
പണ്ടുതൊട്ടെ മുടിയുള്ള പെണ്ണുങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു. പലർക്കും നിതംബംവരെ മറഞ്ഞുകിടക്കുന്ന നല്ല ഉള്ളുളള മുടിയായിരുന്നു. പേനും, ഈരുമുള്ള മുടിക്ക് ദുർഗന്ധമുണ്ടാകുമെന്നും പറയുന്നു. പ്രണയിച്ച പലർക്കും ഈ നീണ്ടമുടിയുണ്ടായിരുന്നു എന്നതും, കെട്ടിയ പെണ്ണിനും നിറയെ മുടിയുണ്ടായിരുന്നതും ഒരത്ഭുതമായിരുന്നു. നീണ്ട ഇടതൂർന്ന മുടിയിൽ തുളസിക്കതിരും ചൂടി അമ്പലത്തിൽപോയി മടങ്ങിവരുന്ന തരുണീമണികളെന്നുമൊരു ബലഹീനതയായിരുന്നു...
ഞാൻ പറഞ്ഞുവരുന്നത് മുടി പുരാണമല്ല. മുടി ചിലപ്പോൾ വില്ലന്റെ റോൾ കൈകാര്യം ചെയ്യാറുണ്ട്. അത് പലപ്പോഴും അടുക്കളയിൽ നിന്നു തന്നെയായിരിക്കും. അങ്ങനത്തെ ഒരു സംഭവം പറയാം...
സർക്കാർ ജോലിയുള്ള എന്റെ അച്ചാച്ചനെ നാട്ടിൽ എല്ലാവർക്കും നല്ല ബഹുമാനമായിരുന്നു. കൂടെ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായവും. അപ്പനും അമ്മയും നാലു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം. കാശിനൊരാവശ്യം വന്നാൽ എല്ലാവരും ഓടിയെത്തുന്നതും, ഓടിയെത്താവുന്നതുമായിരുന്നു ഞങ്ങളുടെ കുടുംബം. അക്കാലത്ത് അധികമാരുടെയും വീടുകളിൽ പത്രമുണ്ടായിരുന്നില്ല. കാരണം അധികം അയൽക്കാരും കൂലിപ്പണികൾ ചെയ്തു ജീവിച്ചു പോന്നവരായിരുന്നു. വീട്ടിൽ പത്രമുണ്ടായിരുന്നതിനാൽ വായനക്കാരുമുണ്ടായിരുന്നു...
അങ്ങനെ ഒരുച്ച, ഉച്ചര, ഉച്ചേമുക്കാൽ സമയത്താണ് അടുത്ത വീട്ടിലെ നാസർചേട്ടൻ വീട്ടിൽ വന്നതും വിശേഷങ്ങൾ പറഞ്ഞതിനുശേഷം തിണ്ണയിൽ കസേരയിലിരുന്ന് പത്രവായനയിൽ മുഴുകിയതും. അതേ സമയത്ത് തന്നെയാണ് ഞങ്ങൾ ഉച്ചഭക്ഷണത്തിനിരുന്നതും. നാസർചേട്ടനെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും അദ്ദേഹമത് സ്നേഹത്തോടെ നിരസിച്ചു...
കഴിച്ചു പകുതിയായപ്പോൾ എനിക്കെന്റെ പാത്രത്തിൽനിന്നും ഇതാ കിട്ടി നീളമുള്ള ഒരു മുടി. ഞാനത് വലിച്ചെടുത്തു അച്ചാച്ചനെ കാണിച്ചു. അപ്പോൾ അച്ചാച്ചൻ പറഞ്ഞു അത് മുടിയല്ലടാ തേങ്ങായുടെ നാരാണെന്ന്. എന്റെ കണ്ണുകളെ അന്ധമായി വിശ്വസിക്കുന്ന ഞാൻ അത് സമ്മതിച്ചു കൊടുക്കുമോ. ഞാൻ നിന്നു തർക്കിച്ചു ഇത് മുടി തന്നെയെന്ന്. ഒന്നുങ്കിൽ അമ്മയുടെ, അല്ലെങ്കിൽ പെങ്ങൻമാരുടെ. സ്വഭാവികമായും സംഭവിക്കാവുന്ന ഒരു കാര്യം മാത്രം. പക്ഷേ അച്ചാച്ചൻ അത് തറപ്പിച്ചു തന്നെ തേങ്ങായുടെ നാര് തന്നെയാക്കി ഉറപ്പിച്ചു. അച്ചാച്ചന്റെ മുഖത്തേയ്ക്ക് നോക്കിയ എന്നെ കണ്ണടച്ച് കാണിച്ച് തിണ്ണയിലേയ്ക്ക് ചൂണ്ടി മിണ്ടരുതെന്നു ആംഗ്യം കാണിച്ചു. അപ്പോളാണ് എനിക്ക് അച്ചാച്ചൻ പറഞ്ഞതിന്റെ ഗുട്ടൻസ് മനസ്സിലായത്. അകം വേവുന്നത് പുറമറിയാൻ പാടില്ലല്ലോ. ഞങ്ങളുടെ തീൻമേശ സംഭാഷണങ്ങൾ തിണ്ണയിലിരിക്കുന്ന നാസർചേട്ടൻ കേട്ടിട്ട് വീട്ടിലെ പെണ്ണുങ്ങൾക്കൊരു മോശപ്പേരുണ്ടാകണ്ടല്ലോ...
കാര്യം നിസ്സാരമാണ് ഒരു മുടിയാണ് കാണാൻ നല്ല ചേലാണ് പക്ഷേ അത് ഭക്ഷണത്തിനുള്ളിൽ നിന്നും കിട്ടിയാൽ കഴിഞ്ഞു കത്തിക്കല്. ചിലർ പിന്നെയാ ഭക്ഷണം കഴിക്കില്ല. അതേപടി എടുത്ത് കളയുന്നത് കാണാം. എന്തിന്? അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് ചിലപ്പോൾ നമ്മളുടെ അമ്മയുടെതാകാം, ഭാര്യയുടെതാകാം, സഹോദരിയുടെതാകാം അതിന് എന്ത് കുഴപ്പം. അതെടുത്ത് കളഞ്ഞിട്ട് ആ ഭക്ഷണം കഴിച്ചെന്നുവച്ച് നമുക്ക് മാറാരോഗമൊന്നും വരത്തില്ല...
ഇങ്ങനെ കിട്ടിയ മുടി കാരണം പല കുടുംബങ്ങളിൽ തല്ലുവരെ ഉണ്ടായിട്ടുണ്ട്. ഇന്ന് പെണ്ണുങ്ങളുള്ള വീടിന്റെ തറയിൽ നോക്കിയാൽ ഒരു മുടിയെങ്കിലും കിട്ടാതിരിക്കില്ല. അവർപോലുമറിയാതെ വീഴുന്നതുമാകാം. ബാഗ്ലൂര് താത്ക്കാലിമായി താമസിക്കുന്ന വീട്ടിൽ ദിവസവും ഞാനായിരിക്കാം മുറി അടിച്ചുവാരുന്നത് അപ്പോൾ എനിക്ക് കാണാൻ കഴിയും നീളമുള്ളതും അല്ലാത്തതുമായ മുടികൾ തറയിൽ വീണ് കിടക്കുന്നത്. കുളിക്കുന്ന വെള്ളത്തിൽ ക്ലോറിന്റെ അംശമുള്ളത് കൊണ്ട് മുടി കൊഴിയാൻ ചാൻസ് കൂടുതലാണ്. അതിൽ എന്റെയും ചെറിയ മുടിയുണ്ട് കുഞ്ഞിന്റെയും ഇത്തിരിപ്പോന്ന മുടിയുമുണ്ട്...
മുടി കാണാൻ അഴകാണ് അതിനെ വേണ്ട രീതിയിൽ സംരക്ഷിച്ചാൽ. എന്നിരുന്നാലും സ്ത്രീകൾ കഴിവതും അടുക്കളയിൽ പാചകത്തിന് കേറുമ്പോൾ തലയിലൊരു തോർത്ത് കെട്ടുന്നത് ശീലിച്ചാൽ, ഇനിയതല്ല മുടി നന്നായി ഒതുക്കി കെട്ടിയതിനുശേഷം ഒരു ഹെഡ്ക്യാപ്പ് വച്ചാൽ ഈ വയ്യാവേലിയിൽ നിന്നും നൈസായി നമുക്ക് തലയൂരാം. വന്നിരിക്കുന്ന അതിഥികൾക്ക് നിങ്ങളുടെ മുടിയുടെ നീളമളക്കാൻ ഒരവസരം കൊടുക്കണ്ടല്ലോ...
ചിലയിടത്ത് മുടി പ്രശ്നങ്ങൾ കണ്ടപ്പോൾ എഴുതണമെന്ന് തോന്നി എഴുതിയതാണ് ക്ഷമിക്കുക...
........................... ✒ മനു ........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക