Slider

പ്രണയവർണങ്ങൾ

0
Image may contain: 1 person, smiling

“ഠോ…..”
അവിനാശ് ഞെട്ടി തിരിഞ്ഞു നോക്കി..
‘ശോഭിത… ‘
‘ഓഹോ അപ്പൊ എന്നെ മറന്നിട്ടില്ല.. ‘
‘നീയെവിടെയായിരുന്നു. എത്ര മാത്രം അന്വേഷിച്ചു. എത്ര കത്തുകളയച്ചു. ഒന്നിനും മറുപടിയില്ല.’
‘ഒരുപാടുണ്ട് മാഷേ പറയാൻ. ഒരിക്കൽ പറയാം. ഇപ്പൊ പൊക്കോ.. അടുത്തയാഴ്ച അല്ലെ കല്യാണം.’
‘നിനക്കിതൊക്കെ എങ്ങനെ അറിയാം. അറിയാമെങ്കിൽ നേരത്തെ എന്തേ വന്നില്ല. നിന്നെ അന്വേഷിച്ചു ഞാൻ എത്ര മാത്രം അലഞ്ഞു. ഇപ്പോഴും വൈകിയിട്ടില്ല. ഞാൻ അവളെ വിളിച്ച് പറഞ്ഞോളാം.. അവർക്കെല്ലാം അറിയാമെടാ. എനിക് നീയല്ലാതെ പറ്റില്ലെന്ന്.’
‘ആരുപറഞ്ഞു വൈകിയില്ലാന്നു. ഒരുപാട് വൈകി. എനിക്ക് നിൻറെ കൂടെ ഇനി വരാൻ പറ്റില്ല. എന്റെയും വിവാഹം ഉറപ്പിച്ചു. അയാൾക്ക്‌ ഒന്നുമറിയില്ല. എനിക് ചതിക്കാൻ പറ്റില്ല. ഒക്കെ ഞാൻ പിന്നെ പറയാം . നീയിപ്പോ പോകൂ. ബസ് വിടാറായി.’
‘ഞാൻ അവനോട് പറഞ്ഞോളാടാ. എന്റെ കൂടെ വാ.. ‘
“ഇല്ലെന്നല്ലേ പറഞ്ഞതു.!”
അവളുടെ കണ്ണിലെ തീക്ഷ്ണത കണ്ടു പിന്നെ അവനൊന്നും പറയാൻ തോന്നിയില്ല. അവൻ മനസ്സില്ലാമാനസോടെ ബസ്സിൽ കയറി.
ബസ് നീങ്ങിത്തുടങ്ങി. അവൻ തിരിഞ്ഞു നോക്കി. അവൾ അവിടെ തന്നെയുണ്ട്. അവൾ ബാംഗ്ലൂർ സിറ്റിയിൽ ഈ രാത്രി. ഒറ്റക്ക്.. എങ്ങനെ… ഒന്നും ചോദിച്ചില്ല. ഫോൺ നമ്പർ പോലും. വോൾവോയിലെ ഏസിയുടെ നനുത്ത കുളിരിൽ അവനോർത്തു.. അവനെപ്പറ്റി….. അല്ല അവളെപ്പറ്റി… അല്ല അവരെപ്പറ്റി…
***************
അച്ഛൻ പട്ടാളത്തിലായിരുന്നതുകൊണ്ട് മിലിട്ടറി സ്കൂളിലായിരുന്നു അവന്റെ പഠനം. മിക്ക കൂട്ടുകാരും ദക്ഷിണേന്ത്യക്കാരായിരുന്നു. അതേ സ്കൂളിൽ കഴിഞ്ഞ വർഷം മുതൽ പഠിക്കുന്നു.
ഒൻപതാം ക്ലാസ് തുടങ്ങിയ സമയം. ക്ലാസ്സിൽ പുതിയ ഒരു പെണ്കുട്ടി വന്നു. മിലിട്ടറി സ്കൂൾ ആയതു കൊണ്ട് ഒരുക്കങ്ങളൊന്നും പറ്റില്ല. പക്ഷെ നെറ്റിയിൽ ഒരു ചന്ദനക്കുറി ഉണ്ടായിരുന്നു. മലയാളിയാണെന്നു അതു കണ്ടപ്പോഴേ മനസ്സിലായി. നല്ല ഐശ്വര്യമുള്ള മുഖം. ഒരു മലയാളിയെകൂട്ടിനു കിട്ടിയല്ലോ. പെട്ടെന്ന് തന്നെ അവർ നല്ല ചങ്ങാത്തത്തിലായി. അവരു മുഖാന്തരം വീട്ടുകാരും.
മിക്ക അവധി ദിവസങ്ങളിലും രണ്ടു കുടുംബങ്ങളും ഒന്നിച്ചു കൂടും. അങ്ങനെ പത്താം ക്ലാസ്സുവരെ അവർ ഒരേ ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചു. അടുത്ത വർഷം അവിനാശിന്റെ അച്ഛന് സ്ഥലംമാറ്റമായി.
ആ അകൽച്ചയിലൂടെ അവർക്കു മനസ്സിലായി എന്തോ ഒന്ന് അവരുടെ ഉള്ളിൽ എരിയുന്നുണ്ടെന്നു. കത്തുകളിലൂടെ അവർ വീണ്ടും അടുത്തു. രണ്ടു വർഷത്തിന് ശേഷം നാട്ടിൽ അവധിക്കുപോയപ്പോൾ അവിനാശും കുടുംബവും ശോഭിതയുടെ വീട്ടിൽ പോയി. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കണ്ടപ്പോൾ ഒന്നും പറയാനാകാതെ രണ്ടുപേരും കണ്ണുനീർ പൊഴിച്ചു.
അവരുടെ നിൽപ് കണ്ട അവിനാശിന്റെ അച്ഛൻ ശോഭിതയുടെ അച്ഛനോടായി പറഞ്ഞു.
‘അല്ലടോ കല്യാണപ്രായമാകുമ്പോൾ നമുക്കിവരെയങ്ങ് കെട്ടിച്ചാലോ.. ‘
‘ഞാനും അത് ആലോചിക്കാതിരുന്നില്ല’
ശോഭിത നാണത്തോടെ അകത്തേക്ക് പോയി.
‘പക്ഷെ പഠിക്കേണ്ട സമയത്ത്‌ നല്ലതുപോലെ പഠിക്കണം.’
അവിനാശ് സമ്മതഭാവത്തോടെ തലയാട്ടി.
രണ്ടുപേരെയും ഹൈദരാബാദിൽ കോളജിൽ ചേർത്തു. ശോഭിതയെ നഴ്സിങ്ങിനും അവിനാശിനെ എന്ജിനീയറിങ്ങിനും. മിക്ക ദിവസവും അവർ തമ്മിൽ കാണും. പക്ഷെ തെറ്റായരീതിയിൽ ഒരിക്കലും പെരുമാറിയില്ല.
അങ്ങനെ ശോഭിത ബോണ്ട് ചെയ്തു കൊണ്ടിരുന്ന സമയം. അവിനാശ് ഫൈനലിയർ പരീക്ഷ കഴിഞ്ഞു നാട്ടിൽ പോയി. ഒരു ദിവസം ശോഭിതയുടെ അച്ഛനും അമ്മയും അവിനാശിന്റെ വീട്ടിൽ വന്നു. വൈകിട്ട് രണ്ടച്ചന്മാരും മദ്യപാനസഭ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒന്നും രണ്ടും പറഞ്ഞു വഴക്കായി. വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തി. രാത്രി തന്നെ അവർ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കി ഇറങ്ങി.
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ശോഭിതയുടെ അച്ഛൻ ഹൈദ്രാബാദിന് തിരിച്ചു. അതിനുമുന്നേ അവിനാശ് എല്ലാം ശോഭിതയോട് ഫോണിൽ പറഞ്ഞിരുന്നു. അവിടെയെത്തിയ അയാൾ ശോഭിതയെ കയ്യോടെ വീട്ടിൽ കൊണ്ടുപോയി.
അവിനാശ് അതിനു ശേഷം അവളോട് സംസാരിക്കാൻ ശ്രമിച്ചു. എല്ലാം അവളുടെ അച്ഛൻ തട്ടി കളഞ്ഞു. ഫോൺ പോലും പിടിച്ചു വച്ചു. എഴുതുന്ന കത്തൊക്കെയും കണ്ടുപിടിച്ച് നശിപ്പിച്ചു. അവൾക്കു വരുന്ന കത്തുകളും അയാൾ നശിപ്പിച്ചു.
ശോഭിതയുടെ വീട്ടിലേക്കു ചെന്ന അവിനാശിന് അവർ വീട് മാറി പോയി എന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചു ഒരു വിവരവും കിട്ടിയില്ല. പിന്നെ ഇന്നാണ് അവളെ കാണുന്നത്.
******************
നാട്ടിൽ ചെന്നിട്ട് അവൻ ആദ്യം പോയത് പ്രതിശ്രുത വധുവായ അഞ്ജലിയുടെ അടുത്തേക്കാണ്. ശോഭിതയെ കണ്ട കാര്യവും സംസാരിച്ച കാര്യവും വിശദമായി അവളോട് പറഞ്ഞു. അഞ്ജലിയുടെ കണ്ണുകളിൽ ഒരു നടുക്കം ഉണ്ടായി.
‘ചേട്ടാ… ഇനി നമ്മുടെ കല്യാണം കഴിഞ്ഞിട്ടു ശോഭിത ചേച്ചി വന്നാലും ഞാൻ മാറി തരേണ്ടി വരുമായിരിക്കും അല്ലെ… ‘ അവൾ കരഞ്ഞു കൊണ്ട് വീട്ടിലേക്കു കയറിപ്പോയി..
കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. അവിനാശിന് എപ്പോഴും ശോഭിതയെ പറ്റി മാത്രമായിരുന്നു ചിന്ത.
അങ്ങനെ കല്യാണ ദിവസമെത്തി. മംഗളമായിത്തന്നെ വിവാഹം നടന്നു. വിവാഹശേഷമാണ് അവിനാശ് ഒരതിഥിയെ ശ്രദ്ധിക്കുന്നത്. ശോഭിതയുടെ അമ്മ.
‘ആന്റി.. ശോഭിതയെവിടെ..’
അവൻ ചുറ്റും നോക്കി. അവർ കരയാൻ തുടങ്ങി. എന്നിട്ട് അവിടം വിട്ടു പോയി.
വിവാഹ രാത്രി….
അഞ്ജലി മണിയറയിൽ പ്രവേശിച്ചു. അവിനാശ് എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ ഒരു ഡയറി അവനെ ഏല്പിച്ചു.
അവൻ അത് തുറന്നു നോക്കി. ശോഭിതയുടെ ഫോട്ടോ
“എന്റെ അവിനാശിന്,
എടാ… നിന്നോട് ഒന്നു മിണ്ടാൻ ഒരുപാട് ശ്രമിച്ചു. എല്ലാ വഴികളും അച്ഛൻ അടച്ചു. പിന്നെ ആലോചിച്ചു ഇനി ഞാനിത്രേം സ്നേഹിക്കുന്ന എന്റെ അച്ഛന് എന്റെ കണ്ണീരിനെക്കാൾ വലുതാണ് സ്വന്തം വാശിയെങ്കിൽ അതു നടക്കട്ടെ. ഞാൻ തമിഴ്നാട്ടിൽ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട കുട്ടിയാ ഈ അഞ്ജലി. അവിടെ നഴ്സിങ് പഠിക്കുകയായിരുന്നു ഇവൾ. ഞങ്ങൾ നല്ല കൂട്ടായി. നല്ല കുട്ടിയാടാ. പാവമാണ്. അവളെ വിഷമിപ്പിക്കരുത്. സ്നേഹിക്കണം എന്നെപോലെ… നീയത് വായിക്കുമ്പോൾ ഞാനീലോകത്ത് ഉണ്ടാകില്ല. നീയെന്നോട് ക്ഷമിക്കണം.
നിന്റെ സ്വന്തം
ശോഭിത”
അവൻ അമ്പരപ്പോടെ അഞ്ജലിയെ നോക്കി. അവൾ പറഞ്ഞു തുടങ്ങി
‘ഞാനും ചേച്ചിയും നല്ല കൂട്ടായിരുന്നു. ചേച്ചീടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം ഈ ഡയറി തന്നിട്ട് പറഞ്ഞു. ‘ഇത് നീ സൂക്ഷിച്ചു വെക്കണം ഇതു തുറന്നു നോക്കാൻ ഒരു സാഹചര്യം ഉണ്ടാകും. അപ്പോൾ മാത്രമേ ഇത് നോക്കാവൂ..’ ആദ്യം എനിക്കൊന്നും മനസിലായില്ല. പിറ്റേ ദിവസം ചേച്ചീടെ മരണവാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ പെട്ടെന്ന് ഈ ഡയറി എടുത്തു. അതിൽ ഒരു എഴുത്തും ഉണ്ടായിരുന്നു. ഇതാ’
അവൻ അത് നിവർത്തി നോക്കി.
“പ്രിയപ്പെട്ട അഞ്ജലി..
ഞാൻ പറഞ്ഞത് വച്ച് അവിനാശിന്റെപ്പറ്റി എല്ലാം നിനക്കറിയാം. എന്തൊക്കെ വന്നാലും ഞാൻ മറ്റൊരാളുടെ മുന്നിൽ കഴുത്തുനീട്ടി കൊടുക്കില്ല. വാശിയുള്ള അച്ഛന്റെ വാശിയുള്ള മോളാണ് ഞാനും. അതുകൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ടും ഈ കല്യാണത്തിന് സമ്മതിച്ചത്. ഇനി അച്ഛൻ കാണട്ടെ ഈ മോളുടെ വാശി. ഇപ്പൊ എനിക്ക് നിന്നോട് പറയാനുള്ളത് ഞാൻ പോയി കഴിഞ്ഞു നീ അവിനാശിനെ വിവാഹം കഴിക്കണം. ഏതെങ്കിലും ലോകത്തിരുന്നു ഞാൻ അതു കണ്ടോളാം. അവന്റെ വിലാസം ഞാൻ ഇതിൽ വെക്കുന്നു. നിങ്ങളുടെ കല്യാണത്തിനു ശേഷമേ അവനോട് എല്ലാം പറയാവൂ. അല്ലേൽ അവൻ സമ്മതിക്കില്ല. എനിക്കറിയില്ലേ അവനെ. മോളെ ഇതെന്റെ അവസാനത്തെ ആഗ്രഹമാണ്.. നിന്നെ കൊണ്ടു മാത്രമേ ഇതിനു കഴിയു.
പ്രതീക്ഷയോടെ
നിന്റെ ശോഭിയേച്ചി”
അഞ്ജലി തുടർന്നു..
‘ഇതെന്റെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ സപ്പോർട്ട് ചെയ്തു. അങ്ങനെ ഞങ്ങൾ കണ്ടെത്തിയ ബ്രോക്കർ വഴി ഈ ആലോചന എത്തിയതും ഒരുപാട് തടസങ്ങൾ ഉണ്ടായിട്ടും നടത്തിയതും . പക്ഷെ അന്ന് ചേട്ടൻ ശോഭിയേച്ചിയെ കണ്ടത് ഇനിക്കിപ്പോളും മനസ്സിലാകുന്നില്ല.ചേച്ചിയുടെ മരണ ശേഷം ചേച്ചിയുടെ അച്ഛൻ അധികകാലം ജീവിച്ചിരുന്നില്ല. ഒരു മാസത്തിനകം കുറ്റബോധത്താൽ നീറി അദ്ദേഹവും വിട പറഞ്ഞു. ഇപ്പൊ അമ്മ മാത്രമേയുള്ളു. ഞാനാ അമ്മയെ വിവാഹത്തിന് ക്ഷണിച്ചത്.‘
അവിനാശ് ഒന്നും മനസ്സിലാകാതെ ഒരു ശിലപോലെ ജനലിന്റെ അടുത്തേക്ക് നീങ്ങി. അവൻ അവിടെ കണ്ടു അവളെ ഗേറ്റിൽ അവനെ നോക്കി കൈ വീശുന്നു. അവസാന ആഗ്രഹം സാധിച്ച ചാരിതാർത്ഥ്യതോടെ…
******************
കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.. ഇപ്പൊ അവിനാഷും അഞ്ജലിയും അച്ഛനും അമ്മയുമായി.. ശോഭിത പുനർജനിച്ചു അവരുടെ മകളായി… കൂടെ പ്രശോഭ്എന്ന ഒരു കുഞ്ഞാങ്ങളയും… ശോഭിതയുടെ അനുഗ്രഹമെന്നോണം സന്തോഷപൂര്ണമായി ആ ദാമ്പത്യം മുന്നോട്ടുപോകുന്നു….
****************
ദീപാ ഷാജൻ

Unni Madhavan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo