Slider

ഒറ്റച്ചിറകുള്ള വാനമ്പാടി (ഭാഗം ഒന്ന്)

0

......................
(പീഡനത്തിന് ഇരയാകേണ്ടി വന്ന എല്ലാ പെൺമക്കൾക്കും എല്ലാ സഹോദരിമാർക്കും വേണ്ടി ഒരച്ഛൻ്റെ,ഒരു സഹോദരൻ്റെ സമർപ്പണം)
'ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് യുവ മലയാളി എഴുത്തുകാരിക്ക്...കുമാരി നിള സൂര്യപുത്രിയുടെ ഒറ്റച്ചിറകുള്ള വാനമ്പാടി എന്ന നോവലിനാണ് അവാർഡ്..യുവ എഴുത്തുകാരിക്ക് മലയാളത്തിൻ്റെ ആദരമായി അടുത്ത മാസം 20 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരണം നല്കുന്നതാണ്'
മലയാളത്തിലെ പ്രമുഖ ചാനലിലെ വാർത്താ വായനകാരിയുടെ സ്ഫുടത കുറഞ്ഞ മലയാളം കേട്ട് നിള സൂര്യപുത്രി ഒന്നു പൊട്ടി ചിരിച്ചു.. കൈയിലുണ്ടായിരുന്ന മദ്യം നിറച്ച ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.. കാലിയായ മദ്യ ഗ്ലാസ് ടീപ്പോയിൽ വച്ച് സോഫയിൽ ചാരി ഇരുന്നു.. തല മുകളിലേക്ക് ഉയർത്തി വച്ച് കണ്ണടച്ച് കിടന്നു..അഴിഞ്ഞിലുഞ്ഞ കേശഭാരം സോഫയിൽ ചിതറി കിടന്നു.
'ഇപ്പോൾ കിട്ടിയ ഒരു പ്രധാന വാർത്ത..എട്ടു വയസ്സുകാരി പെൺകുട്ടിയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി..തലയിൽ കരിങ്കല്ല് കൊണ്ട് അടിച്ച് തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയുടെ മൃതശരീരം കാണപ്പെട്ടത്..കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് വിദ്ഗധ ഡോക്ടറുമാരുടെ അഭിപ്രായങ്ങൾ.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയുകയുള്ളു..ഭരണകക്ഷി എംഎൽ എയുടെ വേനൽക്കാല വസതിക്ക് സമീപത്തുള്ള പുഴയിൽ നിന്നാണ് കുട്ടിയുടെ മൂന്ന് ദിവസം പഴക്കമുള്ള ജഡം കിട്ടിയത്..കഴിഞ്ഞ ആഴ്ച മുളംകുന്നത്ത് നിന്ന് കാണാതായ കുട്ടിയാണെന്ന് സംശയിക്കുന്നു..കൂടുതൽ വിവരങ്ങളുമായി സനൂപ് നമ്മളോടൊപ്പം ചേരുന്നു..സനൂപ് എന്തൊക്കെയാണ് വിവരങ്ങൾ?'
വാർത്ത കേട്ട നിള ചാടിയെഴുന്നേറ്റു.. കുടിച്ച മദ്യം ആവിയായി പോയത് പോലെ..വാർത്ത മുഴുവനും കേൾക്കാനുള്ള ശക്തിയില്ലാത്തവളെ പോലെ തളർന്നിരുന്നു.
*** *** *****
'എട്ടു വയസ്സുകാരി ശിവദയുടെ കൊലപാതകത്തിൽ ഉന്നതരുടെ മക്കൾ പ്രതികൾ..ഭരണകക്ഷി എംഎൽഎ വിശ്വംഭരൻ്റെ മകൻ വിഷ്ണു വിശ്വംഭരൻ,പ്രശസ്ത ക്രിമിനൽ ലോയർ മാത്യു ജോണിൻ്റെ മകൻ വിനോദ് ജോൺ ഉൾപ്പെടെ ആറ് പേർ പ്രതികളാണെന്ന് പോലീസിൻ്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു..കുട്ടിയെ കാണാതായ ദിവസത്തിന് നാലു ദിവസം മുൻപേ ആറു പേരും എംഎൽഎ വിശ്വംഭരൻ്റെ വേനൽക്കാല വസതിയിൽ താമസിക്കാൻ ചെന്നിരുന്നു എന്ന് അവിടുത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്...അവർ അവിടെ താമസിച്ച ദിവസങ്ങളിലൊന്നും സ്ഥിരമായി ജോലി നോക്കിയിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ അവിടെയുണ്ടായിരുന്നില്ല..പ്രതികളെന്നു സംശയിക്കുന്ന ആറു പേരും ഒളിവിൽ പോയെന്നാണ് മനസ്സിലാകുന്നത്.ഇതിനെ കുറിച്ച് എംഎൽഎയോട് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായത്'
ടീവിയിലെ ചാനലുകളിൽ വാർത്തകൾ ഇടതടവില്ലാതെ വായിക്കുകയാണ്
"ഇവനാ എല്ലാത്തിനും കാരണം..കുടിച്ചു തലയ്ക്ക് വെളിവില്ലാതിരിക്കുമ്പോൾ തോന്നിയത്" കൂടെയുള്ള മനോജിനെ ചൂണ്ടി കൊണ്ട് വിനോദ് ജോൺ പറഞ്ഞു
"ഇപ്പോൾ എനിക്ക് മാത്രമായോ കുറ്റം?ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് അവളെ അകത്തേക്ക് കൂട്ടി കൊണ്ടു വന്നതാരാ?ഇളം പെണ്ണിനെ കൈയിൽ കിട്ടിയപ്പോൾ ഞാനാദ്യം എന്നു പറഞ്ഞ് ചാടി വീണിട്ട് ഇപ്പോൾ ഞാൻ മാത്രമായോ കുറ്റക്കാരൻ"
"ദേ മനോജേ..ഇതിപ്പോൾ പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല..എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിക്ക്..അച്ഛൻ്റെ സ്വാധീനമുപയോഗിച്ച് നമുക്ക് ഈ കേസിൽ നിന്ന് രക്ഷപെടാവുന്നതേയുള്ളു...പക്ഷെ അച്ഛന്റെ മുകളിൽ നല്ല പ്രഷർ കാണും...അതുവരെ പോലീസിൻ്റെ കൈയിൽ പെടാതെ നോക്കണം"
വിഷ്ണു വിനോദിനെ നോക്കി കൊണ്ട്
"തൻ്റെ അച്ഛൻ നമ്മുടെ ജാമ്യത്തിൻ്റെ കാര്യം ഏറ്റതല്ലേ?"
"അത് അത്ര എളുപ്പമുള്ള കാര്യമല്ല വിഷ്ണു..കേസ് രണ്ടാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു..പോരാത്തതിന് അവളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഞാൻ പറഞ്ഞിരുന്നു അവളെ ഒന്നും ചെയ്യണ്ട എന്ന്..എന്നിട്ടും ഇവൻ?"
"എൻ്റെ അപ്പന് ഇങ്ങനെയൊരു തോട്ടവും വീടുമുള്ള കാര്യം ആർക്കും അറിയാത്തത് ഭാഗ്യം..ഇത് അപ്പൻ പണ്ട് ഏതോ അയ്യോ പാവത്തിനെ പറ്റിച്ച് വാങ്ങിയത് കൊണ്ട് നമുക്ക് ഒളിക്കാനൊരിടമായി"
പ്ലാൻ്റർ വർക്കിച്ചൻ്റെ മകൻ അലക്സി കുഴഞ്ഞ ശബ്ദത്തിൽ സംസാരിച്ചു..
"മതിയെടാ മോന്തിയത്..ഇങ്ങനെ മോന്തിയതിൻ്റെ ഫലമാ ഇങ്ങനെ അനുഭവിക്കുന്നത്"
പുറത്ത് ഒരു കാറിന്റെ ശബ്ദം..
"ആരാണ് ഈ സമയത്ത്? നിങ്ങളിരി ഞാൻ നോക്കാം"
മനോജ് എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി..കാറിൽ നിന്നും ഒരു യുവതി പുറത്തേക്ക് ഇറങ്ങി.
"എടാ ഒരു പെണ്ണ്"
"പെണ്ണോ..ഇവിടെയോ?"
"ഇനി പോലീസോ മറ്റോ വേഷം മാറി വന്നതാണോ"
കോളിങ് ബെൽ രണ്ടു മൂന്നു തവണ ശബ്ദിച്ചു.
"എന്തായാലും നീ വാതിൽ തുറക്ക്..പോലീസാണെങ്കിൽ അവൾ ജീവനോടെ പോകില്ല"
ഫലങ്ങൾ മുറിക്കാനായി കൊണ്ടു വച്ച കത്തിയെടുത്ത് വിനോദ് വാതിലിൻ്റെ മറവിൽ ഒളിച്ചു.
മനോജ് തുറന്ന് കൊടുത്ത വാതിലിലൂടെ ഉറച്ച കാൽവയ്പ്പോടെ ആ സ്ത്രീ അകത്തേക്ക് പ്രവേശിച്ചു..ചുറ്റുപാടും ഒന്നു നോക്കി.. അവളെ പിടിക്കാനായി വിനോദ് ചാടി വീണപ്പോഴേക്കും ഒരു നിത്യാഭ്യാസിയെപോലെ അവൾ ഒഴിഞ്ഞു മാറി..അടി തെറ്റിയ വിനോദ് താഴേക്ക് മറിഞ്ഞു വീണു.
ആ സ്ത്രീ അതൊരു യുവതിയായിരുന്നു...അവരൊന്ന് പൊട്ടി ചിരിച്ചു..
"ഉം..കൊള്ളാം.. നല്ല സ്ഥലം.. ഒളിച്ചിരിക്കാൻ പറ്റിയ ഇടം..എടോ മണ്ടന്മാരെ നിങ്ങളെന്താ ഇങ്ങനെ നോക്കുന്നത്..അഞ്ചാറ് തടിമാടന്മാരുടെ അടുത്തേക്ക് ഒരു പെണ്ണ് കയറി വരാൻ എന്തായിരിക്കും കാരണം?ദേ എൻ്റെ കൈയിൽ ഒരു ആയുധവുമില്ല..എൻ്റെ പുറകെ ആരും നിങ്ങളെ തേടി വരുന്നതുമില്ല.."
അവരൊന്നും മനസ്സിലാകാതെ പരസ്പരം നോക്കി
അവൾ വീണ്ടും ചിരിച്ചു.. ആ ചിരിയിൽ ഒരു വശ്യത കലർന്നിരുന്നു.
"എന്നെ പ്ലാൻ്റർ വർക്കിച്ചനാണ് ഇങ്ങോട്ട് പറഞ്ഞു വിട്ടത്..നിങ്ങൾക്ക് ഒരു കമ്പനി തരാൻ..സംശയമുണ്ടെങ്കിൽ വിളിച്ചു നോക്കാം...ഞാൻ കുറെ കഷ്ടപ്പെട്ടു കേട്ടോ ഇങ്ങോട്ട് എത്താൻ...എന്നാലും എൻ്റെ വർക്കിച്ചാ ഇങ്ങനെയുള്ള സെറ്റപ്പ് ഉണ്ടായിട്ടാണോ എന്നെയും കൂട്ടി ഹോട്ടലായ ഹോട്ടലിലൊക്കെ മുറിയെടുത്തത്"
നിരത്തി വച്ചിരിക്കുന്ന മദ്യകുപ്പികളിലേക്കും ഗ്ലാസുകളിലേക്കും അവളുടെ നോട്ടം പതിഞ്ഞു
"നിങ്ങൾ നേരത്തെ തുടങ്ങിയോ..എന്നാൽ എനിക്കും ഒഴിക്ക്...രണ്ടെണ്ണം അടിച്ചാലേ ഒരു സുഖം കിട്ടു"
ആരുടെയും അനുവാദത്തിന് കാത്തു നില്ക്കാതെ അവൾ ഒരു ഗ്ലാസിലേക്ക് മദ്യം പകർന്ന് ഒരൊറ്റ വലിക്ക് അകത്താക്കി.. അതോടെ അവർക്ക് അവളിൽ വിശ്വാസമായി...തങ്ങളുടെ കൂട്ടത്തിലേക്കു ഒരു പെണ്ണു വന്നു കയറിയതിൽ അവർ അതിയായി സന്തോഷിച്ചു..അവരുടെ സന്തോഷം ആഘോഷമായി മാറുമ്പോൾ അവളുടെ കണ്ണുകളിൽ പക കത്തുകയായിരുന്നു...അത് അവരെ മുഴുവനായി ദഹിപ്പിക്കാനുള്ള അഗ്നിഗോളമാണെന്നറിയാതെ അവരുടെ പൊട്ടി ചിരികൾ ആ ബംഗ്ലാവിൻ്റെ മുറികളിൽ അലയടിച്ചു.
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo