നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയിലെ രാജകുമാരി - അദ്ധ്യായം 2

കഥയിലെ രാജകുമാരി - അദ്ധ്യായം 2
🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 2
~~~~~~~~~
ആറിന്റെ ഒത്ത മദ്ധ്യത്തിലൂടെ നീലജലത്തെ കീറിമുറിച്ചുകൊണ്ടെന്നപോൽ വരുന്ന വെള്ള ബോട്ട്.. അതിന്റെ മുൻപിലെ കൂർത്ത ഭാഗത്തു നിന്നും ഉതിരുന്ന വെള്ളപ്പതയും നുരയും V ആകൃതിയിൽ നിശ്ചിത അകലെയെത്തി വീണ്ടും നീലജലത്തിലെ ഓളങ്ങളായി മാറി ഇരു കരകളിലും വന്നടിക്കുന്നു. തങ്ങളുടെ ശാന്തതയെ ഭേദിച്ചതിലുള്ള പ്രതിഷേധമെന്നവണ്ണം ശക്തിയേറിയ ഓളങ്ങൾ കൽക്കട്ടിനെ വിഴുങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടു, ഒടുവിൽ കുഞ്ഞോളങ്ങളായി മാറി അവയെ കുഞ്ഞിക്കൈകൾ കൊണ്ടുള്ള മൃദു തലോടൽ പോൽ തഴുകിത്തലോടുന്നു.
ബോട്ട് ദൂരെ കണ്ടതും നിത്യ ബോട്ട് ജെട്ടിക്കരുകിലെ പുതിയതായി ടാറിട്ട, വീതി കുറഞ്ഞ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കണ്ണടച്ചിരുന്ന അരവിന്ദനെ തട്ടി വിളിച്ചു..
"അച്ഛേ.... ദേ ബോട്ട് വരണൂ...."
അരവിന്ദൻ കാറിൽ നിന്നിറങ്ങി ഉടുത്തിരുന്ന വെള്ളമുണ്ട് മുറുക്കിയുടുത്തു. കൈകൾ മേലേക്കുയർത്തി..., നടു വളച്ചു ഒന്നു മൂരിനിവർന്നു.
ഒരു മണിക്കൂറോളം ആകുന്നു ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. നിത്യ തിടുക്കം കൂട്ടി കൊണ്ടു വന്നതാണ്. പാവം കുട്ടി.. നാട്ടിലേക്കുടൻ വരുമെന്ന ദിയയുടെ ഫോൺ വിളിക്കു ശേഷം ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അവൾ.
"വൃൂം...ഷ്....... " ഒരു ഹുങ്കാര ശബ്ദത്തോടെ ബോട്ട് ജെട്ടിക്കു സമീപത്തെ ജലത്തിൽ നുരികൾ ഉയർന്നു.. ആഴം കുറഞ്ഞ തിട്ടയിലെ ചെളി കലങ്ങി ജലോപരിതലത്തിലേക്കെത്തി. നീല ഉടുപ്പിട്ട രണ്ടു ജോലിക്കാർ ബോട്ടിൽ നിന്നും ജെട്ടിയിലേക്ക് ചാടിയിറങ്ങി കയ്യിലിരുന്ന വടം സമീപത്തുള്ള തൂണിൽ ചുറ്റി ബോട്ട് ജെട്ടിയോട് അടുപ്പിച്ചു.
ദിയ ട്രോളി ലഗേജ് ബാഗിന്റെ പിടിയിൽ പൊക്കി വാതിൽക്കലേക്കു വെച്ചു. അരവിന്ദൻ ഒരു കൈകൊണ്ട് പെട്ടി എടുത്തിട്ടു മറുകൈ ദിയക്ക് നേരെ നീട്ടി. അവൾ ആ പരുപരുത്ത കയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങി.
നിത്യ ഓടിവന്നു ദിയയെ പുണർന്നു.. രണ്ടാളുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല. അരവിന്ദന്റെ കണ്ണുകളും ചെറുതായി നനഞ്ഞു തുടങ്ങി.
"ന്റെ കുട്ടി സുഖമായി ഇരിക്കുന്നുവോ....? ദിയയുടെ നെറുകയിൽ തലോടിക്കൊണ്ടു അയാൾ ചോദിച്ചു.
"ഉവ്വ് ചിറ്റച്ഛാ..." കണ്ണീർ തുടച്ചുകൊണ്ടു ദിയ പറഞ്ഞു.
"ഡീ പെണ്ണേ.... മതി കരഞ്ഞത്... ഞാൻ ഇങ്ങു വന്നില്ലേ...." ദിയ നിത്യയുടെ തോളിൽ ചെറിയൊരു അടി കൊടുത്തുകൊണ്ട് പറഞ്ഞു.
അരവിന്ദൻ അവളുടെ ബാഗുകൾ ഡിക്കി തുറന്ന് അതിലേക്ക് സൂക്ഷിച്ചു വെച്ചു.
"രണ്ടാളും കയറിക്കേ.. വേഗം വീട്ടിൽ ചെന്ന് ഫ്രഷ് ആവാം..."
കാറിലേക്ക് കയറാൻ ഒരുങ്ങിയ നിത്യയുടെ കയ്യിൽ പിടിച്ച് ദിയ തടഞ്ഞു.
"ഞങ്ങൾ നടന്നു വരാം ചിറ്റച്ഛാ...''
ദിയയുടെ വാക്കുകൾ കേട്ട് അയാൾ സ്നേഹത്തോടെ കണ്ണുരുട്ടി..
"നടന്നോ....? വേറെ പണിയല്ലേ മോളെ.... ഇനീം സമയം ഉണ്ടല്ലോ... നാടു ചുറ്റലൊക്കെ പിന്നെ ആവാം... ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ മോളേ നീ..."
"ചിറ്റച്ഛാ..... ഞാൻ ഇത്രയും നേരം ഇരുന്നു മടുത്തു... പിന്നെ ബോട്ടിൽ വന്നത് കൊണ്ട് ഉണ്ടായിരുന്ന ക്ഷീണവും പമ്പ കടന്നു..." ദിയ കൊഞ്ചി.
"ഉം.... പക്ഷേ ഒത്തിരി വൈകരുത്. നേരെ വീട്ടിലേക്കു തന്നെ വന്നുകൊള്ളണം.. നിത്യേ, സൂക്ഷിച്ചു കൊണ്ടു വരണം കേട്ടോ..." അതും പറഞ്ഞു അയാൾ കാറിൽ കയറി.
മെല്ലെ അകന്നു ടാറിട്ട റോഡിലൂടെ അകന്നു പോവുന്ന ചുവപ്പ് സ്വിഫ്റ്റ് കാറിൽ നോക്കി ദിയയും നിത്യയും ഒരു നിമിഷം നിന്നു.
"ഡീ, നമുക്ക് ഈ ഗ്രാവലിട്ട വഴി കയറി ചാവറ ഭവന്റെ അടുത്ത് കൂടി പോവാം..." ദിയ പറഞ്ഞു.
"എന്നെ വഴക്കു കേൾപ്പിക്കല്ലേ ദിയ.. ചാവറ ഭവൻ നമുക്ക് പിന്നീടൊരു ദിവസം കണ്ടാൽ പോരെ..?" നിത്യ ഒരു മടിയോടെ ചോദിച്ചു.
"എന്റെ മോളേ... അവിടെ ഇന്ന് കയറാൻ എനിക്കും പ്ലാൻ ഇല്ല. നമുക്കാ കുട്ടപ്പൻ മാമന്റെ കടയിൽ നിന്നോരോ ഇഞ്ചി സർബത്ത് കുടിച്ചിട്ട് വീട്ടിൽ പോവാല്ലോ..."
"ബാംഗ്ലൂരിൽ എന്തൊക്കെ കുടിക്കാൻ കിട്ടും ദൈവമേ... എന്നിട്ടും ഇവിടൊരെണ്ണം ഇഞ്ചി സർബത്ത് കുടിക്കാൻ നടക്കണു..." നിത്യ കളിയാക്കി ചിരിച്ചു.
"ന്റെ മോളങ്ങട് നടന്നേ... ബാംഗ്ലൂരിലെ സാധനങ്ങളൊക്കെ ഞാൻ കുടിപ്പിക്കാട്ടോ...." അതും പറഞ്ഞു ദിയ നിത്യയെ പിന്നിൽ നിന്നും ഉന്തി മുമ്പോട്ടു നീക്കിക്കൊണ്ടേയിരുന്നു. അന്തരീക്ഷത്തിൽ രണ്ടു പെൺകുട്ടികളുടെ ചിരിയലകൾ മുഴങ്ങിക്കൊണ്ടേയിരുന്നു...
★★★★★★★★★★
പഞ്ചസാര പാനിയും നാരങ്ങാനീരും പിഴിഞ്ഞൊഴിച്ച ഗ്ലാസ്സുകളിലേക്ക് കുട്ടപ്പൻ സ്റ്റീൽ പാത്രത്തിൽ സൂക്ഷിച്ചിരുന്ന അരച്ചെടുത്ത ഇഞ്ചിയിൽനിന്ന് ഓരോ സ്പൂൺ ഇട്ട ശേഷം സോഡാ പൊട്ടിച്ചൊഴിച്ചു.
സ്പൂണും ചില്ല് ഗ്ലാസ്സും തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം കുറച്ചു നേരത്തേക്ക് അവിടെ മുഴങ്ങി. അരികിൽ സൂക്ഷിച്ചിരുന്ന തെർമോക്കോൾ പെട്ടിയിൽ നിന്ന് ഒരു ഐസ് കഷ്ണം എടുത്തു ചെറിയൊരു ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് പൊട്ടിച്ചു രണ്ടു ഗ്ലാസ്സുകളിലേക്കുമായി ഇട്ട ശേഷം അയാൾ അത് പുറത്തേക്ക് നീട്ടി. അപ്പോഴാണ് നിത്യയുടെ കൂടെയുള്ള ദിയയെ അയാൾ ശ്രദ്ധിച്ചത്.
"ശ്രീദേവി...." അയാളുടെ ചുണ്ടുകൾ സ്വയമറിയാതെ മന്ത്രിച്ചു. അപ്പോൾ അയാളുടെ കൈ ചെറുതായി വിറച്ചതും, നിറഞ്ഞ ഗ്ലാസ്സിൽ നിന്നും അല്പം സർബത്ത് നിലത്തു തൂവിപ്പോയതും ദിയ മാത്രം കണ്ടു.
"അമ്മയല്ല.... ഇത് ഞാനാ..... ദിയ....." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
"കുഞ്ഞെന്നു വന്നു....?"
"വരുന്ന വഴിയാണ് എന്റെ മാമാ.... വീട്ടിലേക്ക് പോവാണ്..." നിത്യയാണ് അയാൾക്ക് മറുപടി കൊടുത്തത്.
"ഉം..." വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി അയാൾ ചിരിച്ചു.
ഒഴിഞ്ഞ ഗ്ലാസുകൾ കടയുടെ മുൻപിലെ തട്ടിലേക്ക് വെച്ച ശേഷം ദിയ തന്റെ സ്ലിങ് ബാഗിൽ നിന്ന് നൂറു രൂപായെടുത്തു കുട്ടപ്പന്റെ കയ്യിൽ കൊടുത്തു. ബാക്കി കൊടുക്കാനൊരുങ്ങിയ അയാളോട് വേണ്ട എന്നു പറഞ്ഞ ശേഷം അവൾ മുൻപിൽ വെച്ചിരുന്ന ചില്ലു ഭരണികൾ ഒന്നിൽ നിന്ന് നാലഞ്ചു കപ്പലണ്ടി മിഠായികൾ എടുത്തു.
"പഴയ ശീലമൊന്നും മറന്നില്ല അല്ലേ കുട്ട്യേ... പുതിയ ബേക്കറികൾ കണ്ടിട്ടും എന്നേം എന്റെ കടയും ഒക്കെ ഓർത്തല്ലോ...." കുട്ടപ്പൻ ചിരിയോടെ ചോദിച്ചു.
"അങ്ങനെ മറക്കാൻ പറ്റുമോ മാമനെ. ഈ ദിയക്ക് എന്തോരം മിഠായികൾ തന്നിട്ടുണ്ട് ഈ കൈകൊണ്ട്... ഇപ്പോഴും പഴയ ഓർമ്മകൾ തന്നെ ഉള്ളിൽ...." ഒരു ചിരിയോടെ ദിയ അത് പറഞ്ഞപ്പോൾ കുട്ടപ്പനും നിഷ്കളങ്കമായി ചിരിച്ചു.
കപ്പലണ്ടി മിഠായി ചവച്ചരക്കുന്ന കൂടെ അവൾ വേറെന്തോ ഓർമ്മയുടെ അമർഷത്തിൽ അണപ്പല്ലുകൾ കടിച്ചമർത്തുന്നത് ആരും ശ്രദ്ധിച്ചില്ല.
"ഞാൻ ഇനിയും വരാം മാമാ..." ദിയ നടന്നു തുങ്ങിയിരുന്നു.
നടന്നകലുന്ന പെൺകുട്ടികളെ നോക്കി ഒരു നെടുവീർപ്പോടെ അയാൾ നിന്നപ്പോൾ അയാളുടെ മുഖത്തെ പുഞ്ചിരി മങ്ങി ഒരു ഭീതി പടർന്നു തുടങ്ങിയിരുന്നു.
"ആ നടപ്പിലും സംസാരത്തിലും എല്ലാം ശ്രീദേവി തന്നെ... അമ്മയെപ്പോൽ തന്നെയുള്ള മകൾ... അമ്മയുടെ നാളിൽ ജനിച്ച അവളുടെ വിധിയും ശ്രീദേവിയുടേത് പോലെ ആകുമോ ഭഗവാനേ....." അയാൾ സ്വയം പിറുപിറുത്തു.
★★★★★★★★★★
ദിയയും നിത്യയും ചെല്ലുമ്പോൾ മംഗലംവീട് എന്നു വലുതായി എഴുതിയ കൂറ്റൻ ഇരുമ്പ് ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. അരവിന്ദന്റെ ചുവന്ന സ്വിഫ്റ്റ് കാർ പുതിയതായി പണിത പോർച്ചിൽ കിടക്കുന്നത് കാണാമായിരുന്നു.
ചാരുകസേരയിൽ ഇരിക്കുന്ന അരവിന്ദന്റെ അടുത്ത് നിൽക്കുന്ന ശ്രീകല ചിറ്റമ്മയുടെ മുഖത്ത് നിറഞ്ഞുനിന്ന പരിഭവം ദൂരെനിന്നേ ശ്രദ്ധിച്ച ദിയ ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു...
"നിത്യേ... കാത് ശരിയാക്കി വെച്ചോളൂ... നമുക്കിന്നൊരു പൂരപ്പാട്ട് കേൾക്കാൻ വഴിയുണ്ടെന്നു തോന്നണൂ..."
"അശ്രീകരം.... എന്റെ ദിയമോളെ നാട് മുഴുവൻ ചുറ്റിച്ചൂ..." കുനിഞ്ഞു നിന്നു ചെരുപ്പിന്റെ ബക്കിൾ വിടുവിപ്പിക്കുന്ന നിത്യയുടെ തലയിൽ ഒരു കിഴുക്ക് കൊടുത്തുകൊണ്ട് ശ്രീകല പറഞ്ഞു.
പൊങ്ങി വന്ന പൊട്ടിച്ചിരി കീഴ്ച്ചുണ്ടു കൊണ്ടു കടിച്ചമർത്തിയ ദിയയെ നോക്കി നിത്യ കണ്ണുരുട്ടി.
"ഓഹ്.. വിട്ടുകള ചിറ്റമ്മേ... പാവം ഞാൻ..." ഒരു ചിരിയോടെ ദിയ ശ്രീകലയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
"മതി കിന്നാരം... രണ്ടും കണക്കാ.... വേഗം അമ്മൂമ്മയെ കണ്ടിട്ടു വാ... മുറിയിൽ ഉണ്ട്. പാവം ഇന്ന് തൊടിയിൽ നടന്നപ്പോൾ കാലൊന്നുളക്കി.. വേഗം വരണേ.... വല്ലതും കഴിച്ചിട്ട് പോയി വിശ്രമിച്ചിട്ടു കുളിച്ചാൽ മതി... എന്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ല എന്നു അറിയാം എനിക്ക്..." മാതൃസ്നേഹത്തോടെ ശ്രീകല പറഞ്ഞു.
"അത്രേ ഉള്ളേ.... വേഗം കഴിക്കാൻ എടുത്തോ...." അതും പറഞ്ഞു ദിയ അമ്മൂമ്മയുടെ മുറിയിലേക്ക് പോയി.
അവിടെ സുമതിയമ്മ ഉമ്മറത്തെ സംസാരമെല്ലാം ശ്രദ്ധിച്ചു കട്ടിലിൽ കാൽ നീട്ടി ഇരിക്കുവായിരുന്നു.
"അമ്മൂമ്മേ......" ദിയ അവരെ പുണർന്നു.
"ന്റെ ദിയ മോളേ... എന്റെ പൊന്ന് ശ്രീദേവിക്കുട്ടി.... നീ വന്നു ല്ലേ...." അവരുടെ കണ്ണുകൾ നിറഞ്ഞു.
ചുരുട്ടിപിടിച്ച കൈകളിൽ ഇരുന്നൊരു ചുവന്ന അരളിപ്പൂവ് അമ്മൂമ്മയുടെ കയ്യിലിരിക്കുന്നത് അപ്പോഴാണ് ദിയ കണ്ടത്. അവൾ ആ കൈപ്പത്തി വിടർത്തിയിട്ടു ചോദ്യഭാവത്തിൽ അമ്മൂമ്മയെ നോക്കി.
"നീയ് കഴിഞ്ഞ തവണ വന്നപ്പോൾ ശ്രീദേവിയുടെ കുഴിമാടത്തിൽ നട്ട അരളി പൂത്തു. ചുവന്ന അരളിയാണ്.." പൂവ് ദിയയുടെ കയ്യിൽ കൊടുത്തിട്ട് അമ്മൂമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു..
ദിയ ആ പൂവിൽ ചുംബിച്ചിട്ട് ജനാല വഴി തെക്കേത്തൊടിയിലേക്ക് നോക്കി. അവിടെ രക്തച്ചുവപ്പിലെ അരളിപ്പുഷ്പ്പങ്ങൾ നിറഞ്ഞ ചെറുതായി പന്തലിട്ട അരളിച്ചെടി അവളെ കണ്ടിട്ടെന്നപോൽ ചെറുകാറ്റിൽ തലയാട്ടി നിൽക്കുന്നുണ്ടായിരുന്നു.
(തുടരും....)


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot