Slider

#ദിപെർഫ്യൂം..

0

നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലെല്ലാം
'ദി പാഷൻ ' എന്ന് ലേബൽ ഒട്ടിക്കുവാൻ ഡാനിയൽ ഇവാനോട് പറഞ്ഞിരുന്നു. പറയുക മാത്രമല്ല കുറേ തിളങ്ങുന്ന കടലാസ് കഷണങ്ങൾ അയാൾ വെറോണിക്കയെ ഏൽപ്പിക്കുകയും ചെയ്തു. വൃത്തിയായ കൈപ്പടയിൽ വെറോണിക്ക എഴുതിത്തുടങ്ങി.. നാല് വർഷങ്ങൾക്കിപ്പുറവും അവൾ എഴുതുന്നത് നോക്കി നിൽക്കുന്ന ഇവാനെ നോക്കി ഡാനിയൽ ചിരിച്ചു.
"ഇംഗ്ലീഷ്, നീയുണ്ടാക്കുന്ന സുഗന്ധത്തേക്കാൾ വലുതാണ് ഇവാൻ... സ്പാനിഷ് മാത്രമല്ല ഇംഗ്ലീഷും പഠിക്കണമെന്ന് ഞാൻ എത്ര വട്ടം പറഞ്ഞു.. "
"സുഗന്ധത്തിനു ഭാഷയില്ല .. "
ഇവാൻ എപ്പോഴുമെന്ന പോൽ ചിരിച്ചു. ലേബലുകൾ ഓരോന്നായി ഒട്ടിച്ചു കൊണ്ടിരുന്നു. അതിന്റെ അർത്ഥമെന്താണെന്ന് അവനറിയേണ്ട.. പക്ഷേ അ കുപ്പിയുടെ അടപ്പ് തുറന്നാൽ പരന്നു തുടങ്ങുന്ന സുഗന്ധം... അത് അവനു മാത്രം അറിയാവുന്ന ഒന്നാണ്.. കണ്ണുകളടച്ച് ഒരു തവണ മാത്രം അവനാ ഗന്ധത്തെ ആസ്വദിക്കും.. അതിൽ ഏതെല്ലാം നാട്ടിലെ പൂക്കളുണ്ടെന്നോ എത്ര വസന്തങ്ങളുടെ ആത്മാവ് ചാലിച്ചിട്ടുണ്ടെന്നോ കൃത്യമായി പറഞ്ഞു തരും. അവന്റെ ലോകത്തിൽ ഗന്ധങ്ങൾക്കു മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ..
കൃത്യം നാല് വർഷം മുൻപാണ് ബാർസിലോണയിൽ നിന്ന് മടങ്ങി വന്ന ഡാനിയേൽ തന്റെ എല്ലാ തൊഴിലാളികൾക്കും മുൻപിൽ ഇവാനെ പരിചയപ്പെടുത്തിയത്..
അർജന്റീനയിലെ മികച്ച പെർഫ്യൂം നിർമ്മാതാവ് ഡാനിയൽ ഒരു ചെറുക്കനെ കൊണ്ടു വന്നത് വെറുതെയാവില്ല എന്ന് വെറോണിക്കക്കു തോന്നിയിരുന്നു.. അന്ന്
പതിമൂന്ന് വയസ്സുളള ഇവാന് സ്വന്തമെന്നു പറയാൻ നീണ്ട വലിയ മൂക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
"വേറോണിക്ക.. ഇന്ന് മുതൽ ഇവാൻ നമ്മോടൊപ്പം ഉണ്ടാകും.. എന്റെയീ നശിച്ച മൂക്ക് കൊണ്ടു ഇനി സുഗന്ധവുമായ്‌ സല്ലപിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. നോക്കൂ.. ഇവാനു സ്വന്തമെന്നു പറയാൻ ഒന്നുമില്ല.. ആ വലിയ മൂക്കൊഴികെ.. "
ഒരു മാസത്തോളം വെറോണിക്ക അവനെ നിരീക്ഷിച്ചു. ഏതു നേരവും താഴോട്ടു നോക്കി നിൽക്കുന്ന ഇവാനെ മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞിരുന്നുള്ളൂ. സദാ അവന്റെ കണ്ണുകൾ അടഞ്ഞും കാണപ്പെട്ടു.. അപൂർവമായേ അവൻ സംസാരിച്ചിരുന്നുള്ളു..
വന്നതിന്റെ അടുത്ത മാസം തന്നെ അവൻ വെറോണിക്കയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു..
"മിസ്. ആ പനിനീർ പൂക്കളിൽ രണ്ടെണ്ണം.. ഏറ്റവും ചുരുങ്ങിയത് രണ്ടെണ്ണം... ചീഞ്ഞിട്ടുണ്ട്. "
തൊട്ടടുത്ത മുറിയിൽ മേയറുടെ മകളുടെ കല്യാണത്തിന് പെർഫ്യൂം നിർമ്മിക്കുവാൻ പനിനീർപൂവുകൾ കൊണ്ട് വെച്ചിരുന്നു.. ഏകദേശം പതിനായിരത്തോളം പൂക്കളിൽ നിന്നാണ് അവൻ രണ്ടെണ്ണം ചീഞ്ഞിരിക്കുന്നു എന്ന് പറയുന്നത്. വെറോണിക്കക്ക് ദേഷ്യമാണ് വന്നത് .. അത്രയധികം പൂക്കളിൽ നിന്ന് രണ്ടെണ്ണം കണ്ടെത്തുക അസാധ്യമാണ്.
ഇവാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോവുകയും ഏതാനും നിമിഷങ്ങൾ കഴിഞ്ഞു തിരിച്ചെത്തുകയും ചെയ്തു.. രണ്ടു പൂവുകൾ അവൻ അവളെ ഏൽപ്പിച്ചു. അവ ചീഞ്ഞിരുന്നു.
"നല്ലതെത്ര ഉണ്ടായിട്ടും കാര്യമില്ല. ചീഞ്ഞ വെറുമൊരിതൾ മതി ഒരു പെർഫ്യൂമിനെ മോശമാക്കാൻ മിസ്. "
അധികമൊന്നും സംസാരിക്കാത്ത, പൂവുകൾക്കിടയിൽ മാത്രം കഴിയുന്ന ഇവാനോടു അതിനു ശേഷമാണ് വെറോണിക്കക്ക് അടുപ്പം തോന്നിയത്.. ഡാനിയലിനോടല്ലാതെ അവൻ ആകെ സംസാരിക്കുന്നതും അവളോട് മാത്രമായിരുന്നു..
ഇവാൻ ഒരു നിഗൂഢത തന്നെയായിരുന്നു.. ഡാനിയൽ ഒരിക്കലും ഒരു തൊഴിലാളിയായി അവനെ കണ്ടിരുന്നില്ല. ഇവാനോടു സംസാരിക്കുമ്പോഴെല്ലാം ഒരു പിതാവിന്റെ മുഖഭാവം ഡാനിയലിന്റെ മുഖത്ത് പടരുന്നത് ജോലിക്കാരുടെ ഇടയിലെ ഒരു ഗോസ്സിപ്പായിരുന്നു. വെറോണിക്ക ഒരിക്കലും അത് വിശ്വസിച്ചില്ല.. അവൾക്കു ഡാനിയേലിനെ അറിയാമായിരുന്നു എന്നത് കൊണ്ട് തന്നെ...
തേർഡ് മാൻഷനിൽ ഒരു അപ്പാർട്മെന്റ് നൽകിയിട്ടും ഇവാൻ അങ്ങോട്ട് പോയില്ല. പൂവുകൾക്കിടയിൽ കിടന്നാൽ മതിയെന്ന് അവൻ വാശി പിടിക്കുകയും ഡാനിയേൽ അത് സമ്മതിക്കകയും ചെയ്തു..
എല്ലാ കടലാസുകളിലും എഴുതിക്കഴിഞ്ഞപ്പോൾ വെറോണിക്ക എഴുന്നേറ്റു..
"ഇവാൻ.. ഇന്ന് മറ്റു ജോലിയൊന്നും ഇല്ലെങ്കിൽ നമുക്ക് എലിസബത്തിന്റെ തോട്ടം കാണാൻ പോകണം.. മുല്ലപ്പൂവുകൾ വിളവെടുക്കാറായോ എന്ന് നോക്കുവാൻ മിസ്റ്റർ. ഡാനിയേൽ പറഞ്ഞിരുന്നു. "
പൂവുകളെ കുറിച്ച് പറയുമ്പോഴെല്ലാം ഇവാൻ കുഞ്ഞുങ്ങളെ പോലെ ചിരിക്കും... ലേബൽ ഒട്ടിച്ചു കഴിഞ്ഞു അവൻ എണീറ്റു..
നാല്മണി കഴിഞ്ഞിരുന്നു... തിരക്കുകൾ നിറഞ്ഞ മെയിൻ റോഡിൽ നിന്ന് എത്രയും വേഗം അമൂറിലേക്കുള്ള വഴിയിലെത്തിയാൽ മതിയെന്ന് വെറോണിക്ക പറഞ്ഞു കൊണ്ടിരുന്നു.. ഇവാൻ എപ്പോഴത്തെയും പോലെ മിണ്ടാതെ നടന്നു.. പൂവുകളോ സുഗന്ധമോ ഇല്ലാത്തിടത്തു അവനു ശ്വാസം മുട്ടുന്നുണ്ടാകുമെന്നു അവൾ കളിയാക്കി.
മഞ്ഞു പൊഴിഞ്ഞു തുടങ്ങിയിരുന്നു.. വെറോണിക്ക കോട്ട് ഒന്ന് കൂടി അമർത്തി കൈകൾ രണ്ടും കൂട്ടിക്കെട്ടി നടന്നു.. കയ്യിൽ കരുതിയിരുന്ന മഫ്ളർ അവൾ ഇവാന് നീട്ടി..
"വേണ്ട മിസ് "
എന്ത് കൊണ്ടാണവൻ തന്നെ മിസ് എന്ന് വിളിക്കുന്നതെന്നു അവൾക്കു ഇതുവരെ മനസിലായിട്ടില്ല.
വിശുദ്ധ മാതാവിന്റെ കപ്പേളയെത്തിയപ്പോൾ അവൾ കുരിശു വരച്ചു.. ഇവാൻ അതൊന്നും അറിഞ്ഞിരുന്നില്ല..
വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുക എന്നത് മനോഹരമായ കാര്യങ്ങളിൽ ഒന്നാണ്.. കഫേ ദി മെറ്റിൽഡയിലെ കോർണർ സീറ്റിലിരുന്ന് ഹാം ബർഗർ കഴിക്കുന്ന പോലെ വെറോണിക്ക ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്ന കാര്യം.. പക്ഷേ .. തനിച്ചാകരുത്.. കൂടെ ആരെങ്കിലും ഉണ്ടാവുകയും വാ തോരാതെ സംസാരിക്കുകയും വേണം.. അവൾ ഇവാനെ നോക്കി.
"എന്തെങ്കിലും പറയു ഇവാൻ.. ഇത്തരം വൈകുന്നേരങ്ങളിലെങ്കിലും ആ മൗനത്തെ തുപ്പിക്കളയൂ.. "
അവൻ ചിരിച്ചു.. ചിലപ്പോഴെല്ലാം അവന്റെ ചിരികൾക്കു അതെ എന്ന അർത്ഥം ഉണ്ടാകുന്നുണ്ടെന്നു അവൾക്കു അറിയാമായിരുന്നു..
"ഇപ്പോൾ എന്താണ് കാര്യമായി നീ ചിന്തിക്കുന്നത്. "
"ഒന്നുമില്ല "
"ഈ നാല് വർഷം കൊണ്ട് അൽപ്പമെങ്കിലും സൗഹൃദം നമുക്കിടയിൽ ഉണ്ടായെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് .. അത് കൊണ്ട് പറയൂ. "
"ഞാൻ ഈ മഞ്ഞിന്റെ ഗന്ധം ആസ്വദിക്കുകയായിരുന്നു."
വെറോണിക്ക അൽപ്പ നേരം നിന്നു.. നീണ്ട ശ്വാസമെടുത്തു.. ഒന്നും തന്നെയില്ല.
"മഞ്ഞിന് ഗന്ധമൊന്നുമില്ല.. "
"അതെങ്ങിനെയാണ് ഒരു വസ്തുവിനു ഗന്ധം ഇല്ലാതിരിക്കുക.. മഞ്ഞിന് തീക്ഷ്ണമായ ഒരു ഗന്ധമുണ്ട്.."
അവന്റെ മൂക്ക് വികസിക്കുകയും ചുരുങ്ങുകയും ചെയ്തു കൊണ്ടിരുന്നു... കണ്ണുകളടച്ചു ഇവാൻ ചിരിച്ചു..
"ഗന്ധമില്ലാത്ത ഒരുപാട് വസ്തുക്കൾ ഉണ്ട്.. ദാ. ആ കല്ലിന് ... അതിനരികെ മണ്ണ് പുരണ്ടു കിടക്കുന്ന കടലാസു കഷണത്തിന്.. "
"തീർച്ചയായും ഉണ്ട്.എന്ത് കൊണ്ടില്ല.. "
"കല്ലിനു ഗന്ധമുണ്ടെന്നു ഞാൻ വിശ്വസിക്കുമെന്നു നീ കരുതുന്നുണ്ടോ. "
" സ്റ്റോൺ പേവ് എന്നൊരു പെർഫ്യൂം തന്നെയുണ്ട്.. കല്ലുകളിൽ നിന്നാണത് ഉണ്ടാക്കുന്നത്.. "
" കല്ലിൽ നിന്ന് പെർഫ്യൂമോ.. "
" ഉണ്ട് മിസ്.. ഞാൻ ചെറുതായിരിക്കുമ്പോൾ കണ്ടിട്ടുണ്ട്... "
ഞങ്ങൾ എലിസബത്തിന്റെ പൂന്തോട്ടത്തിന്റെ വാതിൽക്കൽ എത്തി. അവിടെ ആ കിഴവൻ കാവൽക്കാരൻ നിന്നിരുന്നു. തുളച്ചു കയറുന്ന നോട്ടം അയാൾ വെറോണിക്കക്ക് സമ്മാനിച്ചു.. കറ പുരണ്ട പല്ലുകളും നരച്ചു വളർന്ന താടിയും എന്നത്തേയും പോലെ അവൾക്കു അറപ്പുളവാക്കി.. കുറച്ചു കൂടി മുൻപോട്ടു നടന്നു അവൾ ഇവാനെ നോക്കി..
"ആ കിഴവനും ഗന്ധമുണ്ടോ. "
"ഉണ്ട്. ഇന്നയാൾ അളവിലധികം കുടിച്ചിട്ടുണ്ടെങ്കിലും ചീസ് നിറച്ചൊരു ഹാം ബർഗർ കഴിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം അപ്പുറം അയാളുടെ ഗന്ധം എനിക്ക് കണ്ടെത്താൻ കഴിയും.. "
"എല്ലാവർക്കും ഗന്ധമുണ്ട് അല്ലെ.. "
"ഉണ്ട് "
"എന്റെ ഗന്ധം എന്താണ് ഇവാൻ... "
" അവരവരുടെ പേര് തന്നെ കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് വെറോണിക്കൻ ഗന്ധമാണ്. എനിക്ക് ഇവാൻ ഗന്ധവും. "
"ഉം... "
"പക്ഷെ പെർഫ്യൂമുകൾ... നമ്മൾ നമ്മോടു ചെയ്യുന്ന അപരാധമാണ്.. "
"എന്താണ്.. എനിക്ക് മനസിലായില്ല.. "
"നോക്കൂ... ഞാൻ വന്നതിന്റെ രണ്ടാമത്തെ കൊല്ലം നിർമിച്ച സിൻ എന്ന പെർഫ്യൂം ഓർക്കുന്നുണ്ടോ ? "
"തീർച്ചയായും... എന്റെ ഓർമ്മ ശരിയാണെങ്കിൽ നമ്മൾ ഏറ്റവുമധികം വിറ്റതും അത് തന്നെയാണ്... ഒരു മായിക ഗന്ധം തന്നെയായിരുന്നു അത്... ഞാൻ പോലും ഒരുപാട് നാൾ അത് തന്നെയാണ് ഉപയോഗിച്ചിരുന്നത്... "
"മായിക ഗന്ധം ആയിരിക്കാം. പക്ഷെ.. അത് വലിയൊരു തെറ്റായിട്ടു മാത്രമേ എനിക്ക് തോന്നിയുള്ളൂ.. "
വെറോണിക്ക ഇവാനെ നോക്കി...
"എന്ത് കൊണ്ട് ഇവാൻ... അതെങ്ങിനെ തെറ്റാകും.. "
"അത്രയധികം വിൽക്കുമായിരുന്നെങ്കിൽ ഞാൻ അത് നിർമ്മിക്കുകയില്ലായിരുന്നു.. "
" നീയെന്താണ് പറയുന്നത്... വിൽക്കാൻ വേണ്ടിയല്ലാതെ പിന്നെന്തിനാണ് നീ അത് കണ്ടെത്തിയത്. "
"ഒന്നാലോചിച്ചു നോക്ക് .. നിങ്ങൾ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ പെർഫ്യൂം ഉപയോഗിക്കുന്നു.. നിങ്ങളുടെ പിതാവോ മാതാവോ ഉണ്ടെങ്കിൽ അവരും അത് ഉപയോഗിക്കുന്നു... ഒരുപാട് പേര് വാങ്ങിയെന്നു നിങ്ങൾ തന്നെ പറഞ്ഞല്ലോ...അതിൽ നിങ്ങളുടെ സുഹൃത്തുക്കളും കാമുകനും ഉണ്ടെന്നു കരുതുക. എങ്കിൽ അതെത്ര മോശമായിരിക്കും.. "
"അതെങ്ങിനെ മോശമാകും. നല്ല ഗന്ധം ആയതു കൊണ്ട് അവരും അതുപയോഗിക്കുന്നതിൽ എന്താണ് തെറ്റ്... "
"മിസ്. നിങ്ങളുടെ പിതാവിന്റെ അതെ ഗന്ധം തന്നെ കാമുകന്.. അതെ ഗന്ധം തന്നെ കോർണർ കഫേയിലെ തടിയൻ ഷെഫിനു.. അത് തന്നെ നമ്മളിപ്പോൾ കടന്നു വന്ന കിഴവൻ കാവൽക്കാരന്.. എത്ര അരോചകമായിരിക്കും. "
വെറോണിക്ക എല്ലാം കേട്ട് കൊണ്ടിരുന്നു...
"നിങ്ങളുടെ കാമുകന്റെ ഗന്ധം ലോകത്തിൽ മറ്റാർക്കും ഉണ്ടാകാൻ പാടില്ല മിസ്.. "
ഇവാൻ കാമുകൻ എന്നു പറയുമ്പോഴെല്ലാം അവൾ സ്റ്റീവിനെ കുറിച്ചോർത്തു. സ്റ്റീവിന്റെ അതെ ഗന്ധം തന്നെ ആ കിഴവനും... അവൾക്കു ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല...
"ശരിയാണ് ഇവാൻ.. പക്ഷെ ഓരോരുത്തർക്കും ഓരോ പെർഫ്യൂം ഉണ്ടാക്കി നൽകാൻ കഴിയില്ലല്ലോ.. "
"കഴിയും മിസ്.. ഒരാളുടെ പേര് പോലെ തന്നെ ഒരു അടയാളമാണ് ഗന്ധവും.. "

"നീ പറയുന്ന പോലെയാണെങ്കിൽ മിസ്റ്റർ.ഡാനിയേൽ എത്രയും വേഗം ആ സ്ഥാപനം പൂട്ടേണ്ടി വരും.. "
അവൻ ചിരിച്ചു.. പൂന്തോട്ടത്തിന്റെ ചുമതയുള്ള ആഗ്നെസ് അവരെ സ്വീകരിച്ചു.പൂവുകൾ പാകമായി തുടങ്ങിയിരുന്നു. മുല്ലപ്പൂവുകൾക്കിടയിൽ ഏറെ നേരം ഇവാൻ കണ്ണടച്ച് നിന്നു...
മടങ്ങുമ്പോൾ ഇരുട്ടിയിരുന്നു .. വെറോണിക്കയെ അവളുടെ അപാർട്മെന്റ് വരെ അനുഗമിക്കാമെന്നു അവൻ വാക്ക് നൽകിയിരുന്നു. വളരെയധികം സന്തോഷവാനായിരുന്നു അവനപ്പോൾ.. മുല്ലപ്പൂക്കൾക്കിടയിൽ നിന്ന് പോന്നതിനു ശേഷവും....
"കുറച്ചു പൂവുകൾ പൊട്ടിച്ചു കൊണ്ട് വന്നിരുന്നെങ്കിൽ ആ സുഗന്ധം ഇപ്പോഴും നമുക്ക് ആസ്വദിക്കാമായിരുന്നു. അല്ലേ ഇവാൻ.. "
"എനിക്കിപ്പോഴും ആ ഗന്ധം ഓർമ്മയുണ്ട്. ഞാൻ അത് ആസ്വദിക്കുന്നുമുണ്ട് മിസ്. "
"ഗന്ധം ഓർമ്മയുണ്ടെന്നോ.. "
"അതെ.. "
"അതെങ്ങിനെ ഓർമ്മിക്കാനാകും. "
"ഒരു ചിത്രം നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയുമെങ്കിൽ... പണ്ട് കേട്ടൊരു കഥ ഓർത്തെടുക്കാൻ കഴിയുമെങ്കിൽ... ശ്വസിച്ച ഗന്ധത്തെയും തിരികെ കൊണ്ട് വരാൻ നിങ്ങൾക്ക് കഴിയും.. "
"ഞാൻ സാധാരണ ഒരു യുവതിയാണ്. എന്നെപ്പോലുള്ളവർക്കു ഗന്ധങ്ങളൊന്നും തിരികെ കൊണ്ട് വരാനോ ഓർത്തെടുക്കാനോ കഴിവില്ല.. നിന്നെപ്പോലുള്ള അപൂർവം ചിലർക്കൊഴികെ മറ്റാർക്കും അതിനുള്ള കഴിവില്ല ഇവാൻ.. "
"ഉണ്ട് മിസ്.. നിങ്ങൾ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം... ഞാൻ തെളിയിച്ചു തരാം... "
"ശരി.... എന്നിട്ടു ഞാൻ വിശ്വസിക്കാം.. "
വീടെത്തിയപ്പോൾ അവൾ ഇവാനെ ഭക്ഷണത്തിനു ക്ഷണിച്ചു.. നിരസിച്ചെങ്കിലും നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവനു സമ്മതിക്കേണ്ടി വന്നു.
വെറോണിക്കയും അമ്മയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
"മിസ്സിന്റെ അച്ഛൻ... "
"എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. ദാ ആ മുറിയിൽ.. "
ഇവാനിൽ ഒരു ഭാവ ബേധവും അവൾ കണ്ടില്ല... കുറച്ചു അസ്വസ്ഥതയല്ലാതെ..
"സോറി . "
"എന്തിനു.. ഞങ്ങൾ അത് മറന്നു കഴിഞ്ഞു.. അച്ഛൻ പാവമായിരുന്നു... "
ഇവാൻ മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചു. ഓരോന്ന് കഴിക്കുന്നതിന് മുൻപായി അവന്റെ മൂക്ക് വികസിക്കുന്നതും കണ്ണുകൾ അടയുന്നതും അവൾ നോക്കിയിരുന്നു. മൂക്ക് കൊണ്ടാണോ അവൻ ഭക്ഷണം കഴിക്കുന്നത് എന്ന് പോലും അവൾ ചിന്തിച്ചു..
"മിസ് അച്ഛനെ ഓർക്കാറുണ്ടോ.. "
"ഇത് പോലെ വല്ലപ്പോഴും. വിഷമമാകും എന്നുള്ളത് കൊണ്ട് മനപ്പൂർവ്വം ഓർക്കാതിരിക്കുന്നതാ. ചെറുപ്പത്തിൽ ഞാൻ അച്ഛന്റെ കൂടെയായിരുന്നു.. മങ്ങിയ ഒരോർമ്മയുണ്ട്.. "
വെറോനിക്കയുടെ കണ്ണുകൾ നിറഞ്ഞു..
"ഈ ഓർമ്മകൾക്ക് ഒരു കുഴപ്പമുണ്ട്. ചിലതിങ്ങനെ വെറുതെ നമ്മെ കരയിക്കും. "
യാത്ര പറയുമ്പോൾ പതിഞ്ഞ സ്വരത്തിൽ അവൻ അവളെ വിളിച്ചു..
"മിസ്.. ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനാ മുറിയൊന്നു കണ്ടോട്ടെ.. "
അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്.
"അത് നിങ്ങളെ വേദനിപ്പിക്കില്ലെങ്കിൽ.. ഒരു വട്ടം ... പ്ലീസ്... "
പൊടി നിറഞ്ഞ മുറിയിൽ ഏകദേശം പത്തു മിനുട്ടോളം അവൻ കണ്ണടച്ച് നിന്നു. കിടക്കക്കരികെ മെഴുകുതിരി സ്റ്റാൻഡും ഒരു പുസ്തകവും കിടന്നിരുന്നു.. അവൻ ആ പുസ്തകം മൂക്കിനടുത്തേക്കു കൊണ്ട് പോയി.. ചുമരലമാരയിൽ കുറച്ചു പഴയ വസ്ത്രങ്ങളും ചെസ്റ്റർഫീൽഡ് സിഗരറ്റിന്റെ ഒരു പാക്കറ്റും കിടന്നിരുന്നു...
"കുറച്ചു വെള്ളം . "
നിറഞ്ഞ കണ്ണുകളോടെ അവൾ വെള്ളമെടുക്കാൻ പോയി.. മടങ്ങിയെത്തുമ്പോൾ മുറി ശൂന്യമായിരുന്നു.
"ഇവാൻ.. "
എത്ര വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല...
ഉറങ്ങാൻ കിടക്കുമ്പോൾ വെറോണിക്ക അച്ഛനെ കുറിച്ചോർത്തു.. ഇവാൻ പറഞ്ഞത് പോലെയാണെങ്കിൽ അച്ഛനും ഒരു ഗന്ധമുണ്ടായിരുന്നിരിക്കണം... തനിക്ക് ഓർത്തെടുക്കാൻ കഴിയാത്ത ഒന്ന്...
രാവിലെ നല്ല മഞ്ഞുണ്ടായിരുന്നു.. മിസ്റ്റർ.ഡാനിയേൽ ഓഫീസിൽ ഉണ്ടായിരുന്നില്ല.. അവൾ തന്റെ ഡെസ്കിൽ പോയിരുന്നു. ഇവാനെ ഒരുപാട് നോക്കിയെങ്കിലും കണ്ടില്ല..
പതിനൊന്നിന് പത്തു മിനിറ്റ് മാത്രമുള്ളപ്പോൾ അവൻ വന്നു.
"ഇന്നലെ പറയാതെ പോയത് എന്തായാലും മോശമായിപ്പോയി ഇവാൻ... "
"സോറി "
"എന്തിനായിരുന്ന് അത്... "
അവനൊന്നും പറഞ്ഞില്ല.. തല കുനിച്ചു നിൽക്കുക മാത്രം ചെയ്തു. ആ നിഷ്ക്കളങ്ക ഹൃദയത്തെ ചീത്ത പറയാൻ അവൾക്കു കഴിയുമായിരുന്നില്ല.
"പോട്ടെ... സാരമില്ല... "
അവൾ ചിരിച്ചു...
"മിസ് ഒരു നിമിഷം... "
അവൻ ഒരു ചെറിയ കുപ്പി അവൾക്കു നേരെ നീട്ടി... ഉരുണ്ട ഒരു പെർഫ്യൂം കുപ്പി..
"പുതിയതാണോ.. "
"ഉം... "
"നോക്കട്ടെ.. "
"ഇന്നലെ രാത്രി ഇതുണ്ടാക്കാൻ വേണ്ടിയാണ് ഞാൻ അവിടെ നിന്ന് പോന്നത്.. "
" ഒരു രാത്രി കൊണ്ട് നീയെങ്ങിനെയാണ് പുതിയൊരു ഗന്ധം നിർമ്മിക്കുന്നത്. അത്ഭുതം തന്നെ.. "
"നോക്കൂ. നമ്മുടെ ഹൃദയം മുഴുവനായി കൊടുത്തു കൂട്ടിരിക്കാമെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് പുതിയൊരു പെർഫ്യൂം ഉണ്ടാകാൻ സാധിക്കും... "
അവൾ ആ കുപ്പി വാങ്ങി..
"ഒരു നിമിഷം... കണ്ണുകൾ അടച്ചതിനു ശേഷം മാത്രം തുറക്കൂ.. "
"കണ്ണുകൾ അടക്കുന്നതെന്തിനാ.. "
"ചുംബിക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.. "
വേറോനിക്കയുടെ മുഖം തുടുത്തു.. അവൾ സ്റ്റീവ് ആദ്യമായ് തന്നെ ചുംബിച്ചതോർത്തു.. അന്ന് താനും കണ്ണുകൾ അടച്ചിരുന്നു.
"കണ്ണുകൾ അടക്കുമ്പോൾ നാം ആത്മാവ് മാത്രമാകുന്നു... "
അവൾ കണ്ണടച്ചു.
അടപ്പു തുറന്നു..
നീണ്ടൊരു ശ്വാസമെടുത്തു...
' അർജന്റീനയുടെ ഏറ്റവും തിരക്കേറിയ വഴിയിലൂടെ അച്ഛന്റെ തോളിലിരുന്നു കുഞ്ഞു വെറോണിക്ക അമ്മയോട് ചിരിച്ചു.. .. ഷേവ് ചെയ്യാത്ത മുഖത്ത് അവൾ ചുണ്ടു മുട്ടിച്ചു.. ചെസ്റ്റർ ഫീൽഡ് സിഗരറ്റിന്റെ ഗന്ധം... ലാ എൽബാ ബീച്ചിനു വെളിയിലെ കോഫി ഷോപ്പ്... അച്ഛന്റെ കൈ പിടിച്ചു തിരകളിലേക്ക്.. രാത്രി.. ഉറങ്ങുന്നതിനു തൊട്ടു മുൻപ് അച്ഛൻ അവളെ ചുംബിച്ചു.. അവൾ കൈ നീട്ടി അച്ഛന്റെ കവിളിൽ തൊട്ടു.... '
"മിസ്.. "
ഇവാൻ വെറോനിക്കയെ തട്ടി വിളിച്ചു.. വീണ്ടും വീണ്ടും...
അവൾ കണ്ണ് തുറന്നു..
"ഇവാൻ .. ഞാൻ അച്ഛനെ കണ്ടു... എന്റെ കൂടെ ഉണ്ടായിയുന്നു... ഞാൻ അഞ്ചു വയസുള്ള കുഞ്ഞു വെറോണിക്ക മാത്രമായിരുന്നു... "
ഇവാൻ ആ കുപ്പി അടച്ചു വെച്ചു..
"നിങ്ങൾക്ക് നിങ്ങളുടെ അച്ഛന്റെ ഗന്ധം ഓർമ്മയുണ്ട്... എല്ലാം.... ഒന്നൊഴിയാതെ എല്ലാം ഓർമ്മയുണ്ട്.... "
വെറോണിക്ക കുപ്പിയിലേക്ക് നോക്കി... തന്റെ അച്ഛന്റെ ഗന്ധമായിരുന്നു അത്... ശരിയാണ് .. ഓർമ്മയുണ്ട്... എല്ലാം ഓർമ്മയുണ്ട്..
"ഇന്നലെ ഞാനാ മുറിയിൽ നിന്ന് കുറച്ചു വസ്തുക്കൾ കട്ടെടുത്തു ... അച്ഛന്റെ വസ്ത്രത്തിന്റെ ഒരു കഷ്ണം. രണ്ടു സിഗരറ്റ്. പിന്നെയും കുറച്ചു സാധനങ്ങൾ. എന്നോട് ക്ഷമിക്കണം മിസ്.. "
വെറോണിക്ക അവനെ കെട്ടിപ്പിടിച്ചു.
"ചില ഓർമ്മകൾ നമ്മെ വിട്ടു പോകില്ല.. എത്ര നാൾ കഴിഞ്ഞാലും.. അത് പോലെയാണ് ഓരോ ഗന്ധവും.. അത് നമ്മോടു കൂടെത്തന്നെ ഉണ്ടാകും.. എല്ലാം ഓർമ്മിപ്പിച്ചു കൊണ്ട്.. "
"നീയെങ്ങിനെയാണ് ഇത് കണ്ടെത്തിയത് ഇവാൻ... ഇതാരാണ് നിനക്ക് പഠിപ്പിച്ചു തന്നത്. പൂക്കളിൽ നിന്ന് പെർഫ്യൂം ഉണ്ടാക്കുന്ന പോലൊന്നല്ല ഇത്.. മിസ്റ്റർ ഡാനിയേൽ ഇത് പോലൊന്ന് ജീവിതത്തിൽ കേട്ടിട്ട് പോലും ഉണ്ടാകില്ല.. പറയൂ ഇവാൻ.. "
അവൻ ചിരിച്ചു കൊണ്ട് തിരികെ നടന്നു..
"ഇവാൻ.. ദൈവത്തെ ഓർത്തു പറയൂ... ഞാൻ അപേക്ഷിക്കുകയാണ്.. "
ഇവാൻ നിന്നു...
"ആൻഡ്രൂ വാൽഫോഡ് എന്ന് കേട്ടിട്ടുണ്ടോ.. "
ഉണ്ട്.. തീർച്ചയായും ഉണ്ട്... ലോകം കണ്ട ഏറ്റവും നല്ല പെർഫ്യൂം നിർമ്മാതാവ്.. മിസ്റ്റർ ഡാനിയേൽ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും ആ പേര് പണ്ട് പറയുമായിരുന്നു.. പിന്നീട് കച്ചവടമൊക്കെ പൊളിഞ്ഞു... ആൾ പാപ്പരായി. എന്നൊക്കെ മിസ്റ്റർ. ഡാനിയേൽ പറഞ്ഞു കേട്ടിട്ടുണ്ട്.. "
"അദ്ദേഹം എന്റെ പിതാവാണ്.. നാല് വർഷം മുൻപ്... ഞാൻ ഇവിടേക്ക് വരുന്നതിനു രണ്ടു മാസം മുൻപു അദ്ദേഹം മരിച്ചു.. "
വെറോണിക്ക കസേരയിൽ പിടിച്ചത് കൊണ്ട് വീണില്ല..
ഫസ്റ്റ് സിൻ, ദി ഗാർഡൻ , പോയം ഓഫ് ആൻ ഏയ്ഞ്ചൽ, റൈൻ.. ഓർമ്മയിലേക്ക് പേരുകൾ ഓരോന്നായി ഒഴുകി വന്നു... വർഷങ്ങളോളം യൂറോപ്പ് ഒന്നടങ്കം പേര് കേട്ട ആൻഡ്രൂ വാൽഫോഡിന്റെ ഏറ്റവും മികച്ച പെർഫ്യൂമുകൾ....
"അദ്ദേഹം നിങ്ങളുടെ പിതാവായിരുന്നോ.. "
"അതെ.. "
"എങ്ങിനെയാണ് അദ്ദേഹം മരിച്ചത്.. ഇവാൻ... കഴിയുമെങ്കിൽ പറയൂ... "
"എന്റെ 'അമ്മ മരിച്ചതിനു കൃത്യം രണ്ടു ദിവസം കഴിഞ്ഞാണ് അദ്ദേഹം മരിച്ചത് മിസ്.. "
വെറോണിക്ക കടലാസ് പോലെ വെളുത്തു പോയി..
"ഞാൻ കാണുമ്പോഴെല്ലാം 'അമ്മ കിടപ്പിലായിരുന്നു.. എന്തായിരുന്നു രോഗമെന്നൊന്നും എനിക്കറിയില്ല.. മരുന്നുകൾ മാത്രം മണക്കുന്ന ആ കിടക്കയിൽ കിടന്നാണ് ഞാൻ മുല കുടിച്ചത് പോലും.. കടുത്ത വേദനയിലും അവരെനിക്ക് പാല് തരുകയും എന്നോട് ചിരിക്കുകയും ചെയ്തിരുന്നു.. അമ്മയുടെ അസുഖമാണ് അച്ഛന്റെ തകർച്ചയുടെ കാരണം... സത്യത്തിൽ അത് തകർച്ചയായിരുന്നില്ല.. അമ്മക്ക് വേണ്ടി അച്ഛൻ എല്ലാം വലിച്ചെറിയുകയായിരുന്നു.
എല്ലാ ഗന്ധവും അച്ഛൻ നിർമ്മിച്ചത് അമ്മക്ക് വേണ്ടിയായിരിന്നു...
ജീവിതത്തിൽ ഒരിക്കലും ഞാൻ അമ്മയെ കൂടാതെ ഇരുന്നിട്ടില്ല മിസ്.. അടക്കം ചെയ്യും വരെ ഞാൻ അമ്മയോടൊപ്പമിരുന്നു. അന്ന് രാത്രി അച്ഛൻ എന്നെ കാണാൻ വന്നിരുന്നു.
ഒരു പൊതിയെനിക്ക് വെച്ച് നീട്ടി.. ചെറിയൊരു പെർഫ്യൂം കുപ്പിയും കടലാസും മാത്രമേ അതിലുണ്ടായിരുന്നുള്ളൂ ... എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് അച്ഛൻ പോയി.. പിന്നീട് ഞാൻ അച്ഛനെ കണ്ടിട്ടില്ല.. രണ്ടു ദിവസം കഴിഞ്ഞു അമ്മയുടെ കല്ലറയുടെ മൂടി ആരോ നീക്കിയിരിക്കുന്നതായി ഡേവിസ് അച്ഛൻ പറഞ്ഞു.. പാപമാണെങ്കിൽ കൂടി അമ്മയുടെ കല്ലറ വീണ്ടും തുറന്നു... "
വെറോണിക്ക കണ്ണ് ചിമ്മാൻ മറന്നിരുന്നു. അവൾ ഇവാന്റെ കണ്ണുകളിലേക്കു നോക്കി.. ഒരു നീല വെളിച്ചം മാത്രം..
"നിങ്ങൾ വിശ്വസിക്കില്ല മിസ്.. ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്... അമ്മയുടെ ശരീരത്തെ പുണർന്നു കൊണ്ട് അച്ഛൻ അവിടെ... ആ കല്ലറക്കുള്ളിൽ കിടപ്പുണ്ടായിരുന്നു.. തണുത്ത്... മരവിച്ച്‌..
അത്രത്തോളം ആരും ആരെയും സ്നേഹിച്ചു കാണില്ല... "
അവന്റെ കണ്ണ് നിറയുകയോ ശബ്ദം ഇടറുകയോ ചെയ്യാത്തതിൽ അവൾക്കു വിസ്മയം തോന്നി..
"അന്ന്... കൂടി നിന്നവരെല്ലാവരും പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. കല്ലറ തുറന്നപ്പോൾ മഞ്ഞു കാലമാണവർക്കു ഓർമ്മ വന്നതെന്ന്‌... അമ്മയെ കണ്ടു മുട്ടിയ മഞ്ഞു കാലത്തിന്റെ ഓർമ്മയ്ക്ക് അച്ഛൻ ഏറ്റവുമാദ്യം നിർമ്മിച്ച സുഗന്ധമായിരുന്നു അത്.. ദി വൈറ്റ് ബ്യൂട്ടി... മഞ്ഞിന്റെ ഗന്ധം നിറഞ്ഞൊരു പെർഫ്യൂം... അതായിരുന്നു അച്ഛൻ അമ്മക്ക് നൽകിയ വിവാഹ സമ്മാനം.. ആ കല്ലറ നിറയെ അച്ഛൻ അത് തളിച്ചിരുന്നു.. ഞാൻ പറഞ്ഞില്ലേ മിസ്.. മഞ്ഞിന് തീക്ഷ്ണമായൊരു ഗന്ധമുണ്ട്.. "
"ഇവാൻ... "
"മഞ്ഞു കാലം വരുമ്പോഴെല്ലാം അച്ഛൻ ആ പഴയ പാർക്കിന്റെ കോണിലിരിന്നു അമ്മയെ പ്രൊപ്പോസ് ചെയ്യുന്നതായും വിരലുകൾ ചുംബിക്കുന്നതായും എനിക്ക് തോന്നാറുണ്ട്. "
" ഇവാൻ നിറുത്തു ..."
വെറോണിക്ക കരഞ്ഞു തുടങ്ങിയിരുന്നു..
"ഇവാൻ.. നീ കരയാത്തതെന്താണ്... നിനക്ക് സങ്കടം തോന്നുന്നില്ലേ... അവരെ കുറിച്ചോർക്കുമ്പോൾ.. "
"എന്തിനാണ് ഞാൻ സങ്കടപ്പെടേണ്ടത്.. "
"അവരെ നഷ്ടമായതിൽ.. "
അവൻ വെറോനിക്കയെ നോക്കി..
"നഷ്ടമാവുകയോ. ഒരിക്കലുമില്ല.. "
അവൻ കീശയിൽ കയ്യിട്ടു. ഒരു ചെറിയ കുപ്പി പുറത്തെടുത്തു.. അതിനു പുറത്തു ' ദി ഇന്നസെന്റ് സോൾ ' എന്ന് എഴുതിയിരുന്നു..
"ഇതാണ് അവസാനമായി അച്ഛൻ എനിക്ക് തന്നിട്ട് പോയത്.. അച്ഛനറിയാമായിരുന്നു അമ്മയില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്ന്... "
അവൻ അതിന്റെ അടപ്പിൽ കൈ വെച്ചു..
"ഇതെന്റെ അമ്മയാണ് മിസ്... "
ഇവാൻ ആ കുഞ്ഞു കുപ്പിയുടെ അടപ്പു തുറന്നു... കണ്ണടച്ചു....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo