Slider

ഒരു അഡാർ പെണ്ണുകാണൽ

0

ഒരു അഡാർ പെണ്ണുകാണൽ
........................................................
അളിയനൊരു പെണ്ണുകാണൽ കുറച്ചു ദൂരത്തു നിന്നുമാണ്. അളിയന്റെ വീടു പാലക്കാട്ടും പെണ്ണിന്റെ വീടു കണ്ണൂരും.
പെങ്ങൾ നെറ്റുവഴി കണ്ടെത്തിയ ഒരാലോചനയാണ്, ഫോട്ടോകൾ കണ്ടു രണ്ടുകൂട്ടർക്കും ഇഷ്ടമായി.പെണ്ണിന്റെ അച്ഛൻ കേന്ദ്ര ഗവർമെന്റ് ജോലിക്കാരനാണ്, ആങ്ങള വിദേശത്തും, ബ്രോക്കറില്ല എല്ലാം ഫോണിലൂടെയാണ് ആരും നേരിട്ട് കണ്ടിട്ടില്ല.
പെങ്ങൾക്ക് അവരെക്കുറിച്ച് വർണ്ണിക്കാനെനേരമുള്ളൂ, ചുരുങ്ങിയത് നൂറ്റൊന്നു പവനും ഒരിന്നോവാക്കാറും തരുമായിരിക്കും. ദൂരം കൂടുതലുള്ളതിനാൽ പാലക്കാട്ടു നിന്നും ഒരു ചായയും കുടിച്ച് പുലർച്ചെ പുറപ്പെട്ടു.ബന്ധുക്കളായ് അമ്മാമനും അമ്മായിയുമടക്കം പത്തു പേരും, ചിലവെല്ലാം അളിയൻ വക.കിട്ടാൻ പോകുന്നത് നൂറ്റൊന്നു പവനും ഐശ്വര്യ റായി പോലൊരു പെണ്ണും .
എപ്പോഴും പോയ് വരാൻ പറ്റില്ല ഇന്നു തന്നെ എല്ലാ കാര്യങ്ങളും നിശ്ചയിക്കണം, അതിനാണ് ബന്ധുക്കളെയെല്ലാം കൊണ്ടു പോകുന്നത്.
കണ്ണൂരിലെത്തിയാൽ വിളിക്കാൻ പറഞ്ഞു പെണ്ണിന്റെ ആങ്ങള ,ഭക്ഷണം അവിടെ വന്നു കഴിക്കാം ദൂരെ നിന്നു വരുകയല്ലെ '
കണ്ണൂരിലെത്തിയതും എല്ലാവർക്കും വിശപ്പുണ്ടെങ്കിലും ഭക്ഷണം അവർ കരുതിയതല്ലേ എന്നു വിചാരിച്ച് ആങ്ങളയെ വിളിച്ചു.ഒരു സ്ഥലപ്പേരു പറഞ്ഞ് അവിടെ വന്നൊരു വണ്ടി പിടിച്ചാൽ മതി ,സ്റ്റേഷനിൽ നിന്നും വണ്ടി വിളിച്ചാൽ ദൂരം കുറച്ചുണ്ട്,
എല്ലാവരും ചേർന്നാലോചിച്ചു, പട്ടുസാരിയെല്ലാമുടുത്ത് ബസ്സിൽ പോകാൻ പറ്റില്ല ,വണ്ടി വിളിക്കാൻ തീരുമാനിച്ചു, വണ്ടി അന്വേഷിച്ചപ്പോൾ അവിടെ പോയ് വരണമെങ്കിൽ രണ്ടായിരം രൂപയാകും അളിയൻ ദയനീയമായ് എന്നേനോക്കി.
കിട്ടാൻ പോകുന്നത് ഇന്നോവയാണ് ഞാൻ സമാധാനിപ്പിച്ചു.
ഒന്നര മണിക്കൂർ യാത്ര ചെയ്തപ്പോൾ പറഞ്ഞ സ്ഥലമെത്തി ആങ്ങള കാത്തു നിന്നിരുന്നു. വണ്ടിയിറങ്ങി കുറച്ചു ദുരം നടന്നു.നോക്കുമ്പോൾ വാഹനമൊന്നും പോകാത്ത പഴയൊരു വീട് ഞങ്ങൾകണ്ണിൽക്കണ്ണിൽ നോക്കി,
നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടാണെന്ന് തോനുന്നു, ആങ്ങള ഇടപെട്ടു , ഇതല്ല ശരിക്കുള്ള വീട് കുറച്ച് കൂടി ദൂരത്താണ് അവിടെ പുതിയ വീട് ഉണ്ടാക്കുകയാണ് അതാണ് ഇങ്ങോട്ട് കൊണ്ടുവന്നത്.
നിങ്ങൾ വിശന്നിരിക്കുകയല്ലേ, ചായ കുടിക്കാം. കൂട്ടത്തിൽ പെണ്ണിനേയും കാണാം, എല്ലാവർക്കും നല്ല വിശപ്പുള്ളതിനാൽ സമ്മതിച്ചു.മേശപ്പുറത്ത് പുട്ട്, പഴം, കടലക്കറി, പപ്പടം എല്ലാം നിരത്തി വച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മയും മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയുമായി വന്നു.പുട്ടുകഴിച്ചു കൊണ്ടിരിക്കുന്ന അളിയൻ പെണ്ണിനെ ഒന്നുനോക്കിയതും പുട്ട് ചങ്കിലിരുന്നതാണോ പെണ്ണിനെ കണ്ടിട്ടാണോ എന്നറിയില്ല, അളിയന്റെ കണ്ണു തുറിച്ചു.മുഖം ചുവന്നു. ഞാനുമൊന്നു നോക്കി, നടന്നു വരുന്ന കുട്ടിക്ക് മുടന്തുണ്ടോന്നൊരു സംശയം, ഫോട്ടോവിലെ കുട്ടിയും വന്ന കുട്ടിയും തമ്മിൽ ഒരു ബന്ധവുമില്ല.പാതികടിച്ച പഴം വായിലിരുന്നു പുറത്തേക്ക് വന്നു.
അളിയന്റെ നോട്ടം സഹിക്കാതെ ഞാൻ അമ്മാമനെ നോക്കി, മൂപ്പരി തൊന്നും അറിയുന്നില്ല പുട്ടിലാണ് കണ്ണ്, അമ്മായി പിന്നിലിരുന്ന് നുള്ളുന്നുണ്ട്, മനുഷ്യനെ നാണം കെടുത്താൻ വീട്ടിൽ നിന്ന് ഒരു കഷ്ണം മുഴുവനും കഴിക്കാത്ത ആളാ... ഇവിടെ വന്ന് മൂന്നാമത്തെകഷ്ണവും തിന്നുന്നത്. വിശപ്പിന്റെ കാഠിന്യത്തിൽ അമ്മാമൻ ഇതൊന്നും അറിയുന്നില്ല.
പെണ്ണിനോട് ഓരോരുത്തരായ് ഓരോന്ന് ചോദിച്ചെങ്കിലും മറുപടി പറയുന്നത് അമ്മയും ചുറ്റുമുള്ളവരുമാണ്, ഇതിന് മുടന്തിനൊപ്പം മന്തബുദ്ധിയുമുണ്ടോ ആവോ, പെൺകുട്ടിയുടെ മുഖത്ത് ചിരി മാത്രം. അതിനിടയിൽ പെൺകുട്ടിയുടെ അച്ഛനെക്കുറിച്ച് ചോദിച്ചു കൂടി നിന്ന ഒരാൾ പറഞ്ഞു കത്തു കൊടുക്കാൻ പോയതാ ഉച്ചയാവും വരാൻ പോസ്റ്റുമാനാ നിങ്ങളുടെ ഭക്ഷണം കഴിയുമ്പോഴേക്കും വരും.
ആങ്ങളയെ തിരിഞ്ഞു നോക്കി, കേന്ദ്ര ഗവർമെന്റ് ജീവനക്കാരൻ എന്നു പറഞ്ഞ ആളാണ്, മൂപ്പരെക്കാണാനില്ല. അതിനിടയിൽ അമ്മാമന്റെ വക അളിയനോട് ,നിനക്ക് പെണ്ണിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ, അമ്മാമനെ രൂക്ഷമായ് നോക്കിയ അളിയൻ.നിങ്ങളൊന്നും ചോദിച്ചിട്ട് വായ തുറക്കാത്തവളോട് ഞാനെന്തു പറയാൻ, ഡിഗ്രികഴിഞ്ഞവളാണെന്നാണ് ആങ്ങള പറഞ്ഞത് 'സ്കൂളിൽ പോയിരിക്കുന്നോ ആവോ.
പെണ്ണിന്റെ വീട്ടുകാർ, നിങ്ങളഭിപ്രായമൊന്നും പറഞ്ഞില്ല, ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.
നിങ്ങൾ തന്ന പുട്ട് വയറ്റിൽ കിടക്കുന്നു,
അല്ലെങ്കിൽ ഞങ്ങൾ വല്ലതും പറഞ്ഞേനേ,
പോയിട്ടു വിളിച്ചു പറയാമെന്നു പറഞ്ഞവിടെ നിന്നും ഇറങ്ങി.
വീട്ടിലെത്തിയതും പെങ്ങളെ രൂക്ഷമായ് നോക്കിയിട്ട്, നിന്റെ നൂറ്റൊന്നു പവനും ഇന്നോവക്കാറും..........
അതോടെ ആറായിരം പോയ അളിയനൊരു തീരുമാനമെടുത്തു,..... പത്തു കിലോമീറ്റർ ചുറ്റളവിൽ നിന്നേ ഇനി പെണ്ണുകെട്ടൂ.
ഹരികുമാർ കുറ്റിപ്പുറത്ത്.
16/04/2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo