.................. അമ്മയുടെ സമ്മാനം .................
തന്റെ പിന്നിൽ, തനിക്കും കുടുംബത്തിനും തണലായി ഈശ്വരൻ തന്ന എല്ലാ സൗകര്യങ്ങളുമുള്ള ഈ കൊച്ചുവീടു കാണുമ്പോൾ ടോണി കുരിശിങ്കലെന്ന ചെറുപ്പക്കാരന് സ്വന്തം മാതാവിന്റെ വേർപാട് തനിക്കുതന്ന ഈ സമ്മാനത്തെക്കുറിച്ച് ചിന്തിക്കാനും, ഓർക്കാനും കാരണമാകുന്നു. കാരണമതൊരു കഥയാണ്. ആരുടെയും ജീവിതത്തിൽ നടക്കാവുന്ന കഥ....
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയ ടോണിയുടെ അപ്പന്റെ വേർപ്പാട് അവന്റെ മുന്നോട്ടുള്ള പഠിത്തത്തെവരെ ബാധിച്ചിരുന്നു. പത്തിൽ കഷ്ടിച്ചു ജയിച്ച ടോണിയെ ഒരു സെക്കൻഡ് ക്ലാസ്സുണ്ടായിരുന്നെങ്കിൽ തുടർന്ന് കോളേജിൽവിട്ടു പഠിപ്പിക്കാമായിരുന്നു എന്നുപറഞ്ഞ നല്ലവരായ നാട്ടുകാരുണ്ടായിരുന്നു. പക്ഷേ കുടുംബത്തിൽ അപ്രതീക്ഷിതമായി കടന്നു കൂടിയ ദാരിദ്രവും, പട്ടിണിയും ടോണിയെ പഠിക്കാനനുവദിച്ചില്ല...
വീട്ടിൽ അമ്മയും, അപ്പന്റെ കല്യാണം കഴിക്കാത്ത പെങ്ങളും, രണ്ടു പെങ്ങൻമാരുമടങ്ങുന്നതായിരുന്നു അവന്റെ കുടുംബം. മൂത്തപെങ്ങൾ ലാബ് ടെക്നീഷ്യൻ കോഴ്സും, രണ്ടാമത്തെ പെങ്ങൾ മിഡ് വൈഫറിയും പഠിക്കുന്നു. സർക്കാർ ജോലിയുണ്ടായിരുന്ന അപ്പന്റെ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. അതാണിപ്പോൾ നിലച്ചു പോയിരിക്കുന്നത്...
സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിലിപ്പോൾ കണ്ണീരുമാത്രം ബാക്കി. കല്യാണപ്രായമായി വരുന്ന രണ്ടു പെങ്ങൾമാരും അമ്മയും അപ്പന്റെ പെങ്ങളുമെല്ലാം പിന്നീട് ആ കുഞ്ഞു തോളത്തേക്കുള്ള പ്രാരാബ്ദങ്ങളായി ടോണിയറിയാതെ കേറുകയായിരുന്നു...
അലാറംവച്ചെണീറ്റു കാലത്ത് അഞ്ചരമണിക്ക് അമ്മയുണ്ടാക്കി തന്ന ചൂടു കട്ടൻകാപ്പിയും കുടിച്ചു പേപ്പർക്കെട്ടെടുക്കാൻ കാലുനീട്ടിവച്ചു തണുപ്പും സഹിച്ചു നടക്കുമ്പോൾ ടോണിയുടെയുള്ളിൽ പ്രാരാബ്ദത്തിന്റെ തീക്കനലിനാൽ അകം വേവുകയായിരുന്നു. മറ്റുള്ളവരുടെയത്രയും ന്യൂസ് പേപ്പറുകൾ ടോണിക്കിടാനില്ലാത്തതിനാൽ പേപ്പർ വിതരണത്തിന് സൈക്കിൾ കിട്ടിയിരുന്നില്ല പകരം കാൽനട വാഹനമായിരുണ്ടായിരുന്നത്. അതൊന്നും ടോണിയെ തളർത്തിയില്ല കാരണം മാസാവസാനം കിട്ടുന്ന ആ ചെറിയ തുകയായിരുന്നു....
വേൾഡുകപ്പ് ഫുൾബോൾ നടക്കുന്ന സമയത്ത് കൂട്ടുകാരുറക്കളിച്ചു കളികാണുമ്പോൾ കോരിച്ചൊരിയുന്ന മഴയത്ത് അപ്പന്റെ കാലൻകുടയ്ക്കുകീഴിൽ മാറോടു ചേർത്തുപിടിച്ച അന്നത്തെ പത്രവാർത്തകൾ ചൂടു നഷ്ടപ്പെടാതെ ഉത്തരവാദിത്വത്തോടു കൂടി നനയാതെ വരികാരിലെത്തിച്ചു കൊടുക്കാനുള്ള ഉത്കണ്ഠയിലാരുന്നു ടോണി. ബ്രസീൽ ഫുട്ബോൾ താരം ബെബറ്റോ ഗോളടിച്ചതിനുശേഷം തന്റെ പിറക്കാൻ പോകുന്ന കുഞ്ഞിനത് ഡെഡിക്കേഷൻ ചെയ്യാൻ കൈക്കൊണ്ട് കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്ന രീതിയിൽ രണ്ടുകൈകളുമാട്ടി കാണിച്ചത് ടോണിയൊരു വീടിന്റെ ജനലിൽക്കൂടി കാണുകയുണ്ടായി. കാരണമവന് പ്രിയപ്പെട്ട ടീമായ ബ്രസീലിന്റെ കളിയാണ് ആ വെളുപ്പിനെ നടന്നത്...
എന്നും രാവിലെ പത്തുമണിക്ക് ടോണിക്ക് ഏറ്റുമാനൂർ അമ്പലത്തിനടുത്തുള്ള ഹോൾസെയിൽ ചെരുപ്പുകടയിലെത്തണം. അവിടെയാണവൻ ജോലി നോക്കുന്നത്. പത്രമിടീൽ കഴിഞ്ഞ് രാവിലെ എന്നുമൊരു ഒൻപതുമണി മുതൽ പത്തുമണിവരെ ഒരു മണിക്കൂർനേരം ടൈപ്പ്റൈറ്റിംഗ് പഠനവും കഴിഞ്ഞാണവൻ ചെരുപ്പു കടയിൽ പോകുന്നത്...
രാവിലെയെന്നും റേഷൻ ചാക്കരിയുടെ കഞ്ഞിയും ഉച്ചയ്ക്കു കഴിക്കാൻ ചോറ്റുപാത്രത്തിൽ ചോറുമായിട്ടാണവൻ കടയിൽ വന്നിരുന്നത്. അപ്പനുണ്ടായിരുന്ന സമയത്ത് കുത്തരി ചോറായിരുന്നത് അപ്പന്റെ മരണശേഷം ചാക്കരികിലേക്കു മാറാൻ കാരണമായി. തിങ്കളാഴ്ച ഉച്ചക്കുണ്ണാനിരിക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന സജി കൊണ്ടുവരുന്ന പോത്തിറച്ചി ഷെയർ ചെയ്തു കഴിക്കുമ്പോളാണ് അവനൊന്നു മനസ്സുനിറഞ്ഞുണ്ണുന്നത്...
ദിവസം മുപ്പതുരൂപയായിരുന്നു ടോണിക്ക് കിട്ടിയിരുന്ന വേതനം. പിന്നീടത് മുപ്പതിൽ നിന്നും മുപ്പത്തഞ്ചിലും, നാല്പതിലുമെത്തിയിരുന്നു. അന്നൊക്കെ റബറിന് ഒടുക്കത്തെ വിലയായിരുന്നു (1993 കാലം) അതാ നായരുടെ കടയിലെ കച്ചവടവും ഉയർത്തിയിരുന്നു. സജിയുടെ സമ്മർദ്ദത്താൽ കടയുടമയ്ക്ക് ശമ്പളവർദ്ധനവു വരുത്താൻ തുനിയേണ്ടിവന്നു. ഞാനും സജിയും തമ്മിൽ നല്ലൊരു കെമസ്ട്രിയുണ്ടായിരുന്നു...
എനിക്കറിയാം എനിക്കൊരു പത്തുരൂപായും അവന് നാൽപതുരൂപയും കൂട്ടിക്കിട്ടുമെന്ന്. പക്ഷേ അന്നാദ്യമായി ടോണിയൊരു ഡിമാൻഡുവച്ചു ഇനി കാശ് കൂട്ടുകയാണെങ്കിൽ തനിക്കൊരു അറുപത് രൂപാ കിട്ടണം. അവന്റെ കണക്കുകൂട്ടൽ എന്താണെന്നുവച്ചാൽ അറുപതിൽ പത്തുരൂപ ഡെയ്ലിയുള്ള വട്ടച്ചിലവിന് ബാക്കി അൻപത് നേരെ ചിട്ടിക്കടക്കയ്കാൻ. ഈ ഡിമാൻഡ് കടയുടമ അംഗീകരിച്ചില്ലെങ്കിൽ അങ്ങേരു കൂട്ടിത്തരാനുദ്ദേശിക്കുന്ന അൻപത് രൂപ തനിക്കു വേണ്ടെന്നും തന്നുകൊണ്ടിരിക്കുന്ന നാൽപതുതന്നെ മതിയെന്നുമവൻ പറയാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. കാരണം ഇവിടെ നിന്നും ചെരുപ്പുകൾ ഓർഡർ അനുസരിച്ച്കെട്ടിച്ചുമന്ന് ബസുകാരുടെ വായിലിരിക്കുന്ന ചീത്തയുംകേട്ട് കടകളിലെത്തിക്കുന്ന ഈ ജോലി പറഞ്ഞാലൊരു നല്ല കല്യാണംപ്പോലും കഴിക്കാനാകില്ലയെന്ന ടോണിയുടെ ചിന്ത തന്നെയായിരുന്നു. അപ്പോൾ ഉള്ള സമയംകൊണ്ട് പത്തുപൈസ സേവ് ചെയ്യുക എന്നതാണവന്റെ മനസ്സിൽ. പെങ്ങന്മാർക്കു പഠിക്കാനുള്ള ഫീസും കാര്യങ്ങളും ടോണി യാണ് കൊടുക്കുന്നത്. ബുദ്ധിയോടെയുള്ള അവന്റെ നീക്കത്തിൽ നാല്പത് അറുപതായി മാറിയിരുന്നു. അപ്പോഴും ജോലിയിലുള്ള ആത്മാർത്ഥയ്ക്കൊരു കോട്ടവും സംഭവിച്ചിരുന്നില്ല...
ഒരിക്കൽ ടോണിയെ വേദനിപ്പിക്കുകയും കണ്ണുകളറിയാതെ നിറയുകയും ചെയ്ത ഒരു സംഭവവുമുണ്ടായി. കുമരകത്തിനും, കോട്ടയം എം ഡി ബോയ്സ് (സെമിനാരി) സ്കൂളിനടുത്തുള്ള രാജുചേട്ടന്റെ കടയിലേയ്ക്കുള്ളതുമായ എടുത്താൽ പൊങ്ങാത്ത രണ്ടുക്കെട്ടും ചുമന്ന്, രാജു ചേട്ടനുള്ള ചെരുപ്പുകെട്ട് കൊടുത്ത് കാശുംമേടിച്ച് കോട്ടയം നാഗമ്പടം പ്രൈവറ്റ് സ്റ്റാൻഡിലേയ്ക്ക് കുമരകത്തിനുള്ള ബസ്സിൽ ഇരുന്നുപോകാൻവേണ്ടി ചെരുപ്പുക്കെട്ടും ചുമലിലെടുത്തു പോകുമ്പോളതാ അവന്റെ റൂട്ടിൽ ഓടുന്ന ബസ്സ് എതിർവശത്തുകൂടിവരുന്നു അതിലാണെങ്കിൽ അവന്റെ കൂടെപഠിച്ച കൂട്ടുകാര് കോളേജിൽ പോയിട്ട് പോകുന്നു. അവരവനെ കണ്ട് കൈപൊക്കി കാണിക്കുന്നത് ബസ്സിലിരുന്ന അവനെയറിയാവുന്ന കോളേജ് പെൺകുട്ടികൾക്ക് ചിരിക്കാൻവക നൽകി...
കാരണം പഠിക്കാൻ പിന്നിലായതിനാലാണിന്ന് ഞാനീ ചെരുപ്പുചുമക്കുന്നതെന്ന അവരുടെ തെറ്റായ ചിന്തയോർത്തപ്പോൾ അവനറിയാതെ കണ്ണുകൾ നിറയാനിടവരുത്തി. എന്റെ അപ്പൻ മരിച്ചില്ലായിരുന്നെങ്കിൽ എനിക്കീഗതി വരില്ലായിരുന്നു ഞാനും അവരെപ്പോലെ കോളേജിൽ പോയെനെ. അവന്റെ മനസ്സിലപ്പോൾ ദൈവം തോന്നിപ്പിച്ച ഒരു ക്രിസ്തീയ ഗാനം ഒഴുകി വന്നു അതിപ്രകാരമായിരുന്നു
"അദ്ധ്വാനിക്കുന്നോൻ ആനന്ദം,
ഭാരം ചുമക്കുന്നോൻ ആശ്വാസം"
ഭാരം ചുമക്കുന്നോൻ ആശ്വാസം"
അതേ, ടോണിയുടെ മനസ്സു പറഞ്ഞു തോളിലെ ഈ ഭാരത്തിനെന്നെങ്കിലുമൊരു ദിവസം ആശ്വാസം കിട്ടുമെന്ന്...
രണ്ടു വർഷത്തിനുശേഷം സർവ്വീസിലിരിക്കെ മരിച്ച അപ്പന്റെ ജോലി മൂത്ത പെങ്ങൾക്കും കൂടാതെ ഫാമിലി പെൻഷൻ അമ്മയ്ക്കും കിട്ടിത്തുടങ്ങിയപ്പോൾ കുടുംബത്തിന്റെ സ്ഥിതിയൽപ്പം മെച്ചപ്പെട്ടുതുടങ്ങി. അമ്മയ്ക്കും, പെങ്ങൻമാർക്കും അപ്പന്റെ ജോലി ടോണിക്കു കൊടുക്കണമെന്നായിരുന്നു ആഗ്രഹം പക്ഷേ പ്രായപൂർത്തിയാകാത്തത് അതിനൊരു തടസ്സമായി നിന്നിരുന്നു. അതിലവനൊരു സങ്കടവുമില്ലായിരുന്നു കാരണമവന്റെ കൂടപ്പിറപ്പുകളിലുള്ള വിശ്വാസമായിരുന്നു...
താമസിയാതെ മൂത്ത പെങ്ങൾക്കൊരു ഗൾഫുകാരന്റെ ആലോചനവരുകയും സർക്കാർജോലി ആലോചനയെ നന്നായി അരക്കിട്ടു മുറുക്കുകയും ചെയ്തു. പരസ്പരം ഇഷ്ടപ്പെട്ട ഭാവിവരനോട് പെങ്ങൾക്കൊരു ഡിമാൻഡുണ്ടായിരുന്നു പറയാൻ. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ലോണെടുത്താണ് നിങ്ങളോട് പറഞ്ഞ പത്തുപവനും അമ്പതിനായിരം രൂപയും തരുന്നത്. അതു വീട്ടാനും, തനിക്കു താഴെയുള്ള അനിയത്തിയുടെ കല്യാണം നടത്തിക്കൊടുക്കാനുമെന്നെ അനുവദിക്കണമെന്നും. കാര്യവിവരമുള്ള ആ ചെറുപ്പക്കാരൻ സന്തോഷത്തോടുകൂടി അതിന് സമ്മതംമൂളി. അങ്ങനെ അവരുടെ കല്യാണം കഴിയുകയും അളിയൻ ഒരു മാസത്തിനുള്ളിൽ ൾഫിലേക്കു പോകുകയും ചെയ്തു. പോകുന്നതിന് മുന്നേ പെങ്ങളുടെ വയറ്റിലൊരു ഗിഫ്റ്റും കൂടി കൊടുത്തിട്ടാണ് അളിയൻ പോയത്...
അങ്ങനെ പെങ്ങളുടെ ഡേറ്റ് അടുത്തുവന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ അവളൊരു ഓമനത്തമുള്ള പെൺകുഞ്ഞിനെ പ്രസവിച്ചു. പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശുപത്രി ചിലവിനുള്ള കാശിനെയോർത്ത് ടെൻഷനടിച്ചിരിക്കുമ്പോൾ അമ്മയവന്റെ കൈയ്യിലൊരു ആറായിരംരൂപ കൊടുത്തു.ടോണിയെ അത് തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരുന്നത്. കാരണം, കുറഞ്ഞ ഫാമിലി പെൻഷൻ കിട്ടുന്ന അമ്മയ്ക്കെങ്ങനെ ഇത്രയും വലിയൊരു തുകയുണ്ടാക്കാൻ സാധിച്ചു? കാര്യങ്ങളെ മുൻകൂട്ടി കാണുന്ന അമ്മ ചിട്ടി നടത്തുന്ന അനിയത്തിയോടു ചിട്ടികൂടിക്കിട്ടിയ കാശായിരുന്നു അവനെ ഏൽപ്പിച്ചത്...
സോന എന്ന പേരിട്ട ആ സുന്ദരിമോള് അവരുടെ എല്ലാമെല്ലാമായി വളർന്നുവന്നു. പക്ഷേ അളിയൻ കുഞ്ഞിനെ കാണുന്നത് ഒന്നാം പിറന്നാൾ സമയത്താണ് കാരണം ലീവ് കിട്ടാൻ വൈകിയതു തന്നെ. കുഞ്ഞിന്റെ പിറന്നാളും മാമ്മോദീസായും നടത്തിയതു മാത്രമല്ല അരയിലൊരഞ്ഞാണം മേടിച്ചു കൊടുക്കാനും ആ അമ്മാവനെ കൊണ്ടു കഴിഞ്ഞിരുന്നു...
അങ്ങനെയിരിക്കെ അടുത്തുള്ള ബ്രോക്കർ തോമസു ചേട്ടനൊരു നല്ല ആലോചന രണ്ടാമത്തെ പെങ്ങൾക്കുവേണ്ടി കൊണ്ടുവരുകയും രണ്ടു കുടുംബക്കാർക്കുമത് ഇഷ്ടപ്പെടുകയും താമസിയാതെ കല്യാണം നടക്കുകയും ചെയ്തു. ആദ്യലോൺ വീട്ടി രണ്ടാമത്തെ ലോണെടുത്തും, ടോണിയുടെ ഇച്ചിരി സേവിങ്ങ് കാശുകൊണ്ടുമാണീ കല്യാണം ഭംഗിയായി നടന്നത്. രണ്ടാമത്തെ പെങ്ങൾ കെട്ടിക്കേറി ചെന്ന വീട്ടിൽ എല്ലാ സൗകര്യത്തിലും ജീവിച്ചു...
പൊട്ടിപ്പൊളിഞ്ഞു വീഴാറായ തന്റെ വീടൊന്നു പുതുക്കി പണിയണമെന്ന ചിന്തയിലിരിക്കുന്ന സമയത്താണ് ശ്വാസംമുട്ടലും, പ്രഷറുമുള്ള അമ്മയെ ശ്വാസംമുട്ടൽ കൂടി ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. ഈസിജി, എക്റേ എടുത്ത ഡോക്ടർക്കൊരു സംശയം അമ്മയ്ക്ക് ഹാർട്ടിന് എന്തോ കുഴപ്പമുണ്ടെന്ന്. കോട്ടയം മെഡിക്കൽകോളേജിലേയ്ക്ക് ഷിപ്റ്റു ചെയ്ത അമ്മയെ കാർഡിയോളജി വിഭാഗത്തിൽ കാണിക്കാനുള്ള പേപ്പർ തരാനും ആ ലേഡി ഡോക്ടർ മറന്നിരുന്നില്ല...
ഓരാഴ്ചയിലെ ചികിത്സയിൽ അമ്മ പോയ ആരോഗ്യം തിരിച്ചെടുത്ത് വീട്ടിൽ തിരിച്ചെത്തി ഒരാഴ്ച ആകുന്ന ദിവസമായ ആ ഞായറാഴ്ച ടോണിയും, അപ്പന്റെ പെങ്ങളും രാവിലെ പള്ളിയിൽ പോകുന്നതിന്റെ തിരക്കിലായിരുന്നു. അമ്മയ്ക്ക് ഫുൾ ബെഡ്റെസ്റ്റ് കൊടുത്തിരുന്നു. ഒരു ജോലിയും ചെയ്യാനനുവദിച്ചിരുന്നില്ല...
പാൽചായയുമായി ചെന്ന മേമ (അപ്പന്റെ പെങ്ങളെ അങ്ങനെയാണ് അവർ വിളിച്ചിരുന്നത്) കാണുന്നത് നിവർന്നു കണ്ണുകൾ വെളിയിലേയ്ക്ക്തള്ളി കിടക്കുന്ന അമ്മയെയാണ്. ഇതു കണ്ട് നിലവിളിച്ചുകൊണ്ട് മേമ വെളിയിൽ പൈപ്പിൻചുവട്ടിൽ കുളിച്ചു കൊണ്ടിരുന്ന ടോണിയുടെ അടുക്കൽവന്നു കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. തോർത്തുക പോലും ചെയ്യാതെ അവനോടി അമ്മയ്ക്കരികിൽ വന്നു കുലുക്കി വിളിച്ചിട്ടു പ്രതികരണമൊന്നുമില്ല. നാഡിപിടിച്ചു നോക്കിയപ്പോൾ നാഡിയിടിപ്പുണ്ട്. പെട്ടെന്നു തന്നെ സംഭവം അയൽവീടുകളുള്ളവരറിഞ്ഞ് വണ്ടിവരാൻ വിളിച്ചു പറഞ്ഞതിൻ പ്രകാരം ജീപ്പുവന്നതിൽ കയറ്റി അമ്മയെ മെഡിക്കൽ കോളേജിൽ എത്തിച്ചു.അപ്പോഴേക്കിനും അമ്മ യൂറിനൊക്കെ വിസർജ്ജിച്ചിരുന്നു...
അമ്മയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു കുറച്ചുകൂടി നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയെ നമുക്ക് രക്ഷപ്പെടുത്താമായിരുന്നു. കാർഡിയാക് അറസ്റ്റായിരുന്നു മരണകാരണമെന്നും...
പതിനാല് വർഷങ്ങൾക്കുമുമ്പ് ഞങ്ങളെ തനിച്ചാക്കിപ്പോയ അപ്പന്റെ അടുത്തേയ്ക്കിപ്പോൾ അമ്മയും പോയിരിക്കുന്നു. ഭൂമി കീഴ്മേൽ മറിയുന്നതുപോലെ തോന്നി ടോണിക്ക്. തീർത്തും ജീവിതത്തിൽ തനിച്ചാക്കപ്പെട്ട ഒരവസ്ഥ...
കുറച്ചു സമയങ്ങൾക്കുശേഷം
"നമ്മുടെ അമ്മയും നമ്മളെ ഇട്ടേച്ചു പോയോടാമോനെ"
എന്നുറക്കെ നിലവിളിച്ചുകൊണ്ട് മൂത്തപെങ്ങൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവനു പിടിച്ചു നിൽക്കാനായില്ല പരിസരം മറന്നാ സഹോദരങ്ങൾ പൊട്ടിക്കരഞ്ഞുകൊണ്ടവിടെ തളർന്നിരുന്നു...
അമ്മയെ മോർച്ചറിയിൽ വച്ചിരിക്കുന്നു. ഡൽഹിയിലുള്ള രണ്ടാമത്തെ പെങ്ങളും അളിയനും മക്കളും വരാൻവേണ്ടി. മൂത്തയളിയനു പിറ്റേന്നു തന്നെ ടിക്കറ്റുകിട്ടിവന്നു...
അമ്മയെ മൊബൈൽ മോർച്ചറിക്കുള്ളിൽ കിടത്തിയിരിക്കുന്നു. വീടിനു ചുറ്റും ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അപ്പോളതാ എട്ടുനാലുദിക്കും കേൾക്കുമാറുച്ചത്തിൽ അലറിവിളിച്ചു കൊണ്ടു രണ്ടാമത്തെ പെങ്ങൾ വീട്ടിലേയ്ക്കു പാഞ്ഞുവരുന്നു. അമ്മ മരിച്ചകാര്യം അവളറിഞ്ഞിരുന്നില്ല. അമ്മക്കിച്ചിരി സീരിയസാണെന്നു മാത്രമേ പറഞ്ഞിരുന്നുള്ളു. പക്ഷേ വീടിനു ചുറ്റും ആളുകളെ കണ്ട അവൾക്ക് എന്തോ പന്തിക്കേടു തോന്നിയിരുന്നു .അവളുടെ ആ വരവ് അവിടെ കൂടിനിന്നിരുന്നവരെയെല്ലാം കൂടുതൽ കണ്ണീരിലാഴ്ത്തി. ആ മൂന്നു സഹോദരങ്ങളും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു..
എല്ലാം കഴിഞ്ഞു. ആളുകളോരോരുത്തരായി പോയിത്തുടങ്ങിയിരിക്കുന്നു. ഇന്ന് അമ്മ മരിച്ച് നാൽപതാണ്. ആ ചടങ്ങും കഴിഞ്ഞ് രണ്ടാമത്തെ പെങ്ങളും കുടുംബവും ഡൽഹിക്കു തിരിച്ചു പോകുന്നു. പിന്നീടെല്ലാം പഴയപടിയായി മുന്നോട്ടു നീങ്ങിത്തുടങ്ങി...
ടോണിക്ക് വീട്ടിലേയ്ക്കു ചെല്ലാൻ ഇപ്പോൾ ഒരിഷ്ടവുമില്ല കാരണം അമ്മയില്ലാത്ത വീട് ശ്മാശാനത്തിന് തുല്യമാണവന്. തീർത്തും ഒറ്റപ്പെട്ടുപോയി, ഏകാന്തതിയിലേയ്ക്ക് ഊളിയിട്ടിരുന്നു അവൻ...
അമ്മയ്ക്കുള്ള ശവപ്പെട്ടി മേടിക്കാൻവന്ന അപ്പന്റെ കൂട്ടുകാരനായ അലക്സ്ചേട്ടായി അവന്റെ വീടിന്റെ ഇപ്പോളത്തെ അവസ്ഥകണ്ട് ദുഃഖിച്ചു. ഇനിയതൊന്നു പുതുക്കി പണിതു ടോണിക്കൊരു നല്ല കല്യാണം നടക്കാൻ പ്രയാസമാണെന്നു കണ്ട അലക്സ് ചേട്ടൻ വീട്ടിൽ ചെന്നീകാര്യമവതരിപ്പിച്ച് ഇഷ്ടദാനം കിട്ടിയ രണ്ടേക്കറിൽ ഒരഞ്ചുസെന്റു സ്ഥലം ടോണിക്കു വീടുവയ്ക്കാൻ കൊടുക്കുന്ന കാര്യം ഭാര്യയോടും മകനോടും ചോദിച്ചു. അവർക്കാ നല്ലകാര്യം ചെയ്യുന്നതിൽ യാതൊരു എതിർപ്പുമില്ലായിരുന്നു...
പിന്നീട് കാര്യങ്ങൾ വേഗത്തിൽ നടന്നു. ഇടവക വികാരിയുമായി ആലോചിച്ചു ടോണിയുടെ പേരിൽ തന്നെ ആധാരം ചെയ്യാനും പള്ളിയിൽനിന്നും മുൻകൈയെടുത്ത് വീടുവച്ചു കൊടുക്കാമെന്നുമുള്ള തീരുമാനമുണ്ടായി. പഞ്ചായത്തിൽ നിന്നും, സുമനസ്സുകളുടെ സഹായാത്താലും വീടിന്റെ വാർക്കപ്പണിയും കഴിഞ്ഞിരിക്കുന്ന അവസരത്തിൽ മൂത്ത അളിയൻ ജോലി ചെയ്യുന്ന ഹോട്ടലിൽ തരക്കേടില്ലാത്ത ശമ്പളത്തിൽ ഹെൽപ്പറിന്റെ ജോലിക്കുള്ള വിസ ടോണിയെ തേടിയെത്തി...
ഇന്നിപ്പോൾ ടോണിയുടെ വീടിന്റെ മൊത്തം പണിയും പൂർത്തിയാക്കി ഒരു പാവപ്പെട്ട കുടുംബത്തിലെ അപ്പനില്ലാത്ത പെൺകുട്ടിയെ കല്യാണം കഴിച്ച് അവളുടെ അമ്മയേയും അനിയത്തിയെയും സംരക്ഷിക്കുന്നു...
അപ്പനില്ലാത്ത അനിയത്തിയുടെ കല്യാണം നടത്താൻ വേണ്ടിയാണിപ്പോൾ ടോണി നാട്ടിൽ ലീവിനു വന്നിരിക്കുന്നത്. അവനതിന്റെ തിരക്കിലേയ്ക്ക് ഊളിയിട്ടു...
മരിച്ചുപോയ സമയത്തുപോലും, തന്റെ മരണംകൊണ്ടു തന്റെ വയറുകഴുകിപുള്ളയായ മകനൊരു സമ്മാനം കൊടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത ആ സ്നേഹനിധിയായ അമ്മയെ അല്ലാതെ മറ്റാരെയാണ് ആ മകൻ ഓർക്കുക....
..............................
✒മനു ...............................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക