എന്നാലും ചേട്ടാ.. മുത്തേ എന്ന് ഒറ്റ വിളി...???
"നിങ്ങളെന്നെ ഇത് വരെ മുത്തേ എന്ന് വിളിച്ചിട്ടുണ്ടോ? "
മുത്തൂറ്റ് ബാങ്കിന്റെ പലിശ പ്പണം എങ്ങനെ അടയ്ക്കണം എന്ന് പത്തു വിരലും ഉപയോഗിച്ച് (കൂടുതൽ ഉണ്ടായിരുന്നുണ്ടങ്കിൽ അതും ഉപയോഗിച്ചേനെ ) എണ്ണിക്കൊണ്ടിരിക്കുന്ന എന്നോടാ അവള്? ഞാനവളുടെ മുഖത്തേക്ക് നോക്കാൻ പോയില്ല. അല്ല പിന്നെ.
"നിങ്ങളിത് വരെ എന്നെ വാവേ എന്ന് വിളിച്ചിട്ടുണ്ടോ? "
ദേ വീണ്ടും. ഇവളിന്നു എന്റെ കയ്യിന്നു മേടിക്കും. രണ്ടുപിള്ളേരായി അപ്പോളാണ് വാവ.
"വാ വാ "എന്ന് പണ്ടൊരിക്കൽ വിളിച്ചതിന്റെ ഫലം ആണ് ഇവളിങ്ങനെ മുന്നിൽ വന്നു ചോദിക്കുന്നത്.
"ഓരോ ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ വിളിക്കുന്നത് കേൾക്കണം. എന്റെയൊരു തലവിധി. ഇങ്ങനെ ഒരു unromantic മൂരാച്ചിയെ ആണല്ലോ എനിക് കിട്ടിയത്.. അപ്പുറത്തെ വിനോദുചേട്ടൻ ഭാര്യയെ വിളിക്കുന്നത് വാവേ എന്നാ "
ഞാൻ കണക്കു കൂട്ടുന്നത് നിർത്തി. പണ്ടേ ഞാനിതിൽ വീക്ക് ആണ്.
വിനോദിന്റെ ബൈക്കിൽ മാറി മാറി വരുന്ന കിളികളെ കുറിച്ച് ഇവളോട് പറയാനൊക്കുമോ? എന്നെക്കൂടെ സംശയിക്കും പെണ്ണല്ലേ വർഗം !
"നിങ്ങളുടെ മോൻ നിങ്ങളെക്കാളും കൊള്ളാം. അവൻ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടോ. അവനവന്റെ ഗേൾ ഫ്രണ്ടിനെ വാവ എന്നാ വിളിക്കുന്നതെന്ന് "
"ഏതവൻ? Lkg യിൽ പഠിക്കുന്നവനോ നാലിൽ പഠിക്കുന്നവനോ? "
ഞാൻ ചോദിച്ചു
"Lkg "
"അപ്പൊ അവനെന്റെ മോൻ അല്ല. സത്യം പറയടീ ആരാ അവന്റെ അപ്പൻ? "
"ദേ മനുഷ്യാ എന്റെ കൈയിൽ ചൂല് ആണ്. ഒന്ന് തന്നാലുണ്ടല്ലോ "
കണ്ടോ ഇവളെ ആണ് ഞാൻ വാവേ മുത്തേ എന്നൊക്കെ വിളിക്കേണ്ടത്. എന്റെ പട്ടി വിളിക്കും
"എടീ നിനക്കത്ര ആഗ്രഹം ആണെങ്കിൽ ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് എടുക്കു. ദിവസവും കിലോ കണക്കിന് കിട്ടും. "മുത്തേ ചായ കുടിച്ചോ? ""വാവേ ക്ഷീണിച്ചു പോയല്ലോ ""പൊന്നു ഏതു ഡ്രസ്സ് ആണിട്ടിരിക്കുന്നെ "? "
"ദേ മനുഷ്യ കണ്ടവന്മാരെ കൊണ്ട് വിളിപ്പിക്കാതെ നിങ്ങള്ക്ക് എന്നെ
വിളിച്ചൂടെ "?
വിളിച്ചൂടെ "?
"എടീ പത്തു ജന്മം ജനിച്ചാലും ഞാൻ വിളിക്കില്ല. എനിക്ക് ഞാൻ ആകാനേ പറ്റു. നിന്നെ ഞാൻ സ്നേഹം കൂടുമ്പോൾ എന്താ വിളിക്കുക? "
അവളുടെ മുഖത്തു നാണം
"പറയ് "
"കഴുതക്കുട്ടി ന്നു "
"പിന്നേം സ്നേഹം കൂടിയാലോ? "
"കുരങ്ങി ന്നു "
"അതെ ഞാൻ എന്റെ ഹൃദയത്തിൽ തട്ടി വിളിക്കുന്നതാ. കഴുതകൂട്ടിന്നു വിളിക്കുമ്പോൾ നീ അതിനെ വാവേ എന്ന് തർജ്ജിമ ചെയ്തോ..കുരങ്ങി ന്നു വിളിക്കുമ്പോൾ മുത്തെന്നും "
അവളുടെ മുഖത്തു 100വോൾട് പ്രകാശം
"സത്യം? "
"ഉം "
"അത്രക്കിഷ്ടാ? "
"ആണെന്ന് ".അവളെന്നെ കെട്ടിപ്പിടിച്ചൊരുമ്മ
"നീ എന്റെ കഴുതക്കുട്ടി അല്ലെ? "
അവൾ ഒന്ന് സംശയിച്ചു വിരൽ ഉയർത്തി
"വാവേന്നല്ലേ "?
ഞാൻ പൊട്ടിചിരിച്ചു പോയി.
പാവമാ അവള്... പഞ്ചപാവം. എന്റെ ജീവൻ... അല്ല കഴുതക്കുട്ടി
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക