Slider

കാണാമറയത്തെ അമ്മിണി (കഥ )

0
കാണാമറയത്തെ അമ്മിണി (കഥ )
അറുപതു കഴിഞ്ഞ ഞങ്ങൾ മൂന്നാലു പുരുഷന്മാരുടെ നാട്ടു വിശേഷങ്ങൾ കൈ മാറാനും സമയം കൊല്ലാനുമുള്ളയിടമായിരുന്നു കവലയിലെ പുഷ്കരന്റെ ചായക്കട. ചായക്കട എന്നൊന്നുമതിനെ വിളിക്കാൻ സാധിക്കില്ല. റോഡ് സൈഡിലെ അയാളുടെ വീടിനോടു ചേർന്ന് വലിച്ചു കെട്ടിയ ഒരു ഷെഡ്ഡാണ് ആ കട. മൂന്നാല് ബെഞ്ചും നിറം മങ്ങിയ കുറെ പ്ലാസ്റ്റിക് കസേരകളും പേരിനു കാലൊടിഞ്ഞ ഒരു മേശയും മാത്രമാണവിടെയു ണ്ടായിരുന്നത്. പ്ലാസ്റ്റിക് കസേരകൾ അടുക്കടുക്കായി മൂലയിൽ വെച്ചിരിക്കും. ആവശ്യക്കാർ യഥേഷ്ഠമെടുത്തിട്ടിരിക്കും
ചായ, കാപ്പി, നാരങ്ങാ വെള്ളം, സംഭാരം ,കുപ്പിഭരണികളിൽ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന കുറച്ചു ബിസ്ക്കറ്റ്, റെസ്ക് , പല നിറത്തിലെ മിട്ടായികൾ.. തിങ്കളാഴ്ച വൈകുന്നേരത്തോടെ കടയുടെ മുന്നിൽ തൂങ്ങി കിടക്കുന്ന രണ്ടു കുല പഴം. ..തീർന്നു .. ചായക്കടയിലെ വിഭവങ്ങൾ.
പുഷ്കരന്റെ ഭാര്യ വളരെ നേരത്തെ മരിച്ചു പോയത് കാരണം ,പതിനെട്ടു വയസു പൂർത്തിയായയുടനെ മകളെ അയാൾ വിവാഹം കഴിപ്പിച്ചയച്ചു.ഓട്ടോ ഡ്രൈവറായ അയാളുടെ മരുമകനിടക്ക് ഭാര്യ വീട്ടിൽ വിരുന്നു വരുമ്പോൾ കടയിലെ കാഷ്യറുടെ റോളേറ്റെടുക്കാറുണ്ട്. പുഷ്കരന്റെ മകളെ ആ പരിസരത്തൊന്നും കാണാറുമില്ല.. പണ്ടേ ആ കുട്ടിയങ്ങിനെയാണ്.. അമ്മയില്ലാത്ത കുട്ടിയല്ലേ ? സ്കൂളിൽ പോവുമ്പോഴോ മറ്റോ വളരെ ചെറുപ്പത്തിലേ ആ കുട്ടിയെ ഞാൻ കണ്ടിട്ടുള്ളതാണ്... അതിന്റെ പേര് പോലും എനിക്കൊര്മയില്ല
മകളുടെ വിവാഹം കഴിഞ്ഞതിൽ പിന്നെയാണ് പുഷ്കരന്റെ ചായക്കടക്ക് ഞങ്ങൾ പതിവുകാരെ അതിശയിപ്പിക്കുന്ന ചില മാറ്റങ്ങളുണ്ടായി തുടങ്ങിയത് .
ആദ്യത്തെ മാറ്റം ആ കടക്കു “വിജയ ടി സ്റ്റാൾ” എന്ന പേര് വന്നുവെന്നതാണ്. കൂടുതൽ അന്വേഷണത്തിലത് പുഷ്കരന്റെ മരിച്ചു പോയ ഭാര്യയുടെ പേരാണെന്ന റിയാൻ കഴിഞ്ഞു
പിന്നെയാണെല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് കടയുടെ വാതിൽക്കലൊരു കറുത്ത ബോർഡ് വന്നത്. അതിൽ വെള്ള ചോക്ക് കൊണ്ട് വടിവില്ലാത്ത അക്ഷരങ്ങളിലിപ്രകാരമെഴുതിയിരുന്നു -
“രാവിലെ 7 മണി മുതൽ 10 മണി വരെ ഇഡലി, ദോശ, സാമ്പാർ
വൈകുന്നേരം 3 മണി മുതൽ 6 മണി വരെ ബോണ്ട ,പരിപ്പ് വട ,പഴംപൊരി”
ഇതു കൂടാതെ ചായ,കാപ്പി, നാരങ്ങാ വെള്ളം, സംഭാരം എന്നിവ പതിവ് പോലെ സമയം നോക്കാതെ..
അത്രയും നാൾ കുപ്പി ഭരണിയിലെ ഉണങ്ങിയ ബിസ്കറ്റും റെസ്കും നോക്കിയിരുന്ന ഞങ്ങൾക്ക് ബോണ്ടയും പരിപ്പ് വടയും പഴംപൊരിയും കണ്ണിനു കൗതുകവും ശരീരത്തിനുണർവും ഏകി.. അവയെ സൂക്ഷിക്കാൻ പഴയ കാല സിനിമാനടികളുടെ ബ്ലൗസിനെ ഓർമിപ്പിക്കുന്ന നാലു തട്ടുകളുള്ള കണ്ണാടി അലമാരയും കടയുടെ മുന്നിൽ സ്ഥാനം പിടിച്ചു.
കടയുടെ മുന്നിൽ ബോർഡ് വന്ന വൈകുന്നേരം മൂന്ന് മണിക്ക് പലഹാരങ്ങൾഉത്ഘാടനം ചെയ്യാൻ പുഷ്കരന്റെ ക്ഷണപ്രകാരം ഞങ്ങൾ പതിവുകാരെത്തി.
ബോണ്ടയും പഴംപൊരിയും പരിപ്പ് വടയും കടുപ്പത്തിലുള്ള ചായയോടൊപ്പം കാലൊടിഞ്ഞ മേശപ്പുറത്തു വലിയ വെള്ള പിഞ്ഞാണത്തിൽ ഹാജരായി.
വി ആർ എസെടുത്തു പട്ടാളത്തിൽ നിന്നും നാൽപതു വയസിൽ 25 വര്ഷം മുന്നേ പിരിഞ്ഞു വന്ന ദിവാകരനാണ് ആദ്യം ബോണ്ടയെടുത്തു രുചി നോക്കിയത്.
" പുഷ്കരാ ..സംഗതി കൊള്ളാലോ .. കിഴങ്ങിന്റെ വേവ് പാകം. മാവും മൊരിയലും കിറു കൃത്യം. പഞ്ചാബിലെ ആലൂ സബ്ജിയെ ഒരു നിമിഷം സ്മരിച്ചു.. " ദിവാകരൻ ബോണ്ടയുടെ അസാധ്യ രുചിക്ക് മുന്നിൽ കണ്ണുകളടച്ചു .
പിന്നെ പാത്രത്തിൽ നിന്നും ഗ്രഹണി പിടിച്ച കുട്ടി ചക്ക കൂട്ടാൻ കണ്ടത് പോലെ വാരി വലിച്ചു കഴിച്ചു.
ഉരുള കിഴങ്ങു ഗ്യാസ് ഉണ്ടാക്കുന്നതും കൊണ്ടും ലേശം പഞ്ചാരയുടെ അസുഖമുള്ളതു കൊണ്ടും വീട്ടിൽ പഴം പൊരി പഥ്യമായതു കൊണ്ടും ഞാൻ കൈയെത്തി പിടിച്ചത് പഴം പൊരിയിൽ.... പഴം നല്ല പാകം നോക്കി തന്നെ പൊരിക്കാൻ എടുത്തിരിക്കുന്നു. മുക്കി പൊരിച്ചിരിക്കുന്ന മാവു വളരെ നേര്മയായി തന്നെ അതിനെ യാവരണം ചെയ്തിരിക്കുന്നു. വറവ് പാകം .എന്ത് കൊണ്ടും രുചികരം.
പരിപ്പ് വട കഴിച്ച, ഖദർ മാത്രം ധരിക്കുന്ന, സലീമിനും വടയെ കുറിച്ച് എതിരഭിപ്രായമില്ല.
എന്ത് കൊണ്ടും പുഷ്കരന്റെ ചായക്കടയിലെ ആദ്യ മാറ്റം ഞങ്ങൾ കൈയടിച്ചു സ്വീകരിച്ചു.
അതിനിടയിൽ ദിവാകരനാണ് ആ ചോദ്യമെറിഞ്ഞത് ‘”അതിരിക്കട്ടെ പുഷ്കരാ. ആരായീ പലഹാരമൊക്കെയുണ്ടാക്കുന്നത് ?”
ഇത്ര രുചികരമായ വിഭവങ്ങളുടെ നിർമാതാവിനെ പരിചയപ്പെടണമെന്നത് ന്യായമായ ഒരാഗ്രഹം മാത്രം.
" അമ്മിണി " കൂടുതൽ അവളെ കുറിച്ച് പറയാതെ പുഷ്ക്കരൻ ഒഴിഞ്ഞു മാറി
അമ്മിണിയെന്ന പേര് കേട്ടതും ദിവാകരന് മൂത്ര ശങ്ക .അയാൾ പുഷ്കരന്റെ വീടിനു പിറകിലെ മൂത്ര പുര ലക്ഷ്യമാക്കി നടന്നു. പെൺവിഷയത്തിലയാൾക്കുള്ള പിടിപാട് നന്നായി അറിയാവുന്ന ഞാനും സലീമും അമ്മിണിയുടെ ബോണ്ടയും പരിപ്പ് വടയും പഴം പൊരിയുമുണ്ടാക്കുന്ന കൈകളുടെ ശരീര ശാസ്ത്രം ദിവാകരന്റെ നാവിൽ നിന്നുമറിയാൻ ക്ഷമയോടെ കാത്തിരുന്നു
മൂത്ര ശങ്ക മാറിയിട്ടും ദിവാകരനവിടെ പിന്നാപുറത്തു പതുങ്ങി നടക്കുന്നത് കണ്ടു ഞങ്ങൾ ഉറപ്പിച്ചു, അമ്മിണി ദിവാകരന്റെ കാക ദൃഷ്ടിയിൽപ്പെട്ടിരിക്കുന്നു
വഴി യാത്രക്കാരന് പുഷ്ക്കരൻ സംഭാരം കൊടുക്കുമ്പോഴാണ് മൂത്ര ശങ്ക മാറ്റിയ ദിവാകരൻ കയറി വന്നത്. ഉദ്വേഗഭരിതരായ ഞങ്ങളുടെ നോട്ടം കണ്ടു അയാൾ മിണ്ടാതെ ഗ്ലാസിൽ ബാക്കി വെച്ചിരുന്ന ചായ ഒറ്റ വലിക്കു കുടിച്ചു തീർത്തു.
"അവിടെയെങ്ങും ആരുമില്ല " ഞാനും സലീമും നിരാശരായി മുഖത്തോടു മുഖം നോക്കി. ഇതിനകം അമ്മിണിയെ ഞങ്ങൾ ചായ പെന്സിലുകൾ കൊണ്ട് കണ്ടം തുണ്ടം ചായമടിച്ചു ചുവപ്പിക്കുകയും കറുപ്പിക്കുകയും ചെയ്തിരുന്നു. സലീമിനു കറുത്ത അമ്മിണിയെ മതിയെങ്കിൽ എനിക്ക് അല്പം നിറമുള്ള അമ്മിണിയോടായിരുന്നു പ്രതിപത്തി.
കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിജയ ടി സ്റ്റാളിലെ അമ്മിണിയുടെ കൈപ്പുണ്യം കേട്ടറിഞ്ഞു കടയിൽ ആള് കൂടി. പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കസേരകളും ഒന്ന് രണ്ടു മേശയും കടയിൽ സ്ഥാനം പിടിച്ചു. അടുത്തുള്ള പാരലൽ കോളേജിൽ നിന്നും വൈകുന്നേരം ചായയും കടിയും കഴിക്കാൻ ആൺകുട്ടികളും വരവ് തുടങ്ങി.. അതുവരെ അവർ കവലക്കെതിരെയുള്ള സരസ്വതി ടി കടയിലായിരുന്നു പോയി കൊണ്ടിരുന്നത്. അവിടെയിരുന്നാൽ സ്കൂൾ വിട്ടു വരുന്ന ഹൈയർ സെക്കന്ററി സ്കൂളിലെ പെൺ കുട്ടികളെ കാണാമെന്ന ഗുണവുമുണ്ടായിരുന്നു. അവരുടെ വരവിൽ വൃദ്ധന്മാരായ ഞങ്ങൾക്ക് കുറച്ചു അസ്വാരസ്യം തോന്നി. പിച്ച പാത്രത്തിൽ കൈയിട്ടു വാരാൻ വന്ന പിച്ചകൾ..
ഇതിനിടയിൽ അമ്മിണിയെ കുറിച്ച് പല ഊഹോപോഹങ്ങളും പരന്നു. വളരെ നേരത്തെ വിഭാര്യനായ പുഷ്ക്കരൻ മകളെ വിവാഹം കഴിപ്പിച്ചതിനു ശേഷം രണ്ടാമത് ഒരന്തി കൂട്ടിനു കൂട്ടിയതാവും അമ്മിണിയെ എന്ന സംശയമുന്നയിച്ചത് ദിവാകരൻ . അയാളുടെ ഭാര്യ കുറച്ചു നാൾ സുഖമില്ലാതെ കിടന്നപ്പോൾ, അവളെ നോക്കാൻ നിന്നിരുന്ന വേലക്കാരിയെ ദിവാകരനന്തി കൂട്ടിനു വിളിച്ച കാര്യം നാട്ടിൽ പാട്ടാണ് ..ആ കൈയിലിരിപ്പൊന്നുമെന്തായാലും പുഷ്‌കരനില്ലെന്നും ഈ അറുപത്തിയെട്ടാം വയസിൽ അയാൾ രണ്ടാം വിവാഹത്തിനൊന്നുമൊരുങ്ങില്ലെന്നും ഞാനും സലീമും വീറോടെ പറഞ്ഞു.
അമ്മിണിയെന്ന കൈപുണ്യമേറെയുള്ള പാചകക്കാരിയെ, വെറ്റില കറ പിടിച്ച പല്ലുകളുള്ള,മെലിഞ്ഞീർക്കിലി പോലിരിക്കുന്ന ചായക്കടക്കാരൻ പുഷ്കരന്റെ കളത്രമാക്കാൻ ഞങ്ങൾക്കൊരു വൈമനസ്യം ,
അമ്മിണിയേതായാലും ചെറുപ്പക്കാരി ആവില്ലെന്നും ആ പേര് പത്തു നാൽപതു കൊല്ലം മുന്നേ കാലാഹരണപെട്ടതാണെന്നും പറഞ്ഞു, കഴിച്ചുകൊണ്ടിരുന്ന പഴം പൊരിയുടെ മധുരം കുറപ്പിച്ചത് സലിം..
പുഷ്കരന്റെ മകളുടെ വിവാഹത്തിന് പോയിരുന്നെന്നും അയാളുടെ മകളുടെ അമ്മായി അമ്മയാവാം ഈ അമ്മിണിയെന്നും സംശയം പ്രകടിപ്പിച്ചത്, വളരെ കാലമായി പറ്റു കൊടുക്കാതെ പുഷ്കരനെ ഒളിച്ചു നടന്നിരുന്ന മീൻകാരൻ വറീതാണ് . വന്ന വഴിക്കു തന്നെ പറ്റു കാശു നൂറ്റി നാല്പത്തിരണ്ടു രൂപയ്ക്കു പകരം ഇരുനൂറു കൊടുത്തു ,ബാക്കി വെച്ചോളാൻ അയാൾ പുഷ്കരനോട് പറഞ്ഞത് കടക്കു പിന്നിലെ വീടിനുള്ളിലേക്ക് കണ്ണ് പായിച്ചാണ്.ആ തള്ളയാണ് അമ്മിണിയെങ്കിൽ അവളൊരു കിളവിയാണെന്നും വായിൽ മുൻ നിരയിൽ ഒരു പല്ലുപോലുമില്ലെന്നും വറീത് കൂട്ടിച്ചേർത്തു .. പലഹാരമുണ്ടാക്കുമ്പോളെ ന്തെങ്കിലും രണ്ടു വാക്ക് സംസാരിച്ചാൽ പല്ലില്ലാത്തതു കൊണ്ട് തുപ്പല് തെറിക്കാൻ സാധ്യതയുണ്ടെന്ന് സലീമിന്റെ എതിർ പാർട്ടിക്കാരൻ വിജയനും കൂട്ടി ചേർത്തു .. കഴിച്ചിരുന്ന പഴം പൊരിയും ബോണ്ടയും പരിപ്പ് വടയും ഒരു കടിക്കു ശേഷം പിഞ്ഞാണത്തിൽ തിരിച്ചിട്ടിട്ടു മറു നിമിഷം വീണ്ടും ഞങ്ങളെടുത്തു കഴിച്ചു തുടങ്ങി.. കാരണം അമ്മിണി ചെറുപ്പക്കാരി തന്നെയെന്ന് ഓരോരുത്തരുടെയും മനസാക്ഷിയുള്ളിലിരുന്നു മുറവിളി കൂട്ടി.
അമ്മിണിയെ കിളവിയാക്കാൻ താല്പര്യമില്ലാതെ ദിവാകരൻ തർക്കിച്ചു.
അമ്മിണിക്കു വയസ് മുപ്പതിൽ കൂടില്ലെന്നും അവളുടെ നാവു പോലെ തന്നെ എരി കൂടുതലാണ് ബോണ്ടക്കും പരിപ്പ് വടക്കുമെന്നു അയാൾ പറഞ്ഞു. മുണ്ടും ബ്ലൗസുമാവും അവളുടെ പതിവ് വേഷമെന്നും പുരുഷന്മാരെ കാണുമ്പോൾ എങ്ങുമെത്താത്ത ഒരു തോർത്ത് മാറത്തേക്കു വലിച്ചിടുമെന്നും അയാൾ കൂട്ടി ചേർത്തു
പാരലൽ കോളേജിൽ നിന്നും വന്ന ഒരു പൊടിമീശക്കാരനാണ് ഞങ്ങളെ കോരിത്തരിപ്പിക്കാനായത് പറഞ്ഞത്. അമ്മിണി കാണാൻ നരനിലെ ഭാവനയെ പോലെയുണ്ടാവുമെന്ന്.. അങ്ങിനെ ഞങ്ങൾ ഭാവനയിൽ , പാചകക്കാരി അമ്മിണിയെ കാണാൻ തുടങ്ങി..
അമ്മിണിയുണ്ടാക്കിയ പഴം പൊരി ദിവസം രണ്ടെണ്ണം കഴിച്ചു ആ മാസം ഷുഗർ നോക്കിയപ്പോൾ ഭാര്യ ചീത്ത പറഞ്ഞെന്റെ കണ്ണ് പൊട്ടിച്ചു. ബോണ്ട കഴിച്ചു ദിവാകരൻ അടുത്തുള്ള വൈദ്യന്റെ കടയിൽ നിന്നും ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമൂലം രണ്ടു നേരം കഴിച്ചു തുടങ്ങി. പച്ച മുളക് സമൃദ്ധമായിട്ട പരിപ്പ് വട കഴിച്ചു സലീമിന് സന്തത സഹചാരിയായുണ്ടായിരുന്ന മൂലകുരു പൊട്ടി..
എന്നിട്ടും അമ്മിണിയുടെ താമര പൂപോലുള്ള കൈകൾ കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ മേശപ്പുറത്തു വെക്കുന്നയുടൻ വെള്ള പിഞ്ഞാണത്തിൽ നിന്നുമപ്രത്യക്ഷമായി തുടങ്ങി..
നരനിലെ ഭാവനയെപോലെ കുളിച്ചു, മുടി പിറകിൽ വിടർത്തി കുളി പിന്നിട്ട്, ഇറുകി പിടിച്ച ബ്ലൗസ്സണിഞ്ഞു , നീളൻ പാവാട മുട്ടിനൊപ്പം മടക്കി കുത്തി, അമ്മിണി സുസ്മേര വദനയായി ഞങ്ങളുടെ സ്വപ്നങ്ങളിൽ പഴം പൊരിയും പരിപ്പ് വടയും ബോണ്ടയുമുണ്ടാക്കി കൊണ്ടിരുന്നു..
അതിനിടയിൽ ഞങ്ങളെ വീണ്ടും അത്ഭുതപരതന്ത്രരാക്കി കൊണ്ട് പുഷ്ക്കരൻ കടയുടെ വാതിൽക്കൽ വലിയ പുതിയ കറുത്ത ബോർഡ് സ്ഥാപിച്ചു.
“രാവിലെ 7 മണി മുതൽ 10 മണി വരെ ഇഡലി, ദോശ, സാമ്പാർ ,ഇടിയപ്പം ,അപ്പം ,മുട്ടക്കറി
ഉച്ചക്ക് 12 മുതൽ 2 വരെ ഊണ് , ചിക്കൻ ബിരിയാണി
വൈകുന്നേരം 3 മണി മുതൽ 6 മണി വരെ ബോണ്ട ,പരിപ്പ് വട ,പഴംപൊരി,സമൂസ, മുട്ടകുഴലപ്പം…” Sanee marie John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo