
അനന്തുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ഇച്ചിരി സീരിയസാണവന്. ഐസിയു വിലേയ്ക്ക് മാറ്റിയിരിക്കുന്നു. ഈ വിവരം അശ്വതി കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞ ആ നിമിഷം തന്നെ അശോകൻ തന്റെ ബൈക്കിൽ ഹോസ്പിറ്റലിലേയ്ക്ക് പറന്നു. പണിക്കിടയിലാണ് അശ്വതിയുടെ കോൾ വന്നത്. അശോകൻ ആശാരി പണിക്കാരനാണ്...
ഹോസ്പ്പിറ്റലിന്റെ ഗേറ്റ് കടന്ന് അശോകന്റെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പാർക്കുചെയ്ത് ഐസിയുവിലേയ്ക്ക് അവൻ ഓടി. അശോകനെ കണ്ടതും അശ്വതി ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു
"അശോകേട്ടാ നമ്മുടെ മോൻ എനിക്കവനില്ലാതെ ഒരു നിമിഷംപോലും ജീവിക്കാനാകില്ല"...
വീട്ടിൽവച്ച് അനന്തുവിന് നിർത്തലില്ലാത്ത ഛർദ്ദിയാൽ ക്ഷീണിച്ചവശനായി കാണപ്പെട്ടതിനെ തുടർന്നാണ് അടുത്ത വീട്ടിലെ സേവ്യർ ചേട്ടന്റെ ഓട്ടോയിൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്. ഇവിടെ വന്നതും ഡോക്ടർ പരിശോധിച്ചു ട്രിപ്പിട്ട് കിടത്തിയപ്പോളും അനന്തു ഒന്നൂടെ ഛർദ്ധിച്ചു. പരിശോധനയിൽ വിഷാംശം ഉള്ളിൽ ചെന്നതാണ് ഛർദ്ധിലിന് കാരണമെന്ന് ഡോക്ടർക്ക് മനസ്സിലായി...
സമയം അന്നേരം ഉച്ചയോടടുത്തിരുന്നു. ഭക്ഷണത്തിൽ നിന്നുമുണ്ടായ വിഷാംശമാണ് കാരണമായത്. സീരിയസ്സായതിനാലാണ് ഐസിയു വിൽ കിടത്തിയിരുന്നത്. അശോകനും അശ്വതിയും ചിന്തയിലാണ്ടു. എന്തിലൂടെയാണ് അനന്തുവിന്റെയുള്ളിൽ വിഷം ചെന്നത്. അങ്ങനെയാണെങ്കിൽ ഞങ്ങൾക്കും ഇങ്ങനെ സംഭവിക്കേണ്ടതല്ലേ പക്ഷേ എങ്ങനെ അവനുമാത്രമത് സംഭവിച്ചു. ചിന്തിച്ചു കഴിഞ്ഞപ്പോൾ അവർ കഴിക്കാത്തതായിട്ട് ആ വീട്ടിൽ പലതുമുണ്ടായിരുന്നു...
തലേന്ന് വൈകുന്നേരം അങ്ങാടിയിൽ നിന്നും അശോകൻ അനന്തുവിനുവേണ്ടി മേടിച്ച അവനിഷ്ടമുള്ള ആപ്പിളും, മുന്തിരിയും, മാമ്പഴവും കൂടാതെ രാവിലെ പുട്ടിന്റെ കൂടെ കഴിക്കാൻവേണ്ടി ചെറുപഴവും. ശരിക്കും പറഞ്ഞാൽ ഇതിലൊന്നുപോലും ഞങ്ങൾ കഴിച്ചിരുന്നില്ലയെന്ന സത്യം അവരോർത്തു. കാരണം, അശോകൻ രാവിലെയെന്നും വീട്ടിൽ നിന്നും മധുരമിടാത്ത ഒരു ഗ്ലാസ്സ് ചായമാത്രം കുടിച്ചിട്ടാണ് പണിക്ക് പോകുന്നത്. പിന്നതുമല്ല ഷുഗറിന്റെ കുഴപ്പമുള്ളതുകൊണ്ട് മധുരം കഴിവതും ഒഴിവാക്കുമായിരുന്നു. എന്നാൽ അശ്വതി രാവിലെ കഴിച്ചത് പഴങ്കഞ്ഞിയും തൈരും തലേന്നത്തെ മീൻകറിയുമായിരുന്നു. പുട്ടുപ്പൊടിയും കടയിൽ നിന്നുമാണ് മേടിച്ചത് അല്ലാതെ വീട്ടിൽ പൊടിപ്പിച്ചതല്ലായിരുന്നു. അങ്ങനെയാണെങ്കിൽ ഏതിൽ നിന്നാണ് അനന്തുവിന് വിഷമേറ്റത് ?
അനന്തു ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. പക്ഷെ നമ്മൾ ഇന്നിവിടെ ചിന്തിക്കേണ്ട ഒരു വിഷയമിതാണ്. വിഷമയമില്ലാത്തതായ് ഇന്ന് മുലപ്പാല്മാത്രമേയുള്ളു എന്ന നഗ്നസത്യം. ഉയിരുറപ്പിച്ച് ഇന്ന് ഒന്നുംമേടിച്ച് കഴിക്കാൻ മേലാത്ത അവസ്ഥയാണ്. പച്ചക്കറികൾ വേണമെങ്കിൽ നമുക്ക് വീട്ടിൽ കൃഷി ചെയ്യാമെന്ന് വയ്ക്കാം. എന്നാലതുപോലെ എല്ലാം സ്വയമെ സൃഷ്ടിച്ചെടുക്കാൻ നമ്മൾക്ക് കഴിയില്ല. പലതിനും നമ്മൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിട്ട് വരുന്നു...
പച്ചക്കറിക്കാരൻ പച്ചക്കറിയിൽ മായംകാണിക്കുമ്പോൾ, അവൻ മേടിക്കുന്ന മീനിൽ മീൻ വിൽപ്പനക്കാരൻ മായം കാണിക്കുന്നു. ഇതേ പച്ചക്കറിക്കടയിൽ നിന്നുതന്നെ മീൻ വിൽപ്പനക്കാരനും പച്ചക്കറി മേടിച്ചു വേവിച്ചു കഴിക്കുന്നു. ഇവരിൽ ആർക്കാണ് ലാഭമുണ്ടായത്? അരിയിൽ മായം, എണ്ണയിൽ മായം, മുട്ടയിൽവരെ മായമുള്ള കാലമാണിന്ന്. ചൈനക്കാരെകൊണ്ട് പൊറുതിമുട്ടിയതുപോലെയാണ്. ഇവരൊക്കെ ഇങ്ങനെ മായം കലർത്തിവിറ്റ് സമ്പാദിക്കുന്നത് ഇവർക്കുതന്നെ വിനയായി തീരുകയല്ലേ ചെയ്യുന്നത്...
സ്നേഹത്തിൽ, സൗഹൃദങ്ങളിൽ, കുടുംബ ബന്ധങ്ങളിലെങ്കിലും മായം കലരാതിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണ്....
( ഒരു ചെറിയ ചിന്ത)
...........................✒മനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക