്ദമുയർന്നു!! കോളിങ്ങ് ബെൽ!
രാജപ്പന്റെ രക്തം തന്റെ മുഖത്തേക്ക് തെറിച്ചപ്പോഴാണ് റെജി അത് ശ്രദ്ധിക്കുന്നത്.
ആ കത്തി...അത് രാജപ്പന്റെ നെഞ്ചു തുരന്ന് പുറകിലെ വാതിലിൽ തറച്ചിരിക്കുന്നു!!
ബെൽ ശബ്ദം കേട്ട നടുക്കത്തിൽ താൻ അറിയാതെ ആ കത്തി താഴ്ത്തിപ്പോയെന്ന് റെജിക്ക് മനസ്സിലായി.
“നന്നായി!! ഒക്കെ തീരട്ടെ!” പിറു പിറുത്തുകൊണ്ട് അയാളാ കത്തി വലിച്ചൂരിയെടുത്തു. ഒരു ഞരക്കം പോലുമുണ്ടാക്കാതെ രാജപ്പൻ നിലത്തേക്കു കുഴഞ്ഞു വീണു.
കുറേ നേരം കൂടി എന്തോ ആലോചിച്ച് അവിടെ തന്നെ നിന്ന റെജിക്ക് വീണ്ടും ഒരു പ്രാവശ്യം കൂടി ആ കോളിങ്ങ് ബെൽ ശബ്ദം കേട്ടപ്പോഴാണ് പരിസര ബോധമുണ്ടായത്.
അയാൾ യാന്ത്രികമായി ആ വാതിലിന്റെ ലോക്ക് തുറന്ന് പതിയെ വേച്ചു വേച്ചു പുറത്തേക്ക് നടന്നു.
അവിടെ വാതിലിനു വെളിയിൽ ആ പോലീസുകാരൻ നിന്നിരുന്നു. നീനക്ക് കാവലിനായി ഏർപ്പെടുത്തിയിരുന്ന ആ പോലീസുകാരൻ.
“ദൈവമേ!! ഇതെന്തു പറ്റി റെജി ?? അപ്പിടി ചോരയൊക്കെ ? നിങ്ങളവളെ കൊന്നോ ?” ആ പോലീസുകാരൻ അമ്പരന്നു പോയി.
“തന്നോട് ഇപ്പൊ ഇങ്ങോട്ടു വരാനാരാ പറഞ്ഞേ ? ഇന്നു രാത്രി വരണ്ടന്നല്ലേ പറഞ്ഞാരുന്നേ ? അതിനല്ലേ തനിക്ക് ഞാൻ കാശു തന്നെ ?”
“കാശു തന്നില്ലല്ലോ റെജി... തരാന്നു പറഞ്ഞല്ലേ ഉള്ളൂ... ആ മാത്യൂസ് സാർ ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ടെന്നു കേട്ടു. അയാളെങ്ങാൻ ഇതിലേ വന്നാ എന്റെ പണി തെറിക്കും. അതാ രാത്രി തന്നെ പോന്നെ. ഇതിപ്പോ നിങ്ങൾ ഇങ്ങനെ കടും കയ്യൊക്കെ ചെയ്യൂന്നു ഞാനറിഞ്ഞില്ല... ഇനി ഇത് വെറും അയ്യായിരം രൂപേലൊന്നും നിക്കൂല്ലാ...എന്റെ ജോലി പോണ കേസാ...എന്ത്യേ ? സാബുവൊക്കെ എന്ത്യേ ?? ഞാനവനോട് സംസാരിച്ചോളാം.”
“എല്ലാർക്കും വേണ്ടത് കാശാ മാഷേ... അകത്തോട്ടു വാ...അവനകത്തൊണ്ട്.” റെജി വാതില്ക്കൽ നിന്നും മാറിക്കൊടുത്തു.
പോലീസുകാരൻ തിടുക്കത്തിൽ അകത്തേക്കു കയറി. റോബി വന്ന വഴിയിലാകെ ചോര തളം കെട്ടി കിടന്നിരുന്നു. അതു കണ്ടതും അയാൾ ബെഡ് റൂം ലക്ഷ്യമാക്കി ഓടി. റെജി അവിടെ തന്നെ നിന്നതേയുള്ളൂ.
“എന്റെ ദൈവമെ!! എന്തൊക്കെയാ ഇത് ??” ബെഡ് റൂമിൽ നിന്നും അയാളുടെ നിലവിളി ഉയർന്നു.
റെജി ആ കത്തി ഒരിക്കൽ കൂടി തുടച്ചു വൃത്തിയാക്കി ബെഡ് റൂം ലക്ഷ്യമാക്കി ചുവടു വെച്ചു. “എല്ലാം തീരട്ടെ... എല്ലാ അവന്മാരും ചത്തു തുലയട്ടെ...” അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
അധികം വൈകിയില്ല. ബെഡ് റൂമിൽ നിന്നും ആ പോലീസുകാരന്റെ ആർത്തനാദമുയർന്നു.
***** ***** ***** ***** ***** ***** ***** ***** *****
മാത്യൂസിന്റെ നിർദ്ദേശ പ്രകാരം നിതിൻ റോബിയെ നേരെ തന്റെ വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. ഒഫീഷ്യലായി ചോദ്യം ചെയ്യുന്നതിനു മുൻപ് മാത്യൂസിന് റോബിയെ ഒന്നു നേരിൽ കാണേണ്ടതുണ്ട്.
വരുന്ന വഴിയിൽ റോബി ചോദിച്ച ചോദ്യങ്ങൾക്കൊന്നും നിതിൻ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. അയാളുടെ മനസ്സ് ആകെ സംഘർഷ ഭരിതമായിരുന്നു. എത്ര വലിയ റിസ്ക് ആണ് താനെടുത്തിരിക്കുന്നതെന്ന് അയാൾ ചിന്തിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ, റെജി ഈ യാത്ര അറിഞ്ഞാലുണ്ടാകാൻ സാധ്യതയുള്ള അപകടം അയാൾക്ക് നന്നായി അറിയാമായിരുന്നു. തന്റെ ജോലിക്കു മാത്രമല്ല, ജീവനും ഭീക്ഷണിയാണീ യാത്ര.എങ്കിലും, മാത്യൂസിനോട് പറ്റില്ല എന്നു പറയാനയാൾക്കാവില്ല.
ഏതാണ്ട് 7 മണിയോടടുത്ത് അവർ വീട്ടിലെത്തി. മാത്യൂസ് അവരെ പ്രതീക്ഷിച്ച് സിറ്റ്-ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
“ആരെങ്കിലും എന്നോട് എന്തെങ്കിലും സംസാരിച്ചില്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിക്കും.” ജീപ്പിൽ നിന്നിറങ്ങിയ പാടെ റോബി പൊട്ടിത്തെറിച്ചു. “ഉച്ചക്കു തുടങ്ങീതാ ഈ ചിത്രവധം. ഞാനെന്തു ചെയ്തിട്ടാ ? എന്തിനാ ഈ അറസ്റ്റ് ? എന്താ ശരിക്കും ഉണ്ടായേന്ന് ആർക്കേലും അറിയാവോ ?”
“റോബി അകത്തേക്ക് കേറ്. നമുക്ക് സംസാരിക്കാം.” നിതിൻ വളരെ ഗൗരവത്തിൽ അവനെ അകത്തേക്ക് നടത്തി.
“എന്താ ശരിക്കും ഉണ്ടായേന്ന് ആർക്കും അറിയില്ല...നീ പറഞ്ഞത് കറക്റ്റാ...” മാത്യൂസ് അവന്റെ പുറകേ അകത്തേക്കു കയറി. “പക്ഷേ, എല്ലാം അറിഞ്ഞിട്ടേ നമ്മൾ ഇന്നിവിടുന്ന് പുറത്തേക്കിറങ്ങൂ. അതു നീ മനസ്സിലാക്കിക്കോ ?” അയാളുടെ സ്വരം വളരെ ശാന്തമായിരുന്നു.
“റോബി ഇരിക്ക്. ” നിതിൻ സോഫാ ചൂണ്ടിക്കാണിച്ചു. “പിന്നെ മത്തായി, ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ? ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുക്കാം.”
“എന്താ നിനക്കറിയണ്ടേ ? ചോദിക്ക്. ഞാൻ ഉത്തരം പറയാം.” റോബിയുടെ മുഖം മുറുകിയിരുന്നു.
“ഓക്കേ...അങ്ങനേങ്കി അങ്ങനെ. ” മാത്യൂസ് അവനെതിർവശത്തായി ഇരുന്നു. “നിന്റെ ആരാ സാന്ദ്ര ?”
ആ ഒരൊറ്റ ചോദ്യത്തിൽ റോബി തകർന്നു പോയി. അവന്റെ മുഖത്തെ രക്തമയം മാഞ്ഞു.
““മത്തായീ ... നീയെങ്ങനെ ?? ”
“റോബി... എന്റെ കണ്ട്രോളു പോകാതിരിക്കാൻ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞാൽ, അത്രയും പെട്ടെന്ന് നമുക്ക് അടുത്ത വഴി നോക്കാം.” മാത്യൂസ് അവന്റെ കണ്ണുകളിലേക്കു തന്നെ തീക്ഷ്ണമായി നോക്കിക്കൊണ്ടാണതു പറഞ്ഞത്.
“ഓക്കേ. ഞാൻ എല്ലാം പറയാം...എനിക്കിനിയൊന്നും ഒളിക്കാനില്ല. അല്ലെങ്കിലും ഞാൻ ഈ വിവരം ഇങ്ങോട്ടു വന്നു പറഞ്ഞ് കീഴടങ്ങാനിരുന്നതാ.” റോബിയുടെ തല കുനിഞ്ഞിരുന്നു. എല്ലാം ഓർത്തെടുക്കുകയായിരുന്നു അവൻ. ഒരിക്കലും ഇനി ആരോടും പറയേണ്ടി വരില്ലെന്നുറപ്പിച്ചിരുന്ന ആ കഥ.
“ആറു വർഷങ്ങൾക്കു മുൻപാണ് ഞാൻ സാന്ദ്രയെ കാണുന്നത്... അന്ന് നമ്മൾ തമ്മിൽ പരിചയമില്ല. എനിക്ക് അമല ഹോസ്പിറ്റലിനടുത്ത് വെച്ച് പണ്ട് ഒരു ആക്സിഡന്റുണ്ടായിരുന്നു. കാലിൽ ഫ്രാക്ചറായി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. അവിടെ നേഴ്സാരുന്നു സാന്ദ്ര...”
തുടർന്ന് അവൻ പറഞ്ഞ കഥയിലെ ഓരോ വിശദാംശങ്ങളും മാത്യൂസ് അമ്പരപ്പോടെ കേട്ടിരുന്നു. അന്ന് ജിൻസിയിലൂടെ സാന്ദ്ര പറഞ്ഞ അതേ കഥ!! ഒടുവിൽ...
“അന്നു പുലർച്ചെ എനിക്കൊരു കോൾ വന്നു - സാന്ദ്രയുടെ. ഞാൻ എടുത്തപ്പോഴേക്കും കട്ടായി. ഞാൻ തിരിച്ച് എത്ര വിളിച്ചിട്ടും അവൾ എടുത്തില്ല. അതോടെ എനിക്കു പേടിയായി. എന്തോ അരുതാത്തതു സംഭവിച്ചിരിക്കും എന്നു ഞാൻ ഭയന്നു. റെജി അവളെ ഒഴിവാക്കണം എന്നു പറഞ്ഞ് നടക്കുകയായിരുന്നല്ലോ. പോരാത്തതിന് അവൾ അന്ന് പൂർണ്ണ ഗർഭിണിയും. ഞാൻ ഉടൻ തന്നെ വണ്ടിയെടുത്ത് പുറപ്പെട്ടു. എന്റെ വീട്ടീന്ന് നിങ്ങൾക്കറിയാല്ലോ പത്തിരുപത് കിലോമീറ്ററുണ്ട്. ഞാൻ അവിടെയെത്തിയപ്പോഴേക്കും... എല്ലാം കഴിഞ്ഞിരുന്നു.” റോബി വിതുംബി. “അവളെ ഒഴിവാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു മത്തായി. അതു സത്യാ. അതിനു തന്നെയാ ഞാൻ റെജിയെ കൂട്ടു പിടിച്ചതും. പക്ഷേ അവൾ എന്നെ പിരിഞ്ഞ് ഒരു അഞ്ചാറു മാസം ഒളിവിൽ പോയല്ലൊ, അപ്പോളാണ് എനിക്കവളെ എത്ര ഇഷ്ടമായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞത്. പക്ഷേ ഇനിയിപ്പൊ ഒന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.“
”ആ കുഞ്ഞെവിടെ ? സാന്ദ്ര പ്രസവിച്ച മോൾ ?“
റോബി ഞെട്ടി മുഖമുയർത്തി. ”ഇത്ര കൃത്യമായിട്ട് നിങ്ങളിതെങ്ങനെ അറിഞ്ഞു മത്തായി ? അവൾ പ്രസവിച്ചെന്നും, അതൊരു പെൺകുഞ്ഞാരുന്നെന്നും ഒക്കെ ? “ റോബിക്കത് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
”ചോദിച്ചേനുത്തരം പറയടാ...“ മാത്യൂസിനു തീരെ ക്ഷമയില്ലായിരുന്നു.
”...എന്റെ മോൾ...അവൾക്കപ്പോഴും ജീവനുണ്ടായിരുന്നു.“ റോബി വിങ്ങിപ്പൊട്ടി ” ഞാൻ അവളെ എത്രയും പെട്ടെന്ന് അവിടെ നിന്നും എടുത്ത് പുറപ്പെട്ടു. എന്നാൽ എങ്ങോട്ടു പോകാനാണ് ?
എന്റെ മുൻപിൽ ആകെ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഞാനവളെ നേരേ ജോസച്ചന്റെ വീട്ടിൽ - സ്നേഹ വീട്ടിൽ - കൊണ്ടു പോയി വാതില്ക്കൽ വെച്ചു. കോളിങ്ങ് ബെല്ലമർത്തി അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.“
ഇതെല്ലാം കേട്ടുകൊണ്ട് വാതില്ക്കൽ തന്നെ നിതിനും നില്ക്കുന്നുണ്ടായിരുന്നു. ” ആ കുഞ്ഞ് ഇപ്പോഴും അവിടെ ജീവിച്ചിരിപ്പുണ്ടോ ?“
”ഉണ്ട്... സൂസൻ എന്നാണവളുടെ പേര്. സൂസൻ മരിയ. നാലര വയസ്സു കഴിഞ്ഞു എന്റെ മോൾക്ക്. മിടുക്കിയാ...പക്ഷേ...“
”പക്ഷേ ?“
”എന്നെ ഇഷ്ടമല്ലവൾക്ക്. എന്നെ കാണുന്നതേ ഭയമാണ്.“
“അതിൽ അത്ര അത്ഭുതപ്പെടാനൊന്നുമില്ല.” നിതിൻ ചിരിച്ചു. “തനി ചെകുത്താനല്ലേ അപ്പൻ. ലൂസിഫർ!”
”റോബി...“ മാത്യൂസ് ഇരുന്നിടത്തു നിന്നും എണീറ്റു. ” ഞാനിനി ഒരു കാര്യം കൂടി ചോദിക്കട്ടെ . നമ്മളു തമ്മിൽ പരിചയമായിട്ട് ഇപ്പൊ ഏതാണ്ട് എത്ര വർഷമായിക്കാണും ?”
“അതു നീ ഉദ്ദേശിച്ചതെന്താണെന്നെനിക്കറിയാം. പക്ഷേ, എന്റെ സ്ഥാനത്തു നീയാരുന്നെങ്കി നീയും ഇതു തന്നെയല്ലേ ചെയ്യൂ മത്തായി ?”
“പ്ഭ! പട്ടി കഴുവേറീ... “ മാത്യൂസ്സിന്റെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ”ഹൗ ഡെയർ യൂ സേ ദാറ്റ് ? എങ്ങനാടാ നായേ നിന്റെ സ്ഥാനത്ത് ഞാൻ വരുന്നത് ? “ മുന്നോട്ട് കുതിച്ച മാത്യൂസ് റോബിയുടെ കോളറിൽ പിടിച്ച് വലിച്ചെഴുന്നേല്പ്പിച്ചു. ”നീ... നിന്റെ ആർത്തി കാരണം നശിപ്പിച്ചത് എത്ര ജീവനാന്നറിയുവോടാ പട്ടീ ? “അയാളുടെ വലം കൈമുട്ട് അതി ശക്തമായി റോബിയുടെ മുഖത്ത് പതിച്ചു. പല പ്രാവശ്യം. അവന്റെ മൂക്കിൽ നിന്നും ചോര ചീറ്റിയൊഴുകാൻ തുടങ്ങി.
”മത്തായീ ചതിക്കല്ലേടാ...“ നിതിൻ ഓടിയെത്തി അവരെ തമ്മിൽ പിടിച്ചകറ്റി.
”കൊന്നോ എന്നെ... ഐ ഡിസർവ് ദാറ്റ്.“ റോബി തല കുമ്പിട്ടു നിന്നു
ദേഷ്യം കൊണ്ട് മാത്യൂസിന്റെ ശരീരം അടിമുടി വിറക്കുകയായിരുന്നു. “വാട്ടെവർ...വാട്ടെവർ കെയ്സസ് യൂ കാൻ ചാർജ് ഓൺ ദിസ് ഫക്കിങ്ങ് ബാസ്റ്റാർഡ്! ഇവൻ ഇനി പുറം ലോകം കാണരുത്. റെജി അന്നിവനെ കൊല്ലാണ്ടിരുന്നത് എന്തു കഷ്ടായിപ്പോയി!” അയാളെ പിടിച്ചു നിർത്താൻ നിതിൻ വളരെ പാടു പെട്ടു.
(തുടരും...)

Biju n Alex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo