Slider

"ചാർലി"

0
Image may contain: 1 person, sunglasses

ഇവളെന്താ ഫോണെടുക്കാത്തത് ഞാൻ അക്ഷമനായി, എത്ര നേരമായി വിളിക്കുന്നു. കെട്ടിവെച്ചിരിക്കുന്ന പെട്ടികളിലേക്കു നോക്കി, ഇനി കഷ്ടിച്ച് ഒരാഴ്ചയേ ഉള്ളൂ ഈ മണലാരണ്യത്തിൽ നിന്നും നാടിന്റെ കുളിർമയിലേക്കു പറന്നിറങ്ങാൻ. ആ ചിന്ത പുളകം കൊള്ളിക്കുന്നതായിരുന്നു. രണ്ടു വർഷത്തോളം നീണ്ട മാസങ്ങളും ദിവസങ്ങളും എണ്ണിയുള്ള കാത്തിരിപ്പിന് അവസാനം.
സുമയേയും മോളെയും കാണാൻ കൊതിയായി, സുമയോടു സംസാരിച്ചിരുന്നാൽ വിഷയങ്ങൾ തീരില്ല, ഒക്കെ ചിരിച്ചു കൊണ്ട് കേട്ടിരിക്കാനാണ് രസം. ഏട്ടനെന്താ അഭിപ്രായമൊന്നുമില്ലേ.? ഇടക്ക് സുമ പരാതി പറയും, ഒക്കെ നീ പറയുന്ന പോലെ എന്നാവും എന്റെ മറുപടി. അവളുടെ ഇഷ്ടങ്ങൾ തന്റേയും കൂടെയാക്കുന്നതിന് ഒരു പ്രത്യേക സുഖമണ്ടായിരുന്നു. അഞ്ചു വയസ്സുള്ള മോളുടെ കൊഞ്ചിയുള്ള സംസാരം കേട്ടിരിക്കമ്പോൾ പലപ്പോഴും സമയവും പൈസയും ചിന്തിക്കാറില്ല. ഒരു പെട്ടി മുഴുവനായും കെട്ടി ഒരുക്കി. മറ്റേത് മുക്കാൽ ഭാഗം നിറഞ്ഞു, കുറച്ചു സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ് അത് മിഠായിക്കും നട്സിനും ഈന്തപ്പഴത്തിനുമുള്ളതാണ്. യാത്രയോടടുപ്പിച്ചേ അത് വാങ്ങൂ..!
സാധനങ്ങൾ വാങ്ങാൻ തുടങ്ങിയിട്ടു മാസങ്ങളായി. ഓരോ സ്ഥലങ്ങളിൽ നിന്നും പലപ്പോഴായി വാങ്ങിയവ. ഭൂരിഭാഗവും സുമയ്ക്കും മോൾക്കുമുള്ളതാണ്. എത്ര വാങ്ങിയാലും മതിയാവില്ലെന്നതാണ് സത്യം. സുമയുടെ വഴക്കു കുറച്ചു കേൾക്കേണ്ടി വരും ഇങ്ങനെ പൈസ ക ളയുന്നെന്നും പറഞ്ഞ്, എന്നാലും സാരമില്ല. മോളെ കോരിയെടുത്ത് ആകാശത്തേക്ക് ഉയർത്തുന്നതും കവിളിൽ ചക്കര ഉമ്മകൾ കൊണ്ട് പൊതിയുന്നതും കണ്ണിൻ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. അവൾ കാണാതെ സുമയെ ഇറുകെ പുണരണം, കൊതി തീരുവോളം അവളുടെ മടിയിൽ തല വെച്ച് സംസാരിച്ചുകൊണ്ടിരിക്കണം. സുമയ്ക്കും മോൾക്കും ഇഷ്ടമുള്ളിടത്തെല്ലാം കൊണ്ടു പോണം, ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കണം. ആഴ്ചാവസാനം ലേബർ ക്യാമ്പിലെ അന്തേവാസികളിൽ പലരും മദ്യസേവ പതിവായിരുന്നു അവരുടെ ക്ഷണം സ്നേത്തോടെ നിരസിക്കുന്ന എനിക്ക് ലഹരി പകരാൻ സുമയുടേയും മോളുടെയും ഓർമ്മകൾ മതിയായിരുന്നു. ഡബിൾ ഡ്യൂട്ടിയും ഓവർ ടൈമും ചെയ്ത് പരമാവധി കുടുംബത്തിലേക്ക് മുതൽകൂട്ടാൻ ശ്രമിക്കുന്ന എന്നെ പിശുക്കനെന്നു കളിയാക്കുന്നവരുമുണ്ടായിരുന്നു. ഞാൻ ഊറിച്ചിരിച്ചു. എന്റെ മനോരാജ്യങ്ങളിലും ഊണിലും ഉറക്കത്തിലുമെല്ലാം കുടുംബമാണെന്നതിൽ അഭിമാനം കൊണ്ടു.
"ഹലോ ആരാ "
മറുതലയ്ക്കല ശബ്ദം കേട്ട് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു, അച്ഛനാ മോളെ മോളുടെ അച്ഛനാ, ആവേശത്തോടെ വിളിച്ചു പറഞ്ഞു. മക്കളു ഭക്ഷണം കഴിച്ചോ.? എന്തുണ്ടെടാ വിശേഷം.? അമ്മയെന്തിയേ..? ഒറ്റ ശ്വാസത്തിൽ ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു, അവളുടെ ശബ്ദം കേൾക്കാനായി കാതു കൂർപ്പിച്ചു..
"ഇന്നു ചാർലിയെ കാണാൻ പോയച്ഛാ..! ചാർലി ജയിലിലായിരുന്നു..!!
ഒരു നിമിഷം സ്തംഭിച്ചു പോയി. പിന്നെ ചോദിച്ചു, എന്താ മോളെ? എവിടെയാ പോയത്.? ആരാ ചാർലി?
അനക്കമില്ല.. പെട്ടന്നാരോ ഫോൺ കട്ടു ചെയ്തതുപോലെ തോന്നി.. വീണ്ടും തുടരെ വിളിച്ചു, കിട്ടുന്നില്ല. വിളിക്കാൻ വേറെ നമ്പരുമില്ലല്ലോ ഈശ്വരാ..!
കുടുംബ വീട്ടിലായിരുന്നെങ്കിൽ മറ്റാരുടെയെങ്കിലും ഫോണിൽ വിളിക്കാമായിരുന്നു. വർഷങ്ങൾ നീണ്ട തന്റെ അധ്വാനഫലമായ പുതിയ വീട്ടിൽ സുമയേയും മോളേയും തനിച്ചാക്കി പോന്ന നിമിഷത്തെ ശപിച്ചു... മോൾക്കു സ്കൂളിൽ പോകാൻ എളുപ്പമാവുമെന്നു കരുതി ചെയ്ത വിഡ്ഡിത്തം..! പെട്ടന്നോർത്തു, കൂടെ പെയിംഗ് ഗസ്റ്റായി ഒരു സ്ത്രീ താമസിക്കുന്നുണ്ട്, ഉടൻ തന്നെ നിരാശനായി, അവരുടെ നമ്പരില്ലല്ലോ..!
വീണ്ടും വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. കിട്ടാതായപ്പോൾ പരിഭ്രമം വർദധിച്ചു. ആരാണ് "ചാർലി "? അയാൾ എങ്ങനെ ജയിലിലായി.? അവിടെ പോയി കാണാൻ മാത്രം എന്താണ് അയാളുമായുള്ള ബന്ധം.? ഒരുപാടു ചോദ്യങ്ങൾ ബാക്കിയായി.. മോളുടെ വാക്കുകൾ കേട്ടപ്പോൾ താൻ നടുങ്ങിയോ.? ഏതു വാക്കാണ് തന്നെ ഞെട്ടിച്ചത്.? ജയിലിലായിരുന്നു എന്നതാണോ? അല്ല.! ആ പേര്, അതു തന്നെ "ചാർലി" അതു കേട്ട മാത്രയിൽ ഉളളിൽ ഒരു മിന്നൽ പിണർ പാഞ്ഞത് തിരിച്ചറിഞ്ഞു..
എന്തോ ഒരു ഭയം ഉള്ളിൽ കടന്നു കൂടിയിരിക്കുന്നു. നെഞ്ചിൽ വല്ലാത്ത കനം. ആ പേരിനോടുള്ള അനിഷ്ടത്തിന്റെ കാരണം അന്വേഷിച്ചുള്ള ചിന്ത കുറച്ചു വർഷങ്ങൾക്കു പുറകിലാണ് കൊണ്ടു നിർത്തിയത്, തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം തന്റെ മാത്രം തീരുമാനങ്ങളായിരുന്നു. കല്യാണവും അതിലൊന്നായിരുന്നു. സുമയെ കണ്ടമാത്രയിൽ തന്നെ ഇഷ്ടമായി, മനസ്സിലുറപ്പിച്ചു. നിശ്ചയത്തിന് ശേഷം വീട്ടിലൊരു സംസാരമുണ്ടായി, ആരോ അച്ഛനോടു പറഞ്ഞു കൊടുത്തതാണ് " സുമയ്ക്ക് അവൾ പഠിക്കുന്ന കമ്പ്യൂട്ടർ സെന്ററിലെ ഒരു ക്രിസ്ത്യാനി ചെക്കനുമായി അടുപ്പമുണ്ടത്രേ.!! ചാർലിയെന്നോ മറ്റോ ആണ് അവന്റെ പേര്. വീട്ടിലുള്ളവർ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു. ഒന്നുകൂടി ആലോചിച്ചു മതിയെന്നും, ഇതങ്ങ് ഒഴിവാക്കാമെന്നും മറ്റും. അവൾക്കു സമ്മതമാണെങ്കിൽ ഈ കല്യാണം തന്നെ നടക്കുമെന്നായിരുന്നു എന്റെ പ്രതികരണം. വിവാഹം ഭംഗിയായി നടന്നു, ഏതായാലും അന്നു വെറുത്തതാണ് ശകുനം കെട്ട ആ പേര്..!
അന്നു മുതൽ ഇന്നുവരെ ഈ വിഷയത്തെപ്പറ്റി ഒരു വാക്കു പോലും സുമയോടു ചോദിച്ചിട്ടില്ല. കല്യാണത്തിനു മുൻപുള്ള ഒന്നും എനിക്കറിയേണ്ടായിരുന്നു. ഞാനവളെ ജീവനായി സ്നേഹിച്ചു അത് തിരിച്ചു കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അയാൾ തന്നെയാകുമോ ഇത്.? സുമ ഇപ്പോഴും ഇയാളുമായി പരിചയം സൂക്ഷിക്കുന്നുണ്ടോ.? അയാൾ എങ്ങനെ ജയിലിലായി.? മോളെ എന്തിനവിടെ കൊണ്ടുപോയി.? ഒന്നിനും ഉത്തരമില്ല. ഇതിനോടു ചേർത്തു വായിക്കാവുന്ന പലതും മനസ്സിൽ തെളിഞ്ഞു, കഴിഞ്ഞ ലീവിനായിരുന്നു പുതിയ വീട്ടിലെ കേറി താമസം താൻ പറഞ്ഞതാണ് താൻ തിരിച്ചു പോവുമ്പോൾ കുടുംബ വീട്ടിൽ നിന്നാൽ മതിയെന്ന്, എന്നാൽ സുമ നിർബന്ധിച്ചു. മോൾക്ക് സ്കൂളിൽ പോകാനും സുമയ്ക്ക് ഒരു ജോലി അന്വേഷിക്കാനും എളുപ്പമാവുമെന്നു പറഞ്ഞു. മനസ്സാകെ അസ്വസ്ഥമാണ്, ഭ്രാന്തു പിടിക്കുന്ന അവസ്ഥ. ജിവിതത്തിൽ ഇന്നുവരെ ഇത്രയും മാനസിക സംഘർഷം അനുഭവിച്ചിട്ടില്ല..
ഇല്ല സുമയ്ക്ക് അങ്ങാനയൊന്നും ആവാൻ കഴിയില്ല. സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.. ഒരു പക്ഷേ ഒക്കെ എന്റെ മണ്ടത്തരമാവും, ഒന്നു സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടാവുള്ളു. സത്യസന്ധമായാണ് ഇതുവരെ ജീവിച്ചത്, മുറുകെ പിടിച്ചത് മാനുഷിക മൂല്യങ്ങളും കുറച്ച് ആദർശങ്ങളും മാത്രമാണ്..! സുമയേയും മോളേയും സ്നേഹിച്ചതു പോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ല. അങ്ങനെയുള്ള എനിക്ക് ഈശ്വരൻ നല്ലതു മാത്രമേ കരുതി വെക്കുകയുള്ളൂ.. ഞാൻ കണ്ണുകളടച്ചു.. രണ്ടു തുള്ളി കണ്ണീർ ഇറ്റുവീണു.. എന്തിനാണീ സങ്കടമെന്നെനിക്കറിയില്ലായിരുന്നു.
കണ്ണുകളടച്ച് കുറെ നേരമിരുന്നു. ഒന്നു രണ്ടു മണിക്കൂറുകൾ കടന്നു പോയി. സുഹൃത്തുക്കളെയോ മറ്റോ വിളിച്ച് ഒന്നന്വേഷിക്കാൻ പറഞ്ഞാലോ.? വേണ്ട..!! സുമയെക്കുറിച്ച് ആരും മോശമായി ചിന്തിക്കുന്നതു പോലും സഹിക്കാനാവുന്നില്ല. നയപരമായി ഈ വിഷയം കൈകാര്യം ചെയ്യണമെന്നു തോന്നി. നേരിട്ടു തുറന്നു ചോദിക്കുന്നതാണ് നല്ലത്. തെറ്റിദ്ധാരണയാണെങ്കിൽ അതോടെ മാറി കിട്ടും. തന്റെ മാനസിക സംഘർഷങ്ങളും അതോടെ അവസാനിക്കും. എങ്ങനെ ഈ വിഷയം അവതരിപ്പിക്കുമെന്നതായിരുന്നു വലിയ പ്രശ്നം., വളരെ നോർമലായി ഒരു ചെറിയ കാര്യം പോലെ ചോദിക്കാം. മോളിങ്ങനെ ഒരു കാര്യം പറഞ്ഞു, അതെന്താണെന്ന്.
" പഴയൊരു സുഹൃത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയറിഞ്ഞുള്ള ഒരു സന്ദർശനം മാത്രമായിരുന്നു അത് " എന്നാണ് സുമയുടെ മറുപടി എങ്കിൽ അതേ അർത്ഥത്തിൽ ഉൾക്കൊള്ളാനും മനസ്സിലാക്കാനും മനസ്സ് പാകപ്പെടുത്തണം..
വീണ്ടുമൊരു ചിന്ത അലട്ടി, താൻ ചോദിക്കാൻ പോകുന്ന വിഷയം ഒരു കഴമ്പുമില്ലാത്തതാണെങ്കിൽ സുമയുടെ മുൻപിൽ വല്ലാതെ ചെറുതാകും അതു സാരമില്ലെന്ന് വയ്ക്കാം. പക്ഷേ അവളുടെ മനസ്സു വേദനിച്ചാലോ.? ഒരു നിമിഷമെങ്കിലും താനവളെ സംശയിച്ചു എന്ന തിരിച്ചറിവ് ഒരു കരടായി അവശേഷിച്ചാലോ.? സുമയ്ക്ക് പഴയതു പോലെ തന്നെ സ്നേഹിക്കാൻ സാധിക്കുമോ.? വേണ്ട.! ഒന്നും വേണ്ട..! ഇനി അധികം ദിവസങ്ങളില്ല. നേരിട്ടു കാര്യങ്ങൾ മനസ്സിലാക്കിയിട്ടു മതി ചോദിക്കാൻ. വേണമെങ്കിൽ മോളോടു സ്വകാര്യമായി ചോദിക്കാം അതു മതി. ഞാനുറപ്പിച്ചു..
പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് സുമയെ ലൈനിൽ കിട്ടിയത്, വളരെ സ്വാഭാവികമായി ചോദിച്ചു എന്തു പറ്റി സുമേ ഇന്നലെ ഞാൻ വിളിച്ചിട്ടു കിട്ടിയതേയില്ല.?
"അത് ഏട്ടാ, ഫോണിന് ചാർജുണ്ടായിരുന്നില്ല ഇന്നലെ മുഴുവൻ ഇവിടെ ഇടിയും പേമാരിയുമായിരുന്നു. ഈ പ്രദേശത്തെ കറണ്ടു മുഴുവൻ കട്ടായതിനാൽ ഫോൺ ചാർജു ചെയ്യാനും പറ്റിയില്ല". സുമയുടെ മറുപടിയിൽ അപാകതയൊന്നും തോന്നിയില്ല. അവൾ എന്നത്തേയും പോലെ സംസാരം തുടരുകയാണ്. ഞാനും എന്തൊക്കെയോ പറഞ്ഞു, നാട്ടിലെത്തുന്ന സമയവും തീയതിയും പറഞ്ഞു.
വിമാനമിറങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു. എന്റെ ചലനങ്ങളിൽ യാന്ത്രികതയുണ്ടെന്നു തോന്നി. സ്വാഭാവികമായി പെരുമാറാൻ കഴിയണേയെന്നു പ്രാർത്ഥിച്ചു.. സുമയും മോളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖം പ്രസന്നമാക്കാനും ചിരിക്കാനും ശ്രമിച്ചു. അച്ഛായെന്ന് വിളിച്ച് മകൾ ഓടി വന്നപ്പോൾ നിയന്ത്രണം വിട്ടു.. അവളെ കോരിയെടുത്ത് ഉമ്മവെച്ചു, മാറിലടുക്കി ചേർത്തു പിടിച്ചു കണ്ണുകൾ നിറഞ്ഞൊഴുകി. ഉറക്കെ കരഞ്ഞു പോകുമെന്നു ഞാൻ പേടിച്ചു.
" എന്തു പറ്റി ഏട്ടാ " വണ്ടിയിലിരിക്കുമ്പോൾ സുമ ചോദിച്ചു..! എന്റെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയിട്ടുണ്ടാവണം. വല്ലാത്ത തലവേദന ഉറക്കവും ശരിയായില്ല.. ഞാൻ പറഞ്ഞൊപ്പിച്ചു.. പിന്നെ ഉറക്കം ഭാവിച്ച് കണ്ണുകളടച്ചിരുന്നു..
സ്വന്തം വീടിന്റ സുരക്ഷിതത്വത്തിലും മനഃസമാധാനം എന്നെ വിട്ടു നിന്നു. ആകെയൊരു വീർപ്പുമുട്ടൽ.. ഊണു കഴിഞ്ഞതോടെ കാണാൻ വന്നവരൊക്കെ തിരികെ പോയി. സുമ വീണ്ടും അടുത്തുവന്നു. എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ.? എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ..? സുമയ്ക്ക് കാര്യങ്ങൾ പെട്ടന്ന് മനസ്സിലാവുന്നുണ്ട്.. ശരിയാണ് സാധാരണ ലീവിനു വരുമ്പോൾ കാണുന്ന മാത്രയിൽ തന്നെ അവളെ ചേർത്തു നിർത്തുന്നതാണ്.. വീട്ടിലേക്കുള്ള യാത്രയിൽ ആരും കാണാതെ അവളുടെ കൈകളിൽ മുറുകെ പിടിക്കുമായിരുന്നു. എന്തു സന്തോഷമായിരുന്നു ആ മുഹൂർത്തങ്ങൾക്ക്..! ഇക്കുറി ഒന്നുമുണ്ടായില്ല. പകരം കാറിൽ വെച്ച് തന്നെ സ്പർശിച്ച സുമയുടെ കൈകൾ കാണാത്ത ഭാവത്തിൽ മോളെയെടുത്ത് മടിയിൽ വച്ചു..
സുമ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയാണ്.. അവളുടെ മുഖം വിങ്ങി പൊട്ടിയിരിക്കുന്നു. ഈശ്വരാ..!! എന്തു മറുപടി പറയും..!
പതിയെ പറഞ്ഞു, ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ കൂടാതെ അടുത്ത സുഹൃത്ത് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടു. കുറച്ച് സീരിയസ്സാണ്.. പെട്ടന്ന് തോന്നിയ ഒരു കള്ളം പറഞ്ഞു.. അപകടം നടന്നതു ശരിയാണെങ്കിലും എന്റെ സുഹൃത്തായിരുന്നില്ല, എന്റെ വിഭാഗത്തിലുമായിരുന്നില്ല. സുമ വിശ്വസിച്ചെന്നു തോന്നി. അവളെന്നെ സമാധാനിപ്പിച്ചു. ഒക്കെ പതിയെ ശരിയാവും ഏട്ടൻ സമാധാനമായിരിക്ക്.. അങ്ങനെ തീരുന്ന ഒന്നായിരുന്നില്ല എന്റെ നെഞ്ചിൽ അവശേഷിക്കുന്ന വിങ്ങൽ..!
താൻ കൊണ്ടുവന്ന പുതിയ കളിപ്പാട്ടങ്ങളുമായി മോൾ മുറ്റത്തു കളിക്കുന്നു, സുമ അടുക്കളയിലാണ്. പത്രം മടക്കി പതിയെ എഴുന്നേറ്റു. ഇനിയും കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു. അച്ഛാ എന്റെ കൂടെ കളിക്കാമോ.? അവൾ കൊഞ്ചി.. പിന്നെന്താ.. അവളുടെ ഒപ്പമിരുന്ന് പതിയെ ചോദിച്ചു.. ''ആരാ മോളെ ചാർലി..? ഫോൺ വിളിച്ചപ്പൊ മോൾ അച്ഛനോടു പറഞ്ഞ ആ ആള്..?" അവളുടെ മുഖം പെട്ടന്ന് പ്രസന്നമായി. ആ വീട്ടിലാ അച്ഛാ.. അവൾ ചൂണ്ടിക്കാട്ടി. തൊട്ടടുത്തുള്ള ഇരുനില വീട്. ഞാൻ നടുങ്ങി.. ഒരു മതിലിനപ്പുറം.. അവിടെ പുതിയ താമസക്കാരാണെന്ന് പറഞ്ഞതോർക്കുന്നു.. ഞാൻ തരിച്ചുനിൽക്കുകയാണ്. വാ അച്ഛാ അവൾ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു മുൻപിൽ നടന്നു. ഗെയിറ്റു തുറന്നു കിടക്കുകയാണ്. നെഞ്ചിൽ ഒരു പെരുമ്പറ മുഴങ്ങുന്നു .. മുറ്റത്തു വലിയ കാർ കിടപ്പുണ്ട്..
പെട്ടന്നൊരു നായയുടെ കുര, ഞെട്ടിത്തരിച്ചു പോയി. മോളെ ചേർത്തു പിടിച്ചു. ഭീമാകാരനായ ഒരു നായ, ഭാഗ്യം അത് കൂട്ടിലാണ്..! തെല്ലൊന്നാശ്വസിച്ചു.. ദേ അച്ഛാ ചാർലി.. നായയെ ചൂണ്ടിക്കാട്ടി അവൾ തുള്ളിച്ചാടി.. ഞാൻ സ്തബ്ധനായി നിൽക്കുകയാണ്.. ഒരു നിമിഷമെടുത്തു സമനില വീണ്ടെടുക്കാൻ. ശരിയാണ് അഴികൾക്കുള്ളിലാണ് ചാർലി കിടക്കുന്നത്., ശരിക്കും ജയിൽ തന്നെ...
ഒരു പൊങ്ങുതടി പോലെ ഭാരമില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ.. മനസ്സു ശൂന്യം..! മോളുടെ കൈ പിടിച്ച് വീട്ടിലേക്കു നടന്നു.. അല്ല ഓടുകയായിരുന്നു ഞാൻ എന്റെ സുമയുടെ അരികിലേക്ക്...
ജയരാജ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo