
നമ്മൾ പലപ്പോഴും പല പ്രാവശ്യം പലരോടും നേരിൽ കാണുമ്പോഴും, ഫോണിൽ കൂടിയും ചോദിക്കാറുള്ള ഒരു ചോദ്യമാണ് എന്തൊക്കെയുണ്ട് വിശേഷം എന്നത്. അത് ചിലപ്പോൾ ഒരു ഫോർമാലിറ്റിക്ക് ചോദിക്കുന്നതാകാം, അല്ലെങ്കിൽ ചോദ്യത്തിലേപോലെ തന്നെ വിശേഷം അറിയാനുമായിരിക്കാം. പലരും പല വിശേഷങ്ങൾ കൈമാറാം. അതിൽ ചിലത് സന്തോഷമാകാം, ചിലത് സങ്കടങ്ങളാകാം. എന്നിരുന്നാലും, ഈ ചോദ്യത്തിനുള്ള മറുപടിയിൽ ജീവൻവയ്ക്കുന്ന ഒരു മറുപടിയാണ് എനിക്കെന്നും ഇഷ്ടപ്പെട്ടിരുന്നത്.
"എന്തൊക്കെയുണ്ട് വിശേഷം "?
" ഒരു ചെറിയ വിശേഷമുണ്ട് "
"വിശേഷം വല്ലതുമായോ"?
" ആയെന്നു തോന്നുന്നു "
ഈ സംഭാഷണമാണത്.
ഒരു ജീവന്റെ തുടിപ്പ് ഉണ്ടാകാൻ പോകുന്നെന്നറിയുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് വളരെ വലുതാണ്. ചിലർക്കത് കേട്ടു മടുത്ത ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ്. ഒരു സ്ത്രീയേ അമ്മയും ഒരു പുരുഷനെ അച്ഛനുമാക്കുന്നതിന്റെ ആദ്യപടി...
ഭാര്യ നാണത്തിൽ വന്നു പറയുന്നു കുളിതെറ്റിയോ എന്നൊരു സംശയം. ഇതു കേൾക്കുന്ന വിവരമുള്ള ഭർത്താവ് സന്തോഷത്താൽ അവളെ ചേർത്തുപിടിച്ച് മൂർദ്ധാവിൽ ഒരു ഉമ്മ കൊടുത്തിട്ട് വയറിൻമേൽ വലംകൈകൊണ്ടു തൊട്ടു നോക്കിയിട്ട് അവളുടെ കണ്ണുകളിലേയ്ക്ക് സ്നേഹത്തോടെ നോക്കി പതിയെ ചോദിയ്ക്കും
" ശരിയ്ക്കും"
അപ്പോൾ ഏതൊരു പെണ്ണും കണ്ണുകളടച്ച് ശിരസ്സു കുലുക്കി അതെയെന്ന് മൂളുന്നത് കാണാം. പക്ഷേ, പലരും ഒരു വികാരവുമില്ലാതെ ലഭിച്ച കുരുന്നു ജീവനെ നശിപ്പിച്ചു കളയുന്നതു കാണുമ്പോൾ കണ്ണുംനട്ട് വിശേഷത്തിനായി കാലങ്ങളായി കാത്തിരിക്കുന്നവരെക്കുറിച്ചോർത്തു പോകുന്നു...
സഹോദരിയുടെ സ്ഥാനത്ത് ഞാൻ കാണുന്ന, ഒരമ്മയുടെ വയറ്റിൽ പിറക്കാത്ത എന്റെ സഹോദരിക്ക് വർഷങ്ങളായി കുട്ടികളില്ലായിരുന്നു. ഒരിക്കൽ മെസേജുകൾ കൈമാറുന്ന സമയത്ത് മനസ്സിൽ സ്വന്തം സഹോദരിയെന്നു തറപ്പിച്ച് ഉറപ്പിച്ച സ്വാതന്ത്ര്യം കൊണ്ട് ഞാൻ ചോദിച്ചു.
" എന്നാണ് എനിക്കൊരു മരുമകനെയോ, മരുമകളെയോ തരുന്നതെന്ന് "
മറുപടിയായി കിട്ടിയത് കരഞ്ഞു നിറഞ്ഞ രണ്ടു കണ്ണുകളുടെ ഫോട്ടോ. സത്യത്തിൽ ഞാൻ വല്ലാതെയായി. എന്റെ ചോദ്യം അതിരുകടന്നല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അതിൽ കൂടുതൽ, ഞാൻ കാരണം ഒരാളുടെ കണ്ണുനിറഞ്ഞല്ലോ എന്ന കുറ്റബോധവും. ഒരുപാട് സോറി പറഞ്ഞു ഞാൻ. കാരണം, അവരുടെ അവസ്ഥ മനസ്സിലാക്കിയിട്ടും വേദനിപ്പിച്ചല്ലോ എന്നോർത്ത്. എന്റെ നാവിനെ ഞാൻ ശപിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ആ സഹോദരി പറഞ്ഞത് ഇങ്ങനെയാണ്
" ശരിക്കും സന്തോഷം കൊണ്ടാണെടാ എന്റെ കണ്ണു നിറഞ്ഞത്, ഇതിനു മുൻപാരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. ചോദിച്ചതോക്കെ എന്റെ കുറ്റം കൊണ്ടെന്നതു പോലുള്ള ചോദ്യങ്ങളായിരുന്നു. നീയിത് ചോദിച്ചപ്പോൾ നീയെന്നെ ശരിക്കും ഒരു സഹോദരിയാക്കിയല്ലോ എന്നകാര്യം എന്നെ ഒത്തിരി സന്തോഷത്തിലാക്കിയെന്ന് "
കുറച്ചു നിമിഷങ്ങൾക്കുമുന്നെ ഞാനനുഭവിച്ച ടെൻഷനൊക്കെ ഈ മറുപടിയിൽ അലിഞ്ഞില്ലാതായി...
കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതകൾ കാണുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേയ്ക്ക് ഓടിയെത്തും അവനവന്റെ മക്കൾ. അവരെ ഒന്നൂടെ നമ്മൾ കൊഞ്ചിക്കും, ഉമ്മകൾകൊണ്ടു പൊതിയും. ദൈവത്തിന്റെ വരദാനമാണ് ഓരോ മക്കളും. അത് ലഭിക്കാത്തവരോടു സമൂഹം കാണിക്കുന്ന അവജ്ഞ, പുച്ഛമൊക്കെ കാണുമ്പോൾ മനസ്സു കൂടുതൽ വിഷമിക്കുന്നു. മച്ചിയെന്നും, മച്ചനെന്നുമുള്ള വിളി കേൾക്കുന്നതും അസഹനീയമാണു. മറ്റുള്ളവരുടെ കുട്ടികളെ കണ്ണു പറിക്കാതെ നോക്കി ലാളിച്ച് നെടുവീർപ്പിടുന്ന മക്കളില്ലാത്ത ഓരോ സ്ത്രീകളെയും, പുരുഷന്മാരെയും കാണുമ്പോൾ മനസ്സിൽ ദൈവത്തിനോട് പ്രാർത്ഥിക്കാറുണ്ട്
"ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം അവർക്കു കൊടുത്തൂടെയെന്ന് "
മനസ്സിൽ അങ്ങനെ പ്രാർത്ഥിച്ചിട്ട് അതിൽ ചിലർക്കൊക്കെ മക്കളെ ദൈവം അനുഗ്രഹിച്ചു നൽകിയത് കണ്ടപ്പോൾ ഉള്ളിന്റെയുള്ളിൽ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. കൂടെ, പ്രാർത്ഥനയുടെ ഒരു ശക്തിയേക്കുറിച്ചും. മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ അത് സത്യസന്ധമായ കാര്യത്തിനുവേണ്ടിയായാൽ അത് കേൾക്കാത്തിരിക്കാനാകില്ല ഒടേതമ്പുരാന്...
" തുള്ളികൾ പലതുമുണ്ടാകാം പക്ഷേ, അതിൽ ഗുണമുള്ള തുള്ളിക്കേ ഫലമുണ്ടാകു"
മാതൃത്വവും, മുലയൂട്ടലും നല്ലതാണ് പക്ഷേ അതൊരിക്കലും കച്ചവടവത്ക്കരിക്കാനുള്ളതല്ല. അത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്വകാര്യ സന്തോഷനിമിഷങ്ങളും, അമ്മയ്ക്കതൊരു നിർവൃതിയുമാണ്. തിരിച്ചറിവില്ലാത്തവർക്ക് കത്തിച്ചുവച്ച നിലവിളക്കിന്റെ മാഹാത്മ്യം അറിയാൻ കഴിഞ്ഞെന്നു വരില്ല. ഞാനുമിപ്പോൾ സന്തോഷം തരുന്ന ആ സംഭാഷണത്തിന്റെ കൂടെയാണ്
"വിശേഷമുണ്ടോ"?
" ഉണ്ടെന്ന് തോന്നുന്നു"
ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു...
മക്കളില്ലാത്തവർക്കുവേണ്ടി സമർപ്പിക്കുന്നു.....
..............................✒മനു .....
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക