
സ്നേഹം നിറഞ്ഞ പവിയേട്ടന്,
ഞാനെന്റെ വീട്ടിലേയ്ക്ക് പോവുകയാണ്. ഏട്ടൻ ജോലി കഴിഞ്ഞു വരുമ്പോളേക്കിനും ഞാൻ വീട്ടിലെത്തിയിരിക്കും. ഞാൻ പോയാൽ ഒരുപക്ഷേ ഏട്ടന് സന്തോഷമാകുമെന്ന് ഞാൻ കരുതുന്നു. കാരണം, ഞാനുള്ളപ്പോൾ ഏട്ടന് എന്തിലൊക്കെയോ സ്വാതന്ത്ര്യമില്ലാഴ്മ അനുഭവപ്പെടുന്നതായി എനിക്ക് തോന്നിയിരുന്നു. നമുക്കിടയിലിപ്പോൾ വല്ലാത്തൊരു അകലം വന്നിരിക്കുന്നു. ഈ വീട്ടിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നു എന്നുമാത്രം...
ഞാൻ സ്നേഹിച്ചിരുന്ന, എന്നെ സ്നേഹച്ചിരുന്ന പവിയേട്ടൻ എന്നിൽ നിന്നുമകന്നത് കൈയ്യിൽ പുതിയൊരു സ്മാർട്ട്ഫോൺ കിട്ടിയതിൽ പിന്നെയാണ്. എന്നേക്കാൾ നമ്മുടെ മോളേക്കാൾ കൂടുതൽ പവിയേട്ടൻ സ്മാർട്ട്ഫോണിനെ സ്നേഹിച്ചു. അതിനെ തൊട്ടും തലോടിയുമിരിക്കാൻ കൂടുതൽ സമയം കണ്ടെത്തിയപ്പോൾ ജീവനേക്കാളേറെ സ്നേഹിച്ച എന്നെ കാണാനോ, സംസാരിക്കാനോ, ഒന്നു തലോടാനോപോലും ഏട്ടൻ മറന്നു. എന്നിൽ നിന്നും കിട്ടാത്ത എന്താണതിൽ നിന്നും ഏട്ടന് കിട്ടുന്നതെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്നെ കണ്ടിഷ്ടപ്പെട്ട് വീട്ടിൽ വന്നാലോചിച്ചിട്ടല്ലേ ഏട്ടന്റെ ജീവിതത്തിലേയ്ക്ക് എന്നെ കൈപ്പിടിച്ച് കൊണ്ടുവന്നത്. ആ എന്നിൽ എന്താണിപ്പോൾ ഏട്ടൻ കാണുന്ന കുറവുകളെന്ന് എനിക്ക് പിടികിട്ടുന്നില്ല...
ഒരു യന്ത്രം കണക്കെ ഞാനീ വീട്ടിലെ ജോലികളൊക്കെ സന്തോഷത്തോടെ ചെയ്ത് ഏട്ടൻ വരുന്നതും കാത്തിരിക്കുമ്പോൾ എന്നോടു കാണിക്കുന്ന അവഗണന എന്റെ ചങ്കുപറിച്ചെടുക്കുന്നതിനു തുല്യമായിരുന്നു. ഒരേക്കിടക്കയിൽ ഒരുമിച്ചു കിടക്കുമ്പോൾപോലും എന്നെയൊന്നു പരിഗണിക്കാത്തത് ഭാര്യയെന്നതിൽ കവിഞ്ഞ് ഞാനെന്ന പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരുന്നു. എന്നും ഞാൻ ഏട്ടന് കീഴ്പ്പെട്ടു ജീവിക്കാനേ ആഗ്രഹിച്ചിട്ടേയുള്ളു. എന്റെ ഇഷ്ടങ്ങളല്ലായിരുന്നു എനിക്കെന്നും വലുത് ഏട്ടന്റെ ഇഷ്ടങ്ങളായിരുന്നു. എനിക്കിന്ന് ഏട്ടന്റെ കൈയ്യിലിരിക്കുന്ന വിലകൂടിയ സെൽഫോണിന്റെപോലും വിലയില്ലെന്നറിയുമ്പോൾ ഞാൻ തോറ്റു പോകുന്നു...
ഏട്ടനൊന്നു ചേർത്തു പിടിക്കുമ്പോൾ, സ്നേഹത്താലൊന്നു തലോടുമ്പോൾ, ആർദ്രമായി മോളെയെന്ന് വിളിക്കുമ്പോൾ മാറോട് ചേർത്തു കിടത്തുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം അതു മാത്രമേ ഞാനെന്നും ആഗ്രഹിച്ചിട്ടുള്ളു. പക്ഷെ ഇന്ന് ആ മാറിൽ എനിക്കു പകരം പറ്റിപ്പിടിച്ചു കിടക്കുന്ന സ്മാർട്ട് ഫോണിനെ കാണുമ്പോൾ എനിക്കെന്നോടുതന്നെ വെറുപ്പു തോന്നുന്നു...
ഏട്ടന്റെ ലോകമിന്ന് ഫേസ്ബുക്കും വാട്ട്സപ്പുമൊക്കെയാണ്. ആ ലോകത്ത് ഞാനെന്ന നാട്ടിൻപുറത്തുകാരിയില്ല. ആ നിറമുള്ള ലോകത്ത് ഒരുപക്ഷേ എന്നേക്കാൾ നിറവും, സൗന്ദര്യവും, ഗുണവുമുള്ളവരായിരിക്കാം. എനിക്കർഹതപ്പെട്ടത് കിട്ടാത്തതിൽ ഞാൻ മാത്രം ദുഃഖിച്ചാൽ മതിയല്ലോ...
ഏട്ടൻ ഒന്നോർക്കുക കൈയ്യിലിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഒരിക്കൽ ബാറ്ററി തീർന്ന് കേടാകാം, വൈറസ് വന്നു നശിച്ചുപോയേക്കാം, ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്തവിധം ഉപയോഗശൂന്യമായി തീർന്നേക്കാം അങ്ങനെ വരുന്ന അവസരത്തിൽ ഓർക്കുക സ്നേഹമാകുന്ന ചാർജർകൊണ്ട് ഏട്ടൻ ചാർജ് ചെയ്യാൻ മറന്നുപോയ ഏട്ടന്റെ ഈ പൊട്ടിപ്പെണ്ണിനെ. എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നതു പോലെയെ ഞാനും ആഗ്രഹിച്ചിട്ടുള്ളു. സ്നേഹിക്കുന്നയാൾ കൂടെയെന്നും നിഴലുപോലെ കാണണമെന്നത്...
എല്ലാവരെയും സ്നേഹിക്കാൻ എന്നെ ചെറുപ്പംമുതൽ പഠിപ്പിച്ച എന്റെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് ഞാനും മോളും പോകുന്നു. ഏട്ടന് കുടിക്കാനുള്ളതും, കഴിക്കാനുള്ളതുമൊക്കെ മേശപ്പുറത്തിരിപ്പുണ്ട്. നാളെ ഇട്ടോണ്ടു പോകുവാനുള്ള ഷർട്ടും പാൻറും ഇസ്തിരിയിട്ടത് അലമാരിയിലിരിപ്പുണ്ട്. ഏട്ടന്റെ സന്തോഷത്തിനുവേണ്ടി ഏട്ടനെ, ഏട്ടന്റെ ആ സ്വാതന്ത്ര്യ ലോകത്തിലേയ്ക്ക് ഞാൻ വിട്ടു തന്നിരിക്കുന്നു...
സ്നേഹത്തോടെ ഏട്ടന്റെ,
നിള.
കത്തു വായിച്ചു തീർന്നതും പവിത്രന്റെ കണ്ണുകൾ രണ്ടും നിറഞ്ഞ് കണ്ണുനീര് ഒഴുകി കത്തിലേയ്ക്കുവീണു അക്ഷരങ്ങളെ മായ്ക്കാൻ തുടങ്ങിയിരുന്നു. കത്ത് കൈയിലിരുന്ന് വിറച്ചു വിറച്ചു തറയിൽ വീണു. പവി പോക്കറ്റിൽ നിന്നും താൻ പൊന്നുപോലെ കൊണ്ടു നടക്കുന്ന സെൽഫോണെടുത്ത് കൂടുതൽ ശക്തിയോടെയും, സങ്കടത്തോടെയും തറയിലേയ്ക്കാഞ്ഞെറിഞ്ഞു. തറയിലിപ്പോൾ പൊട്ടിച്ചിതറിക്കിടക്കുന്നത് സെൽഫോണായിരുന്നില്ല നിളയ്ക്ക് നഷ്ടപ്പെട്ട പവിയുടെ നിമിഷങ്ങളായിരുന്നു...
ബൈക്കിൽ നിളയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞുക്കൊണ്ടിരുന്ന പവിയുടെ മനസ്സ് മന്ത്രിച്ചു
"പൂവ് തേൻ സൂക്ഷിച്ചു വയ്ക്കുന്നതും, കാത്തിരിക്കുന്നതും പൂമ്പാറ്റയ്ക്കു വേണ്ടിയാണെന്ന്"
...........................
✒ മനു ................

✒
ReplyDelete