നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു നാൾ അമ്മ

ഒരു നാൾ അമ്മ
......................
'അമ്മ' എന്ന വാക്ക് പറയുമ്പോൾ എപ്പോഴും ഞാൻ ചേർത്ത് വയ്ക്കാറുണ്ട് അച്ഛനെ. പിരിച്ചു പറയാൻ കഴിയാത്ത രണ്ട് വാക്കുകളാണെനിക്കവ. കുഞ്ഞിലെ ആരാ ഈ ഉടുപ്പു വാങ്ങി തന്നതെന്ന് ചോദിച്ചാൽ പോലും അച്ഛനും അമ്മയും എന്ന് പറഞ്ഞാണ് ശീലം. എത്ര എഴുത്തുകൾ എഴുതിയാലും അവരോടുള്ള സ്നേഹം എഴുതി തീർക്കാനീ ജന്മം മതിയാകില്ല, അതിനാൽ തന്നെ വൃഥായുളള ആ ശ്രമത്തിനു ഞാൻ മുതിരുന്നില്ല.
നിങ്ങൾ മുജ്ജന്മങ്ങളിൽ വിശ്വസിക്കുന്നുവോ? നമ്മുടെ ജീവിതത്തിൽ വന്ന് എത്തി നോക്കിയിട്ടുള്ള എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുജ്ജന്മങ്ങളിൽ ബന്ധം ഉള്ളവരായിരിക്കുമെന്ന് വായിച്ചിട്ടുണ്ട്. ഒരു ദിവസം മാത്രം പരിചിതരായ ചില വ്യക്തികൾ ജീവിതത്തിൽ മറക്കാനാകാത്ത ചിത്രങ്ങൾ സമ്മാനിക്കുമ്പോൾ വിശ്വസിക്കാതെ തരമില്ല.
ബിടെക്ക് പഠന കാലം. കോഴ്സ് തീരും മുമ്പേ ഒരു ജോലി നേടിയെടുക്കണമെന്നത് ഒരു വാശിയായിരുന്നു. ഒരു പരീക്ഷ എറണാകുളത്താണ്. പത്തഞ്ഞൂറ് കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ. അതും മൂന്നു ഇന്റർവ്യൂ ഉണ്ട്. എന്തായാലും ഒരു പരിചയമെങ്കിലും ആകുമല്ലോ കരുതി, പരീക്ഷയ്ക്കു തയാറെടുത്തു.
ജോലി സംബന്ധമായി അച്ഛനും എറണാകുളത്തു പോകേണ്ടതുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടാളേയും അമ്മ യാത്രയാക്കി. അമ്മയുടെ അനുഗ്രഹം മേടിച്ചിറങ്ങി. അടുത്ത ദിവസമാണ് പരീക്ഷ. ഇന്നു വരെ എല്ലാ പരീക്ഷകളും അച്ഛനമ്മമാരുടെ അനുഗ്രഹം മേടിച്ചിട്ടേ പോയിട്ടുള്ളൂ. ആ അനുഗ്രഹങ്ങൾ മാത്രമാണ് ഇന്നേ വരെ എന്റെ ജീവിതത്തിലുണ്ടായ എല്ലാ മേന്മകൾക്കും കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ നാളെ അച്ഛൻ മാത്രമേ ഉണ്ടാകൂ. ഒരു വേദന മനസ്സിൽ തട്ടി.
എറണാകുളത്ത് ഉച്ച തിരിഞ്ഞെത്തി. അച്ഛന്റെ സഹപ്രവർത്തകന്റെ അനുജത്തിയുടെ വീട്ടിലാണ് താമസം ശരിയാക്കിയിരുന്നത്. മറ്റു വീടുകളിൽ ചെന്ന് നിൽക്കുന്നതെങ്ങനെയെന്നോർത്ത് തെല്ല് ജാള്യതയോടെയാണ് അവിടേയ്ക്ക് പോയത്. അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള ഒരു കൊച്ചു കുടുംബം. എന്നിലും ഇളയ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
ഒരു ചെറിയ രണ്ടു നില വീട്. മുറ്റത്ത് നിറയെ ചെടികൾ. ചെറുതെങ്കിലും വൃത്തിയുള്ള മുറികൾ. മുകളിലത്തെ നിലയിൽ ഞങ്ങൾക്കൊരുക്കിയ മുറികൾ കാണിച്ചു തന്നു ആ വീട്ടിലെ അമ്മ. എന്റെ അമ്മയിലും ചെറുപ്പമെങ്കിലും കണ്ട മാത്രയിൽ തന്നെ വല്ലാത്ത ഒരു അടുപ്പം ആ അമ്മയോട് തോന്നി.
അച്ഛൻ ജോലി സ്ഥലത്തേക്ക് പോയി. ഞാൻ ഒരു കുളിയൊക്കെ പാസാക്കി പുസ്തകം മറിക്കാനൊരുങ്ങിയപ്പോൾ ഇളയ മകൾ വന്നു.
"വാ ചേച്ചി, ഇവിടൊക്കെ കാണിച്ചു തരാം."
"മോൾടെ പേരെന്താ?"
"സൗമ്യ. മഹേഷേട്ടൻ വിളിക്കുന്നു. ചേച്ചി വാ, പിന്നെ പഠിക്കാം."
ചിരപരിചിതരെ പോലെ ആ കുട്ടി എന്റെ കൈ പിടിച്ചു വലിച്ചു.
അവിടെ അവൾടെ ചേട്ടൻ സൈക്കിൾ ചവിട്ടുകയാണ്. നല്ലൊരു കോളനിയായിരുന്നു അത്. ചുമന്ന രാജമല്ലി പൂക്കൾ ടാറിട്ട റോഡുകളുടെ വശങ്ങൾ അലങ്കരിച്ചു.
"മോളെത്രയിലാ"
" ഞാൻ ഒമ്പതിലാ. ചേട്ടൻ പ്ളസ് റ്റൂ. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടായി. എനിക്ക് ചേച്ചി മതിയായിരുന്നു, ചേട്ടൻ എപ്പോഴും വഴക്കാണന്നേ. എന്റെ തല മുടി പിടിച്ചു വലിക്കും."
കേട്ടു കൊണ്ടു വന്ന മഹേഷും വിട്ടു കൊടുത്തില്ല.
"എന്റെ ചേച്ചീ, ഈ പെണ്ണു എന്നാ വായാടി ആണെന്നോ. അവൾടെ കൂടെ കുറേ നേരം ഇരുന്നാൽ ചേച്ചിയ്ക്ക് പിടി കിട്ടും സ്വഭാവം."
"ആ കുട്ടിയെ പഠിക്കാൻ സമ്മതിക്കില്ലല്ലേ നിങ്ങൾ." അമ്മ പുറത്തേയ്ക്ക് ചായയുമായി വന്നു. ഇളം കാറ്റേറ്റു കൊണ്ടു ആ വീടിന്റെ ഉമ്മറത്ത് വർത്തമാനം പറഞ്ഞ് ചായ കുടിച്ചിരിക്കുന്ന ആ ചിത്രം മറക്കാനാകുന്നില്ല. കുറച്ചു മണിക്കൂറുകൾ കൊണ്ടെന്റെ കൂടപ്പിറപ്പുകളായി ആ അനുജത്തിയും അനുജനും മാറിയപ്പോൾ ഒരമ്മയുടെ സ്നേഹവായ്പ്പാണാ അമ്മ പകർന്നു തന്നത്. സ്നേഹ ശാസനയാൽ എന്നെ മുകളിൽ പഠിക്കാൻ പറഞ്ഞു വിടുമ്പോൾ എന്റെ അമ്മയെ തന്നെ അവരിൽ കണ്ടു പോയി.
രാത്രി ഭക്ഷണത്തിന് എന്തെല്ലാമാണ് അമ്മ ഒരുക്കിയിരുന്നത്. ഇന്നും ആ വിഭവങ്ങൾ വരെ ഞാൻ ഓർക്കുന്നു. ചപ്പാത്തി, കടലക്കറി. പിന്നെ ചോറ് മീൻ കറി, സാമ്പാർ, ഉപ്പേരി. എല്ലാം അകത്താക്കിയിട്ട് പഠിത്തത്തിനൊന്നും വഴങ്ങാതെ ഉറക്കം പിടിച്ചു. അപരിചിതമായ സ്ഥലത്ത് കൂടെ കൂടാത്ത നിദ്രാദേവിയും കനിഞ്ഞു.
രാവിലെ നേരത്തെ എണീറ്റു അച്ഛനോടൊപ്പം ഒരുങ്ങി, താഴോട്ടിറങ്ങിയപ്പോൾ പ്രഭാത ഭക്ഷണം തയാറായിരുന്നു. പക്ഷെ പരീക്ഷാ ചൂടില്ലായിരുന്നിട്ടും എനിക്ക് നേരെ കഴിക്കാൻ സാധിച്ചില്ല. കൈ കഴുകി ഇറങ്ങാനൊരുങ്ങിയപ്പോൾ അമ്മ വിളക്കിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചിട്ടിറങ്ങാൻ പറഞ്ഞു. ഞാൻ കൈ കുമ്പിട്ടു പ്രാർത്ഥിച്ചു, എന്നിട്ട് ആ അമ്മയുടെ കാൽക്കൽ വീണ് അനുഗ്രഹം മേടിച്ചു. അമ്മ എന്നെ തലയിൽ തൊട്ട് അനുഗ്രഹിച്ചു, സാരിത്തലപ്പ് കൊണ്ട് തന്റെ നിറകണ്ണുകൾ തുടയ്ച്ചു. തൊണ്ട കീറുന്ന വേദനയിൽ അടർന്ന കണ്ണുനീർ തുള്ളികൾ ഞാനും തൂത്തു കളഞ്ഞു. ഒന്നു കൂടി തിരിഞ്ഞു നോക്കാതെ ഞാനാ പടി കടന്നു.
ആ പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ വാർത്ത അറിഞ്ഞിട്ട് ആ അമ്മ, "ആ മോൾക്ക് നല്ല ജോലി കിട്ടും, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും " എന്ന് പറഞ്ഞു എന്ന് അച്ഛന്റെ കൂട്ടുകാരൻ പറഞ്ഞു. എല്ലാവരുടേയും അനുഗ്രഹത്താൽ പഠിച്ചിറങ്ങും മുമ്പേ ജോലിയായിയിരുന്നു.
പിന്നീടൊരിക്കലും ഞാനാ അമ്മയെ കണ്ടിട്ടില്ല. പലപ്പോഴും ഓർക്കാറുണ്ട്, ഇപ്പോഴിതെഴുതുമ്പോൾ എന്ന പോലെ അന്നെല്ലാം എന്റെ കണ്ണുകൾ നിറയാറുണ്ട്... ഏതോ ജന്മത്തിലെ ആ അമ്മയെ ഓർത്ത്..
ഇന്ദു പ്രവീൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot