Slider

ഭാഗ്യം ചെയ്ത നിമിഷങ്ങൾ ********************

0

അമ്മയും അച്ഛനും കൂടെ ഉണ്ട് കുറച്ചു ദിവസം. കൊച്ചു മക്കളുടെ കൂടെ..   അടിച്ചു പൊളിച്ച്.. ഇതിൽ പരം വേറെ ഒരു സന്തോഷം ഇല്ല..
എന്റെ അച്ഛനും മകനും ഒരേ ദിവസം ആണ് പിറന്നാൾ ആഘോഷിക്കുന്നത്. അച്ഛന്റെ പിറന്നാൾ ദിവസം തന്നെ സിസേറിയൻ ചെയ്യാം എന്ന് പറഞ്ഞത് എന്റെ ഭർത്താവാണ്. ലേബർ റൂമിൽ നിന്നും മകനെ കൊണ്ടു വന്ന് അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ടു 'ഇത്‌ അച്ഛന്റെ പിറന്നാൾ സമ്മാനം ആണ്, അച്ഛന്റെ മകൻ'
മൂന്നു പെണ്മക്കൾ ഉള്ള അച്ഛൻ ഒരിക്കൽ പോലും ഞങ്ങളെ വേർതിരിച്ചു കണ്ടിട്ടില്ല, ആണ്കുട്ടി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്നു പോലും അറിയില്ല, പക്ഷെ അന്ന് അച്ഛന്റെ കണ്ണ് നിറഞ്ഞു. എന്റെയും.. എന്റെ ഭർത്താവിനെ കുറിച്ചു അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.. 
പിന്നീട് മകനെ എഴുത്തിനു ഇരുത്താൻ മൂകാംബികയിൽ പോയപ്പോൾ, അച്ഛന്റെ മടിയിൽ ഇരുത്തിയിട്ട്,
" അച്ഛൻ മോന്റെ ആദ്യാക്ഷരം കുറിക്കട്ടെ.. അതല്ലേ അതിന്റെ ഒരു ശെരി" എന്നു പറഞ്ഞു എന്നെ വീണ്ടും അതിശയിപ്പിച്ചു. (ഞങ്ങളുടെ ഒരു രീതി അനുസരിച്ചു പൊതുവെ അച്ഛൻ അല്ലെങ്കിൽ അച്ഛച്ഛൻ ആണ് ഈ ചടങ്ങ് ചെയ്യാറ്)
എന്റെ അച്ചൻ അന്ന് ഒരു നിമിഷം കണ്ണടച്ച് ദേവിയോട് നന്ദി പറയുന്നത് ഞാനറിഞ്ഞു. മിക്കവരുടെയും ജീവിതത്തിൽ പോലെ അല്ലറ ചില്ലറ കുടുംബ സങ്കടങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഈ നല്ല നിമിഷങ്ങൾ ഓർക്കുമ്പോൾ എല്ലാ വിഷമവും പോയ്‌ പോകും..  
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, ആണ്മക്കളും പെണ്മക്കളും ഒരേ പോലെ എന്നൊക്കെ ആണെങ്കിലും, പലപ്പോഴും പെണ്മക്കളെ കല്യാണം കഴിച്ചു കൊടുത്തിട്ട് അച്ഛനമ്മമാർ നഷ്ടപ്പെടുന്ന ചില സൗഭാഗ്യങ്ങൾ ഉണ്ട്. സമൂഹത്തിന്റെ ചട്ടകൂടിനുള്ളിൽ പെട്ട് പലപ്പോഴും അവർ സ്വയം പിൻവാങ്ങാറും ഉണ്ട്. പല വീടുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.. നല്ലത്..
പക്ഷെ ഇന്ന് എന്റെ അച്ഛനും മകനും സമപ്രായക്കാരെ പോലെ കളിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ ആണ്. 35 വർഷങ്ങൾക്ക് മുമ്പ് വിമാനത്തിൽ കേറാൻ വേണ്ടി 'നമുക്ക് തിരുവനന്തപുരം വരെ പോയാലോ, തിരിച്ചു വരുമ്പോൾ ട്രെയിനിൽ വരാം' എന്ന് പറഞ്ഞ എന്റെ പാവം അമ്മ, നാലാമത്തെ തവണ അറബി നാട്ടിൽ..  ഇത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. ആ തിളക്കമാണ് എന്റെ ഭാഗ്യം.. ഈശ്വരനോടുള്ള നന്ദി മാത്രമേ പറയാനുള്ളു..
അച്ഛനും അമ്മയും എന്നും ആയുർ ആരോഗ്യത്തോടെയും സന്തോഷത്തോടും ഒരു പാട് വർഷങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ..അതിലും വലിയ പുണ്യം വേറെ ഇല്ല..
എന്റെ ചിന്തകൾ...
രേണു ഷേണായി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo