Slider

.. കുബേരൻ....

0
.. കുബേരൻ....
വീണ്ടും ഒരു വിഷുകാലം.
ചുറ്റും പടക്കങ്ങൾ പൊട്ടുകയാണ്.ഉമ്മറപടിയിൽ പുറത്തേക്കു നോക്കി അപ്പുവും മീനുവും ഇരുന്നു.
ദാ ആ പടക്കം പൊട്ടുന്നതു കേട്ടോ മീനൂ.. ദീപുന്റെ വീട്ടീന്നാ..
അപ്പുവിന് എട്ടു വയസ്സാണ്. മീനു അവന്റെ ചേച്ചിയാണെങ്കിലും പേരാണ് അപ്പു വിളിക്കുക.
തെക്കുവശത്തെ ആഞ്ഞിലിമരത്തിനു മുകളിലായി വർണ്ണങ്ങളുടെ പൂക്കുടകൾ വിരിയുന്നതും നോക്കി അവർ ഇരുന്നു. അയലത്തെ വീട്ടിൽ വലിയൊരു മേശപ്പൂ കത്തി മുകളിലേക്ക് ഉയർന്നു പൊങ്ങവേ അപ്പു മീനുവിനെ തോണ്ടി വിളിച്ചു.
ദാ നോക്ക് .. നല്ല ഭംഗിയല്ലേ...?
ഞാൻ വലുതാവുമ്പോൾ നിനക്ക് പടക്കം വാങ്ങിത്തരാട്ടോ..
തലയാട്ടിക്കൊണ്ട് അവൾ അവനെ ചേർത്തു പിടിച്ചു.
അപ്പു നിനക്ക് കുബേരനെ അറിയുവോ.?
കത്തി ഉയരുന്ന മേശപൂവിന്റെ വെളിച്ചത്തിൽ അപ്പുവിന്റെ കണ്ണുകൾ തിളങ്ങി. ഇല്ല... ആരാ കുബേരൻ..?
വീട്ടിലോട്ടു പൈസാ കൊണ്ടുവരുന്ന.....
മുഴുമിപ്പിക്കാത്ത വാക്കുകൾ മീനു വിഴുങ്ങി..
ഓട്ടുരളിയും അലക്കുവസ്ത്രവും കൊന്നപ്പൂവും വാൽക്കണ്ണാടിയും ഫലങ്ങളും മുന്നിലില്ലാത്ത കണ്ണൻ ഓടക്കുഴലുമായി പുഞ്ചിരിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ ഒളി കണ്ണോടെ അപ്പുവിനെ നോക്കി.അപ്പു കണ്ണടച്ച് പ്രാർത്ഥിക്കുകയാണ്. ഇടയ്ക്ക് അവൻ തിരിഞ്ഞു നോക്കി.. മുകളിലെ തട്ടിൽ കുടവയറും ,നിറഞ്ഞ ചിരിയും പണപ്പെട്ടിയും ആയി കുബേരന്റെ പ്രതിമ ആരേയും നോക്കാതെ നോക്കി അനങ്ങാതിരുന്നു.
മാനത്തു കാർമേഘങ്ങൾ ഉരുണ്ടു കയറി. പ്രാർത്ഥനകൾക്കിടയിൽ അപ്പുവിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു കണ്ണന്റെ മുന്നിൽ വീണു.
" കണ്ണാ ന്റെ പ്രാർത്ഥന കേൾക്കണേ.അമ്മയേയും അച്ഛനേയും കാക്കണേ" ..
പുറത്തു മഴ പെയ്തു തുടങ്ങി. ആദ്യം തുള്ളി തുള്ളിയായി. പിന്നെ പെട്ടെന്ന് ഒത്തിരി പേരുടെ കണ്ണുനീരുമായി മഴയുടെ ശക്തി കൂടി വന്നു.
പ്രാർത്ഥനകൾ കേട്ട്, പുഞ്ചിരി മായാതെ ഓടക്കുഴലും പിടിച്ച് കണ്ണൻ കലങ്ങിയ കണ്ണുമായി പുറത്തേക്കു നോക്കി നിന്നു.
... പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo