Slider

പത്ത് മണിക്കു വരും ഫോൺ കോളുകൾ

0
പത്ത് മണിക്കു വരും ഫോൺ കോളുകൾ
*****************************************
നല്ല തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ലാലേട്ടനുമൊത്ത് കാശ്മീരിൽ, ഒരു പട്ടാള ചിത്രത്തിന്റെ ലൊക്കേഷനിൽ, ഫൈറ്റ് സീനിൽ കൈ മൈയ് മറന്ന് അഭിനയിക്കുകയായിരുന്ന എന്നെ അലോരസപ്പെടുത്തിക്കൊണ്ട് മൊബൈൽ ഇടതടവില്ലാതെ ശബ്ദിച്ചു.
മൂന്നാമത്തെ ബെല്ലിന് സീൻ പായ്ക്കപ്പ് പറഞ്ഞ് പട്ടാളടെന്റിൽ നിന്ന് പുറത്തു വന്നപ്പൊഴാണ് ഞാൻ കട്ടിലിലായിരുന്നെന്നും പുതപ്പാണ് ടെൻറായി രൂപാന്തരം പ്രാപിച്ചതെന്നും മനസ്സിലായത്. അപ്പോൾ എന്റെ കാലുകൾക്കിടയിൽ ചതഞ്ഞരഞ്ഞ് - പഞ്ഞി വെളിയിൽ വന്ന് - കേണൽ മഹാദേവൻ ജീവച്ഛവമായി കിടക്കുന്നുണ്ടായിരുന്നു.
അടുത്ത ബെല്ലിന് ഫോൺ അറ്റൻറ് ചെയ്തപ്പോൾ ഭവ്യമായ ശബ്ദത്തിൽ ഒരാൾ സ്വയം പരിചയപ്പെടുത്തി.
"സാർ എന്റെ പേര് അമൃതനാഥൻ.... സാറിന്റെ സുഹൃത്ത് വി.എസ്. രാജേഷാണ് ഈ നമ്പർ തന്നത്. സാറിന് LIC പോളിസിയില്ലെങ്കിൽ ഇതാണ് പറ്റിയ സമയം. നമുക്ക് നേട്ടമുള്ള നിരവധി പോളിസികളുണ്ട് ഇപ്പൊ... സാർ ഫ്രീ ആകുമ്പോൾ ഞാൻ നേരിട്ട് കണ്ടോളാം...ഇന്ന് വൈകിട്ട് 5 മണിക്ക് ഞാൻ സാറിന്റെ ഓഫീസിൽ വരട്ടേ!... 4 മണിക്ക് വിളിച്ചിട്ടു വരാം" എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
''ഉറക്കപ്പായീന്ന് എണീപ്പിച്ചാണോ ഇയാള് പോളിസി ചോദിക്കുന്നത്? ഇന്ന് ഞാൻ കുറച്ച് ബിസിയാണ്, കാണാൻ പറ്റില്ല. നാളെ ഒരു പത്ത് മണിക്ക് വിളിക്കൂ പ്ലീസ്". പെട്ടെന്ന് ഷൂട്ടിങ്ങ് പായ്ക്കപ്പ് പറഞ്ഞതിന്റെ മുറുമുറുപ്പോടെ ഫോൺ കട്ട് ചെയ്ത ഞാൻ രാജേഷിനെ വിളിച്ച് ദേവനാഗരി ലിപിയിൽ രണ്ട് എമണ്ടൻ തെറി കാച്ചി.
പിറ്റേന്ന് കൃത്യം പത്തു മണിക്ക് ഫോൺ ശബ്ദിച്ചു. "സാർ അമൃതനാഥനാണ്... ഞാൻ ഓഫീസിലേക്ക് വരട്ടേ ഇപ്പൊ?"
"എന്റെ പൊന്നു സുഹൃത്തേ എനിക്ക് ആവശ്യത്തിന് പോളിസിയുണ്ട്... മാത്രമല്ല ഞാൻ ഇപ്പൊ നല്ല തിരക്കിലുമാണ്... ഉപദ്രവിക്കല്ലേ പ്ലീസ്"
"ഇപ്പൊ സാറിന്റെ മൂഡ് ശരിയല്ല എന്നു തോന്നുന്നു... സോറി...സോറി... ഓകെ ദെൻ''.
ഫ്രീയായിരുന്നിട്ട് പോലും അത്തരത്തിൽ അയാളോട് പെരുമാറിയതോർത്ത് അൽപ്പം അസ്വസ്ഥനായി ഞാൻ ജോലിയിൽ മുഴുകി. തിരക്കിനിടയിൽ ഇക്കാര്യം പതിയെ മറന്നു.
പിറ്റേന്നും കൃത്യം പത്ത് മണിക്ക് തന്നെ ആ കോൾ വന്നു. LIC യുടെ വിവിധ പോളിസികളേയും അതിന്റെ പ്രയോജനത്തെപ്പറ്റിയും ലഭിക്കുന്ന തുകയെപ്പറ്റിയും വിശദമായി അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ഞാനാകട്ടെ ഒരു സമയം കഴിഞ്ഞപ്പൊ അറുത്തിട്ട കോഴിയെപ്പോലെ കഴുത്തൊടിഞ്ഞ് കസേരയിലേക്ക് ചാഞ്ഞു. എങ്ങനെയെങ്കിലും ആ സംസാരമൊന്ന് അവസാനിപ്പിക്കാനായി "ഞാൻ പിന്നെ വിളിക്കാം അമൃതാനന്ദാ'' എന്ന് കോട്ടുവാ ഇട്ടു പറഞ്ഞു. അത് അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ ''സാറേ അമൃതാനന്ദൻ അല്ല അമൃതനാഥൻ" എന്ന് തിരുത്തിപ്പറഞ്ഞ് ഫോൺ കട്ടായി.
പിന്നെപ്പിന്നെ പത്തു മണിയുടെ ഈ കോൾ എനിക്ക് ഒരു തമാശയായി മാറി. പുള്ളി വിളിക്കുമ്പോൾ മന:പ്പൂർവ്വം - അമൃതേഷ്, അമൃതരാജൻ, അമൃതസ്വരൂപൻ, അമൃതകുമാർ, അമൃതാനന്ദൻ തുടങ്ങി മാറ്റി മാറ്റി പേര് വിളിച്ച് വശം കെടുത്തി ഞാൻ സന്തോഷിച്ചു. ഓരോ വട്ടവും ഇദ്ദേഹം "സാർ എന്റെ പേര് അമൃതനാഥൻ എന്നാണ്" എന്നു പറഞ്ഞ് തിരുത്തിക്കൊണ്ടുമിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം വീണ്ടും അതേ നമ്പർ വന്നു. "സാർ ഞാൻ അമൃതനാഥനാണ്.... ഇത് പോളിസി ചോദിക്കാനല്ല...സാറിന്റെ ബ്ലഡ് ഗ്രൂപ്പ് എന്താണ്? രക്തം കൊടുക്കാൻ താല്പര്യമുണ്ടോ? അർജൻറായി ഒ പോസിറ്റീവ് രക്തം വേണം. ജില്ലാ ആശുപത്രിയിൽ വന്നിട്ട് ഈ നമ്പരിൽ വിളിച്ചാൽ മതി''
''എന്റെ ഗ്രൂപ്പ് ബി പോസിറ്റീവാ അമൃതാഞ്ജാ'' എന്നു പറഞ്ഞ് താല്പര്യമില്ലാത്ത മട്ടിൽ ഞാൻ കോൾ കട്ട് ചെയ്തു.
സമൂഹ വിവാഹത്തിന് സാമ്പത്തിക സഹായം ലഭിക്കുമോ എന്നറിയാൻ വീണ്ടുമൊരു ദിനം രാവിലെ പത്തിന് കോൾ വന്നു. അതോടൊപ്പം പോളിസിക്കാര്യവും പറഞ്ഞപ്പോൾ വാക്കിന്റെ തുടക്കവും ഒടുക്കവും "അമൃതാഞ്ജാ'' എന്ന് തുടരെത്തുടരെ കീച്ചി അതി ബുദ്ധിമാനായ ഞാൻ വീണ്ടും അയാളെ ഒഴിവാക്കി.
കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മാർക്കറ്റിങ് അനുഭവങ്ങൾ പങ്കു വയ്ക്കാൻ ഒരു ക്ലാസ് എടുക്കാമോ? എന്നു ചോദിച്ച് വീണ്ടും രാവിലെ പത്തിന് എന്നെ വിളിച്ചു. ''ഒരു പോളിസി എടുക്കാം അമൃതാഞ്ജാ - അല്ലാതെ ക്ലാസൊന്നും എടുക്കാൻ ഉള്ള ആമ്പിയർ ആയില്ല" എന്നു പറഞ്ഞാണ് അന്നാ സംഭാഷണം നിർത്തിയത്.
ഭാര്യയുമായി ബാങ്കിൽ ക്യൂ നിൽക്കവേ കൃത്യം പത്തു മണിക്ക് ഫോൺ സിസ്പ്ലേയിൽ അമൃതാഞ്ജൻ എന്ന് തെളിഞ്ഞു. കുറച്ച് നേരം സമയം കൊല്ലാമെല്ലോ എന്ന സന്തോഷത്തിൽ എടുത്ത പാടെ "ഹലോ അമൃതാഞ്ജാ എന്തുണ്ട് വിശേഷം?... അമൃതാഞ്ജൻ ഒരാഴ്ചയായല്ലോ വിളിച്ചിട്ട്!...ഏതാ ഇത്തവണ പുതിയ പോളിസി അമൃതാഞ്ജാ?"
''സാറേ അമൃതാഞ്ജൻ അല്ല അമൃതനാഥൻ. ഇത് ഒരു ആക്സിഡന്റ് കെയർ പോളിസിയാണ്. പോളിസി എടുത്ത് ഒരു വർഷത്തിനകം സാറിന് എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് നല്ല ഒരു എമൗണ്ട് കിട്ടും."
ഓഹോ! ഞാൻ വണ്ടിയിടിച്ച് മരിച്ചു പോകണമെന്നാണോ അമൃതാഞ്ജൻ പറയുന്നത്. ആട്ടേ ഈ പറഞ്ഞ പോളിസി അമൃതാഞ്ജൻ എടുത്തിട്ടുണ്ടോ?"
"സാറേ അമൃതാഞ്ജൻ അല്ല അമൃതനാഥൻ.
സാറിന് വേണേൽ പോളിസി എടുത്താ മതി... ഞാനിനി വിളിക്കുന്നില്ല. സാറിനെ വിളിച്ച് വിളിച്ച് എന്റെ പേര് ഞാൻ തന്നെ ഇപ്പൊ തെറ്റിച്ചാ പറയുന്നത്. സത്യത്തിൽ നമ്മുടെ ഒരു പയ്യന് പി.ജി. പഠിത്തത്തിന് ഒരു സഹായം കൂടി ചോദിക്കാനാ ഇപ്പം വിളിച്ചത്."
കഷ്ടമുണ്ട് എന്ന മട്ടിൽ ഭാര്യ കണ്ണു കാണിച്ചപ്പോൾ "ആഹാ! അപ്പോ ചേട്ടന് ഇതൊന്നുമില്ലല്ലേ....ഹ ഹ ഹ എന്തായാലും ഒരു പോളിസി ഞാൻ എടുക്കാം അമൃതാഞ്ജൻ ചേട്ടാ... ശമ്പളം കിട്ടട്ടെ... മറ്റേപ്പയ്യന് 5000 രൂപയും കൊടുക്കാം നമുക്ക്.... രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചാ മതി" എന്ന് ചുമ്മാ പറഞ്ഞ് ഞാൻ ഫോൺ വച്ചു.
പിറ്റേന്ന് പത്രത്തിലെ ചരമ പേജിലെ പ്രത്യേക ബോക്സ് ന്യൂസ് എടുത്ത് കാണിച്ച് ഭാര്യയാണ് ആ സംശയം പറഞ്ഞത്. സൂപ്പർഫാസ്റ്റിടിച്ച് മരിച്ച ഒരാളെക്കുറിച്ചുള്ള വാർത്തയും ചിത്രവും ഉണ്ടായിരുന്നു അതിൽ. അമൃതനാഥൻ (58) സംസ്കാരം നാളെ രാവിലെ തുരുത്തീലമ്പലം വീട്ടുവളപ്പിൽ.... ഒന്ന് ഞെട്ടിയ ഞാൻ രാജേഷിനെ വിളിച്ചു....
അമൃതാഞ്ജൻ എന്ന് കളിയാക്കി വിളിക്കാൻ, ആ നമ്പർ, ഇനി ഒരു പത്തു മണിക്കും തെളിയില്ല എന്നത് വല്ലാത്ത അമ്പരപ്പോടെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ ആദ്യമായും അവസാനമായും ഒന്നു കാണണം എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ തോന്നി.
അനവധി ഫ്ലെക്സുകളുടേയും കരിങ്കൊടികളുടേയും ഇടയിലേക്കാണ് തുരുത്തീലമ്പലം എന്ന സ്റ്റോപ്പിൽ ഞാൻ ബസ്സിറങ്ങിയത്. ആ ഗ്രാമപ്രദേശം ആകെ വിറങ്ങലിച്ച മട്ടിലായിരുന്നു. അവിടെ പതിച്ചിരുന്ന എല്ലാത്തിലും അദ്ദേഹത്തിന്റെ ചിരിച്ച മുഖവും റോസാപ്പൂക്കളും ഉണ്ടായിരുന്നു. "ഞങ്ങളുടെ എല്ലാമെല്ലാമായ അമൃത നാഥൻ സാറിന് ആദരാഞ്ജലികൾ" എന്ന് അവിടെ എല്ലായിടത്തും എഴുതിയിരുന്നു.
ഗ്രാമത്തെ മുഴുവൻ ഒരു പറമ്പിൽ ഉൾക്കൊള്ളാനാവാതെ ''അമൃത"മെന്ന ആ കൊച്ചു വീട് ശ്വാസം മുട്ടി വിതുമ്പി നിന്നു. അദ്ദേഹം സൗജന്യമായി പഠിപ്പിച്ചിരുന്ന കുട്ടികളുടേയും, സഹായം സ്വീകരിച്ച നാട്ടുകാരുടേയും, വീട്ടുകാരുടെയും അലമുറകൾക്കൊപ്പം ചേർന്ന് പ്രകൃതിയും ഒരു സങ്കട മഴയായി അവിടെ പെയ്തിറങ്ങി. 'ദൈവങ്ങളും കരയും' എന്നു തോന്നും വിധം അവിടെയെങ്ങും ഇരുൾ വ്യാപിച്ചു.
അമൃതം ചാരിറ്റബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആരോരുമില്ലാത്തവർ, വിവാഹ ജീവിതം കിട്ടിയ പാവങ്ങൾ, പഠിച്ചവർ, പഠിച്ചു കൊണ്ടിരിക്കുന്നവർ, സ്വയംതൊഴിൽ ചെയ്യുന്നവർ, രക്തം സ്വീകരിച്ചവർ, കൊടുത്ത വർ, ഓടി നടക്കുന്ന പാർട്ടി പ്രവർത്തകർ അങ്ങനെ നിരവധി പേരേ ഞാനവിടെ കണ്ടു.
നല്ല തലവേദന വന്നപ്പോൾ, ജംഗ്ഷനിലെ ആകെ തുറന്നിരുന്ന ഒരു ചായക്കടയിലേക്ക് കയറി ഞാൻ കടുപ്പത്തിൽ ഒരു ചായക്ക് പറഞ്ഞു. കല്ലിച്ച മുഖവുമായി അവിടെ കൂടിയിരുന്ന് സംസാരിക്കുന്നവർ മനുഷ്യ സ്നേഹിയും, പരോപകാരിയും, നാടിന്റെ കണ്ണിലുണ്ണിയുമായിരുന്ന സാറിന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പങ്കു വയ്ക്കുന്നുണ്ടായിരുന്നു.
"മോനേതാ? സാറിനെ കാണാൻ വന്നതാന്നോ? എന്തോ പറയാനാ...വല്ലാത്ത കഷ്ടമായിപ്പോയി... ഇന്ന് തുറക്കണ്ടാന്നു വിചാരിച്ചതാ... പിന്നെ ഇതുപോലെ പുറത്തൂന്ന് വരുന്നവർക്ക് ഒരു കാലിച്ചായയെങ്കിലും സാറിന്റെ പേരിൽ കൊടുക്കാമല്ലോന്ന് വിചാരിച്ച് തുറന്നതാ... പിന്നെ അങ്ങേർ അങ്ങനെ കിടക്കുന്നത് കാണാൻ വയ്യ മോനേ...സഹിക്കൂല്ല"
ഞാൻ നീട്ടിയ കാശ് നിരസിച്ചു കൊണ്ട് ചായക്കടക്കാരൻ ചേട്ടൻ പറഞ്ഞു. തോളത്ത് കിടന്ന തോർത്തുകൊണ്ട് കണ്ണു തുടച്ച് ആ മെല്ലിച്ച മനുഷ്യൻ തിരിഞ്ഞ് നിന്ന് വീണ്ടും ചായയടിച്ചു കൊണ്ടിരുന്നു, ആരോടോ ഉള്ള വാശി പോലെ....
മേശപ്പുറത്ത് ആദരാഞ്ജലികൾ എഴുതിയ നോട്ടീസിനു മുകളിൽ ഒരു പേപ്പർ വെയിറ്റ് പോലെ വച്ചിരുന്ന അമൃതാഞ്ജൻ എന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ''ചുമ്മാ" എന്ന മട്ടിൽ കണ്ണിറുക്കി.
അവിടെ നിന്നിറങ്ങി തിരികെ നോക്കാതെ വേഗത്തിൽ നടക്കുമ്പോഴും മഴ ചാറിക്കൊണ്ടിരുന്നു.....എന്നെ മാത്രം നനയ്ക്കാതെ.... ലൈഫ് ഇൻഷ്വറൻസ് ഇനിയുമെടുക്കാൻ വൈകിയിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്.....!
- ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo