Slider

എന്നെ തല്ലണ്ട.. ഞാന്‍ നന്നാവൂല..

0

സീന്‍ 1
പഴയ ഒരു സുഹൃത്തിനെ കുറേ കാലത്തിനു ശേഷം റോഡില്‍ വെച്ചു കണ്ടു മുട്ടുന്നു.. സന്തോഷത്തോടെ ഒാടിച്ചെന്നു കെെ പിടിച്ചു
സംസാരം ആരംഭിച്ചു..
ഞാന്‍ -
എന്തുണ്ട് വിശേഷം? കുറേ നാളായല്ലോ കണ്ടിട്ട്?
സുഹൃത്ത് -
എനിക്ക് എന്തു വിശേഷം.. നിനക്കല്ലേ വിശേഷങ്ങള്‍.. കണ്ടില്ലെങ്കിലും വിളിച്ചില്ലെങ്കിലും നിന്‍റെ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട്..
ഞാന്‍ (അത്ഭുതത്തോടെ) -
അതെങ്ങനെ?
സുഹൃത്ത് -
ഫേസ്ബുക്കിലൂടെ.. നീ ഫേസ്ബുക്കില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയല്ലേ..
ഞാന്‍ (ആത്മഗതം ) -
എനിക്കിട്ടൊന്നു കൊട്ടിയതാണോ? ഹേയ്.. ആയിരിക്കില്ല..
ഏതായാലും അധികം സംസാരിക്കാതെ ഞാന്‍ അവിടുന്ന് സ്കൂട്ടായി..
സീന്‍ 2
വെെകുന്നേരം ഒരു ചായ കുടിക്കാനായി കോഫീ ഹൗസില്‍ പോകുന്നു.. കൂടെ കൂട്ടുകാരിയും അവളുടെ ഭര്‍ത്താവും..
കോഫീ ഹൗസില്‍ ചെന്നു ചായയും മസാല ദോശയും ഓര്‍ഡര്‍ ചെയ്തു.
കൂട്ടുകാരിയുടെ ഭര്‍ത്താവ് -
ഒരു ഫോട്ടോ എടുത്ത് തരട്ടേ?
ഞാന്‍ -
അതെന്തിനാ?
കൂ.. ഭ -
ഫേസ്ബുക്കില്‍ പോസ്റ്റാമല്ലോ.. ഇന്നത്തെ സായാഹ്നം കോഫീ ഹൗസില്‍ എന്നൊരു ക്യാപ്ഷനും കൊടുക്കാം..
ഠിം.. ചുറ്റിക കൊണ്ടു തലയില്‍ ഒരു അടി കിട്ടിയതു പോലെ..
ഞാന്‍ ( ചമ്മലോടെ)-
വേണ്ടപ്പാ..
കൂട്ടുകാരിയും ഭര്‍ത്താവും ചിരിക്കുന്നു.. ഞാന്‍ ഒന്നും മിണ്ടാതെ മസാല ദോശ കഴിക്കുന്നു..
ഞാന്‍ (ആത്മഗതം ) -
നിന്‍റെ കെട്ട്യോന് ഞാന്‍ വെച്ചിട്ടുണ്ടെടീ..
സീന്‍ 3
ഞാന്‍ ഒരു മരണവീട്ടില്‍.. എന്‍റെ ഫോണ്‍ റിംഗ് ചെയ്യുന്നു.. സുഹൃത്താണ്..
ഞാന്‍ (ഫോണെടുത്ത് പതുക്കെ)-
ഞാനൊരു മരണവീട്ടിലാണ്.. പിന്നെ വിളിക്കാം..
സുഹൃത്ത് -
ഈവ്നിങ്ങ് ഡെഡ്ബോഡിയോടൊപ്പമുള്ള ഒരു സെല്‍ഫി എഫ് ബിയില്‍ പ്രതീക്ഷിക്കാമോ?
ഠിം.. വീണ്ടും ചുറ്റിക കൊണ്ടുള്ള അടി..
ഞാന്‍ ഫോണ്‍ കട്ടു ചെയ്യുന്നു..
സീന്‍ 4
സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലിംഗ് സെക്ഷനില്‍ പഴയ ഒരു സ്ററുഡന്‍റിനെ കാണുന്നു..
ഞാന്‍ -
നീ ഇവിടെയാണോ ജോലി ചെയ്യുന്നത്..
സ്റ്റുഡന്‍റ് -
അതേ മിസ്സ്..
ഞാന്‍ -
ഒ കെ..
സ്റ്റുഡന്‍റ് -
മിസ്സിന്‍റെ വീട്ടില്‍ ഇന്നലെ ബിരിയാണി ആയിരുന്നോ.?
ഞാന്‍ (ഞെട്ടലോടെ) -
അത് നീയെങ്ങനെ അറിഞ്ഞു..
സ്റ്റുഡന്‍റ് -
എഫ് ബിയില്‍ കണ്ടു.. എന്തിനാ മിസ്സേ ഇങ്ങനെ വെറുപ്പിക്കുന്നത്.. എവിടെയെങ്കിലും പോകുന്നതും വരുന്നതും തിന്നുന്നതുമൊക്കെ നാട്ടുകാരെ അറിയിക്കണോ..
ഠിം.. ഠിം .. ഠിം.. കുറെ ചുറ്റികകള്‍ ഒരുമിച്ച് തലയില്‍ വീണതുപോലെ..
വേഗം ബില്ലുകൊടുത്ത് സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന ഞാന്‍..
സീന്‍ 5
വീട്ടില്‍ എത്തിയ ഞാന്‍ കണ്ണാടിയിലെ എന്നോട് ..
ഞാന്‍ -
എന്താടോ നന്നാവാത്തേ.. പറയിപ്പിച്ച് മതിയായില്ലേ.. ഇനിയെങ്കിലും മാറിക്കൂടെ..
കണ്ണാടിയിലെ ഞാന്‍ (തല ചൊറിഞ്ഞു കൊണ്ട്)-
അത്.. പിന്നെ ശീലമായിപ്പോയി.. ഇനി മാറാന്‍ പറ്റുമോ എന്നറിയില്ല.. എന്നാലും ശ്രമിക്കാം..
എന്നിട്ടും നന്നാവാത്ത ഞാന്‍ വെറുപ്പിക്കല്‍ തുടരുന്നു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo