Slider

ദൈവത്തിന്റെ പ്രതിരൂപങ്ങൾ:

0
ദൈവത്തിന്റെ പ്രതിരൂപങ്ങൾ:
--------------------------------------------------
" ആ.. അയ്യന്തോൾ കളക്ടറേറ്റ്, കോടതിപ്പടി ഇറങ്ങാനുള്ളോരൊക്കെ വേഗം എറങ്ങീക്കോട്ടാ " .
ബസ്സിൽ നിന്നും കിളിയുടെ (കണ്ടക്ടറുടെ സഹായി ) ഉച്ചത്തിലുള്ള വിളിച്ചു കൂവൽ .
ചിന്തകളിൽ നിന്നു ഞെട്ടിയുണർ ന്ന് അവൻ തിരക്കിട്ട് പിൻവാതിലിലൂടെ പുറത്തേക്കിറങ്ങി.
കോടതിപ്പടി.
ഇവിടെ എപ്പോഴും തിരക്കും ബഹളവും തന്നെ..
പ്രവേശന കവാടത്തിനു ചുറ്റും ഉയരത്തിൽ പടർന്നു പന്തലിട്ട് നിൽക്കുന്ന വാക മരങ്ങൾ.
അവ താഴെ വലിയ വട്ടത്തിൽ തണൽ വിരിച്ചു ചൂടിന്റെ കാഠിന്യം അല്പം കുറച്ചിരിക്കുന്നു. ഇലകളിൽ തട്ടി ചുറ്റിക്കറങ്ങി ചെറിയ ശബ്ദത്തിൽ വീശിയ കാറ്റ് സുഖകരമായ കുളിർമ്മ പകരുന്നു
പരിസരത്തുള്ള ചെറിയ കടക്കാർക്കും , ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും പൊരി വെയിലിൽ നിന്നും ചെറിയൊരാശ്വാസം.
രണ്ട് വശത്തേക്കും നോക്കി അവൻ റോഡ് മുറിച്ചു എതിർവശത്തേക്കു കടന്നു.
പിന്നെ, കിഴക്കോട്ടു പോകുന്ന വഴിയിലൂടെ നടന്നു.
അത്യാവശ്യം വീതിയുള്ള ടാറിട്ട വഴിയാണ്.
വശങ്ങളിലായി നിൽക്കുന്ന വൃക്ഷങ്ങളുടെ തലപ്പിലൂടെ ഊർന്നിറങ്ങുന്ന സൂര്യ രശ്മികൾ വഴിയിൽ പല രൂപങ്ങൾ വരച്ചിട്ടതും നോക്കി നടന്നു.
ഇടയ്ക്കിടയ്ക്ക് കാറുകൾ രണ്ട് ദിശയിലും പോയിക്കൊണ്ടിരുന്നു .
കോടതിക്കടുത്തു തന്നെയുള്ള പ്രശസ്തമായ കോളനി യാണിത് . മതിൽ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്ന വലിയ വീടുകളിൽ ,ഉടമസ്ഥരും വാടകക്കാരും ഏറിയകൂറും വക്കീലന്മാർ തന്നെ.
ചെറിയൊരു വളവു കഴിഞ്ഞ ഉടനെ ഇടതു ഭാഗത്തെ മതിലിലെ ബോർഡിൽ കണ്ണുകൾ പതിഞ്ഞു . വലിയ അക്ഷരങ്ങളിൽ പേര് എഴുതി വെച്ചിട്ടുണ്ട് .
സ്ഥലത്തെ ഏറ്റവും പ്രഗത്ഭനായ ക്രിമിനൽ അഡ്വക്കേറ്റ്.
ഗേറ്റിനകത്തും പുറത്തുമായി അഞ്ചെട്ടു കാറുകൾ. അകലെ നിന്നും വരുന്ന കക്ഷികളുടേതാകും.
ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ മുഴുവൻ ആൾക്കാരുണ്ട്. അതിലും കൂടുതൽ ആളുകൾ മുറ്റത്തും, തെങ്ങിനടുത്തും മതിലിൽ ചാരിയും ഒക്കെ തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നു.
അവൻ ഒന്ന് മടിച്ചു.
പിന്നെ നേരെ വരാന്തയിലേക്ക് കേറി , ഉള്ളിലേക്ക് കണ്ണോടിച്ചു.
ജൂനിയർ വക്കീലന്മാരും, ഗുമസ്തന്മാരും എല്ലാം നല്ല തിരക്കിലാണ്.
താടി യുള്ള , വിടർന്ന ചിരിയുള്ള ഒരു മുഖം. അതാണ് അവന്റെകണ്ണുകൾ തിരയുന്നത്.
പ്രധാന ഗുമസ്തൻ - "ദാമോദരേട്ടൻ".
പെട്ടെന്ന് വാതിലിൽ ആ മുഖം.
“ആ , ഇതാരാ. അവിടെ ഇരിക്കൂ ട്ടോ. ഞാൻ ഒന്ന് നോക്കട്ടെ"
അവൻ തല കുലുക്കി. ചുറ്റും ഒന്ന് നോക്കി. തിണ്ണയിൽ ഒരു മൂലയിൽ അല്പം സ്ഥലം ഉണ്ട്. അവിടെ ചെന്നിരുന്നു.
ചുറ്റുമുള്ള കണ്ണുകൾ ചോദ്യഭാവത്തോടെ തന്നിൽ പതിയു ന്നത് അറിയാത്ത ഭാവത്തിൽ ഇരുന്നു.
രണ്ട് മിനിട്ടു കഴിഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന ആൾ മുരടനക്കി.
" എന്താ കേസ് ?"
ചോദ്യത്തിലെ അർത്ഥം മനസ്സിലായി . ഇത്ര ചെറുപ്പത്തിൽ എന്തൊ പ്പിച്ചിട്ടാണ് ഇങ്ങോട്ടെത്തിയിരിക്കുന്നത് എന്നാണ് .
"അത് . അത്. ഒരു കാര്യം ആളോട് സംശയം ചോയ്ക്കാൻ വന്നതാ " , ഒന്ന് ചിരിച്ചെന്നു വരുത്തി . മുറ്റത്തേക്ക് കണ്ണോടിച്ചു.
അവിടെ നിന്നും പലരും നോക്കുന്നുണ്ട്. അവരെ കടന്നു നേരെ കേറി വന്നു വരാന്തയിൽ കേറിയിരുന്നത് കൊണ്ടാവും.
മുറ്റത്തിറങ്ങി മതിലിനടുത്തെങ്ങാനും പോയി നിന്നാലോ ?
എണീക്കാൻ തുടങ്ങുമ്പോൾ, ദാമോദരേട്ടൻ വീണ്ടും വാതിലിൽ.
ഒരു കക്ഷി അദ്ദേഹത്തിന്റെ ഒപ്പം പുറത്തിറങ്ങി വന്നു.
" വരൂ കേട്ടോ . സോറി ഇന്ന് വല്ലാത്ത തിരക്കാണ്. അകത്തേക്കിരിക്കാൻ പറഞ്ഞു"
"ല്യ . ഞാൻ വെയിറ്റ് ചെയ്യാം. ഇത്രേം ആള്ക്കാര് കാത്തിരിക്കുമ്പോ .കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ങ്ങനെ തിരക്കില്ലായിരുന്നു"..
അവൻ പരുങ്ങി നിന്നു.
" ഹ , നല്ല കഥ ,. എന്നെ വെറുതെ ചീത്ത കേൾപ്പിക്കല്ലേ .. വരൂ" .
അവൻ അകത്തു കടന്നു.
ഓഫീസിനകത്തു കഴിഞ്ഞ തവണ കണ്ടതിൽ നിന്ന് വ്യത്യാസമൊന്നുമില്ല.മുറിയുടെ നാല് വശങ്ങളിലും ലൈബ്രറിയിലെന്ന പോലെ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളുടെ വലിയ വാള്യങ്ങൾ. തിരക്കിട്ടൊന്നൊന്നു തലയുയർത്തി ആഗതനെ നോക്കി , പിന്നെ തങ്ങളുടെ പണികളിൽ വ്യാപൃതരാകുന്ന വക്കീലന്മാരും സഹായികളും.
ഈ തടിയൻ പുസ്തകങ്ങൾ എന്നും അത്ഭുതമാണ്. ഇതിലെ നിയമ വശങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയെടുക്കാൻ ഒരു മനുഷ്യായുസ്സു മതിയാകുമോ ? ഈ ഗ്രന്ഥങ്ങൾ അപ്പാടെ ഒരു ഇൻഫർമേഷൻ സിസ്റ്റത്തിൽ കയറ്റി , ഒരു സെർച്ചിങ് ഇന്റർഫേസ് ഉണ്ടാക്കിയാൽ ഒരു പക്ഷെ ഇവരുടെ ജോലി കുറെ എളുപ്പമായേനെ എന്ന് തോന്നി.
പെട്ടെന്ന് അകത്തു നിന്ന് ബെല്ലിന്റെ ശബ്ദം.
ദാമോദരേട്ടൻ കണ്ണ് കൊണ്ട് സൂചന തന്നപ്പോൾ അകത്തേക്ക് കടന്നു.
" ആ , വര്വാ ..വര്വാ.. എന്തൊക്കെയുണ്ട് വിശേഷം.? .പഠിത്തം ഒക്കെ നന്നായി പോണില്ലേ ?"
" ണ്ട്, നന്നായി പോണുണ്ട്.. "
" ഇതിപ്പോ മൂന്നാം വര്ഷം ല്ലേ ?'
" അതെ"
" നന്നായി ശ്രമിക്കണം ട്ടോ , പറേണ്ട ആവശ്യം ല്ലാന്നറിയാം . കമ്പ്യൂട്ടർ അല്ലെ .. പുതിയ വിഷയങ്ങളാവുമ്പോ നന്നായി ശ്രമിക്കണം.. ഒന്നിനും ഒരു കുറവും ണ്ടാവില്ല്യാ ന്ന് ഞാൻ പറഞ്ഞിട്ട്ണ്ടല്ലോ "
" ണ്ട് ".
" ഇപ്പൊ എത്രാ വേണ്ടേ . മടിക്കണ്ടാ ..പറഞ്ഞോളു"
" ഒരു ആയിരം .. സ്കോളർഷിപ്പ് തുക തീർന്നോണ്ടാ".
" ആയിക്കോട്ടെ.. അത്രേം മത്യോ കുട്ടീ ?
" അയ്യോ .. അത് ധാരാളം മതി".
അദ്ദേഹം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകളെടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു.
അവനതു ആദരവോടെ വാങ്ങി.
" ഇതിനൊക്കെ ..."
" നോ നോ ..വേണ്ടാ. ങ്ങനെ പറയണ്ടാ.. ഈശ്വരന്റെ കൃപോണ്ട് നിക്ക് പ്പോ ആവശ്യത്തിനുള്ളത് കിട്ട ണ്ണ്ട്. അതിലൊരു ചെറ്യേ പങ്കു നിങ്ങളെ പ്പോലെ മിടുക്കന്മാർക്ക് തരേണ്ട കടമ ണ്ടെ..അത്രേ കരുതണള്ളൂ ... കേട്ടോ.. പിന്നെ വർഷത്തിൽ ഒരിക്കൽ ആക്കണ്ട വരവ് ... ഞാൻ മുൻപ് പറഞ്ഞതല്ലേ ...എപ്പളായാലും ആവശ്യം ള്ളപ്പോ വരാൻ മടിക്കേണ്ട.. പിന്നെ ആരോടും പറഞ്ഞിട്ടില്ല്യാലോ . " "
" അയ്യോ . ല്യ. വാക്ക് പറഞ്ഞിട്ട്ണ്ടല്ലോ , തെറ്റിക്കില്ല്യ "
" അതെ .. നമ്മൾ മാത്രം അറിഞ്ഞാ മതി.. . നാലാം വര്ഷം കഴിഞ്ഞാൽ എം.ടെക് ന് പോണം. അതെവിടായാലും പ്രശ്നല്ല്യ "
" അയ്യോ .. എങ്ങനേലും ബി ടെക് കഴിഞ്ഞാൽ ഒരു ജോലി ..അതാണത്യാവശ്യം.. വീട്ടിൽ ...."
" ആ ..ന്നാ അങ്ങനെ .. നന്നായി വരും "
" എന്നാ ഞാൻ ", അവന്റെ കണ്ണുകൾ നിറഞ്ഞു.
തടിച്ച കണ്ണടക്കുള്ളിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കി അദ്ദേഹം അവന്റെ ചുമലിൽ തട്ടി.
ആ കണ്ണുകളിലെ വാത്സല്യത്തിന്റെ തിളക്കം അവന്റെ മനസ്സിൽ തട്ടി .
"ഈശ്വരാ , തന്റെ ആരുമല്ലാത്ത ഈ വലിയ മനുഷ്യസ്നേഹി ... ശരിക്കും ഇദ്ദേഹം തനിക്കാരാണ് ? "
പെട്ടെന്ന് അവനാ കരം ഗ്രഹിച്ചു തന്റെ തലയിൽ വെച്ചു.
" പോയി നന്നായി വരൂ കുട്ടീ "..
ഒരു മാത്ര നിന്ന ശേഷം അദ്ദേഹം മൊഴിഞ്ഞു.
അവൻ തിരിഞ്ഞു നടന്നു.
ദാമോദരേട്ടൻ സീറ്റിൽ ഇരുന്നു ചിരിച്ചു കാണിച്ചു.
" എല്ലാം ഓക്കെ അല്ലെ ? വീട്ടിൽ വിശേഷിച്ചൊന്നും ഇല്ല്യാലോ "
" ഇല്ല്യ.. ന്നാ ഞാൻ "
സമ്മിശ്ര വികാരങ്ങളോടെ അവൻ പുറത്തു കടന്നു.
വരാന്തയിലും പുറത്തും അകത്തേക്ക് നോക്കിയിരിക്കുന്ന അനേകം മിഴികൾ അവനെ ചൂഴ്ന്നു നോക്കുന്നത് അവനിപ്പോൾ അറിഞ്ഞില്ല .
യാന്ത്രികമായി പടികളിറങ്ങി, ഗേറ്റ് കടന്നു വഴിയിൽ കൂടെ തിരിച്ചു നടക്കുമ്പോൾ അവന്റെ മനസ്സ് നിർവചിക്കാനാവാത്ത ഒരായിരം വികാരങ്ങൾക്കടിപ്പെട്ടിരുന്നു.
നന്മ ഹൃദയത്തിലേറ്റിയ ദൈവത്തിന്റെ പ്രതിരൂപം !!!
ഇദ്ദേഹത്തെപ്പോലെ കുറച്ചു പേരുള്ളത് കൊണ്ടല്ലേ ഈ ലോകത്തു ഇനിയും നന്മയും പ്രകാശവും നില നിൽക്കുന്നത് ?
മറ്റാരുമറിയാതെ തന്നെപ്പോലെ അനേകം കുട്ടികൾക്ക് സഹായ ഹസ്തമേകുന്ന അദ്ദേഹത്തെ എന്ത് പറഞ്ഞാണ് പ്രകീർത്തിക്കേണ്ടത്?
ഏതു പുഷ്പങ്ങൾ ഏതു മന്ത്രോച്ചാരണങ്ങളോടെയാണ് ആ പാദങ്ങളിൽ അർപ്പിക്കേണ്ടത് ?
സർവേശ്വരൻ അദ്ദേഹത്തിനും കുടുംബത്തിനും എന്നും ഐശ്യര്യവും ദീർഘായുസ്സും നൽകട്ടെ !
ചിന്തകളിൽ മുഴുകി അവൻ മുന്നോട്ടു തന്നെ നടന്നു..
നന്മ ഹൃദയത്തിലേറ്റിയ ഒരു വലിയ മനുഷ്യന്റെ പിൻബലത്തോടെ …നല്ലൊരു ഭാവിയിലേക്കുള്ള പ്രതീക്ഷാ നിർഭരമായ നടത്തം !!!
*** ശുഭം***
രാജീവ് പഴുവിൽ,
Jan-12-2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo